Sorry, you need to enable JavaScript to visit this website.

കൊറോണ ദേവിയെ പൂജിക്കുന്ന അനിലന് ഇനിയും പറയാനുണ്ട്

കൊവിഡ് റാണിയും കൊറോണ ദേവിയും

കൊവിഡിനെ റാണിയായി കാണുന്ന നേതാവിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സമൂഹം അതേ കൊറോണയെ ദേവിയായി കണ്ട് സ്വഭവനത്തിലെ പൂജാമുറിയിൽ അതിനെതിരെയുള്ള വാക്സിൻ കണ്ടെത്താൻ ശാസ്ത്രലോകത്തിനു സാദ്ധ്യമാകാൻ വേണ്ടി വിശ്വാസപൂർവ്വം പ്രാർത്ഥിക്കുന്ന എന്നെ കല്ലെറിയുന്നു.

ആരാധനാലയങ്ങൾ തുറന്നു വെച്ചാലും തൊഴിലിനല്ലാതെ തൊഴാൻ വേണ്ടി പുറത്തിറങ്ങരുതേയെന്നും ആൾക്കൂട്ടത്തിൽ നിന്ന് ഈ വൈറസിനെ ചുമന്നുകൊണ്ടു വന്ന് വീട്ടിലും നാട്ടിലും വിതരണം ചെയ്യരുതേയെന്നും ആഹ്വാനം ചെയ്യുന്നത് വിശ്വാസം തകർന്നു വീഴാനിടയാക്കി എന്നാണ് ചിലർ ആശങ്കപ്പെടുന്നത്.അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ, അതങ്ങു തെറിച്ചു പോകട്ടെ എന്നാണ് എൻ്റെ എക്കാലത്തെയും നിലപാട്.

ഈ മഹാവ്യാധിയുടെ കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾക്കു തോന്നരുതേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കന്മാർ തന്നെ താടിയ്ക്ക് അലങ്കാരമായി മാസ്കും ധരിച്ചു മനസ്സുകൊണ്ടു സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൂട്ടിമുട്ടിയിരുന്നു സമരം ചെയ്യുന്നു. അവരുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങി ഊർജ്ജം പാഴാക്കി അണികൾ പോലീസിൻ്റെ തല്ലുകൊള്ളുന്നു! പേരും പ്രശസ്തിയുമുള്ള തങ്ങളുടെ രണ്ടു നേതാക്കന്മാരെ മുൻനിർത്തിയല്ലാതെ ഒരു പാർട്ടിയുടെയും അണികൾ തെരുവു സമരത്തിനിറങ്ങില്ലെന്നു സധൈര്യം തീരുമാനിക്കാനുള്ള ആർജ്ജവമുണ്ടാകാൻ സ്വഭവനത്തിലിരുന്നു ആരാധന നടത്തുന്നത് മഹാപാപമാകുന്നതെങ്ങനെ ?

റോക്ക്സ്റ്റാർ എന്ന ആംഗലേയ പദത്തെ 'റോക്ക് ഡാൻസർ' എന്നാക്കി വീണ്ടും വീണ്ടും വനിതാ മന്ത്രിയെ ആക്ഷേപിക്കുന്ന മുതിർന്ന നേതാവിനോട് സ്ത്രീയെ ദേവിയായി കണ്ടു പൂജിക്കുന്ന ഹൈന്ദവ ദർശനത്തെ കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്താൻ മിനക്കെടാതെ വസൂരിയെ 'വസൂരിമാലാ ദേവി'യായി കണ്ട് ആരാധിച്ചിരുന്ന ഹൈന്ദവ മാതൃക പിന്തുടർന്നു കൊവിഡ്:19 എന്ന വൈറസിനെ സ്വഭവനത്തിൽ കൊറോണ ദേവിയായി കരുതി ഞാൻ പൂജിക്കുന്നത് അക്ഷന്തവ്യമായ അപരാധം! മനുഷ്യൻ സമൂഹത്തോടും പ്രകൃതിയോടും ചെയ്തു കൂട്ടുന്ന ക്രൂരതകളിൽ നിന്ന്... തിരക്കിൻ്റെ ലോകത്തു നിന്ന് ഒഴിഞ്ഞുമാറി സ്വന്തം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താൻ... ജനനത്തിലും വിവാഹത്തിലും മരണത്തിലും ആർഭാടങ്ങളൊഴിവാക്കാനും നമുക്കാകുമെന്നു പഠിപ്പിച്ച കൊറോണ വൈറസിൽ ഈശ്വരഭാവം ദർശിക്കാൻ എനിക്കു കഴിയുന്നത് പബ്ലിസിറ്റി മാനിയാ കൊണ്ടോ മറ്റേതെങ്കിലും മനോരോഗം കൊണ്ടോ ആണെന്നു വ്യാഖ്യാനിക്കുന്നവരോടു ഒരു മറു ചോദ്യം:
''മന:സംതൃപ്തി ലഭിക്കുന്നതിന് പ്രാർത്ഥനയും ധ്യാനവും ആരാധനയും ഉപകരിക്കുമെങ്കിലും രോഗം വന്നാൽ ആരോഗ്യ വിദഗ്ദരെ സമീപിക്കുകയല്ലേ ഏവരും ചെയ്യുന്നത് ?കൊറോണയെ നിർമ്മാർജ്ജനം ചെയ്യാനും ശാസ്ത്രലോകത്തിനല്ലാതെ ഒരു പുരോഹിതനുമാവില്ലല്ലോ. ഈ ആപത്ഘട്ടത്തിലും ദൈവപ്പുരകളിൽ ഓൺലൈൻ വഴിപാടുകളും പുതിയ ക്ഷേത്രങ്ങളും കെട്ടിപ്പൊക്കുന്നതിനു പകരം ഉള്ള ആരാധനാലയങ്ങളെ എങ്ങനെയെങ്കിലും സംരക്ഷിച്ചു നിർത്തുക. പകരം, പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് ആതുരാലയങ്ങളാക്കുക. പുതിയ ആരാധനാലയങ്ങളും പ്രതിഷ്ഠകളും വേണ്ടവർ സ്വന്തം പോക്കറ്റിൽ നിന്നു പണം കണ്ടെത്തി അതു ചെയ്യാതെ ജനങ്ങളെ 'പിഴിഞ്ഞ് 'ബുദ്ധിമുട്ടിക്കാതിരിക്കുക.

