തങ്കുപ്പൂച്ചേ, മിട്ടുപൂച്ചേ... സ്‌നേഹത്തോടെ കുട്ടികൾക്കൊപ്പം കേരളവും ഏറ്റുവിളിച്ചു;
ദേ ഇതാണ് മലയാളികൾ ഹാജരായ ക്ലാസിലെ സായി ടീച്ചർ.
എന്റെ പ്രിയപ്പെട്ട മക്കളേ, ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമോ... നിങ്ങളെല്ലാവരും ഇന്ന് ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കുകയാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുന്ന എല്ലാ മക്കൾക്കും ടീച്ചറുടെ ആശംസകൾ. നമുക്ക് പഠിച്ച് മിടുക്കരാകേണ്ടേ. നിങ്ങൾക്ക് ഈ ടീച്ചറെ അറിയാമോ. ഞാനേ, കോഴിക്കോട് ജില്ലയിലെ മുതുവടത്തൂർ വി.വി.എൽ.പി സ്‌കൂളിലെ ടീച്ചറാണ്' -സായിശ്വേത ടീച്ചർ വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഈ അധ്യയന വർഷത്തിലെ ആദ്യ ദിനത്തിൽ കുട്ടികളുടെ കുസൃതി കൊഞ്ചലും കുഞ്ഞി കരച്ചിലുമുണ്ടായില്ല. പകരം വീട്ടിലിരുന്നു കുട്ടികളും മാതാപിതാക്കളും സന്തോഷത്തോടെ ഓണ്‌ലൈലൻ ക്ലാസിൽ പങ്കാളികളായി. ഈണത്തിലും താളത്തിലും കൊഞ്ചിച്ച് കുട്ടികളെ തൊടാതെ തൊട്ടും ടീച്ചർ ക്ലാസ് പൂർത്തിയാക്കിയപ്പോഴേക്കും വൻ ഹിറ്റായി മാറി. മലയാളക്കരയും സമൂഹ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു തങ്കുപ്പൂച്ചയെയും മിട്ടുപ്പൂച്ചയെയും പിന്നെ സായി ടീച്ചറെയും. വാട്ട്‌സ് ആപ് സ്റ്റാറ്റസുകളിലും ഫേസ് ബുക്ക് പേജുകളിലും ടീച്ചറുടെ ക്ലാസുകൾ ഇടം പിടിച്ചു.

ജൂൺ ഒന്ന്. പതിവിലും വ്യത്യസ്തമായി ഓൺലൈനിൽ അധ്യയനവർഷം ആരംഭിച്ചു. പുത്തൻ കൊച്ചുടുപ്പുകളും ചിണുങ്ങി കുണുങ്ങി കണ്ണുനീർ ഒലിക്കുന്ന മുഖവുമായി എത്തുന്ന വിദ്യാർത്ഥികൾ മാത്രമാണ് സാധാരണ അധ്യയന വർഷത്തിലെ ആദ്യദിനത്തിൽ ടെലിവിഷൻ സ്‌ക്രീനുകളിൽ നിറയുന്ന വിദ്യാരംഭം.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇന്ന് ഒരു ടീച്ചറാണ് താരമായത്. കേരളം മുഴുവൻ ഹാജരായി ഈ ടീച്ചറുടെ ക്ലാസിൽ എന്നതാണ് ശ്രദ്ധേയം. എന്റെ തങ്കുപ്പൂച്ചേ. മിട്ടുപ്പൂച്ചേ ഇനി സ്‌നേഹത്തോടെ എല്ലാവരും വിളിച്ചേ തങ്കുപ്പൂച്ചേ.' ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളോടാണ് ടീച്ചർ പറഞ്ഞതെങ്കിലും ഏറ്റെടുത്തത് മലയാളികൾ ഒന്നടങ്കമാണ്. വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഈ ക്ലാസ് വൈറലായിരിക്കുകയാണ്. രണ്ട് പൂച്ചകളുടെ ചിത്രങ്ങളുമായാണ് സായി ടീച്ചർ ക്ലാസ് എടുക്കാൻ എത്തിയത്. കുസൃതിച്ചിരിയോടെ കൊഞ്ചിച്ചും സ്‌നേഹിച്ചും കുരുന്നുകൾക്കായി ടീച്ചർ ക്ലാസെടുത്തു, ഭംഗിയായി. ആരും കേട്ടിരുന്നു പോകും ഈ ക്ലാസ് എന്ന് ചുരുക്കം. സുന്ദരമായ ഒന്നാം ക്ലാസ് മുറിയെയും വിദ്യാർത്ഥികളെയും വീട്ടിലെ സ്വീകരണ മുറിയിലേക്ക് എത്തിച്ച സായി ടീച്ചറെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നവരും നിരവധിയാണ്.
