ടോണി തോമസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിൽ ജൂൺ 16 വരെയുള്ള കണക്ക് നോക്കിയാൽ 2293 കോവിഡ് രോഗികൾ പുറത്തുനിന്നു വന്നവരും, 404 രോഗികൾ പകർച്ചവഴി വന്നവരുമാണ്. അതായത് 85% പുറത്തുനിന്നു വന്നവരും, പകർന്നു വന്നത് 15% ആണ്. വിദേശത്തുനിന്നു വരുന്ന മൊത്തം യാത്രക്കാരിൽ ഏകദേശം 1.5% രോഗികളുണ്ട്, ഇതിൽ വിമാനയാത്രക്കിടക്ക് പകർന്നു കിട്ടിയവരും ഉൾപ്പെടും. മറ്റു സംസ്ഥാനത്തുനിന്നു വരുന്നവരിൽ ഏകദേശം 0.2% ആണ് രോഗികളായി സ്ഥിതീകരിച്ചത്.
1.5% വിമാന യാത്രക്കാർക്ക് രോഗമുണ്ടെങ്കിൽ, 250 യാത്രക്കാരുള്ള ഒരു വിമാനത്തിൽ 4 പേർക്ക് മാത്രമാണ് രോഗം. ഈ നാലു പേരിൽ രോഗവുമായി വിമാനത്തിൽ കയറിയവരും, വിമാനത്തിൽ നിന്നും രോഗം പകർന്നു പിടിച്ചവരുമുണ്ട്. ഈ കണക്കു വച്ച് രണ്ടര ലക്ഷം പ്രവാസികളെ കൊണ്ടുവരാൻ ആയിരം വിമാനം വന്നാലും വെറും നാലായിരം രോഗികൾ ഇവിടെ വരും, അവർ പകർച്ചവഴി മറ്റ് 15% ആളുകൾക്ക് അതായത് അറുനൂറു പേർക്കും രോഗം പകർത്താം. അതായതു മൊത്തം 4,600 രോഗികൾ മാത്രം.
എന്ന് വച്ചാൽ, 250 പേരുള്ള ഒരു വിമാനത്തിന്റെ 'Burden of Disease' അഥവാ, അസുഖത്തിൻറെ ഭാരം വെറും അഞ്ചിൽ താഴെ രോഗികൾ മാത്രം. അല്ലാതെ രോഗമുള്ള കുറച്ചുപേർ കയറി വിമാനത്തിലുള്ള 250 പേർക്കും പേർക്കും രോഗം പകർത്തില്ല. അവർ വന്ന് കേരളം മുഴുവൻ രോഗം പകർത്തുകയുമില്ല.
RT-PCR ടെസ്റ്റ് ചെയ്തു വിമാനത്തിൽ കയറുക പ്രായോഗീകമല്ല. ആന്റി ബോഡി ടെസ്റ്റ് നടത്തിയാലും 30% മേലെ വരെ തെറ്റ് കാണിക്കാറുണ്ട്. അസുഖമുള്ളവർക്കായി ഒരു വിമാനം, അത് തീരെ പ്രായോഗീകവുമല്ല. ഇല്ലാത്ത ഒരു പ്രശ്‌നം ഇങ്ങനെ പരിഹരിക്കാൻ ശ്രമിച്ച്, എന്തിനാണ് വല്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്?
ഇതും കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇരുപത് ലക്ഷം പേര് യാത്ര ചെയ്ത് വന്നാലും ഇപ്പോഴത്തെ 0.2% രോഗികൾ ഉള്ള കണക്കനുസരിച്ച് വെറും നാലായിരം രോഗികൾ ഇവിടെ വരും, അവർ പകർച്ചവഴി മറ്റ് 15% ആളുകൾക്ക് അതായത് അറുനൂറു പേർക്കും രോഗം പകർത്താം. അതിർത്തി പാസ്സ് ഈ സ്ഥിതിയിലാണ് അനാവശ്യമാവുന്നത്.
ഈ കണക്കിൽ കണ്ടപോലെ മൊത്തം ഇരുപത്തിരണ്ടര ലക്ഷം പ്രവാസികൾ കേരളത്തിൽ വന്നാലും ഇവിടെ പതിനായിരത്തിൽ താഴെ മാത്രമേ രോഗികൾ കൂടുതലായി വരൂ. പിന്നെ, ഈ 10,000 പേർക്ക് അസുഖം വന്നാൽ, അതിൽ 500 ആളുകൾക്ക് തീവ്ര പരിചരണവും, 1500 ആളുകൾക്ക് സാധാരണ ചികിത്സയും വേണ്ടിവരും. അതിനുള്ള കെൽപ്പ് ഇപ്പോൾ കേരളത്തിലുണ്ട്. അപ്പോൾ പിന്നെ എന്താണ്, എവിടെയാണ് പ്രശ്‌നം?