Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസിയുടെ ശങ്കരാഭരണം 

കേരളത്തിന്റെ തലസ്ഥാനം തെക്കേ അറ്റത്ത് തിരുവനന്തപുരത്താണ്. അത്യുത്തര കേരളത്തിലെ ആളുകൾ ഒരു ദിവസം സമയമെടുത്താലേ അനന്തപുരിയിലെത്തൂ. പത്മനാഭന്റെ മണ്ണിൽ പഞ്ചാബി സുന്ദരി എന്നൊരു ശീർഷകം അടുത്തിടെ കണ്ടിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഏതെങ്കിലും സൗന്ദര്യ മത്സരത്തെ കുറിച്ചായിരുന്നില്ല റിപ്പോർട്ട്.  നവജോത് സിംഗ് ഖോസ എന്ന ഐ.എ.എസുകാരി തലസ്ഥാന നഗരിയിൽ ചുമതലയേറ്റപ്പോൾ ലേഖകന്റെ കിളി പീലിവിടർത്തിയാടിയതാണ്. അത് പോട്ടെ. കണ്ണൂരിലോ കാസർകോട്ടോ ആയിരുന്നു സംസ്ഥാന തലസ്ഥാനമെങ്കിൽ തെക്കൻ ജില്ലകളിലെ ജനങ്ങൾക്ക് എന്തൊരു ബുദ്ധിമുട്ടായിരിക്കും. ഏകദേശം മധ്യത്തിലുള്ള തൃശൂരായിരുന്നു ഏറ്റവും ഉചിതം. അതല്ലെങ്കിൽ കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ മാറിമാറി തലസ്ഥാനമാവുക. നാടകങ്ങളുടെ വസന്ത കാലത്ത് തലസ്ഥാനം മാറുന്നത് തീമായത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗൾഫിൽ കുടുംബ പ്രേക്ഷകരിൽ സ്വാധീനമുള്ള  ജീവൻ ടി.വിയിൽ സംപ്രേഷണം ചെയ്തു വരുന്ന ഒരു പ്രോഗ്രാമാണ് നാളത്തെ വാർത്ത ഇന്ന് എന്നത്. ഇതിൽ പലതും ഗ്യാസ് ചേംബറിൽ പൊട്ടിപ്പാളീസാവാറുണ്ട്. ഇക്കഴിഞ്ഞ വാരത്തിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിന്റെ ഹെഡിംഗ് കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്‌സ് എന്നതായിരുന്നു. ചാനൽ ചർച്ചകളിലെ നിഷ്പക്ഷ നിരീക്ഷകൻ അഡ്വ. ജയശങ്കർ ന്യൂസ് റീഡർ സുബിത ശ്രീകുമാറിനോട് ചർച്ച ചെയ്യുന്ന വിധത്തിലാണ് അവതരണം. മദ്രാസ് സംസ്ഥാനത്തിന്റെ വാലായിരുന്നു മലബാർ. അത് തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളോട് കൂട്ടിച്ചേർത്താണ് കേരളമുണ്ടായത്. എന്നാൽ മദ്രാസ് സംസ്ഥാനത്തെന്ന പോലെ കേരളപ്പിറവിക്ക് ശേഷവും ഈ പ്രദേശങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് വിശ്വസിക്കുന്ന ധാരാളം പേർ വടക്കൻ കേരളത്തിലുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമാവും കോഴിക്കോട്ട് സെക്രട്ടറിയേറ്റിന്റെ അനക്‌സ് പണിയുന്നത്. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് എല്ലാവരും തിരുവനന്തപുരത്ത് വരേണ്ട കാര്യവുമില്ല. വക്കീൽ വിവരണം തുടർന്നു. വേണമെങ്കിൽ ഇതിനെ രണ്ടാം തലസ്ഥാനമാക്കി മാറ്റാം. ക്രമേണ കൊച്ചിയിലുമാവാം ഇത്തരം ക്രമീകരണം. മഹാരാഷ്ട്രയിൽ മുംബൈക്ക് പുറമെ നാഗ്പൂർ വേനൽക്കാല തലസ്ഥാനമായുള്ളത് ഉദാഹരിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റ് വിഭജനം നടത്താൻ നല്ല സമയമിതാണ്. ഇടതുപക്ഷം ഇത് ചെയ്താൽ കാര്യമായ എതിർപ്പുണ്ടാവില്ല. യു.ഡി.എഫ് ഭരണത്തിൽ ഇത് വല്ലതും ചെയ്താൽ സാമുദായികതയും പറഞ്ഞ് എതിർക്കാൻ ആളുണ്ടാവും. തന്റെ വാദത്തിന് അടിസ്ഥാനമായി ഒരു കാര്യം കൂടി ജയശങ്കർ എടുത്തു കാട്ടി. മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മന്ത്രിസഭയിലെ സാമുദായിക സന്തുലനവും അഞ്ചാം മന്ത്രിയും താക്കോൽ സ്ഥാനവുമൊക്കെയായി എന്തൊരു കോലാഹലമായിരുന്നു. ഇപ്പോഴത്തെ ഇടതു മന്ത്രിസഭയിൽ പതിനൊന്ന് മന്ത്രിമാർ ഒരു സമുദായത്തിൽ നിന്ന്. ആർക്കെങ്കിലും വല്ല ആക്ഷേപവുമുണ്ടോ? 

