അനുഭവം
നമ്മളിൽ പലരും വർഷത്തിലൊരിക്കലെങ്കിലും അവധിക്ക് നാട്ടിൽ പോകുന്നവരാണല്ലോ. പലപ്പോഴും ഔദ്യോഗികവും കുടുംബപരവുമായ ആവശ്യങ്ങൾക്കായി വർഷത്തിൽ പല തവണ നാട്ടിൽ പോവുകയെന്നതെനിക്ക് ശീലമാണ്. നാല് പതിറ്റാണ്ടുകളായി പുണ്യഭൂമിയിൽ പ്രവാസ ജീവിതമാരംഭിച്ചിട്ട്. തിരക്കുകളിൽ ആഴ്ന്നിറങ്ങി ജീവിതത്തിന് പുതിയ അർഥം തേടുകയായിരുന്നു ഇത്രയും കാലം. അതിരാവിലെ കർമ നിരതനായി അർധരാത്രിയും കഴിഞ്ഞ് കൂടണയുകയെന്ന ശീലവുമായി പൊരുത്തപ്പെട്ടിട്ട് കാലമേറെയായി. വേദികൾ പലതിലും സാന്നിധ്യമറിയിക്കുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് എനർജി വാക്കുകളിൽ വിവരിക്കാനാവാത്തതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ജിദ്ദ നഗരത്തിൽ മലയാളി സമൂഹത്തിന്റെ മെഗാ ഇവന്റുകൾ കൂടുതലായി അരങ്ങേറി.

അതിനിടക്കാണ് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കലാസന്ധ്യകൾക്ക് താൽക്കാലിക വിരാമമായത്. ജിദ്ദയിലും യാമ്പുവിലും കഴിഞ്ഞത് പോലെയാണ് എന്നെ സംബന്ധിച്ചിടത്തോളം നാട്ടിലെ അവധിക്കാലവും. പരക്കം പാച്ചിലിനിടെയായിരിക്കും സൗദിയിൽ തിരിച്ചെത്താനായെന്ന് തിരിച്ചറിയുക. ഇതിനിടക്ക് തികച്ചും വ്യത്യസ്ത അനുഭവമാണ് കഴിഞ്ഞ മൂന്ന് മാസമായി തുടർന്ന അടച്ചിടൽ കാലം. ലോക് ഡൗണിൽ പലർക്കും നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളതെങ്കിൽ എനിക്ക് തികച്ചും വ്യത്യസ്ത അനുഭവമാണ് ഈ കാലം സമ്മാനിച്ചത്.
ജൂൺ 21 നാണ് നീണ്ട മൂന്നു മാസത്തെ അടച്ചിട്ട ജീവിതത്തിന് വിരാമമായത്. സൗദിയിൽ പൂർണമായും ലോക്ഡൗൺ എടുത്തു മാറ്റിയിരിക്കയാണെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ പറിച്ചെടുത്ത് കൊറോണ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇനി ഇവനൊപ്പം കരുതലുകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയേ നിവൃത്തിയുള്ളൂ.

അമേരിക്ക ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളു ഇതേ കാഴ്ചപ്പാടിലാണല്ലോ. 1979 ജൂലൈ 26 നു ഒരു വിസയിൽ ജിദ്ദയിലിറങ്ങിയ എന്റെ 41 വർഷത്തെ ജീവിതത്തിൽ നല്ലതും അല്ലാത്തതുമായ ഒരുപാട് അനുഭവങ്ങളുണ്ട്. സൗദിയിൽ നിതാഖാത്ത് പ്രഖ്യാപിച്ച വേളയിൽ ഞാൻ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത് രാവിലെ മുതൽ കോൺസുലേറ്റിലും തർഹീലിലും ജയിലുകളിലുമൊക്കെ ഓടിനടന്നു. സേവനമനുഷ്ഠിക്കാൻ സാധിച്ചിരുന്നുവെന്ന കാര്യം ഓർക്കുമ്പോൾ അഭിമാനം പകരുന്നു. എന്നാൽ ഈ കൊറോണക്കാലത്ത് ഫീൽഡ് വർക്കിൽനിന്നും തികച്ചും മാറിനിൽക്കേണ്ടി വന്നു. ഇപ്പോഴത്തെ മഹാമാരി കടന്നാക്രമിക്കുന്നത് കാര്യമായും പ്രായം കൂടിയവരെയും മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരെയും ആണെന്നത് സേവന രംഗത്ത് നിന്ന് പിറകോട്ടു വലിച്ചു.
സുഹൃത്തുക്കളുടെയും ഡോക്ടർമാരുടെയും കുടുംബത്തിന്റെയും കർക്കശമായ വിലക്കുമുണ്ടായിരുന്നു. മാനസികമായി അതുമായി യോജിക്കാൻ പറ്റിയില്ലെങ്കിലും അനുസരിച്ചേ പറ്റൂ. അതേസമയം, സാമൂഹിക പ്രവർത്തന രംഗത്ത് ഈ കാലയളവിലും ധാർമിക, സാമ്പത്തിക പിന്തുണ നൽകി സംഘടനയുടെ കർമഭടന്മാർക്ക് ആവേശം പകരാനായി.

