സ്വന്തം വിശ്വാസത്തിനും ആദർശത്തിനും സംസ്‌കാരത്തിനും ഒരു പോറൽപോലും ഏൽക്കാതെ സന്തോഷവും സംതൃപ്തകരവുമായ ജീവിതം നയിച്ച് വിജയം നേടാൻ സഹായിച്ച ഈ പുണ്യഭൂമിയോട് വിടപറയാൻ മനസു വരുന്നില്ലെങ്കിലും എല്ലാത്തിനും ഒരു അന്ത്യമുണ്ടെന്നതിനാൽ ഒരു വിരാമം ഇട്ടേ മതിയാകൂ. മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സേതു എന്ന തൃശൂർക്കാരൻ മൂത്തേടത്ത് സേതുമാധവൻ ഇതു പറയുമ്പോൾ മനസു നിറയെ സന്തോഷമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും ജീവിച്ച് മരുഭൂമിയായ സൗദിയിലെത്തിപ്പെടുമ്പോൾ ആശങ്കകൾ ഏറെയായിരുന്നുവെങ്കിലും അതെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് അടുത്തറിയാൻ ഏറെ സമയം വേണ്ടിവന്നില്ല. അതുകൊണ്ടു തന്നെ മുപ്പതു വർഷം കടന്നുപോയത് അറിഞ്ഞില്ല. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ധന്യമായ ജീവതമുഹൂർത്തങ്ങളത്രയും കടന്നു പോയത് വിശുദ്ധ നഗരങ്ങളുടെ ചാരത്തുള്ള ചരിത്രമുറങ്ങുന്ന ജിദ്ദ പട്ടണത്തിലാണ്. ഈ നാടും നാട്ടുകാരും നൽകിയ സ്‌നേഹ പരിലാളനം സേതുവിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. സ്വന്തം നാടും വീടും സമ്മാനിച്ച ജീവിത വിശുദ്ധിയും സംസ്‌കാരവുമെല്ലാം കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ അതിന്റെ പരിപോഷണത്തോടൊപ്പം ഈ നാടിന്റെ സാംസ്‌കാരിക തനിമയിൽ ലയിച്ച് വലിയൊരു സുഹൃദ്‌വലയം ഉണ്ടാക്കാനായി എന്നതുതന്നെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമായി സേതുമാധവൻ കരുതുന്നു.

തൃശൂർ നഗരത്തിലെ അറിയപ്പെടുന്ന നായർ തറവാട്ടിലെ സരസ്വതി അമ്മയുടെയും കോലരി മാധവൻ നായരുടെയും നാലു മക്കളിൽ മൂത്ത മകനായായിരുന്നു ജനനം. രണ്ടു സഹോദരിമാരും ഒരു സഹോദരനും. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. കൂട്ടു കുടുംബത്തിൽ ഒന്നിച്ചുള്ള ജീവിതം. പഠനം തൃശൂർ വിവേകോദയം ബോയ്‌സ് ഹൈസ്‌കൂൾ, തൃശൂർ കേരള വർമ്മ കോളേജ്. പിന്നീട് ബോംബെ, ദൽഹി, ബാംഗ്ലൂർ, ഗോവ, അമൃത്സർ എന്നിവിടങ്ങളിൽ ജോലിസംബന്ധമായ യാത്രകൾ. 1989 സെപ്റ്റംബറിലാണ് സ്വപ്നങ്ങൾ ചിറകിലേറ്റി പ്രവാസ ജീവിതത്തിന്റെ തുടക്കം. റിയാദിൽ മിനിസ്ട്രി ഓഫ് ഡിഫൻസ് ആന്റ് ഏവിയേഷനിൽ (മോഡ) ജോലി. അധികം വൈകാതെ ഗൾഫ് മേഖലയെ ആകെ പ്രതിസന്ധിയിലാക്കി കടന്നുവന്ന ഗൾഫ് യുദ്ധം ഗൾഫ് സ്വപ്നങ്ങളെ തല്ലിക്കെടുത്തുമോ എന്നു ഭയപ്പെട്ടു. പക്ഷേ, ഭാഗ്യം കടാക്ഷിച്ചു. 1991 ഫെബ്രുവരിയിൽ ജിദ്ദയിലേക്ക് സ്ഥലംമാറ്റം. 1996 വരെ അവിടെ തുടർന്നു. 1996 ജനുവരി 21ന് ജിദ്ദ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽജസീറ സ്റ്റീൽ ഫാക്ടറിയിലേക്ക് കൂടുമാറ്റം. എച്ച്.ആർ ഡിപ്പാർട്ട്‌മെന്റിൽ പേഴ്‌സണൽ ഓഫീസർ. 12 വർഷം ആ തസ്തികയിൽ തുടന്നു. പിന്നീട് എച്ച്.ആർ ഡിപ്പാർട്ടുമെന്റിൽനിന്നും വെയർ ഹൗസ് മാനേജറായി മാറ്റം. ഇപ്പോൾ അവിടെനിന്നുമാണ് വിരമിച്ച് നാട്ടിലേക്കു മടങ്ങുന്നത്.
