കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോഴാണ് കോവിഡ് എന്ന മഹാമാരി പലരുടെയും ജീവിതം തല്ലിക്കെടുത്തിയത്. കൃഷിയും കാലിവളർത്തലുമെല്ലാം ഉപജീവനമാക്കിയവർ നിലനിൽപിനായുള്ള പോരാട്ടത്തിലാണിപ്പോൾ.
തൃശൂരിനടുത്ത മതിലകത്തെ ബീനയുടെ ജീവിതം നോക്കൂ. ഒന്നുമില്ലായ്മയിൽനിന്നുമാണ് അവർ കടന്നുവന്നത്. ക്ഷീരകർഷകനായ കൊടുങ്ങല്ലൂർ മേത്തല അത്താണിപ്പറമ്പിൽ കുഞ്ഞുവേലായിയുടെയും ശാന്തയുടെയും മൂത്ത മകൾ. കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽനിന്നാണ് അവൾ എസ്.എസ്.എൽ.സി പാസായത്. നാട്ടിൻപുറത്തുകാരിയുടെ നിഷ്‌കളങ്കതയും അതിലേറെ സ്വപ്‌നങ്ങളുമായി ഇരുപത്തിരണ്ടാം വയസ്സിൽ അവൾ ചെത്തുകാരനായ സഹദേവന്റെ ഭാര്യയായി. മതിലകത്തിനടുത്ത പുതിയകാവ് പുന്നക്കുഴി വീട്ടിൽ സഹദേവന്റെ വീട്ടിലെത്തിയതോടെയാണ് ബീനയുടെ ജീവിതം വഴിമാറുന്നത്.
നിത്യരോഗിയായ ഭർത്തൃപിതാവിനെ പരിചരിച്ചിരുന്ന അവൾക്ക് അധികം വൈകാതെ ഭർത്തൃമാതാവിന്റെയും പരിചരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയിൽ രണ്ടു പെൺമക്കളും പിറന്നു. കാവ്യയും ഭവ്യയും. കുട്ടികളുടെ പഠനത്തിനും മാതാപിതാക്കളുടെ ചികിത്സക്കും മരുന്നിനുമെല്ലാമുള്ള പണം അധ്വാനത്തിലൂടെ തികയാതെ വന്നതോടെയാണ് സഹദേവൻ പ്രവാസ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ചെത്തുജോലി ഉപേക്ഷിച്ച് അദ്ദേഹം സൗദി അറേബ്യയിലെ ദമാമിലേക്കു പറന്നു. അവിടെ ഒരു കടയിൽ സെയിൽസ്മാനായി ജോലിക്കു ചേർന്നു.
അല്ലലില്ലാത്ത ജീവിതം നാലഞ്ചു വർഷം പിന്നിട്ടു. അപ്പോഴാണ് രോഗം വില്ലനായെത്തിയത്. നാൽപത്തഞ്ചാം വയസ്സിലാണ് പാർക്കിൻസൺസ് രോഗം ബാധിച്ച് സഹദേവന്റെ ഇടതുവശം തളർന്നു തുടങ്ങിയത്. നാട്ടിലേക്കു മടങ്ങുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായില്ല. ഭർത്താവും രോഗബാധിതനായതോടെ ബീനയുടെ ജീവിതത്തിൽ കരിന്തിരി കത്താൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥ. തിരുവനന്തപുരം ശ്രീചിത്രയിലും ചികിത്സ തേടിയെങ്കിലും സഹദേവന് രോഗശമനമുണ്ടായില്ല.
പ്രതിസന്ധികളിൽ തളർന്നിരിക്കാൻ ബീനക്കായില്ല. തന്നെ ആശ്രയിച്ചുകഴിയുന്ന അഞ്ച് ജീവനുകൾക്കായി അവൾ പോരാട്ടത്തിനിറങ്ങി. എന്നാൽ രോഗികളായ മൂന്നു പേരെയും വീട്ടിൽ തനിച്ചാക്കി പുറത്ത് ജോലിക്കു പോകാനാവുന്ന സാഹചര്യമായിരുന്നില്ല. വീട്ടിൽ െവച്ചു തന്നെ എന്തെങ്കിലും വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു ചിന്ത. അയൽക്കാരിയും അധ്യാപികയുമായ സജീന ഷമ്മി ഗഫൂറാണ് ജൈവ കൃഷി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. പിന്നെ മടിച്ചുനിന്നില്ല. തൂമ്പയെടുത്ത് ബീന മണ്ണിലേക്കിറങ്ങി. സ്വന്തമായുണ്ടായിരുന്ന ഇരുപതു സെന്റിലും ടീച്ചറുടെ ഒരേക്കർ പറമ്പിലുമായി വിപുലമായി ജൈവ കൃഷി തുടങ്ങി.