ഈ മൂന്ന് മാസക്കാലം ഏറെ ആഹ്ലാദം പകർന്നത് കുടുംബാംഗങ്ങൾക്കൊപ്പെം സമയം പൂർണമായും ചെലവഴിക്കാനായെന്നതാണ്. മക്കളും പേരമക്കളും സഹധർമിണിയുമടങ്ങുന്ന കുടുംബത്തിലെ ഓരോ അസുലഭ മുഹൂർത്തവും ആസ്വദിച്ചു. ഇക്കഴിഞ്ഞ മൂന്ന് മാസക്കാലം എനിക്ക് ലഭിച്ച കുടുംബ ജീവിതം മറക്കാനാവാത്ത അനുഭവം തന്നെയാണ്. ഭാര്യയും മൂന്നു മക്കളിൽ രണ്ട് മക്കളും പേരമക്കളും കൂടെയുണ്ട്. മൂത്ത മകളും ഭർത്താവ് അയ്യൂബ് കേയിയും മക്കളും നാട്ടിലും. കുരുന്നുകൾക്കൊപ്പമുള്ള 30 നോമ്പുതുറയും പെരുന്നാളാഘഷവും പേരമക്കളുടെ കുസൃതിത്തരങ്ങളും സ്നേഹവായ്പും നേരിട്ടാസ്വദിക്കാൻ കഴിഞ്ഞത് ഈ കാലത്താണ്.

പ്രവാസ ജീവിതത്തിൽ ഇത്രയും കാലം കലാപരിപാടികൾ, കായിക പരിപാടികൾ, മതപ്രഭാഷണങ്ങൾ മറ്റുമൊക്കെമായി നേരം പുലരുവോളം ചെലവിട്ട വാരാന്ത്യ അവധികൾ. രാഷ്ട്രീയമായി തിരക്കുപിടിച്ച ദിവസങ്ങളിൽ അവശത അനുഭവിക്കുന്ന ഒരുപാട് പേർക്കൊപ്പം നിൽക്കാനും അവർക്കൊക്കെ സാന്ത്വനമേകാനും സാധിച്ചു. സാമൂഹിക ജീവിതത്തിൽ അത്യന്താപേക്ഷിതമായ അതൊക്കെ തുടരുക തന്നെ വേണം. സ്നേഹിക്കാനും ബഹുമാനിക്കാനും മാത്രമറിയുന്ന ആത്മാർഥതയുള്ള ഒരുപാട് നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ ഇക്കാലത്ത് സാധിച്ചു.

അൽഹംദുലില്ല. ഇവിടെ നടക്കുന്ന മിക്ക കലാസാംസ്കാരിക രാഷ്ട്രീയ പരിപാടികളുടെ സംഘാടകരൊക്കെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാത്തിനും ഞാനും അവരോടൊപ്പം നിൽക്കാറുണ്ട് -അത് സാമ്പത്തികമായാലും സംഘാടനമായാലും. അത്തരം പരിപാടികൾ ഈ കാലയളവിൽ ഇല്ലാത്തതു കാരണം ടോട്ടൽ ഫ്രീ ആയ പ്രതീതിയായിരുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ല 'പഞ്ചാര' അത് പണ്ടേ കുറച്ചു കൂടുതലാണ്. ബാക്കിയൊക്കെ നോർമലാണ്. പക്ഷെ മക്കളും മറ്റും ചോദിക്കുന്ന പോലെ 68 ലേക്ക് കാലെടുത്തുവെക്കുന്ന ഈ വേളയിൽ ഉറക്കവും വിശ്രമവും ആവശ്യത്തിന് വേണ്ടേ, വേണം ഇതിനൊക്കെ ഒരു നിയന്ത്രണം.
കൊറോണ പഠിപ്പിച്ച പാഠം. കാര്യങ്ങൾ പഴയതിലേക്കെത്താൻ ഇനിയും ഒരു വർഷമെങ്കിലും എടുക്കും. തീരുമാനമെടുക്കാൻ നമ്മുടെ മുമ്പിൽ ഇനിയും സമയമുണ്ടല്ലോ.