കഴിഞ്ഞ വർഷമാണ് അധ്യാപന ജീവിതത്തിലേക്കുള്ള കടന്നുവരവ്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് സായി ടീച്ചർ പഠിപ്പിച്ചത്. ഇത്തവണ ഓൺലൈനായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ അവസരം കിട്ടിയപ്പോൾ അതും ഭംഗിയായി നിർവഹിച്ചു. വരും ദിവസങ്ങളിലും ഉണ്ട് ടീച്ചറുടെ ക്ലാസുകൾ. പ്രവേശനോത്സവത്തിന്റെ അഭാവത്തിലും ഒന്നാം ക്ലാസിലെ ആദ്യപാഠം കുരുന്നുകൾക്ക് മധുരമായി. ടീച്ചറുടെ ഭാവത്തിലും ആംഗ്യത്തിലും സംസാരത്തിലുമെല്ലാം കരുതൽ നിറഞ്ഞതോടെ കുരുന്നുകൾ ടി.വിക്ക് മുന്നിലിരുന്ന് അടുത്ത വാക്കുകൾക്ക് കാതോർത്തു. ഓരോ ചോദ്യത്തിനും അവർ ആവേശത്തോടെ ഉത്തരം പറഞ്ഞു. കുരുന്നുകൾക്കൊപ്പം മുതിർന്നവരും ആവേശത്തോടെ ഒന്നാം ക്ലാസിലിരുന്നു, പഠനം എങ്ങനെയെന്നറിയാൻ. രാവിലെ വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ച ക്ലാസ് ആപ്ലിക്കേഷനിൽ സ്ട്രീം ചെയ്തവരും യുട്യൂബിൽ കണ്ടവരും നിരവധി. വിക്ടേഴ്‌സ് ചാനലിന്റെ 'ഇറ്റ്‌സ് വിക്ടേഴ്‌സ്' എന്ന യുട്യൂബ് ചാനലിലൂടെ ക്ലാസിലിരുന്നവരിൽ ഭൂരിഭാഗവും കമന്റിട്ട് ഹാജർ രേഖപ്പെടുത്തി. മാതാപിതാക്കൾ കുട്ടികൾക്ക് ക്ലാസ് ഇഷ്ടമായതിന്റെ സന്തോഷം പങ്കുവെച്ചു.
അധ്യാപനത്തിനൊപ്പം നൃത്തത്തെയും ചേർത്തു പിടിക്കുന്നുണ്ട് സായി ടീച്ചർ. മികച്ച ഒരു നർത്തകി കൂടിയായ ഇവർ ടിക് ടോക് വീഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിലും താരമായി. മികച്ച പിന്തുണ നൽകുന്ന ഭർത്താവ് ദിലീപ് ഒറ്റ ദിവസം കൊണ്ട് കേരളക്കരയിലെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച തന്റെ പ്രിയതമയുടെ പ്രകടനം ഇങ്ങകലെ ദമാമിൽ ഇരുന്ന് ആസ്വദിക്കുകയാണ്. മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ സായിശ്വേതയുടെ ഭർത്താവായ ദിലീപ് ദമാം നുജൂം മീഡിയ വിഷനിൽ ഛായാഗ്രാഹകനായും ചിത്ര സംയോജകനായും ജോലി ചെയ്യുന്നു.

ഒറ്റ വീഡിയോ കൊണ്ട് ഏറെ ചർച്ചയായ ശ്വേത ടീച്ചർ കണ്ണുരുട്ടി പേടിപ്പിക്കുമെന്ന് സ്‌കൂളിൽ സംസാരമുണ്ട്. ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് പറഞ്ഞപ്പോൾ രസകരമായ രീതിയിൽ ആദ്യം ട്രോളിയത് തന്റെ ഭർത്താവ് തന്നെയാണെന്നും കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന ടീച്ചർ എന്ന രീതിയിലായിരുന്നു ഭർത്താവിന്റെ ട്രോൾ എന്നും ശ്വേത ടീച്ചർ പറയുന്നു.
