കൊറെ കൊറെ കൊറോണ ദൂരങ്ങൾക്ക് ശേഷം ഓഫീസിൽ തിരിച്ചെത്തി. സന്തോഷം. അൽഹംദുലില്ലാഹ്. ( ദൈവത്തിനു സ്തുതി )
പാതി നോമ്പ് പിന്നിട്ടപ്പൊ പ്രതീക്ഷിക്കാതെ വന്ന അതിഥിയായിരുന്നു കോവിഡ് 19. പെരുന്നാളും കൂടി കഴിഞ്ഞേ മൂപ്പർ പോയുള്ളൂ...
പകരലും നുകരലും പരസ്പരം പങ്കുവെക്കലുകളും ചേർന്ന പ്രവാസി ബാച്ചിലർ റൂമിലേക്ക് സാധാരണ പനി, മൂക്കടപ്പ്, ജലദോഷം, ശരീര വേദന, മുതലായവക്കൊപ്പമാണ് പുള്ളി കയറി വന്നത്..
രുചിയില്ലായ്മയും മണമില്ലായ്മയും ചിലർക്കുണ്ടായി... അതത്ര കാര്യമാക്കിയില്ല.. വുഹാനിലെ ആരംഭകാലത്ത് വാർത്തകളിലും ചാനലുകളിലും കേൾക്കുമ്പോ
കരുതിയത് അത് ചൈനയിലല്ലേ, നമ്മളെന്തിനു ബേജാറാവണം എന്നായിരുന്നു..
ചൈന വിട്ട് ലോകത്താകമാനം പടർന്ന് നമ്മൾ ജിവിക്കുന്ന രാജ്യത്തും എത്തി എന്നറിഞ്ഞപ്പോഴും ഇത്ര പെട്ടെന്ന് താമസ സ്ഥലത്തും
കേറികൂടും എന്ന് കരുതിയിരുന്നില്ല.. ഓഫീസിൽ കാര്യമറിഞ്ഞപ്പോ എല്ലാവരും ടെസ്റ്റ് ചെയ്യണമെന്നുള്ള നിബന്ധന വന്നു..
കൂടുതൽ പുറത്ത് സമ്പർക്കമില്ലാത്തതിനാലും വേണ്ടുന്ന മുൻകരുതലുകളൊക്കെ എടുക്കുന്നതിനാലും
ടെസ്റ്റിനു പോകുമ്പോഴും പോസിറ്റീവാകുമെന്നുള്ള പ്രതീക്ഷയൊന്നുമില്ലായിരുന്നു..
ടെസ്റ്റ് കഴിഞ്ഞു മൂന്നാം ദിവസം മുതൽ ഓരോരുത്തർക്കായി റിസൾട്ട് വരാൻ തുടങ്ങി..
കൂടുതലും പൊസിറ്റീവ് കേസുകൾ. ഇനി വരികയാണെങ്കിൽ തന്നെ മറ്റുള്ളവർക്ക് കൂടി പകരരുത് എന്നു കരുതി റൂമിൽ തന്നെ ഒതുങ്ങികൂടി..
ടെസ്റ്റ് കഴിഞ്ഞ് നാലാം ദിവസം മിനിസ്ട്രി ഓഫ് ഹെൽത്തിൽ നിന്നും ഒരു ഡോക്ടർ ആയിഷ ഫോണിൽ വിളിച്ചു സംസാരിച്ചു..
സലാം ചൊല്ലി തുടങ്ങി, സുഖവിവരങ്ങളൊക്കെ അന്വേഷിച്ചു, വളരെ സൗമ്യമായി കാര്യത്തിലേക്ക് വന്നു...'താങ്കളുടെ ടെസ്റ്റ് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.....പൊസിറ്റീവാണ്.' 'സിംറ്റംസ് ഒന്നുമില്ലാത്ത സ്ഥിതിക്ക് ഭയപ്പെടാനൊന്നുമില്ല..' പുറത്തെവിടെയും പോകരുത്.' 'താമസിക്കുന്നിടത്ത് സൗകര്യം പോരാ എന്നുണ്ടെങ്കിൽ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റും..'
