Sorry, you need to enable JavaScript to visit this website.

അരങ്ങൊഴിയുന്നത് പ്രവാസികളുടെ കൺസൾട്ടന്റ് 

പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളെ ബോധവൽക്കരിക്കുന്നു
ജിദ്ദയിലെ വീട്ടിലിരുന്ന് പ്രവാസികളുടെ അപേക്ഷ തയാറാക്കുന്നു. 
പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളെ ബോധവൽക്കരിക്കുന്നു

പ്രവാസ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നാൽ നാട്ടിൽ തൽക്കാലം പിടിച്ചുനിൽക്കാനുള്ള പോക്കറ്റ് മണി എവിടുന്ന് കിട്ടും? പലരെയും അലട്ടുന്ന പ്രശ്‌നമാണ്. കേരള സർക്കാറിന്റെയും കേന്ദ്രത്തിന്റെയും പല പദ്ധതികളുമുണ്ട്. ഇവിടെ കഴിയുമ്പോൾ ചെറിയ തുക മുടക്കിയാൽ അതിന്റെ പ്രയോജനം ലഭിക്കും. ചെറിയ വരുമാനക്കാരായ ബ്ലൂ കോളറുകാരാണ് പ്രവാസികളിൽ ഭൂരിഭാഗവും. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ ഈ വിഭാഗം ക്ഷേമനിധിക്കൊന്നും പിറകെ പോകാറില്ല. അതെല്ലാം പഠിപ്പുള്ളവർക്കല്ലേ എന്നും പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. നോർക്ക, പ്രവാസി റൂട്ട്‌സ്, ലോക കേരള സഭ എന്നിങ്ങനെ സർക്കാറിന്റെ വേദികൾ പലതുമുണ്ട്. അതത് കാലത്ത് ഭരിക്കുന്ന പാർട്ടിക്ക് താൽപര്യമുള്ളവരായിരിക്കും ഇതിലെ അംഗങ്ങൾ. സർക്കാർ നൽകിയ പദവികളൊന്നുമില്ലാതെയും പ്രവാസികൾക്ക് അവബോധമുണ്ടാക്കാൻ പ്രയത്‌നിക്കുന്ന സംഘാടകനാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കൽ സ്വദേശി ഉമ്മർ കോയ. സൗദി അറേബ്യയിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ നടത്താറുള്ള സാധാരണ പ്രവാസികളുടെ കൺസൾട്ടന്റായ ഉമ്മർ കോയ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്. 
പ്രവാസ ലോകത്ത് നോർക്ക ഐഡി/ പ്രവാസി ക്ഷേമനിധി എന്നിവയിൽ പൊതുജനത്തിന് അവബോധമുണ്ടാക്കുന്നതിനായി ക്ലാസുകൾ സംഘടിപ്പിക്കുക, അംഗത്വമെടുക്കുന്നതിന് ആളുകൾക്ക് ഹെൽപ് ഡെസ്‌ക് വഴി സൗജന്യമായി സേവനം ചെയ്തു കൊടുക്കുക എന്നിവയിൽ വ്യാപൃതനായിരുന്നു അദ്ദേഹം. 


പ്രവാസം അവസാനിപ്പിക്കുന്നു, പക്ഷേ പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തനം അതേ പോലെ തുടരാൻ തന്നെയാണ് തീരുമാനം. പ്രവാസികളിൽ പാവപ്പെട്ടവരെ സഹായിക്കാൻ ഇതിൽപരം മറ്റൊന്നില്ലെന്ന പക്ഷക്കാരനാണ് ഈ വ്യക്തി. കഴിഞ്ഞ 17 വർഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോൾ തന്റെ മുറിക്കകത്ത് നിന്ന് ആയിരക്കണക്കിന് ഇഖാമ, പാസ്‌പോർട്ട് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ ഇതൊക്കെ കളയുന്ന തിരക്കിലാണ്. ജോലി കഴിഞ്ഞ് വന്ന് സ്വന്തം മുറിക്കകത്ത് മറ്റൊരു ഓഫീസായി പ്രവർത്തിപ്പിച്ചാണ് ഇതൊക്കെ ചെയ്തു തീർത്തിരുന്നത്.  ഇത്രയൊക്കെ ചെയ്തതിലൂടെ പലർക്കും ഇന്ന് കേരള പ്രവാസി ക്ഷേമനിധിയിൽ നിന്ന് മാസാന്തം  2000, 2500 രൂപ  പെൻഷൻ ലഭ്യമായിക്കൊണ്ടിരിക്കുന്നുവെന്നറിയുമ്പോൾ ധന്യനായി. 
പലരും പെൻഷൻ മുടങ്ങാതെ ബാങ്ക് വഴി കൈപ്പറ്റുന്നു എന്നറിയുന്നതിൽ അനൽപമായ സന്തോഷമുണ്ട്. ഈ മഹാമാരി കാലത്തും സർക്കാർ ജീവനക്കാരെ പോലെ 'ഞമ്മൾക്കും പെൻഷൻ ലഭിക്കുന്നുണ്ട്‌ട്ടോ' എന്ന് പ്രവാസി പറയുന്നത് കേൾക്കുന്നത് തന്നെ ഒരു കുളിർമയാണ്.
അതുകൊണ്ട് തന്നെ ഇനിയും പ്രവാസ ലോകത്ത് സാധാരണക്കാരെ പ്രവാസി ക്ഷേമനിധിയിൽ അംഗമാക്കി ഈ ക്ഷേമ പെൻഷനുകളുടെ ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനുള്ള പ്രവർത്തനങ്ങൾ തുടരണമെന്നാണ് കരുതുന്നത്.
ഇതിനകം ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ഹെൽപ് ഡെസ്‌ക് വഴി അപേക്ഷകൾ സ്വീകരിച്ച് രേഖകൾ ശരിപ്പെടുത്തിക്കൊടുത്ത് ഓൺലൈനിൽ ലഭ്യമായ തിരിച്ചറിയൽ കാർഡും അംശാദായ പാസ്ബുക്കും സോഷ്യൽ മീഡിയയുടെ സഹായത്തോടെ അയച്ചു കൊടുത്താണ് ഇതത്രയും പൂർത്തീകരിച്ചത്. അതുകൊണ്ട് തന്നെ ഈ പ്രവൃത്തി ഇനിയും തുടരാനാവുമെന്ന വിശ്വാസമുണ്ട്. 
ഉമ്മർ കോയ ജിദ്ദയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും നിറ സാന്നിധ്യമായിരുന്നു. 


