Sorry, you need to enable JavaScript to visit this website.

വിംസ് വിട്ടുകൊടുക്കുന്നതിനുമുമ്പ് ഡോ.ആസാദ് മൂപ്പൻ ഓർക്കേണ്ട ചില സംഭവങ്ങൾ

വിട്ടുകൊടുക്കുന്നതിനു മുമ്പ് ഡോക്ടർ ആസാദ്
മൂപ്പൻ ഓർക്കേണ്ട ചില സംഭവങ്ങൾ
 
https://www.malayalamnewsdaily.com/sites/default/files/filefield_paths/kt_abdurabb.jpg
കോടികൾ വിലമതിക്കുന്ന വയനാട്ടിലെ വിംസ് മെഡിക്കൽ കോളേജ് സർക്കാരിന് വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഡോക്ടർ ആസാദ് മൂപ്പന്റെ പത്രപ്രസ്താവന ആവേശത്തോടെയും സന്തോഷത്തോടെയുമാണ് വായിച്ചു തീർത്തത്. അദ്ദേഹത്തിന്റെ ഈ സംഭാവന കേരള ചരിത്രത്തിൽ ഇടംപിടിക്കും. ഇനി നൂറ്റാണ്ടുകൾക്കപ്പുറത്തും ആസാദ് മൂപ്പനെ കേരളം ഓർക്കാൻ ഇത് മാത്രം മതിയാവും.
എന്നാൽ വളരെ ആത്മാർത്ഥതയോടെ കേരള പുരോഗതി ലക്‌ഷ്യം വെച്ച് ആസാദ് മൂപ്പനെ പോലുള്ളവർ നൽകുന്ന സംഭാവനകൾ പലപ്പോഴും കേരളത്തിലെ രാഷ്ട്രീയ ക്ലിക്കുകളിൽ പെട്ട് അകാല ചരമം പ്രാപിക്കയാണ് പതിവ്.
ചെറിയൊരു ഉദാഹരണം ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് പ്രസക്തമാണ് എന്ന് തോന്നുന്നു.
നമുക്ക് കോഴിക്കോട് ജില്ലയിലെ മാവൂരിലെ തെങ്ങിലക്കടവിലേക്കൊന്നു പോകാം. കോഴിക്കോട് പട്ടണത്തിൽ നിന്നും വയനാട്ടിൽ നിന്നും അധികം അകലെയല്ല അത്. അവിടെ ആറര ഏക്കർ ഭൂമിയുംഒരുഗ്രൻ കെട്ടിടവും കാട് പിടിച്ചു കിടക്കുന്നത് കാണാം. 25000 ചതുരശ്ര അടി കെട്ടിടത്തിൽ 8000 ചതുരശ്ര അടിയിൽ ഫർണിച്ചർ, ഉപകരണങ്ങൾ അടക്കം പൂർണമായും പ്രവർത്തനസജ്ജമാക്കി 2010ൽ സർക്കാരിനെ ഏൽപ്പിച്ചതാണിത്!, ഇതുവരെ സർക്കാരിന് അതൊന്നു തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള ഏക്കറുകൾ കാട് പിടിച്ചു കിടക്കുന്നു.
ദോഷം പറയരുതല്ലോ - സർക്കാരിന് ഒന്നും ചെയ്യാൻ പറ്റിയില്ല എന്നൊന്നും പറയാൻ കഴിയില്ല. അവിടുത്തെ ഫർണീച്ചറുകളും വിലകൂടിയ റിസപ്‌ഷൻഏരിയ അടക്കം പൊട്ടിച്ചു കൊണ്ടുപോയി ചില സർക്കാർ ഉദ്യോഗസ്ഥർ! അവർക്ക് ചെയ്യാൻ പറ്റുന്നത് അവർ ചെയ്തു എന്ന് ചുരുക്കം
കേരളത്തിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു മാവൂർ. മലബാറിലുള്ളവർക്ക് ചികിത്സ കിട്ടണമെങ്കിൽ തിരുവനന്തപുരം വരെ പോകേണ്ട കാലമായിരുന്നു അത്.
അന്നാണ്, അതായത് 1996ൽ പ്രവാസികൾ ചേർന്ന് മാവൂരിലെ തെങ്ങിലക്കടവിൽ മലബാർ കാൻസർ സെന്റർ തുറക്കാൻ പദ്ധതിയിടുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കാൻസർ രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന ഒരാശുപത്രി എന്ന നിലയിലായിരുന്നു ഈ ആശയം.
കുറച്ചു വർഷങ്ങൾക്ക് ശേഷം അത് തുറന്നു പ്രവർത്തനവും ആരംഭിച്ചു. ഡോ.ഹഫ്സത്ത് ഖാദർകുട്ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ആരംഭിച്ച കാൻസർ സെന്റർ 2010ൽ സർക്കാരിന് സൗജന്യമായി കൈമാറി.
കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുള്ള കാൻസർ ചികിത്സാരംഗത്തിന് ഉപകാരപ്രദമാവാനാണ് മാവൂരിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ആരംഭിച്ചത്. അത് കൂടുതൽ ജനോപകാരപ്രദമാവാനാണ് സൗജന്യമായി സർക്കാരിന് കൈമാറിയതും.
2010 ൽ, അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ ട്രസ്റ്റിൽ നിന്ന് ആശുപത്രി ഏറ്റുവാങ്ങി. തലശേരിയിലെ കാൻസർ സെന്ററിന്റെ ഉപകേന്ദ്രമാക്കുമെന്നും തുടർന്ന് അത്യാധുനിക കാൻസർ ചികിത്സാ ഗവേഷണകേന്ദ്രമാക്കി ഉയർ‌ത്തുമെന്നുമായിരുന്നു ഇടതുപക്ഷ സർക്കാറിന്റെ പ്രഖ്യാപനം. ഒന്നും നടന്നില്ല.
ഇന്നിപ്പോൾ മാവൂരിലെ കാൻസർ സെന്റർ കാടുമൂടിക്കിടന്നു. ഉപകരണങ്ങൾ തുരുമ്പെടുത്തു. ഡോക്ടർ ഹഫ്സത്തിന്റെയും ട്രെസ്റ്റിന്റെയും നിരന്തരമായ അന്വേഷണങ്ങളും ഫോളോഅപും തടസമില്ലാതെ തുടരു കയാണ്. അതിനിടയിൽ ആ ആറര ഏക്കറിൽ കണ്ണും നാട്ടു ചില രാഷ്ട്രീയപ്രവർത്തകരും
അല്പം ചരിത്രം:
അന്നത്തെ സ്ഥലം എംഎൽഎ പിടിഎ റഹീമും , പിന്നീട് 2013 ജൂണിൽ എംകെ മുനീറും ജില്ലയിലെ മറ്റ് എംഎൽമാരും ഈ ആശുപത്രിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിച്ചു. ആറു മാസത്തിന് ശേഷം, 2014 ജനുവരിയിൽ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി കോഴിക്കോട് മെഡിക്കൽ കോളേജ് ഓങ്കോളജി ഡിപ്പാർട്മെന്റിന്റെ സബ് സെന്ററായി മാവൂ‌ർ കാൻസർ സെന്ററിനെ മാറ്റുന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുന്നതായി മന്ത്രി ശിവകുമാർ അറിയിച്ചു. ഒന്നും നടന്നില്ല.
2014 ഒക്ടോബറിൽ ജില്ലയിലെ ഇംഹാൻസ്, കോഴിക്കോട് മെഡിക്കൽ കോളേജ്, ജില്ലാ മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രിയുടെയും സാമൂഹ്യനീതി മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ചേ‌ർന്ന യോഗം മാവൂർ കാൻസർ സെന്ററിന്റെ ഭാവിയും ചർച്ച ചെയ്തു. അതിൽ വച്ച് കേന്ദ്രസർക്കാരിന്റെ ടെർഷ്യറി കാൻസർ സെന്റർ സ്കീമിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു സബ് സെന്റർ ആയി മാവൂരിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിലേക്കായി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുവാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതപ്പെടുത്താൻ തീരുമാനിച്ചു. പ്രൊപോസൽ സമർപ്പിക്കപ്പെട്ടു, അതെവിടെ പോയെന്നറിയില്ല!!!
2015 ഡിസംബറിലും 2016 ഫെബ്രുവരിയിലും എംഎൽഎ പിടിഎ റഹീം നിയമസഭയിൽ ചോദ്യം ആവർത്തിച്ചു. സ്ഥലവും കെട്ടിടവും കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറുന്ന കാര്യവും പ്രസ്തുത മെഡിക്കൽ കോളേജിന് കീഴിൽ കാൻസർ എക്സ്‌റ്റെൻഷൻ സെന്റർ തുടങ്ങുന്നതും ആവശ്യ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യവും പരിഗണനയിലാണ്, നബാർഡിന്റെ ധനസഹായം കാത്തിരിക്കുകയാണ് എന്നായിരുന്നു മറുപടി.
2016ൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലെത്തി.2010ൽ അവരായിരുന്നു ട്രസ്റ്റിൽ നിന്നും ആശുപത്രി ഏറ്റെടുത്തിരുന്നത്. അവരും ഒന്നും ചെയ്തില്ല
2016ൽ നിയമസഭയിൽ വീണ്ടും എംഎൽയുടെ ചോദ്യം. കാൻസർ സെന്ററിനെ കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലുള്ള ഒരു കാൻസർ സ്ക്രീനിങ് സെന്ററായി മാറ്റാൻ ഉത്തരവായിട്ടുണ്ട് എന്നായിരുന്നു 2017 മാർച്ചിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മറുപടി.