അല്പ ദിവസത്തിനുള്ളിൽ അടുത്ത ടെസ്റ്റിൽ നെഗറ്റീവ് ആവും ...'എന്നൊക്കെ.. നമ്മുടെ നാട്ടിൽ പറയുന്ന 'ഇതും കടന്നു പോകും' പോലെ ഫീൽ ചെയ്തിരുന്നു ഡോക്ടറുടെ സംസാരം. ഡോക്ടറുടെ ആ സംസാരം.. ഏറ്റവും അടുത്ത സുഹൃത്തുക്കൾ.
ഉള്ള വാട്‌സപ്പ് ഗ്രൂപ്പിൽ പോയി പറഞ്ഞു..'എന്നെ ആശ്വസിപ്പിക്കൂ.. ഞാനൊരു പൊസിറ്റീവ്കാരനാണ് , 'അല്പ ദിവസത്തിനുള്ളിൽ ഞാനൊരു നെഗറ്റീവ് കാരനാവും ' എന്നൊക്കെ പറഞ്ഞ് സന്തോഷം അഭിനയിച്ചു..
ഫൈസ്ബുക്കിൽ പരിചയമുള്ള ഡോക്ടറോടും ഏറ്റവും അടുത്ത സുഹൃത്തുക്കളോടും മാത്രം മെസേജിൽ പോയി പറഞ്ഞു കാര്യം..
ഫോൺ നമ്പർ തന്നിട്ട് ഏത് സമയത്തും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും അത്യാവശ്യം മുൻകരുതലുമൊക്കെ പറഞ്ഞു തരാനും അതുപകരിച്ചു.
സങ്കടങ്ങൾ പറഞ്ഞാൽ ആശ്വസിപ്പിക്കുമെന്ന് ഉറപ്പുള്ള കുറച്ചുപേരെയെങ്കിലും ഫൈസ്ബുക്കിൽ സമ്പാദിച്ചു വെച്ചിരിക്കുന്നു എന്ന കാര്യത്തിൽ
അഭിമാനിക്കാനും പറ്റി
ഈ കോവിഡ് കാലം. കൂടെയുള്ളവരെ ഓരോരുത്തരെ ഐസലേഷനിലേക്ക് മാറ്റാനും മറ്റും പരിചയമുള്ളവരെ വിളിക്കലും സംസാരിക്കലും
ഒക്കെയായി തിരക്കഭിനയിച്ചു...
ഒടുവിൽ നമുക്കുള്ള ഐസലേഷനിലേക്കുള്ള ആമ്പുലൻസും വന്നു...
എക്‌സറേ,ബ്ലഡ് ടെസ്റ്റ് , ഡോക്ടറുടെ പരിചരണം , ഫുഡ് ,ഇന്റർനെറ്റ് സൌകര്യങ്ങളുമൊക്കെ ആയി ഫീൽഡ് ആശുപത്രിയിലെ ഐസലേഷൻ.
ബെഡിനോട് ചേർന്ന് അവരവർക്ക് പ്രാർത്ഥിക്കാൻ ഒരു മുസല്ല വിരിക്കാനുള്ള സൌകര്യം കൂടിയുണ്ടായത് ആശ്വാസമായി..
ബാംഗ്ലൂരിൽ നിന്നും ഒരു സുഹൃത്ത്
വിളിച്ചപ്പോ പറഞ്ഞു...
'നിങ്ങൾ പ്രവാസികൾ എല്ലായ്‌പ്പോഴും ഓരോ ടെൻഷനും കൊണ്ട് നടക്കുന്നവരല്ലേ..
അതിനിടക്ക് കിട്ടിയ െ്രെബക്ക് ആണെന്ന് കരുതുക .'' പുറത്തെ ലോകത്തെ പറ്റി മറന്ന് കളയുക.. ഏതിലാണ് മനസ്സിന് സന്തോഷം തരുന്നത് അത് ചെയ്യുക..'
അത്രേ വേണ്ടൂ..
