വിദേശികളുടെ ആശ്രിത ലെവി; സൗദി ജവാസാത്തിന്റെ വിശദീകരണം

റിയാദ്- വിദേശികളുടെ സൗദി അറേബ്യയിലുള്ള ആശ്രിതര്‍ക്കുമേല്‍ ഈടാക്കുന്ന പ്രതിമാസഫീ അഥവാ ലെവിയില്‍ ഒരു തരത്തിലുള്ള ഇളവും അനുവദിച്ചിട്ടില്ലെന്നും ലെവി തുക മുഴുവനായും അടയ്ക്കണമെന്നും സൗദി ജവാസാത്ത് വിശദീകരിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം രണ്ടു തവണയായി ഇഖാമ കാലാവധി ആറു മാസം നീട്ടി നല്‍കുന്നതിനാല്‍ ഫാമിലി ലെവി തുകയും ഇളവ് ചെയ്യുമെന്നാണ് പലരും ധരിച്ചിരിക്കുന്നത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം  കഴിഞ്ഞ മാര്‍ച്ച് ഏഴിന് ആദ്യം മൂന്നു മാസത്തേക്കും പിന്നീട് മൂന്നുമാസത്തേക്കുമാണ് ഇഖാമ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളുടെ ലെവി ആറു മാസത്തേക്ക് ഒഴിവാക്കിയെന്നും ഇനി ബാക്കി ആറു മാസത്തേള്ള ഫാമിലി ലെവി നല്‍കിയാല്‍ മതിയെന്നും തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഇത് തെറ്റായ ധാരണയാണെന്നും 12 മാസത്തേക്കുള്ള മുഴുവന്‍ ആശ്രിത ഫീയും അടക്കാതെ ഇഖാമ പുതുക്കി നല്‍കില്ലെന്നും സൗദി ജവാസാത്ത് ചോദ്യത്തിനു മറുപടി നല്‍കി.

സൗദിയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അവരുട കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസ ഫീ അടക്കേണ്ടത് നിര്‍ബന്ധമാണ്. ഇഖാമ പുതുക്കുമ്പോഴാണ് ഒരു വര്‍ഷത്തെ ആശ്രിത ലെവി ഈടാക്കുന്നത്.    

Latest News