Sorry, you need to enable JavaScript to visit this website.

നിരീക്ഷണകാലം കഴിഞ്ഞു; മക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഡോ.ഷിംന അസീസ്

കോവിഡ് കോവിഡ് പോസിറ്റീവ് ആണോ എന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തില്‍ പ്രവേശിച്ച ഡോ. ഷിംന അസീസ്  മക്കളെ ഒപ്പം കൂട്ടാനായതിന്റെ സന്തോഷം പങ്കുവെക്കുന്നു.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
കോവിഡ്‌ ഡ്യൂട്ടി വന്നപ്പോൾ മുതൽ മക്കൾ കൂടെയില്ല. പൊതുവേ രോഗസാധ്യത കുറഞ്ഞ ഡോക്‌ടർ എങ്കിലും അവരുടെ ആരോഗ്യം വെച്ച്‌ കളിക്കാൻ തയ്യാറായില്ല. കുറച്ച്‌ ദിവസത്തിന്‌ അവരെ കൊണ്ടു വന്നാലും പ്രതിരോധശേഷി കുറഞ്ഞവർ ഏറെയുള്ള സ്വന്തം വീട്ടിലേക്ക്‌ അവരെ സമാധാനമായി തിരിച്ചയക്കാനാകില്ല. അത്‌ കൊണ്ട്‌ ആ ഏകാന്തത സസന്തോഷം ഏറ്റുവാങ്ങി. കുഞ്ഞുങ്ങൾക്കുള്ള കരുതലുമായി എന്റെ കുടുംബം. അവർക്ക്‌ ഓടി നടക്കാൻ വിശാലമായ വീടും തൊടിയും മുറ്റവും ഒക്കെയായി അവരും ഹാപ്പി. ഇടക്ക് വീഡിയോ കോളിലും മറ്റും ഇങ്ങ്‌ വരണമെന്ന്‌ സൂചിപ്പിച്ചപ്പോഴൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് കൊടുത്തു. പിണക്കത്തോടെയാണെങ്കിലും അവരത് ഉൾക്കൊള്ളുകയും ചെയ്തു.

ഇതിനിടെ ഒന്നരയാഴ്‌ച മുൻപ്‌ ഒരു പനിയും തൊണ്ടവേദനയും വന്നു. വെള്ളമിറക്കാൻ പോലും വയ്യ, ശക്‌തമായ മേലുവേദനയും. വേഗം ആശുപത്രിയിൽ എത്തി പരിശോധിക്കാൻ സീനിയേഴ്‌സിന്റെ നിർദേശം. ഓടിപ്പാഞ്ഞ്‌ ചെന്ന്‌ നോക്കിയ റിസൽറ്റ്‌ വന്നപ്പോൾ 'പോസിറ്റീവ്‌ ആണോന്ന്‌ സംശയം' (equivocal). ഉടൻ ചെന്ന്‌ അഡ്‌മിറ്റാകാൻ പറഞ്ഞു. വീണ്ടും ടെസ്‌റ്റെടുത്തു. ഐസൊലേഷനിലെ ആശുപത്രിവാസവും അവിടത്തെ കുളിയും ഭക്ഷണവും ഉറക്കവുമൊക്കെയായി കുറച്ച്‌ ദിവസങ്ങൾ. കയ്യിൽ ഫോണും ലാപ്ടോപ്പും ഉണ്ടായിരുന്നത് കൊണ്ട് ഇവിടത്തെ എഴുത്തും മറ്റ് ആക്റ്റിവികളുമൊക്കെ മുടക്കമില്ലാതെ തന്നെ മുന്നോട്ടുപോയി.

അടുത്ത സ്വാബ്‌ നെഗറ്റീവ്. അന്ന്‌ പെരുമഴയത്ത്‌ ഡിസ്‌ചാർജായി വീട്ടിലേക്ക്‌ തിരിക്കുമ്പോൾ "മക്കളെ കൂടെ കൂട്ടട്ടേ?" എന്ന്‌ ചോദിച്ചപ്പോൾ സീനിയേഴ്‌സ്‌ സമ്മതിച്ചില്ല. അഞ്ച്‌ ദിവസങ്ങൾക്ക്‌ ശേഷം ഒന്ന്‌ കൂടി റിപ്പീറ്റ്‌ ടെസ്റ്റ് ചെയ്യണം. അത്‌ വരെ സ്‌ട്രിക്‌ട്‌ ക്വാറന്റീൻ. ഇന്ന് അതിന്റെ റിസൽറ്റ് വന്നു. നെഗറ്റീവ്. നാല് മാസമായി വെറും ബാച്ചിലർ ഹൗസ്‌ ആയി മാറിയിരുന്ന വീട്‌ കണ്ണടച്ച് തുറക്കും വേഗത്തിൽ അടുക്കി പെറുക്കി ചൈൽഡ്‌ പ്രൂഫ്‌ ആക്കി അമ്മക്കിളി കൂടൊരുക്കി. ദേ, അവരിങ്ങെത്തി. കോവിഡ്‌ വരുമോന്നല്ല പേടിച്ചത്‌, മക്കളുടെ കൂടെ കൂടാൻ ഇനിയും വൈകുമോന്നാ...

കുറച്ച് ദിവസത്തേക്ക് ഇവിടെ നിന്നൊരു ബ്രേക്കെടുക്കുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ എവിടെയും ലഭ്യമാവില്ല എന്നാണ് തീരുമാനം. ഫോണിലോ മെയിലിലോ മെസഞ്ചറിലോ വാട്സപ്പിലോ ഒക്കെ വരുന്ന കോളുകളോ മെസ്സെജുകളോ കാണില്ല.

വെറും അഞ്ച് മിനിറ്റ് ഓട്ടോ ദൂരത്ത് ഉണ്ടായിട്ടും നാലുമാസമായി ഒന്ന് പറ്റിച്ചേർന്നിരിക്കാനാവാതെ മാറി നിൽക്കേണ്ടി വന്നവരാണ്. ഇനി കുറച്ച്‌ ദിവസം ഇവരുടേത്‌ മാത്രമാണ്‌. സോനൂന്റേം ആച്ചൂന്റേം ഉമ്മച്ചി മാത്രമാണ്‌. ഞങ്ങൾക്ക്‌ ഇനി ഒന്നിച്ച്‌ ഫുഡ്‌ ഉണ്ടാക്കണം, കഥ പറയണം, കെട്ടിപ്പിടിച്ച്‌ കിടക്കണം... ഓൺലൈൻ ക്ലാസ്‌ അറ്റന്റ്‌ ചെയ്യണം... എന്തൊക്കെയാ ചെയ്യാൻ കിടക്കുന്നത്‌ !

ഈ റീചാർജ്‌ പിരീഡ്‌ കഴിഞ്ഞിട്ട്‌ ഇനീം വരാംട്ടോ... കൂടുതൽ ആക്‌ടീവായി തന്നെ.

സസ്‌നേഹം, ഷിംന.

Latest News