റഹ്മാനെ സ്‌നേഹിച്ച മമ്മൂട്ടി

ടി.സി റോഡ് എന്ന ചുരുക്കപ്പേരിലറയിപ്പെടുന്ന തലശ്ശേരി-കുടക് റോഡിൽ തലശ്ശേരി ടൗൺ ഹാളിനടുത്ത് പ്രഭ എന്ന പേരിൽ ഒരു സിനിമാശാലയുണ്ടായിരുന്നു. ഇപ്പോഴതൊരു കാർ ഷോറൂമായി മാറിയെന്നാണ് ധാരണ. കണ്ണൂർ നഗരത്തിൽ പോലും ധാരാളം ഓല ഷെഡ് ടാക്കീസുകൾ റിലീസിംഗ് സ്‌റ്റേഷനായുള്ളപ്പോഴാണ് പ്രഭ മലബാറിലെ എണ്ണം പറഞ്ഞ തിയേറ്ററുകളിലൊന്നായി വിരാജിച്ചത്. സുമാർ നാല് ദശകങ്ങൾക്കപ്പുറം പ്രഭയുടെ ബാൽക്കണിയിൽ തെലുങ്ക് പടം സുഹൃത്തിനൊപ്പം കാണുകയായിരുന്നു. മാറ്റിനിയാണ്. ബാഹുബലിക്ക് വളരെ മുമ്പേ തെലുങ്ക് ഇൻഡസ്ട്രി പണം വാരിയെറിഞ്ഞുള്ള കളിയായിരുന്നു. കോടികൾ മുടക്കിയുള്ള സിനിമയിൽ മനോഹരമായ സെറ്റിംഗ്‌സുകൾ കണ്ട് രസിക്കാം. ഇടവേള സമയത്താണ് തൊട്ടടുത്ത സീറ്റിലിരുന്ന് പടം കാണുന്ന സുമുഖനെ ശ്രദ്ധിച്ചത്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ഒരു സിനിമാ നടനാണ്. പേര് ഡി.എസ്. രവികുമാർ. തലശ്ശേരിയ്ക്കടുത്ത ചൊക്ലിയാണ് സ്വദേശം. വിശദമായി പരിചയപ്പെട്ടപ്പോൾ തന്റെ യഥാർഥ പേര് സലീമാണെന്ന് താരം പറഞ്ഞു. താൻ അഭിനയിച്ച് അവിടെ ഏറ്റവും ഹിറ്റായ ദശാവതാരം സിനിമയുടെ പേര് കൂട്ടിച്ചേർത്ത് സിനിമാലോകം നൽകിയ പേരാണ് ഡി.എസ്. രവികുമാർ. മാതൃഭൂമിക്ക് കപ്പ ടി.വി എന്ന പേരിലൊരു എന്റർടെയ്ൻമെന്റ് ചാനലുണ്ട്. ലോക്ഡൗൺ കാലത്ത് തനിച്ച് കഴിയുന്നവർക്ക് ഏറെ ആശ്വാസം പകരുന്നതാണ്  പല പ്രോഗ്രാമുകളും.  ടി.വി ഓൺ ചെയ്ത് റേഡിയോ ശ്രവിക്കുന്നത് പോലെ നമ്മുടെ ജോലിയിൽ വ്യാപൃതരാവാം. ലോക്ഡൗണിൽ വീട്ടിലകപ്പെട്ട സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങൾ കേട്ടിരിക്കുകയുമാവാം. വെള്ളിയാഴ്ച കപ്പ ടി.വി പ്രൈം ടൈമിൽ അതിഥിയായെത്തിയത് കന്നഡ സിനിമയിലെ സംഗീത സംവിധായകൻ എമിൽ മുഹമ്മദായിരുന്നു. എന്തുകൊണ്ടാണ് താങ്കൾ എമിൽ എന്ന പേരിൽ അറിയപ്പെടുന്നത്. മുഹമ്മദെന്നത് ഒരിടത്തും കേൾക്കാനില്ലല്ലോ എന്ന് അവതാരക ചോദിച്ചു. കന്നഡ സംഗീത രംഗത്തെ ആദ്യ മുസ്്‌ലിമാണ് താനെന്ന് അതിഥി വിവരിച്ചു.  പേര് മാറ്റം നിർദേശിച്ചത് കർണാടകയിലെ പ്രത്യേക സാഹചര്യത്തിലാണ്. ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു. 