പ്രവാസിയായിരിക്കെ 1993 ജനുവരി അഞ്ചിനായിരുന്നു വിവാഹം. ഭാര്യ തൃശൂർ വരാക്കര സ്വദേശിനി വേങ്ങശ്ശേരി വീട്ടിൽ മിനി. തുടർന്ന് ഭാര്യയുമൊത്ത് ജിദ്ദയിൽ കുടുംബ ജീവിതം. രണ്ട് പെൺകുട്ടികൾ. നിവേദിത സേതുമാധവനും റിതു സേതുമാധവനും. രണ്ടുപേരുടെയും പ്രാഥമിക വിദ്യാഭ്യാസം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ. രണ്ടുപേരും പഠനത്തിൽ എന്നപോലെ സ്‌പോർട്‌സിലും ഡാൻസിലും മറ്റു കലാപരിപാടികളിലും കഴിവുകൾ തെളിയിച്ച് ജിദ്ദയുടെ സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന് ജീവിതം ധന്യമാക്കിയാണ് ഉപരിപഠനത്തിനായി ജിദ്ദയോട് വിടപറഞ്ഞത്. നിവേദിത മൂന്നു വർഷം തുടർച്ചയായി ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ക്ലസ്റ്റർ മീറ്റുകളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. സംസ്ഥാന കായിക മേളയിലും രണ്ടുപേരും മെഡലുകൾ നേടിയിട്ടുണ്ട്. രണ്ടുപേരും ജയ്പൂർ, മീററ്റ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച നാഷണൽ സ്‌പോർട്‌സ് മീറ്റിൽ പങ്കാളികളാവുകയും മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നിവേദിത ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് തൃശ്ശൂരിൽ നിന്ന് സിവിൽ എൻജിനീയറിംഗും, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സൂറത്ത്ക്കൽ നിന്ന് എൻവയൺമെന്റൽ എൻജിനീയറിംഗിൽ എംടെകും കരസ്ഥമാക്കി ബാംഗ്ലൂർ അറ്റ്കിൻസ് (എസ്.എൻ.സി ലാവ്‌ലിൻ ഗ്രൂപ്പ്) കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. റിതു സേതുമാധവൻ തൃശൂർ വിമല കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും, ഇരിഞ്ഞാലക്കുട സെൻറ് ജോസഫ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി ബാംഗ്ലൂരിൽ ബൈജൂസ് ഓൺലൈൻ ലേണിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു. സഹധർമ്മിണി മിനി സേതുമാധവൻ ഗൃഹഭരണവും വായനയും പദ്യോച്ചാരണവുമെല്ലാം ഹോബിയാക്കി സന്തോഷമായി ജിവിതം നയിക്കുന്നു. ജിദ്ദയിലെ കലാ, സാംസ്‌കാരിക സന്ധ്യകളിലും സാഹിത്യ വേദികളിലും സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന ഈ കുടുംബം ജിദ്ദയിലെ സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിൽ വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.

സാംസ്‌കാരിക രംഗത്തെന്ന പോലെ സാമൂഹിക മേഖലയിലും നിറസാന്നിധ്യമായ സേതുമാധവൻ നവോദയ ജിദ്ദയുടെ ആദ്യകാലം മുതൽ തന്നെയുള്ള സജീവ പ്രവർത്തകനാണ്. കേന്ദ്ര കമ്മിറ്റി ജോയിൻറ് സെക്രട്ടറി, സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നവോദയ ബാലവേദിയുടെ രൂപീകരണവും പ്രഥമ കൺവീനറുമായിരുന്നു. നവോദയ സംഘടിപ്പിച്ച ചിത്രരചനാ മത്സരങ്ങളുടെ കൺവീനർ സ്ഥാനവും നാലു തവണ അലങ്കരിച്ചു. എസ്.എഫ്.ഐയുടെ പഴയകാല രൂപമായ കെ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിനു തുടക്കം കുറച്ച സേതു ജന്മംകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാരനാണ്. നവോദയക്കുവേണ്ടി കേരളപ്പിറവിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2006ൽ കേരളോത്സവവും, 2007 ൽ ഇന്ത്യ ഫെസ്റ്റിവലും സംഘടിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചു.
