കുടുംബ വേരുകളെ കൂട്ടിയിണക്കിയ സൈബർ സംഗമം

ബിസിനസ് മീറ്റിംഗുകളെന്ന പോലെ പ്രവാസ ലോകത്തും നാട്ടിലുമുള്ള കുടുംബങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരുമിപ്പോൾ സൈബർ സംഗമത്തിന്റെ സ്‌പേസുകളുപയോഗിക്കുന്നവരാണ്. 
ആധുനിക കാലത്തും കുടുംബ ബന്ധങ്ങൾ അന്യം നിന്നു പോകാതിരിക്കാനും തലമുറകളെ കൂട്ടിയിണക്കാനും ഉദ്ദേശിച്ചുള്ള കുടുംബ സംഗമങ്ങളും ഗൃഹസദസ്സുകളും സൂം വഴിയും മറ്റു ആപ്പുകൾ വഴിയും സംഘടിപ്പിക്കുന്ന അവസരം. 
മലപ്പുറം പാണ്ടിക്കാട് ചരിത്രപമരായി ഏറെ പ്രാധാന്യം അർഹിക്കുന്ന പ്രദേശമാണ്. മലബാർ കലാപത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ചിതറിവീണ ഗ്രാമം. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി കുഞ്ഞിസീതിത്തങ്ങൾ എന്നീ മൂന്നു ചരിത്ര നായകരും പിറന്നത് പാണ്ടിക്കാടിന്റെ ചുറ്റുവട്ടത്താണ്. ബ്രിട്ടീഷുകാർക്കെതിരെ മലബാറിലെ മാപ്പിളമാർ കലാപത്തിന് കോപ്പ് കൂട്ടിയ സ്ഥലങ്ങളിലൊന്നാണ് പാണ്ടിക്കാട്. 
അവിടെ നിന്നാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം പിടിച്ചുകെട്ടി ചങ്ങലക്കിട്ട് ഇരുപത്തഞ്ച് കിലോമീറ്ററകലെ മലപ്പുറം കോട്ടക്കുന്നിലേക്ക് നടത്തിച്ചുകൊണ്ടു പോയി വെടിവെച്ച് വീഴ്ത്തിയത്.


പാണ്ടിക്കാടിന്റെ ഈ സമര ചരിത്രത്തിന് സാക്ഷ്യം വഹിച്ച പ്രസിദ്ധമായ അച്ചുതൊടിക കുടുംബത്തിൽ നിന്നുള്ള, നാട്ടിലും പ്രവാസ ലോകത്തും ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളുടെ അപൂർവ സൈബർ സംഗമം ചരിത്രത്തിന്റെ ഉണർത്തു പാട്ടുകളാലും ഉദ്‌ബോധനങ്ങളാലും വിവിധ കലാപരിപാടികളാലും സമ്പന്നമായി. ജിദ്ദയിലെ പ്രമുഖ ഗായികയായിരുന്ന ഷിഫാ മെഹ്മൂദിന്റെ പ്രാർഥനയോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. ഐദിൻ ഹക്കീം ഖിറാഅത്ത് നിർവഹിച്ചു.
ജിദ്ദയിൽ നിന്ന് ഷനൂബ് അഷ്‌റഫ്, സലീനാ മുസാഫിർ, അബീന അമീൻ, നാട്ടിൽ നിന്ന് ഷെറി മെഹ്മൂദ്, സക്കീനാ അഷ്‌റഫ്, സിനു ലാലു എന്നിവരുമാണ് എ.ടി ഫാമിലി മീറ്റിന് ചുക്കാൻ പിടിച്ചത്. പ്രമുഖ കോൺഗ്രസ് നേതാവ് എ.ടി. ഹംസ ഉദ്ഘാടനം നിർവഹിച്ചു. എ.ടി. ചേക്കു, എ.ടി. കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു ഹാജി എന്നിവരുടെ രണ്ടു താവഴികളിലായി പടർന്നു കിടക്കുന്ന എ.ടി കുടുംബത്തിലെ വിവിധ തലമുറകളെ സംയോജിപ്പിക്കാനുള്ള ഈ സംഗമത്തെ അദ്ദേഹം പ്രശംസിച്ചു.


കുടുംബത്തിലെ തലമുതിർന്ന അംഗവും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയ വ്യക്തിയുമായ എ.ടി. അഹമ്മദ് കുട്ടി, എ.ടി. കുട്ടി, പ്രവാസ ലോകത്തെ പ്രമുഖ ബിസിനസുകാരനായ അഷ്‌റഫ് കിഴിശ്ശേരി, എ.ടി. മുഹമ്മദ് ഇസ്ഹാഖ്, അൻവർ എ.ടി (ബദർ അൽതമാം പോളിക്ലിനിക്), എ.ടി. അമീർഷാ, ഇസ്ഹാഖ് കള്ളിയൻ, ഇസ്മായിൽ കള്ളിയൻ, റഊഫ് കെ.ടി, എ.ടി. അമീൻ, ഹക്കീം മഞ്ചേരി, എ.ടി. യൂസഫലി, എ.ടി. സാലിഹ്, ഷാൻ ജബ്ബാർ, ഫിറോസ് ബാബു പി.എൻ, മുസാഫിർ, ഡോ. സലീം കൊൽക്കത്ത, ജംഷിൻ എ.ടി, കെ.പി. കുഞ്ഞിമുഹമ്മദ്, ശുഐബ് ഷരീഫ്, ഷിബിലി ഷംസുദ്ദീൻ, ഹക്കീം ലാലു, എ.ടി. സമീർ  തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ഒരു പകൽ മുഴുവൻ നീണ്ടു നിന്ന സംഗമത്തിൽ കുട്ടികളും മുതിർന്നവരും ഗാനാലാപനം, നൃത്തം, സ്‌കിറ്റ്, കരകൗശല പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. കോവിഡ് കാലത്ത് സൈബർ സാധ്യത ഉപയോഗിച്ച് കുടുംബ ബന്ധങ്ങളെ എങ്ങനെ ഊട്ടിയുറപ്പിക്കാമെന്നതിന്റെ തെളിവായിരുന്നു എ.ടി ഫാമിലി മീറ്റ്. 
 

Latest News