*** *** ***
മാതൃഭൂമി ന്യൂസ് അന്തിച്ചർച്ചകളിൽ സമൂല മാറ്റം വരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹം സൂപ്പർ പ്രൈംടൈമിൽ ചർച്ച ചെയ്തു. കുറ്റം പറയാനാവില്ല. നല്ല പോസിറ്റീവ് ഡിസ്‌കഷൻ. മിശ്രവിവാഹങ്ങളുടെ കാര്യത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണെന്ന നിരീക്ഷണവും സംവാദത്തിൽ കേട്ടു. തൊട്ടടുത്ത ദിവസം ചർച്ച ചെയ്തത് മലയാള സിനിമാ ലൊക്കേഷനിലെ വിവേചനങ്ങളെ കുറിച്ചാണ്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ, വളർന്നു വരുന്നവരെ മുളയിലേ നുള്ളുന്ന സംഘം മലയാള സിനിമയിലും ഉണ്ടെന്ന് പറഞ്ഞ് നീരജ് മാധവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഈ ചെറുപ്പക്കാരൻ പ്രതിഭാശാലിയാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ് ഈ അനാവശ്യ പോസ്‌റ്റെന്നായിരിക്കും പലരും ധരിച്ചിരിക്കുക. അപ്രിയ സത്യങ്ങൾ പറയുന്ന പാർവതി തെരുവോത്തിന്റെയും മറ്റും  അനുഭവം കണ്ടില്ലേ. മാതൃഭൂമി ചർച്ചയിൽ പങ്കെടുത്ത മുൻ മന്ത്രിയും എം.എൽ.എയും സിനിമാ നടനുമായ ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. അവതാരകൻ മലയാളത്തിൽ തഴയപ്പെട്ട് നാട് വിടേണ്ടി വന്ന റഹ്്മാന്റെ കാര്യം പറഞ്ഞപ്പോഴാണ് ഗണേഷിന് മറുപടി നൽകേണ്ടി വന്നത്. ഉദാഹരണം തെറ്റി. പകരം അശോകന്റെ പേര് പറഞ്ഞാൽ മതിയായിരുന്നു. തമിഴിൽ കൂടുതൽ ചാൻസ് കിട്ടിയപ്പോഴാണ് റഹ്്മാൻ അങ്ങോട്ട് ചുവടു മാറിയത്. മോഡലിംഗിലും സജീവമായിരുന്നു. ഗണേഷ് കുമാർ തുടർന്നു- ഇതെല്ലാം കഴിഞ്ഞ് മമ്മൂട്ടിയുടെ രാജമാണിക്യം സിനിമ വന്നപ്പോൾ അതിലൊരു ഡയലോഗ്...തള്ളേ പയ്യൻ കൊള്ളാമല്ലോ എന്ന് പറഞ്ഞത് റഹ്്മാൻ അഭിനയിച്ച സിനിമയെ കുറിച്ചാണ്. തിലകൻ തഴയപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങൾ സംവാദത്തിൽ പരാമർശിക്കപ്പെട്ടു.  നായികയുടെ ഹെയർഡ്രസറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താൻ വളർന്നത് അധ്വാനം കൊണ്ടു മാത്രമാണെന്ന നീരജിന്റെ പരാമർശം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. മലയാള സിനിമയിൽ നെപോട്ടിസമുണ്ടെന്നും യുവതാരം പരിതപിക്കുന്നു.  ഇപ്പോഴത്തെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമൊന്നും ഏതെങ്കിലും ഗോഡ്ഫാദറിന്റെ ബലത്തിലല്ല ഫീൽഡിൽ എസ്റ്റാബ്ലിഷ് ചെയ്തത്. മഞ്ചേരി കോടതിയിൽ ജൂനിയർ വക്കീലായി പ്രാക്റ്റീസ് ചെയ്ത് കരിയർ തുടങ്ങിയ വേളയിൽ മഞ്ചേരി ബസ് സ്റ്റാന്റിന് മുമ്പിലെ കെട്ടിടത്തിൽ പരസ്യങ്ങൾ അനൗൺസ് ചെയ്ത് എക്‌സ്ട്രാ വരുമാനമുണ്ടാക്കിയ കാര്യം മമ്മൂട്ടി തന്നെ അടുത്ത കാലത്ത് മാതൃഭൂമി പത്രത്തിൽ എഴുതിയിരുന്നു.  സ്വജനപക്ഷപാതമുണ്ടെങ്കിൽ ഏറ്റവും വലിയ താരമായി നിറഞ്ഞു നിൽക്കേണ്ടത് കുഞ്ചാക്കോ ബോബനല്ലേ. അദ്ദേഹത്തിന്റെ മുൻഗാമികൾ ഉദയായുടെ ബാനറിൽ പ്രേംനസീറിനെ നായകനായെടുത്ത വടക്കൻ പാട്ട് സിനിമകളെ പോലെ കലാകൈരളി നെഞ്ചോടു ചേർത്ത എത്ര സിനിമകൾ കാണും?  താരങ്ങളുടെ മക്കൾ വിലസുമെന്നത് വസ്തുതയല്ലെന്ന് ചില പ്രമുഖരുടെ മക്കളുടെ അനുഭവം വ്യക്തമാക്കുന്നു. അതേസമയം, മമ്മൂട്ടി നാല് ദശകങ്ങളെടുത്ത് നേടിയെടുത്തത് നാല് വർഷം കൊണ്ട് ദുൽഖറിന് സാധിച്ചുവെങ്കിൽ അതിനെ ചെറുതാക്കേണ്ടതില്ല. 