***    ***    ***

കേരളത്തിന്റെ നെഞ്ച് പിളർന്ന് ഒരു ലക്ഷം കോടിയുടെ റെയിൽ പദ്ധതി വരുന്നു. 2035 ൽ പൂർത്തിയാക്കുന്ന സിൽവർ ലൈൻ ട്രെയിനിൽ കയറിയാൽ നാല് മണിക്കൂർ കൊണ്ട് തലസ്ഥാനത്ത് നിന്ന് തിരുവനന്തപുരത്തെത്താം. ദുരന്തമെന്നൊക്കെ പേരിട്ട് വിളിക്കുന്ന എവിടെയും നിർത്താതെ പായുന്ന ട്രെയിനുകൾ ഇപ്പോൾ തന്നെ ഈ സമയത്തിലും അൽപം കൂടുതലെടുത്ത് ഈ ദൂരം താണ്ടുന്നുണ്ട്. കോഴിക്കോട്ട് നിന്ന് രാവിലെ ആറിന് പുറുപ്പെടുന്ന ജനശതാബ്ദി നാല് സ്റ്റോപ്പുകളെടുത്ത് കോട്ടയത്ത് പത്തര മണിക്കെത്തുന്നു. ഇങ്ങനെ പല  ട്രെയിനുകളുമുണ്ട്. കോവിഡും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന കാലത്ത് തന്നെ വേണമായിരുന്നുവോ ലക്ഷക്കണക്കിന് ആളുകളെ വഴിയാധാരമാക്കി ഇത് നടപ്പാക്കാൻ? ഇതിന് അനുമതി കൊടുത്ത ദിവസം തന്നെയാണ് മന്ത്രിസഭ അതിരപ്പിള്ളി പദ്ധതിയും നടപ്പാക്കാൻ തീരുമാനിച്ചത്. കേരളം തീർത്തും ഉപേക്ഷിച്ച ഒന്നാണ് അതിരപ്പിള്ളി. ഉദ്ദേശിച്ചത് തന്നെ നടന്നു. ടെലിവിഷൻ ചാനലുകളിലെല്ലാം ചർച്ച അതിരപ്പിള്ളി. എല്ലാവരും സിൽവർ ലൈനിനെ മറന്നു. 
24 ന്യൂസിൽ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ പാനലിൽ വി.ടി. ബൽറാം എം.എൽ.എ, ബിനോയ് വിശ്വം, ബി.ജെ.പിയുടെ ഗോപാലകൃഷ്ണൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ (സി.പി.എം) എന്നിവരാണുണ്ടായിരുന്നത്. സദാ പുഞ്ചിരി തൂകുന്ന ഇടതു നേതാവ് പരിതഃസ്ഥിതി എന്ന വാക്ക് പല തവണ ആവർത്തിക്കുന്നത് കണ്ടു. ആരും തിരുത്താൻ  മുതിർന്നില്ല.  