'അതിനിടക്ക് നാട്ടിൽ പോകാനും അതിന്റെ പിന്നാലെ നടക്കാനും ശ്രമിക്കരുത്..കാരണം ഇപ്പോ അത്യാവശ്യമായി നാട്ടിൽ പോകണമെങ്കിൽ ഇന്ത്യൻ എമ്പസി മുഖേന ലെറ്റെർ തയ്യാറാക്കലും റെക്കമെന്റേഷനും ഒക്കെ വേണം.അതിന്റെ ടെൻഷനിടയിൽ രോഗം മൂർച്ചിക്കാതെ നോക്കാൻ സമയം തികയില്ല..'
അതെന്തായാലും നന്നായി എന്ന് തോന്നുന്നു..നാട്ടിൽ ആരോടും പറഞ്ഞില്ല. അവരുടെ വിഷമവും നമ്മൾ കാണണ്ട എന്ന് കരുതി.
ന്നിട്ടും ഒന്നും പറയാതെ തന്നെ ഭാര്യ കണ്ടുപിടിച്ചു. അറിഞ്ഞ ഉടനെ കരഞ്ഞു..മക്കൾ രണ്ടുപേരും അറിയണ്ടാ
എന്ന് നിർബന്ധം പിടിച്ചു.
മക്കൾ അറിയാതിരിക്കണമെങ്കിൽ നീ ഉഷാറായിരിക്കണമെന്ന ഉറപ്പിൽ അവൾ വീണു. പരിചയമുള്ളവരുടെയും അല്ലാത്തവരുടെയുമൊക്കെ
പ്രാർത്ഥന ഫലിച്ചു..
അള്ളാഹുവിന്റെ കാരുണ്യം 14 ദിവസം കൊണ്ട് രോഗമുക്തി നേടി.
അൽഹംദുലില്ലാഹ്..ശേഷം ഏഴ് ദിവസത്തെ ഹോം കോറന്റൈൻ..
കോവിഡ് സ്ഥിരീകരിച്ച് സുഖം പ്രാപിച്ചവരൊക്കെ പറയുന്നതേ എനിക്കും അനുഭവം കൊണ്ട് പറയാനുള്ളൂ..
തുടക്കം ഓരോരുത്തർക്കും സാധാരണ പനി, ജലദോഷം, ശരീരം വേദന, യൊക്കെയുണ്ടായിരുന്നു.
അടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്നെടുത്തു. പെട്ടെന്ന് മാറ്റി. ഈ സീസണിൽ വരുന്ന ഇത്തരം അസുഖങ്ങൾ എത്രയും പെട്ടെന്ന് സുഖപ്പെടുത്താനുള്ള വഴികൾ നോക്കുക..
നന്നായി റെസ്‌റ്റെടുക്കുക.. നന്നായി ഭക്ഷണം കഴിക്കുക. നന്നായി ഉറങ്ങുക..അനാവശ്യ ഉത്ക്കണ്ഠയും ഭയവും നമുക്ക് പ്രത്യേകിച്ചൊരു പ്രയോജനവും ചെയ്യുന്നില്ല എന്നുമാത്രമല്ല, ഒരു പക്ഷേ കാര്യങ്ങളെ കൂടുതൽ വഷളാക്കാൻ കൂടി കാരണമാകും. രോഗ ബാധിതനായാലും രോഗം ബാധിച്ചവരുടെ കൂടെ കഴിയേണ്ടി വരുന്നവനായാലും ആത്മ ധൈര്യത്തോടെയിരിക്കുക എന്നതാണ് നാം നമുക്ക് നൽകുന്ന പ്രാഥമിക ചികിത്‌സ.
മറ്റുള്ള ടെൻഷനുകളൊക്കെ ഒഴിവാക്കി അവനവനു സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. നാട്ടിലുള്ളവർ കരുതുന്നത് പോലെ ഇവിടെ ജനങ്ങൾ പരിഭ്രാന്തരല്ലെന്ന് വേണം കരുതാൻ. ഈ രോഗവുമായി ബന്ധപ്പെട്ട് പരിഭ്രാന്തരാവാൻ മാത്രം ഒന്നുമില്ല എന്നും മനസ്സിലാക്കുന്നു..
