Sorry, you need to enable JavaScript to visit this website.
Wednesday , August   12, 2020
Wednesday , August   12, 2020

മക്കള്‍ തകർന്നു പോകരുത്; കേന്ദ്രസർക്കാർ നിർദേശം ആശ്വാസം

https://www.malayalamnewsdaily.com/sites/default/files/2020/07/15/rashidgazzali.jpg

ഇന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ  ഒരു അറിയിപ്പ്‌ ഏറെ പ്രതീക്ഷയോടെയാണു വായിച്ചത്‌. കഴിഞ്ഞ കുറേ നാളുകളായി നിരന്തരമായി പറഞ്ഞ്‌ കൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്‌. ഒരു നിയമപരമായ ഇടപെടൽ കൊണ്ടല്ലാതെ ഇതിനൊരു മാറ്റം ഉണ്ടാവില്ല എന്ന് പരിതപിച്ചിരിക്കുമ്പോഴാണു ഇത്തരമൊരു വാർത്ത ഏറെ ആശ്വാസത്തോടെ വായിക്കുന്നത്‌.
ഓൺലൈൻ പഠനത്തിലേക്ക്‌ നാട്‌ മുഴുവൻ നീങ്ങിയപ്പോൾ ഒരു പക്വതയും വിവേകവുമില്ലാതെ എല്ലാരും അതങ്ങ്‌ ആഘോഷിച്ചു.
കിന്റർഗാർട്ടൻ കുഞ്ഞുങ്ങൾക്ക്‌ വരെ മുഴുനീളെ ഓൺലൈൻ ക്ലാസ്‌.
ഞങ്ങൾ സാധാരണ സ്കൂൾ ദിനങ്ങൾ പോലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്‌ നടത്തുന്നു. ഇന്റർവ്വെലും പിരീഡുകളും വരെ അതേ പടി... സ്കൂളുകളുടെ ഇത്തരം കസർത്തുകൾ കണ്ടപ്പോൾ കയ്യടിച്ച്‌ രക്ഷിതാക്കൾ ഒരാഴ്ചയൊക്കെ പിറകിൽ കൂടി.
ഇതിന്റെ അപകടം പതിയെ പതിയെ തിരിച്ചറിഞ്ഞു തുടങ്ങി...
വർദ്ധിച്ച സ്ക്രിൻ ടൈം ഒരു തരം അലസതയും ഉണർവ്വ്‌ കുറവും കുട്ടികളിൽ ഉണ്ടാക്കി, നിയന്ത്രിക്കാനാവാത്ത വിധം കുട്ടികൾ മൊബെയിലിനും ടാബിനും അടിമപ്പെട്ടു.. ഭക്ഷണമോ കൃത്യമായ വിശ്രമമോ പോലും താളംതെറ്റി.. തൊട്ടാതിനും പിടിച്ചതിനുമൊക്കെ കയർക്കുന്ന ഒരു ദു:സ്വഭാവം കണ്ടു തുടങ്ങി. കതകടച്ച്‌ ഒറ്റക്ക്‌ മുറിയിലിരിക്കുന്നവരുടെ എണ്ണം കൂടി , വീട്ടുകാരോട്‌ കാര്യമായ മിണ്ടാട്ടം ഇല്ലാതായി.. രക്ഷിതാക്കളുടെ അധ്യാപക വേഷം മടുത്ത്‌ എപ്പോഴും തർക്കങ്ങളായി....

അതിശയോക്തിയാണെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം..
ഇനി നാം കാണാൻ പോകുന്നത്‌ ഇത്‌ കൂടിയായിരിക്കും , കുറിച്ച്‌ വെച്ചോളൂ...
കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും.. ഡിപ്രഷൻ പടർന്നു പിടിക്കും.. സ്വഭാവ വൈകൃതങ്ങൾ കൂടിവരും.. സോഷ്യലൈസേഷൻ നന്നായി കുറയും.. ദുശ്ശീലങ്ങളും ദുശിച്ച കൂട്ടുകെട്ടുകളും വളരും. സൈബർ ചതിക്കുഴികൾ വലവീശും... മാനസിക വൈകല്യങ്ങൾ വ്യാപകമാകും,ഒടുവിൽ ആത്മഹത്യകൾ പെരുകും... സർവ്വോപരി കഴിവും യോഗ്യതയും മികവും ആർജ്ജിക്കുന്നതിനേക്കാൾ ഇൻഫർമ്മേഷൻ കേന്ദ്രീകൃതമായ പഠന രീതിയിലേക്ക്‌ മിക്കവരും വഴിമാറും..

പേടിപ്പിക്കുകയല്ല, ഫീസ്‌ വാങ്ങിയെടുക്കാനുള്ള സ്ഥാപനങ്ങളുടെ വ്യഗ്രതയിൽ നമ്മുടെ മക്കൾ ത്കർന്ന് പോകുന്നില്ല എന്ന് ഉറപ്പ്‌ വരുത്തിയാൽ മതി. ഫീസ്‌ മുഴുവനും കൊടുത്തോളൂ പക്ഷെ കുട്ടികളെ ഒന്നു മുതൽ 3 മണിക്കൂറിൽ കൂടുതൽ ഓൺലൈൻ ക്ലാസിനും ഉഴിഞ്ഞിടരുത്‌... പ്രൈമറി കുട്ടികളെ ഒരു മണിക്കൂറിൽ കൂടുതൽ ദ്രോഹിക്കരുത്‌.

മുഖ്യധാരാ വിദ്യാഭ്യാസ രംഗത്ത്‌ ഓൺലൈൻ പഠനം ഒരു പരിഹാര ക്രിയ മാത്രമാണു അത്‌ ഒരു സാധാരണ ക്രമമല്ല. മരുന്നും ഭക്ഷണവും തമ്മിലുള്ള വ്യത്യാസം അതിനുണ്ടാവണം.
ഇപ്പോൾ പല സ്ഥാപനവും മരുന്ന് വയറു നിറച്ച്‌ കൊടുത്ത്‌ മക്കളെ നിത്യരോഗികളാക്കി പേരെടുക്കുന്നതിന്റെ തിരക്കിലാണു.

മികച്ച ക്ലാസുകൾ സമയം ചുരുക്കി എടുത്ത്‌ പാഠഭാഗം കുട്ടികളിൽ എത്തിക്കാനുള്ള നല്ല മനനവും വഴക്കവുമാണു സ്ഥാപനങ്ങൾ ശ്രദ്ദിക്കേണ്ടത്‌. ഒപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും മനോനില കൂടി മനസ്സിലാക്കിയുള്ള പ്രായോഗികപദ്ധതികളാണു നാം ആശ്രയിക്കേണ്ടത്‌.. കാരണം ഇത്‌ ഇനിയും കുറച്ച്‌ മാസങ്ങൾ കൂടി തൽസ്ഥിതി തുടരേണ്ടി വരും...

ദിനേനെകിട്ടുന്ന കൗൺസിലിംഗ്‌ കാളുകളും സന്ദേശങ്ങളും ഉണ്ടാക്കുന്ന ആശങ്കയിലാണു ഇത്‌ പങ്കുവെക്കുന്നത്‌.
വിവേകം വഴിനടത്തട്ടേ , കോവിഡ്‌ ഭീതിയിലും മക്കൾ കരുത്തരായി വളരട്ടെ