തങ്കുപ്പൂച്ചേ, മിട്ടുപ്പൂച്ചേ എന്ന് കുറച്ച് ചെറുപ്പക്കാർ ഏറ്റുവിളിക്കുന്ന ആദ്യം വന്ന ട്രോളുകൾ ടീച്ചർ തന്നെയാണ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലുമൊക്കെ ഷെയർ ചെയ്തത്. എന്നാൽ പിന്നീടാണ് മോശം ട്രോളുകൾ വന്നു തുടങ്ങിയത്. ട്രോളിയവരോട് ഏറെ നന്ദിയേ ഉള്ളൂ, കാരണം അവരുടെ ട്രോൾ കണ്ടാണ് പലരും വീഡിയോ തേടിപ്പിടിച്ച് കണ്ടതെന്ന് സായ് ശ്വേത പറയുന്നു. കുഞ്ഞു മക്കളുടെ മനസ്സിൽ കയറാൻ ഇടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ട്രോളുകളിലൊന്നും തളരാതെ തന്നെക്കൊണ്ടാവുന്ന രീതിയിൽ ഇനിയും കുഞ്ഞു മക്കൾക്കായി ക്ലാസെടുക്കുമെന്നും സായ് ശ്വേത പറയുന്നു. കുട്ടികൾക്ക് കഥകൾ മനസ്സിലാകുന്ന രീതിയിൽ കഥക്കൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു ശ്വേത ടീച്ചറുടെ ക്ലാസെടുക്കൽ രീതി. ചെറുപ്പത്തിൽ സിനിമാ നടിയാവണമെന്നായിരുന്നു ആഗ്രഹമെങ്കിലും പിന്നീട് വലുതായപ്പോൾ അധ്യാപനം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഏറെ ആകസ്മികമായാണ് സായ് ശ്വേത ഓൺലൈൻ അധ്യയനത്തിലേക്ക് എത്തുന്നത്. കലാഭിരുചിയുള്ള അധ്യാപകരുടെ കൂട്ടായ്മയായ 'സർഗ വസന്തം' എന്ന വാട്‌സ്ആപ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ് സായിശ്വേത. പഠിപ്പിക്കുന്ന രീതി ഒരിക്കൽ വീഡിയോയിൽ പകർത്തി ഗ്രൂപ്പിന്റെ ബ്ലോഗിൽ പങ്കുവെച്ചിരുന്നു. അത് കലാധരൻ എന്ന അധ്യാപകനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. അദ്ദേഹം നേരിട്ടാണ് സായിശ്വേതയെ ഓൺലൈനിൽ ക്ലാസെടുക്കാൻ തെരഞ്ഞെടുത്തത്.
കോഴിക്കോട് മേപ്പയൂർ സ്വദേശിനിയായ സായി ശ്വേതക്ക് അമ്മയും രണ്ട് സഹോദരിമാരുമുണ്ട്. അച്ഛൻ മരിച്ചു. വടകര കല്ലേലി, പുറമേരി സ്വദേശി പനയുളളതിൽ ദിലീപിന്റെ ഭാര്യയായി സായിശ്വേത എത്തുന്നത് മൂന്ന് വർഷം മുമ്പാണ്. സായിശ്വേത ഒരു വർഷത്തോളം ദമാമിൽ ഭർത്താവിനോടൊപ്പമുണ്ടായിരുന്നു. ടി.ടി.സിക്കാരിയായ സായിശ്വേത കൈവെക്കാത്ത മേഖലകളില്ല.
ഒട്ടന്തുള്ളൽ, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മോണോ ആകട് എന്നു വേണ്ട സർവ മേഖലകളിലും സായി സമ്മാനങ്ങളുടെ പെരുമഴക്കാലം തീർത്തിട്ടുണ്ട്. കേരളം ഒന്നിച്ചു തന്റെ പ്രിയതമക്ക് പിന്തുണ നൽകുമ്പോൾ ഒപ്പം നിൽക്കാൻ ആവുന്നില്ലെന്ന പ്രയാസം ലോക്ഡൗണിൽ കുടുങ്ങി സൗദിയിലായിപ്പോയ ദിലീപിനുണ്ടെങ്കിലും എല്ലാ പിന്തുണയുമായി നിത്യവും ഈ പാഠഭാഗങ്ങൾ ദിലീപിനു വേണ്ടി വീഡിയോ കോളിലൂടെ സായി ശ്വേത അവതരിപ്പിക്കുന്നുണ്ട്.