ജോലി, ശമ്പളം സംബന്ധമായ വിഷയങ്ങളിൽ അല്പം പ്രതിസന്ധികളുണ്ട്. അതും മാറി വരുന്നുണ്ട്..അൽഹംദുലില്ലാഹ്.
നേരിട്ട് കണ്ടിട്ടില്ലാത്ത, കമന്റിൽ മാത്രം പരിചയമുള്ളവർ, കുറച്ചു ദിവസം എവിടെയും കാണാത്തപ്പോ മെസേജിൽ വന്ന് അന്വേഷിക്കുകയും പൊസിറ്റീവാണെന്നറിഞ്ഞപ്പോ എന്നും വന്ന് സുഖാന്വേഷണം നടത്തുകയും ചെയ്ത സൌഹൃദങ്ങളേ നിങ്ങളെന്നും മനസ്സിലുണ്ടാവും..
എത്ര അകലെയാണെങ്കിലും നിങ്ങളുടെ ഈ ചേർത്ത് പിടിക്കലുകൾ എന്തൊരു സന്തോഷമാണെന്നോ... പെരുന്നാളിന്റന്ന് നമുക്കെല്ലാർക്കുമുള്ള പെരുന്നാൽ ബിരിയാണി പാർസൽ ചെയ്ത് നമ്മുടെ ബെഡ് നമ്പറും മൊബൈൽ നമ്പറും എഴുതി ഐസലേഷൻ ആശുപത്രിയിലെ റിസപ്ഷനിൽ ഏൽപ്പിച്ച നാട്ടുകാരന് ,
ഇതിലും രുചികരമായ ഭക്ഷണം പരലോകത്ത് നൽകി നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..ആമീൻ
നല്ലെഴുത്തുകാരെയൊക്കെ പിടിച്ചു നോട്ടിഫിക്കേഷൻ സെറ്റ് ചെയ്തു വെച്ചു... ഐസലേഷൻ വാർഡിലെ ഒരു പുലർച്ചെ സുബഹി നമസ്‌കാരവും കഴിഞ്ഞു മയങ്ങാൻ നേരം ഫൈസ്ബുക്ക് ഒന്നു മറിച്ചു നോക്കുമ്പോ കണ്ടൊരു പോസ്റ്റാണ് അപ്പോഴും ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നത്..
അത് ഇങ്ങനെയാണ് :
'ഈ പകൽ അനന്തമായി ഞാൻ നീട്ടിയിട്ടിരുന്നുവെങ്കിൽ
ആര് നിങ്ങൾക്കൊരു രാത്രിയെ കൊണ്ടുവരുമെന്ന് '
സൂറത്ത് ഖസസിൽ ഓതി മടക്കി വച്ചു.
പകലെന്ന് പറഞ്ഞാൽ
ക്ഷീണവും ദാഹവും അതിന്റെ അസ്വസ്ഥതകളും തരുന്ന വെയിലുമാണല്ലോ റബ്ബേ എന്ന് ഓർത്ത് കൊണ്ടിരിക്കേ.....
നോക്ക്,
അള്ളാഹു നമ്മുടെ യാതനകളുടെ പകലുകൾ / വെയിലുകൾ നീട്ടിയിട്ടിരുന്നെങ്കിൽ ആര് പകരം തരും നമുക്കൊരു തണുപ്പുള്ള രാത്രി....?
എത്ര എളുപ്പമാണ് റബ്ബേ...
എന്റെ എല്ലാ വെയിലിനും നീ പകരം തണുപ്പും തരുന്നത്...
' ആ നിനക്ക് നന്ദി. '
'എപ്പോഴോ നിന്നെ ഓർക്കുന്നതിനിടയിൽ അറിയാതെ നനഞ്ഞുപോയ ഹൃദയത്തിൽ നിന്നൊരു നന്ദി.'
ജീവിതം മനോഹരമാണ്..
നാഥന്റെ കാരുണ്യം അതിലും മഹത്തരവും..