*** *** ***
ഭാര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യോഗാ ക്ലാസ് വീഡിയോയിൽ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് സി.എൻ.എൻ അവതാരകൻ ക്രിസ് ക്യൂമോ.  പോഷ് ഹാംപ്ടണിലെ വീട്ടിൽ വെച്ചാണ് ക്രിസിന്റെ  ഭാര്യ ക്രിസ്റ്റീന ഗ്രീവൻ ക്യൂമോ യോഗ ക്ലാസെടുക്കുന്ന വീഡിയോ പകർത്തിയത്. ഈ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ അബദ്ധത്തിൽ നഗ്‌നനായി ക്രിസ് പ്രത്യക്ഷപ്പെടുകയായിരുന്നു. ക്യാമറയിൽ തന്റെ പിൻഭാഗം കാണിച്ചാണ് യുവാവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് കാലത്ത് വീട്ടിലിരുന്ന് തന്നെ ബ്രോഡ്കാസ്റ്റിംഗ് ജോലികൾ ക്രിസ് ചെയ്ത് വരികയാണ്. 
ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയുടെ ഇളയ സഹോദരൻ കൂടിയായ ക്രിസ് കൊറോണ കാലം ചെലവഴിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ അദ്ദേഹം നഗ്‌നനായി പ്രത്യക്ഷപ്പെട്ട വീഡിയോ നീക്കം ചെയ്തിരുന്നു.  കഴുകൻ കണ്ണുകളുമായി കാത്തിരുന്ന സോഷ്യൽ മീഡിയ വീഡിയോയുടെ സ്‌ക്രീൻഷോട്ടുകൾ പ്രച്ചരിപ്പിച്ചതോടെയാണ് സംഭവം കൂടുതൽ പേരിലേക്ക് എത്തിയതും വാർത്തയായതും. ക്യുമോ പ്രൈംടൈം എന്ന പ്രസിദ്ധമായ ഷോയുടെ അവതാരകനായ ക്രിസ് നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയ വ്യക്തി കൂടിയാണ്. 
*** *** ***
ചൈനീസ് ഉൽപന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്‌സ്. സിനിമാ കായിക താരങ്ങളോടാണ് ഇനി മുതൽ ചൈനീസ് ഉൽപന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് നിർദേശം നൽകിയത്. ചൈന-ഇന്ത്യ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം തുടരുന്ന അവസരത്തിലാണ് സി.എ.ഐ.ടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, സോനു സൂദ് എന്നിവരോട് കാമ്പയിന്റെ ഭാഗമാകാനും സി.എ.ഐ.ടി ആവശ്യപ്പെട്ടു.
നിലവിൽ ചൈനീസ് ഉൽപന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങളോട് അതിൽ നിന്നും പിന്മാറാനും നിർദേശമുണ്ട്. 81.86 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന.  റിപ്പബ്ലിക് ടി.വി മുതലാളി അർണബ് ഗോസ്വാമിയെ പോലുള്ളവരുടെ കാര്യമാണ് മഹാ കഷ്ടം. ചൈനീസ് ഫോൺ കമ്പനി വിവോ സ്‌പോൺസർ ചെയ്താണ് ചൈനയെ തുരത്താനുള്ള ഡിബേറ്റ് ചാനലിൽ നടക്കുന്നത്. സൂം ആപ്പിലൂടെ പാനലിസ്റ്റുകളെ പങ്കെടുപ്പിക്കുക കൂടി ചെയ്താൽ പൊളിക്കും. 