നവോദയയുടെ സാഹിത്യ വിഭാഗമായ സമീക്ഷ സാഹിത്യവേദിയുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുകയും തുടക്കം മുതൽ ട്രഷററായി തുടരുകയും ചെയ്യുന്നു. സമീക്ഷ സാഹിത്യ വേദി അഖില സൗദി അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വായനാ മത്സരങ്ങളുടെ കൺവീനർ, സമീക്ഷയുടെ പദ്യപാരായണ മത്സരമായ സർഗസരണിയുടെ കൺവീനർ, സമീക്ഷ പി.ജി സ്മാരക പ്രതിമാസ വായനയുടെ സംഘാടകൻ, സമീക്ഷ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആദ്യമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിന്റെ കൺവീനർ അങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടേറെ പദവികൾ അലങ്കരിക്കാൻ പ്രവാസ ജീവിതംകൊണ്ട് സേതുമാധവന് സാധിച്ചിട്ടുണ്ട്. ജിദ്ദയിലെ തൃശൂർ നിവാസികളുടെ സംഘടനയായ പൂരത്തിന്റെ പ്രസിഡന്റായി എട്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം പൂരവുമായുള്ള സഹകരണം ഇപ്പോഴും തുടരുന്നു. ജാതി, മത ചിന്തകൾക്കതീതമായുള്ള കാഴ്ചപ്പാടുകളും തൃശൂർ ഭാഷാ ശൈലിയുമായി ജിദ്ദയിലെ രാഷ്ട്രീയ, സാംസ്‌കാരിക ചർച്ചകളിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും പ്രയാസമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും സേതു ഭാഗഭാക്കായിരുന്നു. നവോദയയുടെ ഭക്ഷണ കിറ്റ് വിതരണത്തിലും, വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാനും മറ്റു നവോദയ പ്രവർത്തകരോടൊപ്പം ഇദ്ദേഹമുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങളെല്ലാം ജീവിതം നൽകിയ വലിയ അനുഗ്രഹമായാണ് സേതു കാണുന്നത്.
പ്രവാസ ജീവിതം നൽകിയത് സന്തോഷവും സംതൃപ്തിയുമാണ്. ഇതിനിടെ വേദന സമ്മാനിച്ച നിമിഷം ബസ് അപകടത്തിൽ ഇന്ത്യൻ സ്‌കൂളിലെ എട്ടു കുട്ടികൾ മരിക്കാനിടയായ സംഭവമാണ്. നാട്ടിലെ തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങളും, പലപ്പോഴും സ്വന്തം കുടുംബത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതും, പ്രവാസ ജീവിതത്തിലെ ചെറിയ വലിയ നഷ്ടങ്ങളാണെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവരുടെ സുഹൃദ്‌വലയവും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽനിന്നുമുള്ള സുഹൃദ് ബന്ധങ്ങളും, ജീവിത സുരക്ഷയും, സാമ്പത്തിക ഭദ്രതയുമെല്ലാം പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി സേതുമാധവൻ കരുതുന്നു. അറബ് സംസ്‌കാരത്തിന്റെ, സൗദി സംസ്‌കാരത്തിന്റെ സ്‌നേഹ പരിലാളനകൾ നേരിട്ട് അനുഭവിക്കാൻ സാധിച്ചത് കൃതജ്ഞതയോടെ മാത്രമേ ഓർക്കാനാവൂ എന്ന് സേതുമാധവൻ പറയുന്നു. നിത്യേന മുടക്കം കൂടാതെയുള്ള സായാഹ്ന നടത്തം ആരോഗ്യം സമ്പന്നമാക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ രോഗപീഡകൾ കൂടാതെ പ്രവാസം അവസാനിപ്പിക്കാൻ സാധിച്ചു എന്നുള്ളതും സൗഭാഗ്യമായി കരുതുന്നു. ഇനിയുള്ള കാലം തൃശൂർ വരാക്കരയിൽ വിശ്രമജീവിതം.