2016 സെപ്റ്റംബറിൽ മാവൂരിലെ കാൻസർ സെന്റർ കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി. സർക്കാരിനു സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളും മെഡിക്കൽ കോളേജ് ഈ സ്ഥാപനം ഒരു സബ് സെന്ററായി ലഭിക്കുന്നതിനു നൽകിയ അപേക്ഷയും പരിഗണിച്ചാണ് ഗവൺമെന്റിന്റെ പുതിയ ഉത്തരവെന്ന് അന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ അതും കടലാസിൽ ഒതുങ്ങി.
.
2019ൽ നിയമസഭയിൽ എംഎൽഎ ചോദ്യം ആവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിൽ ഒരു കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു വരുന്നു എന്നായിരുന്നു 2019 മെയ് മാസം ആരോഗ്യമന്ത്രി നൽകിയ മറുപടി.
അതായത് 2010 തൊട്ട് സർക്കാർ ആവർത്തിക്കുന്ന ഇന്ന് 2020 ജൂലൈ 5 വരെ ഒരേ മറുപടി!!!
ഇതിനിടെ സങ്കടകരമായ ഒരുപാട് കാര്യങ്ങൾ കൂടി നടക്കുന്നു!.
2019 നവമ്പറിൽ കാൻസർ സെന്ററിലെ കട്ടിലും മേശയും അടക്കമുള്ള ഉപകരണങ്ങൾ, ഫർണിച്ചറുകൾ ചെറൂപ്പ ആശുപത്രിക്കു കൈമാറി!!!!
2020 മെയ് മാസം, കാൻസർ സെന്റർ അഭയകേന്ദ്രമാക്കി മാറ്റാൻ തീരുമാനിക്കുന്നു. അതിന് വികെസി ട്രസ്റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു - ഈ രണ്ടു കാര്യങ്ങളും കാൻസർ സെന്റർ കൈമാറിയ ട്രസ്റ്റിനെ അറിയിച്ചിട്ടുമില്ല. കൃത്യമായി കാൻസർ ചികിത്സക്കും ഗവേഷണത്തിനും വേണ്ടി മാത്രമേ ഈ സ്ഥാപനം ഉപയോഗിക്കാവൂ എന്നു ട്രസ്റ്റുമായി വ്യവസ്ഥയുള്ള കാര്യം സർക്കാർ സൗകര്യപൂർവം മറന്നു.
വകമാറ്റി ചിലവഴിക്കാനോ പദ്ധതിയുടെ രൂപം മാറ്റി പ്രവർത്തനക്ഷമമാക്കാനോ ആയിരുന്നെങ്കിൽ ഡോക്ടർക്കും ട്രസ്റ്റിനും എന്നോ അതാവാമായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയുടെ ഒരു ഭാഗം വിറ്റാൽ പണവും ഉറപ്പായിരുന്നു. പക്ഷേ, വൻതുക ചിലവ് വരുന്ന കാൻസർ ചികിത്സാ രംഗത്തു തന്നെ ഇത് ഉപകാരപ്പെടണമെന്ന നിശ്ചയദാർഢ്യവും ഉദ്ദേശശുദ്ധിയുമാണ് അത് ചെയ്യാതെ, അത് എളുപ്പം ചെയ്യാൻ സാധിക്കുന്ന സർക്കാരിന് എല്ലാം സൗജന്യമായി കൈമാറാൻ അവരെ പ്രേരിപ്പിച്ചത്.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമിയും സംവിധാനങ്ങളും സൗജന്യമായി സർക്കാരിന് ലഭിച്ചിട്ടും അതിൽ ആത്മാർത്ഥമായ തുടർനടപടികളോ തീരുമാനങ്ങളോ എടുക്കാതെ, ആ ശ്രമത്തെ തന്നെ എങ്ങനെ അട്ടിമറിച്ചു വെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാവൂരിലെ കാൻസർ സെന്റർ!
ഇങ്ങനെയൊക്കെയുള്ള രാഷ്ട്രീയക്കാർ വാഴും നാടാണ് നമ്മുടെ നാട്. അവിടെയാണ്, അത്തരക്കാർക്കാണ്, ഡോക്ടർ ആസാദ് മൂപ്പൻ തന്റെ വയനാട്ടിലെ മെഡിക്കൽ കോളേജ് ഏൽപ്പിക്കുന്നത് എന്നറിഞ്ഞപ്പോൾ ഇതൊക്കെ ഒന്ന് ഓർത്തെടുത്തു എന്നേയുള്ളൂ..
ഈ ആശയത്തിന് തുടക്കമിട്ട അന്ന് മുതൽ അതുമായി സഹകരിച്ച ഒരാൾ എന്ന നിലയിൽ, കഴിഞ്ഞു പോയ സംഭവങ്ങൾ ഒരു വേദനയായി മനസ്സിൽ കിടന്നു പൊള്ളുന്നതിനാൽ, ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം.

Latest News