Sorry, you need to enable JavaScript to visit this website.

ലീഗിനും ഏഷ്യാനെറ്റിനും അരിശം തീരാത്തതെന്തേ?-മന്ത്രി കെ.ടി ജലീൽ

കുറ്റിപ്പുറം- ഖത്തറിലെ സന്നദ്ധപ്രവർത്തകനെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരായ വിവാദത്തിൽ മറുപടി പറഞ്ഞ് മന്ത്രി കെ.ടി ജലീൽ. പെയ്‌സ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ മറുപടി.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
എന്റെ നിയോജക മണ്ഡലക്കാരനായ ശ്രീജിത്ത് ഖത്തറിൽ നല്ല സേവന പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാനൊരു ഫോൺ ചെയ്തു. സംസാരത്തിനിടെ കാര്യങ്ങൾ തിരക്കിയ കൂട്ടത്തിൽ അവിടെ നിന്നുള്ള ചാർട്ടേഡ് ഫ്‌ലൈറ്റുകളുടെ കാര്യവും ചോദിച്ചു. മിതമായ നിരക്കിലും ശേഷിയില്ലാത്തവരെ സൗജന്യമായും നാട്ടിലെത്തിക്കുന്നതിൽ മറ്റു പലരെയുംപോലെ മുൻപന്തിയിലുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ആളുകളെ സംബന്ധിച്ചും അന്വേഷിച്ചു. എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും അവർ ഫ്‌ലൈറ്റുകൾ ചാർട്ട് ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. കുവൈറ്റിൽ നിന്ന് ഇന്ന് രാത്രി കണ്ണൂരിലെത്തുന്ന എ.പി. വിഭാഗക്കാരുടെ ചാർട്ടേഡ് ഫ്‌ലൈറ്റിന്റെ വാർത്തയാണ് ഇമേജായി കൊടുത്തിട്ടുള്ളത്. നമ്മുടെ നാട്ടുകാരായ ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്ന് സംസാരത്തിനിടെ ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഏത് മതരാഷ്ട്രീയ ചേരിയിൽ പെട്ടവരെയും ഉൾക്കൊള്ളാനും സഹായിക്കാനും വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ സംഘടനകൾക്കും മതനിരപേക്ഷാഭിമുഖ്യമുള്ള വലതു പ്രസ്ഥാനങ്ങൾക്കും സുന്നികളായ ഇ.കെ, എ.പി, ദക്ഷിണകേരള വിഭാഗങ്ങളിൽ പെടുന്നവർക്കും മുജാഹിദ് ഗ്രൂപ്പുകൾക്കും സഹോദര മതസ്ഥരായ സമുദായ സംഘടനകളുടെ (എസ്.എൻ.ഡി.പി, എൻ.എസ്.എസ്) വിദേശങ്ങളിൽ പ്രവർത്തിക്കുന്ന പോഷക കൂട്ടായ്മകൾക്കും കഴിയുമെന്ന കാര്യം എനിക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാനായിട്ടുള്ള വസ്തുതയാണ്. അതു കൊണ്ടാണ് ഇത്തരമൊരു വിഷയം എന്റെ ഫോൺ സംസാരത്തിൽ പരാമർശ വിധേയമായത്. പ്രസ്തുത സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പ് ശ്രീജിത്ത് തന്നെ തന്റെ രണ്ട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവരിലൊരാൾ അത് ഏതോ ഗ്രൂപ്പിലിട്ടു. അതും പൊക്കിപ്പിടിച്ചാണ് മന്ത്രിക്ക് ഒന്നുമറിയില്ലെന്നും കഴിവു കെട്ടവനാണ് മന്ത്രിയെന്നും പറഞ്ഞ് ലീഗ് സൈബർ പോരാളികളും ഏഷ്യാനെറ്റിലെ വിനുവും ഷാജഹാനും രംഗത്തു വന്നത്. മറ്റൊരു ചാനലിനും ഒരു വാർത്തയേ ആകാതിരുന്ന കാര്യമാണ് ഇമ്മിണി വലിയ വാർത്തയായി അന്തിച്ചർച്ചയിൽ ഏഷ്യാനെറ്റ് എഴുന്നള്ളിച്ചത്.

എന്റെ കഴിവെന്താണെന്ന് 2006 ലെ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്തും 2011 ലും 2016 ലും തവനൂരിലും ലീഗിന് ഈ വിനീതൻ ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. വേണമെങ്കിൽ ഇനിയും ബോധ്യപ്പെടുത്തിക്കൊടുക്കാനും ഒരുക്കമാണ്. ഒററ വ്യവസ്ഥയേ ഉള്ളൂ. കുറ്റിപ്പുറത്തെ പുലിക്കുട്ടിയെക്കാൾ വലിയ 'കുട്ടി' യെയാവണം ലീഗ് കളത്തിലിറക്കേണ്ടത്.