*** *** ***
പാലക്കാട്ട് ഗർഭിണിയായ ആന പടക്കം നിറച്ച കൈതച്ചക്ക കഴിച്ച്  കൊല്ലപ്പെട്ട  സംഭവം ചില നേതാക്കൾ മലപ്പുറം  ജില്ലയുടെ മേൽ കെട്ടിവെക്കുകയും ജില്ല ഏറെ അപമാനിക്കപ്പെടുകയും  ചെയ്തിരുന്നു. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇപ്പോൾ മലപ്പുറം ജില്ല ദേശീയ വാർത്തകളിൽ നിറയുന്നത്  സൈനികരോടുള്ള  ആദരവിന്റെ   പേരിലാണ്. 
ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം അവതരിപ്പിച്ച  ആജ് തക് ചാനലിലെ അവതാരക നടത്തിയ ഒരു പരാമർശം വലിയ വിവാദത്തിന് വഴി  തെളിച്ചിരുന്നു. ചൈനീസ് കടന്നുകയറ്റം ഇന്ത്യൻ സൈന്യത്തിന്റെ  വീഴ്ചയാണെന്നായിരുന്നു അവതാരക ശ്വേത സിംഗിന്റെ പരാമർശം.  അവരുടെ ഈ  പരാമർശത്തിനെതിരെയാണ്  മലപ്പുറത്ത് പരാതി സമർപ്പിക്കപ്പെട്ടിരിക്കുന്നത് .  
'ഗൽവാൻ താഴ്‌വരയിൽ നടന്ന സംഭവത്തിൽ   കേന്ദ്രത്തിന്  വീഴ്ച സംഭവിച്ചിട്ടില്ല എന്നും  സൈന്യത്തിന്റെ  പിടിപ്പുകേടാണെന്നുമായിരുന്നു ശ്വേത പറഞ്ഞത്. ചൈനീസ് സൈന്യം അതിർത്തി കൈയേറിയപ്പോൾ ഇന്ത്യൻ സൈന്യം ഉറങ്ങുകയായിരുന്നോ? അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കേണ്ടതും പട്രോളി0ഗ് നടത്തേണ്ടതും ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതും  സൈന്യത്തിന്റെ   ഉത്തരവാദിത്തമാണ്. അതിൽ സംഭവിച്ച വീഴ്ചക്ക് മറുപടി പറയേണ്ടത് കേന്ദ്രമല്ല, മറിച്ച് സൈന്യമാണ്'  ശ്വേത പറഞ്ഞിരുന്നു.  ഈ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.   അവതാരക നടത്തിയ ഒരു പരാമർശം സൈന്യത്തെ  അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ.പി. നൗഷാദ് അലിയാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്.  ഈ പ്രസ്താവനക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വലിയ വിമർശനമാണ് ഉയരുന്നത്.
*** *** ***
മുല്ലപ്പള്ളി  കെ.കെ. ശൈലജയെ കുറിച്ച് നടത്തിയ പരാമർശം മിക്ക ചാനലുകളും ചർച്ച ചെയ്തു. കൈരളി പീപ്പിളിൽ ബി.ജെ.പി വക്താവ് സന്ദീപ് വാരിയർ അനുസ്മരിച്ചത് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരെയാണ്. നായനാർ നടത്തിയത് പോലുള്ള സ്ത്രീ വിരുദ്ധ പരാമർശം കേരളത്തിൽ ആര് നടത്തിയിട്ടുണ്ട്?  അമേരിക്കയിൽ ചായ കുടിക്കുന്നത് പോലെയാണ് ബലാൽസംഗമെന്ന ഉദ്ധരണി വാരിയർ സംവാദത്തിൽ ഓർമപ്പെടുത്തി. മോളി കണ്ണമാലിയെ അതിഥിയാക്കിയ മനോരമ ന്യൂസും അകാലത്തിൽ പൊലിഞ്ഞ താരങ്ങളെ ഓർമപ്പെടുത്തിയ ഏഷ്യാനെറ്റും ശ്രദ്ധേയമായി. അതിർത്തിയിൽ സംഘർഷം രൂപപ്പെട്ടതോടെ ദൽഹിയിലെ മുതിർന്ന ലേഖകർക്ക് പെട്രോൾ ബാധ രൂക്ഷമായി. അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്ന സൈനികർ എന്ന പ്രയോഗം വല്ലാത്ത കല്ലുകടിയാണ്. നിത്യേനയുള്ള പെട്രോൾ വിലക്കയറ്റമായിരിക്കുമോ ലേഖകരെ സ്വാധീനിക്കുന്നത്. ഇംഗഌഷ് ഡിക്്ഷണറിയിൽ രണ്ട് വാക്കുകളുടെയും ഉച്ചാരണം വ്യക്തമായി പറയുന്നുണ്ട്. 

Latest News