Sorry, you need to enable JavaScript to visit this website.

വാരിയൻകുന്നത്തിന്റെ ഭാര്യയിലും ആ പോരാട്ടവീര്യമുണ്ടായിരുന്നു; ആരാണ് മാളു ഹജ്ജുമ്മ?

മലബാർ വിപ്ലവത്തിലെ വീരേതിഹാസം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയുള്ള സിനിമയുടെ പശ്ചാതലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മാളു ഹജ്ജുമ്മയെ പറ്റി അബ്ദുൽ ഹക്കീം നദ്‌വി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഈ പേര് അധികമാരും കേൾക്കാനിടയില്ല. മലബാറിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളിൽ ധീരതയുടെ പ്രതീകമായി, മലപ്പുറം കോട്ടക്കുന്നിന്റെ ചെരുവിൽ ബ്രിട്ടിഷ് പട്ടാളക്കാരന്റെ തോക്കിനു മുന്നിൽ വിരിമാറ് കാട്ടി ധീരരക്തസാക്ഷിത്വം വരിച്ച ശഹീദ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയാണ് ഇവർ. ബ്രിട്ടിഷ് പട്ടാളത്തോട് ആയുധമേന്തി നേരിട്ട് പോരാടിയ ഏറനാടൻ വനിത. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചീനപ്പാടത്ത് കോയാമു ഹാജിയുടെ പ്രിയപ്പെട്ട മകൾ.

അന്നത്തെ സാമൂഹിക സാഹചര്യത്തോട് ചേർത്തുവെച്ച് നോക്കിയാൽ അത്ഭുതകരമായിരുന്നു അവരുടെ ജീവിതം. ആജ്ഞാശക്തിയും ധൈര്യവും നേതൃഗുണവും മതബോധവും എല്ലാം ഒത്തിണങ്ങിയ ജീവിതം. ബ്രിട്ടിഷ് സൈനിക ശക്തിയെ വെല്ലുവിളിച്ചും അവരോട് നേർക്കുനേരെ ഏറ്റുമുട്ടിയും പട്ടാള ക്യാമ്പുകൾക്ക് മൈലുകൾക്കകലെ സമാന്തര ഭരണകൂടം സ്ഥാപിച്ചും ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെ അപകടം നിറഞ്ഞ ജീവിതവഴിയിലൂടെ സഞ്ചരിച്ച ഒരു പോരാളിയോട് പ്രണയം തോന്നുകയും പിന്നീട് വിവാഹത്തിലൂടെ അദ്ദേഹത്തിന്റെ ഭാര്യയായി തീരുകയും ചെയ്തു എന്നതിൽ നിന്നു തുടങ്ങുന്നു മാളു ഹജ്ജുമ്മയുടെ വിപ്ലവ ജീവിതം. 1960ൽ മരണപ്പെട്ട ഹജ്ജുമ്മ 1922 ജനുവരി 21ന് രക്തസാക്ഷിത്തം വരിച്ച ഹാജിയോടൊത്ത് കുറഞ്ഞ കാലം മാത്രമാണ് ജീവിച്ചത്. വാരിയൻകുന്നത്ത് അവസാന കാലത്ത് നിലമ്പൂർ കാട്ടിലെ കല്ലാമൂലയിൽ താവളമുണ്ടാക്കി താമസിക്കുന്ന കാലത്ത് കൂടെയുണ്ടായിരുന്നത് ഹജ്ജുമ്മയായിരുന്നു.

വിവാഹത്തിന് മുമ്പും ഭർത്താവിന്റെ ശഹാദത്തിന് ശേഷവും അവർ ജീവിച്ചത് ജന്മദേശമായ കരുവാരക്കുണ്ടിലായിരുന്നു. കുട്ടികളും മുതർന്നവരും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഹജ്ജുമ്മത്താത്തയെ ബഹുമാനിച്ചിരുന്നു. നീളൻ പെൺകുപ്പായവും കാച്ചിത്തുണിയും വലിയ മക്കനയും ധരിച്ച് ചീനിപ്പാടത്ത് നിന്നും കണ്ണത്തിലൂടെ കരുവാരക്കുണ്ടിലേക്ക് നടന്നുപോയിരുന്ന മാളു ഹജ്ജുമ്മയെ കാണുമ്പോൾ റോഡരികിലിരിക്കുന്നവർ വരെ എഴുന്നേറ്റ് നിൽക്കുമായിരുന്നു. അരയിലെ വീതിയുള്ള ബെൽറ്റും അതിൽ തൂക്കിയിട്ട കത്തിയും കൈയ്യിൽ സ്ഥിരമായി കരുതുന്ന വടിയും അക്കാലത്ത് മറ്റൊരു സ്ത്രീയിലും കാണാത്തതായിരുന്നു. ഹാജിയോടൊപ്പം ബ്രിട്ടിഷുകാർക്കെതിരിൽ ഏറ്റുമുട്ടിയ സമയത്തുണ്ടായിരുന്നതാണ് അരയിൽ കത്തി കരുതുന്ന ശീലം. വലിയ ധർമ്മിഷ്ടയും സാമൂഹ്യ പ്രവർത്തകയുമായ ഹജ്ജുമ്മത്താത്ത ഏതൊരു ദൗത്യം ഏറ്റെടുത്താലും അത് അവസാനിക്കുന്നതു വരെ സജീവമായി കൂടെ നിൽക്കുമായിരുന്നു.