ഭയത്തിൽ നിന്നാണ് ഒരു പരിധി വരെ വിശ്വാസം രൂപപ്പെടുന്നത്.ആ വിശ്വാസത്തെ ചൂഷണം ചെയ്താണ് മത സ്ഥാപനങ്ങളുടെ നിലനിൽപ്പ്.ഒരു കുടുംബത്തിൽ നിന്നു തന്നെ അച്ഛനും മക്കളും നാട്ടിലെ നാലഞ്ചു ക്ഷേത്രങ്ങളുടെ കമ്മറ്റികളിൽ കടന്നു കൂടി വിവിധ ആവശ്യങ്ങൾക്കായി ജനത്തെ പിരിവിനു സമീപിക്കുമ്പോൾ മരണത്തിലും വിവാഹത്തിലുമടക്കമുള്ള ചടങ്ങുകളിൽ നിങ്ങളുടെ സഹകരണമുണ്ടായില്ലെങ്കിലോ എന്ന ആശങ്ക കൊണ്ടും ദൈവകോപത്തിന് ഇരയാകുമോ എന്ന ഭയം കൊണ്ടുമാണു സാർ ഇല്ലാത്ത പണമുണ്ടാക്കി ദൈവങ്ങളെ തീറ്റിപ്പോറ്റാൻ സമൂഹം തയ്യാറാകുന്നത്.
സംശയമുണ്ടോ?
ദൈവപ്പുരകൾ കേന്ദ്രീകരിച്ചു നടക്കുന്ന ചൂഷണങ്ങൾ അനാവരണം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണ് തികച്ചും സാധാരണക്കാരനായ ഞാൻ ഒരു മനുഷ്യനെ പോലും പ്രവേശിപ്പിക്കാതെ തികച്ചും എൻ്റെ സ്വകാര്യതയിൽ നടത്തുന്ന കൊറോണദേവീ പൂജയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രോശിച്ചത്. പക്ഷേ, നട്ടെല്ലുള്ള മാധ്യമങ്ങൾ എൻ്റെ ഉദ്ദേശശുദ്ധി പുറത്തു കൊണ്ടുവന്നു.

നീയന്ത്രണങ്ങളോടെ വീണ്ടും ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കു പ്രവേശിക്കാമെന്നു കേന്ദ്ര-സംസ്ഥാന തലത്തിൽ തീരുമാനമെടുത്തപ്പോൾ - ഇടക്കാലത്തു പിൻവലിഞ്ഞ ദൈവ വ്യാപാരികൾ രംഗത്തു വരാൻ തുടങ്ങി. എൻ്റെ 'കൊറോണദേവി' ഇത്തരക്കാരുടെ തട്ടിപ്പു പുറത്തു കൊണ്ടുവരുമെന്നു തിരിച്ചറിഞ്ഞ് ഭീഷണിയും അസഭ്യവർഷവും ചൊരിഞ്ഞു. സനാതന ധർമ്മത്തിൻ്റെ അടിസ്ഥാന ശിലകളിലൊന്നായ സഹിഷ്ണത അവർ പോലുമറിയാതെ കൈവിട്ടു!

രോഗലക്ഷണം പ്രകടമായാൽ ഇല്ലാത്ത കാശുണ്ടാക്കി നീയമം മൂലം പരസ്യവും വിപണനവും നിരോധിച്ച വലംപിരി ശംഖും വാളും ചിലമ്പും കിലുങ്ങുന്ന കുട്ടിച്ചാത്തൻ വടിയുമൊന്നും വാങ്ങാൻ നിൽക്കാതെ ഹോസ്പിറ്റലിൽ പോകണമെന്നും ആരാധനാലയങ്ങളെയല്ല, ആതുരാലയങ്ങളെയാണു ശരണം പ്രാപിക്കേണ്ടതെന്നും ആരോഗ്യ പ്രവർത്തകരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആഹ്വാനം ചെയ്യാൻ കേവലം സാധാരണക്കാരനായ ഞാൻ എനിക്കു പ്രാപ്യമായ ഏതു തട്ടകവും ആശയപ്രചരണത്തിനായി ഉപയോഗിക്കുക തന്നെ ചെയ്യും...

Latest News