ഉത്തര കേരളത്തിലെ ~ഒരു വൃത്താന്ത പത്രത്തിൽ പണ്ടൊരു തൊഴിൽ തർക്കമുണ്ടായി. പിരിച്ചു വിടപ്പെട്ട രണ്ട് മൂന്ന് തൊഴിലാളികൾക്ക് അർഹമായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നത് പത്രക്കാരുടെ സംഘടനയിൽ അവതരിപ്പിക്കപ്പെട്ടു. മാധ്യമ പ്രവർത്തകരുടെ സംഘടനാ സാരഥി വിഷയത്തിൽ ഇടപെട്ടു. കടലാസ് നടത്തിപ്പുകാരിലൊരാളായ വർത്തക ലോകത്തെ പ്രമാണിയുമായാണ് ചർച്ച. മൂന്ന് പേർക്കും കൂടി പതിനൊന്ന് ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയാൽ പ്രശ്നം തീരുമെന്ന് യൂനിയൻ നേതാവ് കച്ചവട പ്രമുഖനെ ധരിപ്പിച്ചു. ഒട്ടും സമയമെടുത്തില്ല എം.ഡിയുടെ പ്രതികരണത്തിന്. നിങ്ങൾക്ക് വേണ്ടത് പതിനൊന്ന് ലക്ഷമല്ലേ, ഇതാ എനിക്ക് പത്രം നടത്തിയ വകയിൽ പിരിഞ്ഞു കിട്ടാനുള്ള 23 ലക്ഷത്തിന്റെ രേഖകൾ. മലബാറിലെ പല പ്രദേശങ്ങളിലെയും പീടികക്കാർ നൽകാനുള്ളതാണ് തുക. ഏജൻസി നടത്തിപ്പ്, പരസ്യ കലക്ഷൻ എന്നീ ഇനങ്ങളിൽ ബാക്കിയാക്കിയത്. നിങ്ങളുടെ സൗകര്യം പോലെ ഈ കുടിശ്ശിക പിരിച്ചെടുത്ത് അവർക്ക് കൊടുക്കാനുള്ള പതിനൊന്ന് ലക്ഷമെടുത്ത് ബാക്കി ഇങ്ങോട്ട് തിരിച്ചേൽപ്പിച്ചാൽ മതി. കേട്ടാൽ എത്ര എളുപ്പമുള്ള പരിഹാരം. 23 ലക്ഷം പോയിട്ട് 23 രൂപ പോലും തരില്ലെന്ന് വാശി പിടിക്കുന്നവരുടെ അടുത്ത് ചെന്ന് വേണം ഈ തുക സമാഹരിക്കാൻ. മാത്രവുമല്ല, ബിസിനസ് നടത്തുന്നവന്റെ കിട്ടാക്കടം കലക്റ്റ് ചെയ്യുകയെന്നത് യൂനിയൻ നേതാവിന്റെ പണിയുമല്ല. കഥയിൽ ചോദ്യമില്ല. ചില ആളുകളുടെ ഞായം പറച്ചിൽ അങ്ങനെയാണ്. ഇക്കഴിഞ്ഞ വാരത്തിൽ എല്ലാവരും പ്രതീക്ഷിച്ചത് കേരള സർക്കാരിലെ അടുത്ത വിക്കറ്റ് വീഴാറായെന്നാണ്. ഏഷ്യാനെറ്റ്, മാതൃഭൂമി, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിലെ ബുള്ളറ്റിനുകളും പ്രഭാത സംവാദങ്ങളും അത്തരമൊരു ധാരണയാണ് സൃഷ്ടിച്ചത്. കായൽ കയ്യേറ്റത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ വരെ സംപ്രേഷണം ചെയ്യുകയുണ്ടായി. മന്ത്രിയുടെ രാജി സെക്കന്റുകൾക്കകം എന്ന നിലയ്ക്ക് റിപ്പോർട്ടിംഗ് പുരോഗമിച്ചു. അപ്പോഴതാ മന്ത്രി ഒരു ചാനലിലിരുന്ന് തന്റെ വേർഷൻ വിശദീകരിക്കുന്നു. റിസോർട്ടിലേക്ക് വരുന്ന വഴിയിൽ റോഡില്ലാത്ത പ്രശ്നമുണ്ടായിരുന്നു. കുറച്ച് മണ്ണിട്ടാൽ നികത്താവുന്നതേ ഉള്ളു. ഞാൻ പണം മുടക്കി അത് ചെയ്തു. ഇത് ഞാൻ ചെയ്തതാണോ തെറ്റ്? ഇതെല്ലാം കേരള സർക്കാരിന്റെ കാശ് മുടക്കി ചെയ്യണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ? ചാനലുകാരന്റെ അടുത്ത ചോദ്യം- ആലപ്പുഴ നഗരസഭാ ഓഫീസിലെ രേഖകൾ കാണാതാവുന്നത് എന്തുകൊണ്ട്? ഇതെന്തൊരു ചോദ്യമാണ്? ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ രേഖകൾ സൂക്ഷിച്ചു വെക്കുകയെന്നതാണോ എന്റെ ജോലി. ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം നൽകാൻ ശേഷിയുള്ള ഇത്തരം മിടുക്കന്മാർ വേണം നമ്മെ ഭരിക്കാൻ. അല്ലെങ്കിലും ഈ മാധ്യമ പ്രവർത്തകർ ആവേശം കൊള്ളിയ്ക്കുന്നത് കണ്ട് മന്ത്രിയെ മാറ്റാൻ തുടങ്ങിയാൽ അവസാനം മന്ത്രിമാരില്ലാതെ നമ്മൾ കഷ്ടത്തിലാവും. ഏതോ ഒരു പെൺകുട്ടി പാതിരായ്ക്ക് ടെലിഫോൺ വിളിച്ചുവെന്ന് പറഞ്ഞ് ഒരു മന്ത്രിയെ തൽക്ഷണം രാജി വെപ്പിച്ചിട്ട് അധിക കാലമായിട്ടില്ല. തൊട്ടടുത്ത ദിവസം മാധ്യമ ലോകത്ത് നിന്നുള്ള വാഴ്ത്തു പാട്ടുകൾ ശ്രവിച്ചപ്പോൾ ആ പാവത്തിനെ കൊണ്ട് രാജിവെപ്പിച്ചത് അബദ്ധമായെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ തെറ്റു പറയുന്നതെങ്ങിനെ? *** *** *** കൊച്ചി മെട്രോ അടുത്തെങ്ങാനും ലാഭത്തിലോടുമെന്ന് ആർക്കും വിശ്വാസമില്ല. ഈ വാരത്തിലാണ് മെട്രോയുടെ പട്ടണ പ്രവേശം. ആലുവ മുതൽ പാലാരിവട്ടം വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ നഗര മധ്യത്തിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്ക് വരികയായി. കലൂരും ജവഹർ ലാൽ നെഹ്റു സ്റ്റേഡിയവും നോർത്തും കച്ചേരിപ്പടിയും എം.ജി റോഡുമെല്ലാം പുതിയ സ്റ്റേഷനുകളാവും. മെട്രോയുടെ നിർമാണം നടക്കുന്ന വേളയിൽ കൊച്ചിയിലെ റോഡ് ഗതാഗതത്തിന് ഏറെ പ്രയാസം നേരിട്ടിരുന്നു. നെല്ലിക്കയുടെ കാര്യം പറഞ്ഞ് പരസ്യങ്ങളുമായി മെട്രോ നിർമാണ ഏജൻസി രംഗത്തിറങ്ങിയത് അപ്പോഴാണ്. മെട്രോയിൽ യാത്രക്കാർ കയറി തുടങ്ങുകയും റോഡിലെ തടസ്സങ്ങൾക്ക് ശമനമുണ്ടാവുകയും ചെയ്തപ്പോൾ പരസ്യത്തിന്റെ ഭാവം മാറിയത് മാതൃഭൂമി ന്യൂസിന്റെ നല്ല വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു. നെല്ലിക്ക ഇപ്പോൾ മധുരിച്ചു തുടങ്ങിയെന്നതാണ് പുതിയ സ്ലോഗൻ. കൂട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തെ ഓർമപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുമുണ്ട്. താഴെ റോഡ് വാഹനങ്ങൾ പരിസ്ഥിതി മലിനീകരിക്കുമ്പോൾ ആകാശത്തു കൂടി പറക്കുന്ന ശീതീകരിച്ച മെട്രോ യാത്രികർക്ക് അനുഗ്രഹമാണെന്നതിൽ സംശയമില്ല. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തിയാലും മെട്രോയുടെ സേവനം പൂർണമായി ലഭിക്കില്ലെന്നാണ് ടോം ജോസ് പറയുന്നത്. അതിന് തൃപ്പുണിത്തുറയിലേക്കുള്ള പാത നിർമാണം പൂർത്തിയാകേണ്ടതുണ്ട്. *** *** *** കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങൾ പോലെയാണ് കോഴിക്കോടിന്റെ വടക്കൻ അതിർത്തി ഗ്രാമങ്ങളിൽ ചിലതും. എപ്പോഴാണ് രാഷ്ട്രീയ സംഘർഷമുണ്ടാവുകയെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല. ചില സീസണിലെ സംഘട്ടനങ്ങളും കൊലപാതകങ്ങളും മാസങ്ങളോളം നീണ്ടു നിൽക്കും. എല്ലാം ശരിയാക്കാൻ വന്ന സർക്കാർ എന്തൊക്കെ മാറ്റം വരുത്തിയെന്ന് ചോദിച്ചാൽ കൂടുതലൊന്നും പറയാനില്ല. എന്നാൽ നാദാപുരം മേഖലയിലെ സമാധാനം പ്രധാന നേട്ടം തന്നെയാണ്. തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ കോഴിക്കോട്ട് ഒരു ദിനപത്രത്തിന്റെ ജില്ലാ ബ്യൂറോയിൽ ജോലി ചെയ്ത് കാലത്ത് ഒരിക്കൽ വളയത്തെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യാൻ സ്റ്റാഫ് ഫോട്ടോഗ്രാഫറെയും കൂട്ടി രാവിലെ നാദാപുരം ഭാഗത്തേക്ക് യാത്ര തിരിച്ചു. രാത്രിയ്ക്കിടയ്ക്ക് നഗരത്തിൽ തിരിച്ചെത്താനുള്ളതിനാൽ പ്രാതൽ പേരിന് കഴിച്ചാണ് യാത്ര പുറപ്പെട്ടത്. പേരാമ്പ്ര, കുറ്റിയാടി വഴി വേഗം നാദാപുരത്തെത്തി. കല്ലാച്ചി ഭാഗത്തൊന്നും ഒരു കടയും തുറന്നിട്ടില്ല. പോലീസ് സാന്നിധ്യം വേണ്ടതിലേറെ. വളയത്തൊക്കെ ചെന്ന് വിശദമായ അന്വേഷണം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വിഷ്ണുമംഗലം ഭാഗത്ത് ഒരു ചെറിയ നാടൻ ചായക്കട തുറന്നു വെച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടടുത്തിട്ടുണ്ട്. എന്തുണ്ട് കഴിക്കാനെന്ന് ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആളെ പോലെ ചോദിച്ചു. ബീഫ് കറിയുണ്ടെന്നും കോംബിനേഷനായി ഒന്നുമില്ലെന്നും ഗ്രാമീണൻ. കണ്ണാടി അലമാരയിലുള്ള നെയ്യപ്പത്തെ പൊറോട്ടയാണെന്ന് മനസ്സിൽ കരുതിയാണ് അപ്പോഴത്തെ വിശപ്പടക്കിയത്. വിശപ്പിന്റെ കാഠിന്യം കാരണം എന്തെങ്കിലും ലഭിച്ചാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ. ഏഷ്യാനെറ്റ് ന്യൂസിൽ വേങ്ങര ഉപതെരഞ്ഞെടുപ്പ് വാർത്തകൾക്കിടയിൽ ലേഖിക അവിടെ ലഭിക്കുന്ന പ്രത്യേകതരം ഭക്ഷണ വിഭവങ്ങളെ പറ്റി ടെലികാസ്റ്റ് ചെയ്തു. വേങ്ങരക്കാർ ഇഡ്ഡലിയ്ക്കൊപ്പം ബീഫ് കഴിക്കുന്നതാണ് ഏഷ്യാനെറ്റിന്റെ കണ്ടെത്തൽ. അടുത്തടുത്ത വീടുകളിലെ സ്ത്രീകളെ ഒരുമിച്ചിരുത്തി മലപ്പുറത്തെ പ്രാദേശികത സംസാരിപ്പിച്ചത് അരോചകമായിട്ടുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കമന്റുകളിലുണ്ട്. *** *** *** ഓണകാലത്തെ മരവിപ്പെല്ലാം മാറി കൂടുതൽ ചലച്ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയ നാളുകളാണ് പിന്നിട്ടത്. ദിലീപിന്റെ തടവറ വാസം തുടരുന്നതിനിടെ രാമലീലയും റിലീസ് ചെയ്തു. മഞ്ജു വാരിയരുടെ ഉദാഹരണം സുജാതയും മത്സരിക്കാനുണ്ടായിരുന്നു. ഈ ചിത്രത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ട് മീഡിയ വണിന്റെ സിനിമാ പരിപാടിയിലുണ്ടായിരുന്നു. ദിലീപിന്റെ ചിത്രം ബഹിഷ്കരിക്കണമെന്ന കാമ്പയിൻ കുറച്ചു നാളുകളായി പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം രാവിലെ ജയ്ഹിന്ദ് ചാനലിലെ ചർച്ചയിൽ തിയേറ്റർ ഉടമ ലിബർട്ടി ബഷീർ നയം വ്യക്തമാക്കി. ഉദാഹരണ സഹിതമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജയിലിൽ കിടന്ന സഞ്ജയ് ദത്ത് പരോളിലിറങ്ങി പൂർത്തിയാക്കിയ സിനിമ ഹിറ്റായിരുന്നു. തമിഴിലും തെലുങ്കിലും ഇത് പോലെ സംഭവിച്ചിട്ടുണ്ട്. സിനിമ വിജയിക്കുമോ ഇല്ലയോ എന്നറിയാൻ ആദ്യ ദിവസത്തെ രണ്ടോ, മൂന്നോ ഷോകളിലെ കലക്ഷൻ നിരീക്ഷിച്ചാൽ മതിയെന്ന് ബഷീർ പറഞ്ഞു. നേരത്തേ എതിർത്ത് സംസാരിച്ച ധന്യ മാഡത്തിനും കാര്യങ്ങൾ മനസ്സിലാക്കാനായി. സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ പട്ടികയിൽ തലശ്ശേരിയിലെ ലിബർട്ടിയും സ്ഥാനം പിടിച്ചിരുന്നു. ചിത്രത്തിലെ നായിക പ്രയാഗ മാർട്ടിൻ പ്രാർഥിച്ചാണ് സിനിമ കാണാനെത്തിയത്. സംവിധായകൻ അരുൺ ഗോപിയുടെ ആദ്യ സംരംഭമാണിത്. കേരളത്തിലെ 129 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 62 തിയേറ്ററുകളിലുമാണ് ദിലീപ് സിനിമ റിലീസ് ചെയ്തത്. ടോമിച്ചൻ മുളകുപാടം 16 കോടി ചെലവിട്ട് നിർമിച്ച സിനിമ ആദ്യ ദിവസം കേരളത്തിൽ നിന്ന് 2.13 കോടി രൂപ കലക്റ്റ് ചെയ്തുവെന്നാണ് കണക്ക് പുറത്തു വന്നിട്ടുള്ളത്. കൊച്ചി നഗരത്തിലെ മൾട്ടിപ്ലക്സുകളിൽ 98 ശതമാനം വരെ സീറ്റുകൾ കാണികൾ ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമ റിലീസ് ചെയ്ത ദിവസം മാതൃഭൂമി ന്യൂസിന്റെ ബുള്ളറ്റിനുകളിലെ തലവാചകം രാമലീലയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ തണുത്ത പ്രതികരണമെന്നായിരുന്നു.