മുസ്‌ലിം സ്ത്രീ പള്ളിയിൽ പോകുന്നത് ചിന്തിക്കാനാവാത്ത അക്കാലത്ത് കരുവാരക്കുണ്ട് പള്ളി കമ്മിറ്റി അംഗമായിരുന്നു മാളു ഹജ്ജുമ്മ. പ്രമുഖ പണ്ഡിതനും സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായിരുന്ന മർഹൂം കെ.ടി. മാനു മുസ്‌ല്യാരുടെ ഉസ്താദ് മർഹൂം മൊയ്തീൻ ഹാജിയുടെ കാലത്തായിരുന്നു മാളു ഹജ്ജുമ്മ പള്ളിക്കമ്മിറ്റിയിൽ അംഗമായത്. കമ്മിറ്റി യോഗത്തിന് പള്ളിയിൽ പോയിരുന്ന മാളു ഹജ്ജുമ്മയ്ക്ക് വേണ്ടി ഉസ്താദിന്റെ മുറിക്ക് പുറത്തായി പ്രത്യേക ഇരിപ്പിടവുമുണ്ടായിരുന്നു. കരുവാരക്കുണ്ട് പ്രദേശത്ത് ആദ്യമായി പെരുന്നാളിന് ബലിയറുത്ത വനിതയും മാളു ഹജ്ജുമ്മയാണ്. ഹജ്ജുമ്മയുടെ ഉപ്പ കോയാമു ഹാജി നൽകിയ ഒന്നര ഏക്കർ സ്ഥലമാണ് കരുവാരക്കുണ്ട് പള്ളിയുടെ ആദ്യ വഖ്ഫ് സ്വത്ത്. പിന്നീട് മാളു ഹജ്ജുമ്മ അഞ്ച് ഏക്കർ ഭൂമി ഇതേ പള്ളിക്ക് വഖ്ഫ് ചെയ്തു. മാമ്പുഴ പള്ളിക്ക് എട്ട് ഏക്കറും കൊടുത്തു. മക്കളില്ലാത്ത ഹജ്ജുമ്മ മരണശേഷം സ്വത്തുക്കളെല്ലാം പള്ളിക്ക് കൊടുക്കാനാണ് എഴുതിവച്ചത്. അതു പ്രകാരം അവരുടെ സ്വത്ത് മുഴുവൻ കരുവാരക്കുണ്ട് പള്ളിക്ക് നൽകി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള വിവാഹത്തിന് മുമ്പ് രണ്ടു വിവാഹം ചെയ്ത മാളു ഹജ്ജുമ്മക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടായെങ്കിലും ചെറുപ്പത്തിലേ മരണപ്പെട്ടു. രണ്ടാം വിവാഹം ഏതാനും നാളുകൾ മാത്രമാണ് നിലനിന്നത്. ഹജ്ജുമ്മ തന്നെ ആ ബന്ധം ഒഴിവാക്കുകയായിരുന്നു.

കണ്ണത്ത് സ്‌കൂളിൽ നാലുവരെ പഠിച്ച മാളു ഹജ്ജുമ്മ നന്നായി മലയാളം എഴുതിയിരുന്നു. അറബി മലയാളവും നന്നായി വശമുണ്ടായിരുന്നു. ഹജ്ജ് യാത്ര സാഹസികമായിരുന്ന അക്കാലത്ത് ഏഴു തവണയാണ് അവർ ഹജ്ജിനു പോയത്. കരുവാരക്കുണ്ട് പള്ളിയിൽ ഉപ്പ കോയാമു ഹാജിയുടെ ഖബറിനോട് ചേർന്നാണ് മാളു ഹജ്ജുമ്മയെയും ഖബറടക്കിയത്. അക്കാലത്തെ മുസ്‌ലിം സ്ത്രീകളിൽനിന്നു വിഭിന്നമായി ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിലും പള്ളി ഭരണത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായ ധീരവനിതയാണ് മാളു ഹജ്ജുമ്മ. ഫറോവയുടെ ഭാര്യ ആസിയ മുതൽ മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും ഉമ്മ ആബിദാ ബീഗം എന്ന ബീഉമ്മ വരെയുള്ള ചരിത്രത്തെ സ്വാധീനിച്ച മഹൽ വ്യക്തിത്വങ്ങളോടൊപ്പം മാളു ഹജ്ജുമ്മയുടെ ജീവിതം മുസ്‌ലിം സ്ത്രീകൾക്ക് എക്കാലത്തും വലിയ ആവേശവും പ്രചോദനവുമാണ്.

 

Latest News