പച്ചമുളകും ചീരയുമായിരുന്നു തുടക്കം. അത് നല്ല വിളവ് നേടിത്തന്നപ്പോൾ കാലാവസ്ഥക്കനുസരണമായി തക്കാളിയും വെണ്ടയും വഴുതനയും മഞ്ഞളും ഇഞ്ചിയും മത്തനും കുമ്പളവും വെള്ളരിയും പയറും അമരയും കൂർക്കയുമെല്ലാം കൃഷി ചെയ്തു. കുടുംബശ്രീയിൽ സജീവമായി അതിന്റെ സെക്രട്ടറിയായി. കൃഷി വിപുലമാക്കിയതോടെ സഹായത്തിനായി മിനിയും ജമീലയുമെത്തി. എല്ലാവരുമൊന്നിച്ച് നന്നായി അധ്വാനിച്ചു. അതിന് ഫലവും കിട്ടിത്തുടങ്ങി.
പ്രതിരോധ ശേഷി ഏറെയുള്ള പ്രതിഭ മഞ്ഞൾ നല്ല വരുമാനമുണ്ടാക്കിത്തന്നു. അരയേക്കറോളം വരുന്ന സ്ഥലത്താണ് കുർക്കുമിൻ ധാരാളമുള്ള പ്രതിഭ മഞ്ഞൾ കൃഷി ചെയ്തത്. മഞ്ഞൾ ഉണക്കിപ്പൊടിച്ച് കിലോക്ക് 400 രൂപക്കാണ് വിൽപന നടത്തിയത്. ഇഞ്ചിയിലും നല്ല ലാഭമുണ്ടായി. ബ്രസീലിയൻ ഇഞ്ചി കിലോക്ക് നൂറു രൂപക്കാണ് വിറ്റഴിച്ചത്. കൂടാതെ പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്ത് നെൽകൃഷിയും തുടങ്ങി. രക്തശാലി, കനകമണി തുടങ്ങിയ നെൽവിത്തുകളാണ് ഉപയോഗിച്ചത്.
കൃഷിയിലൂടെ ജീവിതം തളിരിട്ടു തുടങ്ങിയതോടെ പല പരീക്ഷണങ്ങളിലേക്കും കടന്നുചെന്നു. പച്ചക്കറി വിത്തു പാക്കറ്റ് വിപണനവും അക്കൂട്ടത്തിലുണ്ടായിരുന്നു. വിവാഹാഘോഷങ്ങൾക്കിടയിൽ സന്ദർശകർക്ക് മിഠായി നൽകുന്നതിനു പകരം വിത്തു പാക്കറ്റ് നൽകുക എന്ന ആശയമായിരുന്നു തെരഞ്ഞെടുത്തത്. ചീരയും പച്ചമുളകും വെണ്ടയും വഴുതനയും മത്തനും കുമ്പളവുമെല്ലാം അടങ്ങിയ പാക്കറ്റിന് പത്തു രൂപയായിരുന്നു വില നിശ്ചയിച്ചത്. സീസണിൽ ആയിരവും രണ്ടായിരവും വിത്തു പാക്കറ്റുകളാണ് വിൽപനക്കൊരുക്കിയിരുന്നത്.
കൃഷിയിൽ നിന്നും കന്നുകാലി വളർത്തലിലേക്കും ചുവടു വെച്ചു. കോഴിയും താറാവും ആടും പശുവുമെല്ലാം ആ മുറ്റത്ത് മേഞ്ഞുനടന്നു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നുമാണ് താറാവുകളെ വാങ്ങിയത്. മുട്ടയിട്ടു കഴിഞ്ഞാൽ ഇറച്ചിക്കായി ഉപയോഗിച്ചു. കൂടാതെ നാടൻ കോഴികളെയും ഹൈബ്രീഡ് കോഴികളെയും വളർത്തി. മത്സ്യക്കൃഷിയും പരീക്ഷിച്ചു. സംസ്ഥാന മത്സ്യ വകുപ്പിന്റെ മത്സ്യസമൃദ്ധി പ്രോജക്ടിൽ അംഗമായി. മലബാറി ക്രോസ് ഇനത്തിലുള്ള ആടുകളെയാണ് വാങ്ങിയത്. കൂടാതെ ഏഴോളം പശുക്കളുമുണ്ടായിരുന്നു.
ബീനയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഭക്ഷണ വിതരണ രംഗത്തേക്കുള്ള ചുവടു വെപ്പായിരുന്നു. കുട്ടിക്കാലം തൊട്ടേ പാചക കലയിൽ തൽപരയായ ബീന ഉണ്ണിയപ്പവും എള്ളുണ്ടയുമുണ്ടാക്കിയായിരുന്നു തുടക്കം. അതിന് ആവശ്യക്കാരേറിയതോടെ പാലപ്പവും പത്തിരിയുമുണ്ടാക്കിത്തുടങ്ങി. ജമീലയും മിനിയും പലഹാരപ്പണിയിലും സഹായികളായതോടെ പാചകത്തിലും പരീക്ഷണം തുടങ്ങി. ബീനാസ് കാറ്ററിംഗ് എന്ന പേരിലായിരുന്നു ഭക്ഷണ വിതരണം. പതിയെ സദ്യയിലേക്കും ചുവടുവെച്ചു. വെജിറ്റേറിയൻ സദ്യയിലാണ് തുടക്കമിട്ടതെങ്കിലും പിന്നീട് ബിരിയാണി തുടങ്ങിയ നോൺ വെജിറ്റേറിയൻ വിഭവങ്ങളും വിളമ്പിത്തുടങ്ങി. അഞ്ഞൂറും ആയിരവും പേർക്കുള്ള സദ്യയും ബീനയും കൂട്ടരും ഒരുക്കിനൽകി.
ബീനാസ് കാറ്ററിംഗിന് ആവശ്യക്കാരേറിത്തുടങ്ങുകയായിരുന്നു. ശ്രീനാരായണപുരം പഞ്ചായത്തിലും മതിലകം പഞ്ചായത്തിലുമായി ഏഴ് സ്‌കൂളുകളിലെ കുട്ടികൾക്ക് പ്രാതൽ ഒരുക്കാനുള്ള ചുമതലയും ഇവർക്കായിരുന്നു. 550 ഓളം കുട്ടികൾക്ക് പ്രാതൽ ഒരുക്കി നൽകി. ഒരു കുട്ടിക്ക് പതിനൊന്നു രൂപ നിരക്കിലായിരുന്നു പ്രതിഫലം. ഇഡ്ഡലിയും പത്തിരിയും വെള്ളപ്പവും നൂലപ്പവും അവക്കെല്ലാം പലതരത്തിലുള്ള കറികളുമായി വൈവിധ്യമാർന്ന പ്രാതലായിരുന്നു ഒരുക്കിയത്. ലോക്ഡൗൺ തുടങ്ങുന്നതു വരെ ഭക്ഷണ വിതരണം തുടർന്നുപോന്നു.
പുലർച്ചെ രണ്ടു മണിക്ക് പാചകം തുടങ്ങുമായിരുന്നു. എങ്കിൽ മാത്രമേ ഇത്രയും കുട്ടികൾക്കുള്ള ഭക്ഷണം ഒരുക്കാനാകൂ. എട്ടു മണിയാകുമ്പോഴേക്കും സ്‌കൂളിലെ വണ്ടിയെത്തും. ഓരോ സ്‌കൂളിലേക്കും ഭക്ഷണം കൊടുത്തയക്കും. ശനിയും ഞായറും ഒഴിവായിരുന്നു. വിശ്രമില്ലാത്ത ജോലിയായിരുന്നെങ്കിലും മറ്റുള്ളവർക്ക് അന്നമൂട്ടുന്നതിന്റെ ഒരു സംതൃപ്തിയുണ്ടായിരുന്നു. അതെല്ലാം ഓർത്ത് നെടുവീർപ്പിടുകയാണ് ബീനയിപ്പോൾ.
ബീനയുടെ ഈ പോരാട്ട വീര്യത്തിന് കരുത്തേകാൻ ഒട്ടേറെ അംഗീകാരങ്ങളും അവരെ തേടിയെത്തിയിരുന്നു. മതിലകം പഞ്ചായത്തിലെ മികച്ച കർഷകക്കുള്ള പുരസ്‌കാരമായിരുന്നു ആദ്യത്തെ അവാർഡ്. സംസ്ഥാന സർക്കാറിന്റെ കർഷക തിലകം സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിനും അർഹയായി. സരോജിനി ദാമോദർ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌കാരം സമ്മാനിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടായിരുന്നു. 55,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതായിരുന്നു അവാർഡ്. തൊടുപുഴ കാർഷിക മേളയുടെ ഭാഗമായി നൽകിയ കർഷക തിലകം പുരസ്‌കാരം രണ്ടു ലക്ഷം രൂപയായിരുന്നു. മുൻമന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ മുൻ ഗവർണർ സദാശിവമായിരുന്നു അവാർഡ് സമ്മാനിച്ചത്. കതിർ അവാർഡ് മമ്മൂട്ടിയിൽനിന്നും ക്ലബ് എഫ്.എം അവാർഡ് മന്ത്രി സുനിൽ കുമാറിൽനിന്നും സ്വീകരിച്ചു. ചെറുതും വലുതുമായ മറ്റനേകം പുരസ്‌കാരങ്ങളും ബീനയെ തേടിയെത്തി.
