ഒഴിഞ്ഞ ഗാലറിക്കു മുന്നില്‍ ബയേണിന് രണ്ടാം ആഘോഷം

ബെര്‍ലിന്‍ - ജര്‍മന്‍ ലീഗ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പിലും വെന്നിക്കൊടി നാട്ടി. ബയര്‍ ലെവര്‍കൂസനെ 4-2 ന് തോല്‍പിച്ച് അവര്‍ ജര്‍മന്‍ കപ്പ് സ്വന്തമാക്കി. രണ്ടാം തവണയും ഒഴിഞ്ഞ ഗാലറിക്കു മുന്നിലായി അവരുടെ ആഘോഷം.

ഇരുപതാം തവണയാണ് ബയേണ്‍ ജര്‍മന്‍ കപ്പ് ചാമ്പ്യന്മാരാവുന്നത്. രണ്ടാഴ്ച മുമ്പ് തുടര്‍ച്ചയായ എട്ടാമത്തെ ലീഗ് കിരീടം അവര്‍ സ്വന്തമാക്കിയിരുന്നു. ലെവര്‍കൂസനെതിരെ ഡാവിഡ് ആലബ, സെര്‍ജി ഗനാബ്രി എന്നിവരും രണ്ടു തവണ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും സ്‌കോര്‍ ചെയ്തു. ലെവന്‍ഡോവ്‌സ്‌കി ഈ സീസണില്‍ 50 ഗോള്‍ പിന്നിട്ടു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ബയേണ്‍ ലീഗ്, കപ്പ് ചാമ്പ്യന്മാരാവുന്നത്. മൊത്തം പതിമൂന്നാം തവണയും. ചാമ്പ്യന്‍സ് ലീഗാണ് അടുത്ത ലക്ഷ്യം. 2013 ലാണ് ഒടുവില്‍ അവര്‍ ഹാട്രിക് കിരീടം നേടിയത്. ലെവര്‍കൂസന്‍ അവസാനമായി ഒരു കിരീടം നേടിയത് 1993 ലായിരുന്നു.

 

Latest News