***    ***    ***

ചലച്ചിത്ര താരം മേഘ്‌നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ  മരണ വാർത്തയുടെ ഞെട്ടലിലാണ് തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളും ഫാൻസും.  
താരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചത്.  താരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നോവലിസ്റ്റും മാധ്യമ പ്രവർത്തകയുമായ ശോഭ ഡേ പങ്കുെവച്ച ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവം കമന്റുകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ഡേ ട്വീറ്റ് പിൻവലിച്ചു. എന്നാൽ അതിനോടകം തന്നെ വാർത്ത ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിരഞ്ജീവി സർജ ഞായറാഴ്ചയാണ് മരിച്ചത്. ലോകത്തിലെ പത്ത് വൻകിട പത്രങ്ങളിലൊന്നായ ടൈംസ് ഓഫ് ഇന്ത്യയിലുൾപ്പെടെ ലേഖനമെഴുതുന്ന ശോഭ ഡേ തെന്നിന്ത്യയിലെ പ്രമുഖൻ ചിരഞ്ജീവി മരിച്ചുവെന്ന നിലയ്ക്കാണ് അനുശോചനമറിയിച്ചത്. 
വർഷങ്ങൾക്കപ്പുറം ചേളാരിയിൽ കാലിക്കറ്റ് സർവകലാശാലക്കടുത്ത് മലയാളത്തിന്റെ  പ്രിയ ഹാസ്യതാരം ജഗതി ശ്രീകുമാർ അപകടത്തിൽ പെട്ടപ്പോൾ ജഗദീഷിന്റെ പടം വെച്ച് അഡ്ജസ്റ്റ് ചെയ്ത കൂട്ടരാണ് മുംബൈയിലെ പ്രമുഖ ചാനൽ. 

***    ***    ***

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ നേതാവ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ. വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ മുഹൂർത്തമാണെന്നും അതിനെ ട്രോളുന്നത് ഭാരത സംസ്‌കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്‌കാരമല്ല. റിയാസിനെയും വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ -രാഹുൽ വ്യക്തമാക്കി. റിയാസിനെ ട്രോളിയവർ ആമസോൺ കാടുകളെ രക്ഷിക്കാൻ ഞായറാഴ്ച ദൽഹിയിലെ ബ്രസീൽ എംബസിക്ക് മുമ്പിൽ സമരം നടത്തിയതും ഓർത്തെടുത്തത് കണ്ടു. കല്യാണത്തിന് ജസ്റ്റിസ് കട്ജുവിനെ ക്ഷണിക്കാൻ മറക്കരുതേയെന്നും ചില വിരുതൻമാർ ഓർമപ്പെടുത്തുകയും ചെയ്തു. വിവാഹ വാർത്ത ആദ്യം ബ്രേക്ക് ചെയ്യാനായില്ലെങ്കിലും വാർത്തക്കൊപ്പം നൽകിയ വിഷ്വൽസിലൂടെ മാതൃഭൂമി ന്യൂസ് വ്യത്യസ്തമായി. മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം മണവാളൻ നിൽക്കുന്ന പടങ്ങളാണ് ചാനലിൽ കണ്ടത്. 

***    ***    ***

ശബരിമല പ്രവേശന വിവാദക്കാലത്ത് ജനം ടി.വി മറ്റു മലയാളം ചാനലുകളെ അമ്പരപ്പിച്ച് മുന്നേറിയത് പോലെയാണ് പുതിയ വാർത്താ ചാനലായ 24 ന്യൂസ് കുതിക്കുന്നത്. തുടക്കക്കാരനായ ഏഷ്യാനെറ്റിന് തൊട്ടു താഴെ. മെയ് 30 മുതൽ ജൂൺ 5 വരെയുള്ള 22 ാം വാരരത്തിലെ ബാർക് റേറ്റിംഗ് കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. മലയാള ടെലിവിഷൻ സംരംഭകർക്ക് ഇരുന്ന് പഠിക്കാൻ പറ്റിയ കണക്കുകൾ. ഏഷ്യാനെറ്റ് 64385, ട്വന്റിഫോർ 52251, മനോരമ ന്യൂസ് 35925, മാതൃഭൂമി ന്യൂസ് 29230 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനക്കാർ. കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ പിൻബലമുള്ള ചാനലുകളാണ് മൂന്നും നാലും സ്ഥാനത്തായത്. തമിഴുനാട്ടിലെ ദിനതന്തി, ആന്ധ്രാപ്രദേശ്/ തെലങ്കാനയിലെ ഈനാടു പത്രങ്ങളുടെ ന്യൂസ് ചാനലുകൾ റേറ്റിംഗിൽ മുമ്പിൽ തന്നെയാണ്. 24 ന് ഗുണമായത് ലോക്ക് ഡൗൺ കാലമാണെന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. അതായത് വീട്ടിൽ വെറുതെ ഇരിക്കുന്ന മനുഷ്യർ പതിവായി കണ്ടുവന്നിരുന്ന ചാനലുകളല്ലാത്തവയും പരീക്ഷിച്ചു തുടങ്ങി. പ്രധാന നഷ്ടം ഏഷ്യാനെറ്റിന് തന്നെ. പോസിറ്റീവ് എനർജി പകരുന്നതാണ് ശ്രീകണ്ഠൻ നായരുടെ വാർത്താ അവതരണ രീതി. ഈ ചാനലിന്റെ സാങ്കേതിക മികവും അനുകൂലമായിട്ടുണ്ടാവാം. സ്‌ക്രീൻ മിഴിവ്, ഫോണ്ട് കളർ കോമ്പിനേഷൻ, ബിജിഎം എന്നിവയും വൈവിധ്യം അന്വേഷിച്ചിറങ്ങിയ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ടാവും. 24 ന്യൂസ് സിറ്റിസൺ ജേണലിസത്തിന്റെ പുതിയ മാനങ്ങൾ തേടുകയാണ്. പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് ലേഖകനാവുമ്പോൾ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ന്യൂസ് റീഡറാവുന്നു. ശ്രേയ ഘോഷയാത്രയും നസ്‌റിയ നുസ്‌റിയും മമ്മൂട്ടിയുടെ മോനുമെല്ലാം വാർത്തകളിൽ നിറയട്ടെ. 

***    ***    ***

ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന യുവാക്കളുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1984 ലെ മ്യൂസിക്കൽ ഹിറ്റ് ശങ്കരാഭരണത്തിലെ ക്ലാസിക്കൽ പാട്ട് പാടിയാണ് യാത്ര. സംഘത്തിൽ ചിലർ കഴുത്തിൽ മാസ്‌ക് കെട്ടിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഇത് കൊറോണ കാലത്തെ വിമാന യാത്രയാണെന്ന് പറയാനാവില്ല. കണ്ണൂർ വിമാനത്താവള ഉദ്ഘാടന വേളയിൽ ഷാർജയിൽ ആൺ കുട്ടികളുടെ ഒപ്പനയുമായി വിമാനം പറന്നത് പോലെ. ചിലപ്പോൾ ഗൾഫിൽ നിന്ന് പോയതുമാവാം. വെരിഫൈ ചെയ്യേണ്ടയിരിക്കുന്നു. നമുക്കുള്ള പണി ഇതാ വരുന്നു എന്ന കാപ്ഷനോടെ നാട്ടിലെ വാട്ട്‌സാപ് ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചു. കൈരളി പീപ്പിളിൽ ആരാധാനാലയങ്ങൾ തുറക്കുന്നതിന്റെ തലേ ദിവസം രാത്രി സംഘടിപ്പിച്ച ചർച്ച തുടങ്ങിയത് തന്നെ ഈ ദൃശ്യം ആദ്യം പ്രദർശിപ്പിച്ചായിരുന്നു. 
ഈ സീനും ചർച്ചയും കാണുന്നവർക്ക് പ്രവാസികളോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പും. വെള്ളിയാഴ്ച രാത്രി മാതൃഭൂമി ന്യൂസിൽ ബുള്ളറ്റിൻ സമയത്ത് അമേരിക്കയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാൻ പത്ത് വിമാനങ്ങൾ എന്നു സ്‌ക്രോൾ കണ്ടു. പ്രവാസസികളെ ശശിയാക്കുന്ന പരിപാടിയാണല്ലോ ഇപ്പോൾ എല്ലായിടത്തും നടക്കുന്നത്. അതായിരിക്കുമോ കവി ഉദ്ദേശിച്ചത്? 

Latest News