Sorry, you need to enable JavaScript to visit this website.

ഡ്രീം കേരള: പ്രവാസികള്‍ക്ക് പുതിയ സ്വപ്നങ്ങള്‍ വേണ്ട, പഴയത് നടപ്പാക്കിയാല്‍ മതി

തൊഴിൽ നഷ്ട്ടപെട്ട് മടങ്ങിവരുന്ന പ്രവാസികൾക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘ഡ്രീം കേരള ‘ പ്രവാസികളുടെ പുനരധിവാസ പദ്ധതി ഒരു പ്രവാസി എന്ന നിലയിൽ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. മുഖ്യമന്ത്രി യുടെ പ്രഖ്യാപനം കൊള്ളാം പൊതു ജനങ്ങളിൽ നിന്ന് ആശയം സ്വരൂപിച്ചു ഹാക്കത്തോൺ നടത്തി ആശയങ്ങൾ എങ്ങിനെ നടപ്പാക്കാം എന്നാണു ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വിവരിക്കുന്നു.

മുഖ്യമന്ത്രി യുടെ ഉദ്ദേശശുദ്ധിയെ  സംശയിക്കുന്നില്ല എന്നാൽ ഇതുവരെ മുഖ്യമന്ത്രി അല്ലെങ്കിൽ ഈ ഗവെർന്മെന്റ് പ്രവാസികളുടെ കാര്യത്തിൽ എടുത്ത നിലപാടുകൾ വെച്ച് നോക്കുമ്പോൾ ഇതും വെറും പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്ന് പറയാതിരിക്കാൻ കഴിയില്ല.

സൗദിയിൽ നിതാഖാത് വന്ന സമയത്തു മടങ്ങിവരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം ഓഫർ ചെയ്തത് ഈ മുഖ്യമന്ത്രി യാണെന്ന് ഓർക്കണം. ലോക കേരള സഭ സംഘടിപ്പിച്ചു തലങ്ങും വിലങ്ങും പ്രഖ്യാപനങ്ങൾ നടത്തി എന്നല്ലാതെ അതിൽ പ്രഖ്യാപിച്ച ഒരു കാര്യവും ഇവിടെ നടത്തി കണ്ടില്ല. അവസാനം അത് നടത്തിയ വകയിൽ പാവപെട്ടവന്റെ നികുതി പണത്തിൽ നിന്ന് കോടികൾ പോയത് മിച്ചം.

മുഖ്യമന്ത്രി നടത്തിയ  പ്രഖ്യാപനം മറ്റൊരു അർഥത്തിൽ പറഞ്ഞാൽ ഈ കൊറോണ കാലത്തു പ്രവാസി വിഷയത്തിൽ കൈകൊണ്ട ഇരട്ടത്താപ്പുകൾ കൊണ്ട് രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ അതിൽ നിന്ന് അല്പമെങ്കിലും പ്രതിഷേധങ്ങൾ തണുപ്പിക്കാൻ പി ആർ വർക്ക് പറഞ്ഞുകൊടുത്ത ഉപദേശമാവാം .

 തിരിച്ചു വരാന്‍ കഴിയാത്തവർക്ക് അടിയന്തിര ധനസഹയാം 5000 രൂപ പ്രഖ്യാപിച്ചിട്ട് ഇതുവരെ ഒരാൾക്കും അതിൽ നിന്ന് ഒരു പൈസ പോലും കിട്ടിയില്ല എന്നതാണ് സത്യം.


മടങ്ങിവരുന്ന പ്രവാസികൾക്ക് 2.5 ലക്ഷം ക്വാറന്‍റൈന്‍   ഒരുക്കി എന്ന് വീരവാദം മുഴക്കിയവരാണ് 10000 ആളുകൾ എത്തിയപ്പോഴേക്കും അത് തീർന്നു പോയെന്നു പറഞ്ഞത്. പ്രവാസികളെ അഥിതി തൊഴിലാളികളെ  പോലെ കാണാൻ കഴിയില്ല എന്ന് കോടതിയിൽ പറഞ്ഞതും ഈ ഗവർൺമെന്റാണ്.
ഇതൊക്കെ വെച്ച് നോക്കുമ്പോൾ മുഖ്യ മന്ത്രി യുടെ  പ്രഖ്യാപനത്തില്‍ ഒരു പ്രതീക്ഷയും വെച്ച് പുലർത്തുന്നില്ല.

പ്രിയപ്പെട്ട മുഖ്യമന്ത്രി ഞങ്ങൾ പ്രവാസികൾക്ക് വേണ്ടത് പുതിയ പുതിയ പ്രഖ്യാപനങ്ങളല്ല. മുമ്പ് പ്രഖ്യാപിച്ചത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ്,
 പ്രവാസി വിഷയത്തിൽ മുഖ്യമന്ത്രി ഇനിയെങ്കിലും ഇരട്ടത്താപ്പ് വെടിയണം.

 

Latest News