തുറക്കൽ ജിദ്ദാ മഹല്ല് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി,  ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി പ്രഥമ ജനറൽ സെക്രട്ടറി, പിന്നീട് പ്രസിഡന്റ്, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നോർക്ക/പ്രവാസി ക്ഷേമ ഉപസമിതി കൺവീനർ, ഇശൽ കലാവേദി ജിദ്ദ മീഡിയ കോഓർഡിനേറ്റർ, 
കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്റർ എക്‌സിക്യൂട്ടീവ് അംഗം, സൈൻ ജിദ്ദാ ചാപ്റ്റർ ഫൈനാൻസ് ഡയറക്ടർ, ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ  ജിദ്ദാ സോൺ കോഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 
2003 മെയ് 29 നാണ് ആദ്യമായി ജിദ്ദയിൽ എത്തിയത്. സാരാ സാരിയിലെ ഖാലിദ് ട്രേഡിംഗിൽ 2008 വരെ ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തു. 2009 മുതൽ ഉസ്ഫാൻ റോഡിലെ അസാം ട്രേഡിംഗ് ആന്റ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ സെക്രട്ടറി, ഹൗസിംഗ് കോമ്പൗണ്ടിൽ മെയിന്റനൻസ് കോ-ഓർഡിനേറ്റർ, ഐ.ടി ഡിപ്പാർട്ട്‌മെന്റ് തുടങ്ങി വിവിധ തസ്തികകളിൽ ജോലി ചെയ്തു. 2014 ൽ അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയുടെ ഗ്രൂപ്പിൽ പെട്ട ഹാദിയ അബ്ദുൽ ലത്തീഫ് ജമീൽ റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി തുടർന്നു.

മക്കറോണയിലുള്ള ദിയാർ ഹാദിയ എന്ന ഒരു ഹൗസിംഗ് കോംപ്ലക്‌സിന്റെ നിർമാണം പൂർത്തീകരിച്ചാണ് കമ്പനിയിൽ നിന്ന് വിടുന്നത്.
ഭാര്യ മറിയുമ്മ കെ. മമ്മു ഓമാനൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ സീനിയർ ഇംഗ്ലീഷ് അധ്യാപികയാണ്. മക്കൾ:  ആസ്യ ഫഹീമ (എം.എസ്‌സി ക്ലിനിക്കൽ ന്യൂട്രിഷ്യൻ) ഐഷ (എം.എസ്‌സി മാത്‌സ്), അമീന (ബി.ഡി.എസ്) എന്നിവർ മക്കളാണ്.
നാട്ടിൽ മാധ്യമത്തിൽ 90 കളുടെ ആരംഭത്തിൽ ഒരു വർഷം ജോലി ചെയ്തിരുന്നു. 1992 മുതൽ  ചന്ദ്രിക ദിനപത്രത്തിൽ കൊണ്ടോട്ടി ലേഖകനായും തുടർന്ന് എട്ടു വർഷത്തോളം കോഴിക്കോട് ചന്ദ്രിക ആസ്ഥാനത്ത് ജോലി ചെയ്ത ശേഷവുമാണ് 2003 ൽ പ്രവാസ ലോകത്തെത്തിയത്.
ഉമ്മർ കോയയെ തുടർന്നും ബന്ധപ്പെടാൻ 
0091- 85472 20610
[email protected]

Latest News