ജൈവ കൃഷിയിലെ പുതിയ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി കാമ്പസിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലും എത്തിയിട്ടുണ്ട് ബീന. 2018 ൽ നോയ്ഡയിൽ നടന്ന ആഗോള ജൈവ കൃഷി സംഗമത്തിലും പങ്കാളിയായി. കുടുംബശ്രീ യൂനിറ്റുകൾക്കു വേണ്ടിയും വനിതാ ശാക്തീകരണ പരിപാടികളിലുമെല്ലാം അനുഭവങ്ങൾ പങ്കുവെക്കാൻ ബീന ക്ഷണിതാവായെത്തി. തന്റെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രചോദനമാകട്ടെ എന്ന ആശംസയാണ് അവർക്ക് ചൊരിയാനുണ്ടായിരുന്നത്.
തന്റെ കഠിനാധ്വാനത്തിന് കൂട്ടായി മതിലകം കൃഷിഭവന്റെ സഹകരണം മറക്കാനാവില്ലെന്ന് ബീന പറയുന്നു. പുതിയ പദ്ധതികളെക്കുറിച്ചും അവയുടെ സബ്‌സിഡികളെക്കുറിച്ചുമെല്ലാം അറിയിക്കാനും അവർ മുൻപന്തിയിലുണ്ട്. കുടുംബശ്രീ പലിശരഹിത വായ്പ നൽകിയും ബാങ്കുകൾ കാർഷിക ലോണുകൾ നൽകിയും ബീനയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.
കാറ്ററിംഗ് വികസിപ്പിച്ചതോടെ കന്നുകാലികളെയും ആടിനെയുമെല്ലാം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവയെല്ലാം വീണ്ടും സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ് ബീന. ചില ദിവസങ്ങളിൽ അൻപതോളം പേർക്ക് ഭക്ഷണമൊരുക്കാനുള്ള ക്ഷണമെത്താറുണ്ട്. എങ്കിലും കൂടുതൽ സമയവും കൃഷിയിൽ വ്യാപൃതയാവുകയാണിപ്പോൾ. ടാങ്ക് ഒരുക്കി കരിമീൻ കുഞ്ഞുങ്ങളെ വളർത്താനുള്ള ഒരുക്കവും നടന്നുവരുന്നു.
ജോലിക്കാരായി ഒട്ടേറെ പേരുണ്ടായിരുന്നു. ഇന്നത് മൂന്നു പേർ മാത്രമായി ചുരുങ്ങി. വൈകാതെ എല്ലാം പൂർവാവസ്ഥയിലാകുമെന്ന പ്രതീക്ഷയിലാണിവർ.
കാലചക്രം തിരിയവേ ബീനയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. ഐ.ടി.ഐയിൽനിന്നും സിവിൽ എൻജിനീയറിംഗ് പാസായ മൂത്ത മകൾ കാവ്യയെ വിവാഹം കഴിച്ചയച്ചു. ദുബായിൽ ജോലി നോക്കുന്ന കയ്പമംഗലം സ്വദേശിയായ ജിഷിനാണ് ഭർത്താവ്. മകൻ മാധവുമൊത്ത് അവരെല്ലാം ദുബായിലാണുള്ളത്. ഇളയ മകൾ ഭവ്യ മാളയിലെ പാറമ്മൽ കോളേജിൽ അവസാന വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയാണ്. കൃഷിയിൽ തൽപരയായ ഭവ്യക്ക് സ്‌കൂൾ പഠനകാലത്ത് മട്ടുപ്പാവ് കൃഷിയിൽ കൃഷിവകുപ്പിന്റെ അവാർഡ് ലഭിച്ചിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ തളരാതെ പൊരുതിയ ബീന സ്ത്രീസമൂഹത്തിന് മാതൃകയാണ്. എന്തിനെയും നേരിടാനുള്ള നിശ്ചയദാർഢ്യമാണ് ഈ മഹാമാരിക്കാലത്തും അവർക്ക് പിടിച്ചുനിൽക്കാനുള്ള ധൈര്യം പകർന്നുനൽകുന്നത്. മറ്റൊരു ജോലിയാണ് സ്വീകരിച്ചിരുന്നതെങ്കിൽ ഇക്കാണുന്നതൊന്നും നേടാനാവുമായിരുന്നില്ല. മണ്ണ് ഒരിക്കലും ചതിക്കില്ല, മണ്ണിൽ കാലുറപ്പിച്ചു നിർത്തി ബീന പറയുന്നു. ബീനയുടെ ഫോൺ നമ്പർ: 7510553628.