ആരെങ്കിലുമൊന്ന് കണ്ണുരുട്ടുമ്പോഴേക്ക് പേടിച്ചരണ്ട് മാപ്പെഴുതിക്കൊടുത്ത് 'നിർഭയം' നെഞ്ചുവിരിച്ച് നടക്കുന്ന അൽപ്പൻമാരുടെ തറവാട്ടിൽ ജോലി ചെയ്യുന്നവർക്ക് മറ്റുള്ളവരെ അൽപ്പനെന്ന് തോന്നുക സ്വഭാവികമാണ്. മഞ്ഞക്കണ്ണട വെച്ച് നോക്കുമ്പോൾ കാണുന്നതൊക്കെ മഞ്ഞയായി തോന്നുന്നത് അങ്ങിനെ തോന്നുന്നവരുടെ കുഴപ്പമാണ്.
എന്നെ താഴെയിറക്കുമെന്ന് ശപഥം ചെയ്ത് ദിവസങ്ങളോളം ന്യൂസ് റൂമിലിരുന്ന് ഭ്രാന്തമായി അലറിവിളിച്ച കോട്ടിട്ട പഴയ കെ.എസ്.യു നേതാവിന് ഒരു ചുക്കും ചെയ്യാൻ കഴിയാത്തതിന്റെ കഴുതക്കാമം കരഞ്ഞ് തീർക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ? വിനുവും ഷാജഹാനും ഏഷ്യാനെറ്റിലിരുന്ന് തുമ്മിയാൽ, തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങ് തെറിച്ചോട്ടെയെന്നേ ഞാൻ തീരുമാനിക്കൂ. സൗഹൃദം ഭാവിച്ച് ഫോൺ ചെയ്യുകയും അത് റെക്കോർഡ് ചെയ്ത് അതെന്റെ അഭിപ്രായമാണെന്ന മട്ടിൽ വാർത്തയുണ്ടാക്കി സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന രീതി എത്രമാത്രം ശരിയാണെന്ന് ഷാജഹാൻ തന്നെ ശാന്തമായൊന്ന് ചിന്തിച്ച് നോക്കുക. രാജഭക്തി ആവാം. പക്ഷെ അത് രാജാവിനേക്കാൾ വലിയതാവണം എന്ന് എന്തിനാണ് ശഠിക്കുന്നത്? ഏഷ്യാനെറ്റ് തങ്ങളുടെ മാധ്യമ പ്രവർത്തകരെ പഠിപ്പിക്കുന്നത് ഇത്തരമൊരു സംസ്‌കാരമാണോ? എന്റെ സമ്മതമില്ലാതെ എന്റെ ടെലഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് വാർത്തക്ക് മേമ്പൊടി ചേർത്ത് മോന്തി ച്ചർച്ചക്ക് പശ്ചാത്തലമൊരുക്കുന്ന ഏർപ്പാട് മിതമായ ഭാഷയിൽ പറഞ്ഞാൽ മാന്യതയല്ല.

സ്ഥാനത്തും അസ്ഥാനത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ വാർത്താവതാരകൻ വിനു ശ്രമിക്കാറുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഹവർ ശ്രദ്ധിച്ചാൽ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും. ഒരാളുടെയും ചെലവിൽ പൊതുപ്രവർത്തനം നടത്തുന്നയാളല്ല ഞാൻ. ആരും ഊതിവീർപ്പിച്ച് ഇന്നെത്തി നിൽക്കുന്ന സ്ഥാനത്ത് വന്നിട്ടുള്ളവനുമല്ല ഈയുള്ളവൻ. അതുകൊണ്ടു തന്നെ ഏതെങ്കിലും മാധ്യമസ്ഥാപനത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് വ്യക്തിവിരോധം തീർക്കാർ ആരെങ്കിലും ശ്രമിച്ചെന്ന് കരുതി തളർന്ന് പരവശനായി പോർമുഖം വിട്ടോടുമെന്ന് ആരും കരുതേണ്ട.1921 ലെ മലബാർ കലാപ കാലത്ത് പാവം കർഷകരെ ദ്രോഹിച്ച ബിട്ടീഷ് പട്ടാളക്കാരോടുള്ള അമർഷം അണപൊട്ടിയപ്പോൾ കാട്ടിപ്പരുത്തി പോലീസ് സ്‌റ്റേഷൻ ആക്രമിച്ചതിനെ തുടർന്ന് വെള്ളക്കാർ പിടികൂടി പന്ത്രണ്ട് വർഷം ബെല്ലാരി ജയിലിലടച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന കൂരിപ്പറമ്പിൽ തെക്കുംപാട്ട് മരക്കാരെന്ന പിതാമഹന്റെ ചോര ഇപ്പോഴും സിരകളിലെവിടെയോ ഓടുന്നതുകൊണ്ടാകണം എതിർപ്പുകൾക്കും വ്യക്തിഹത്യാ ശ്രമങ്ങൾക്കും മുന്നിൽ അടിയറവു പറയാതെ മുന്നോട്ടു പോകാൻ എനിക്കാവുന്നത്. അതേതെങ്കിലും ചാനൽ റൂമിൽ കോട്ടിട്ടിരുന്ന് വിടുവായത്തം വിളമ്പിയാൽ കിട്ടില്ല.

 

Latest News