Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെയും കേരളത്തെയും മോശമാക്കിയത് എന്തടിസ്ഥാനത്തിലാണ്

പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ എന്ത് അടിസ്ഥാനത്തിലാണ് മേനക ഗാന്ധി മലപ്പുറത്തെയും കേരളത്തെയും മോശമാക്കി ചിത്രീകരിച്ചതെന്നും മനുഷ്യത്വം അവശേഷിക്കുന്നുണ്ടെങ്കിൽ മാപ്പു പറയണമെന്നും ഡോ. ജിനേഷ് പി.എസ്. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് കണക്കുകൾ വ്യക്തമാക്കി മേനക ഗാന്ധിയുടെ വാദങ്ങളെ ഖണ്ഡിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മേനകാ ഗാന്ധിയോട് തന്നെയാണ്,

മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്നും അവിടെ വന്യജീവികൾ പീഡിപ്പിക്കപ്പെടുന്നു എന്നും നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് ? കേരളത്തിലാകെ സ്ഥിതിവിശേഷം മോശമാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ പറഞ്ഞത് ?

"വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ" എന്നൊരു സംഭവം കേട്ടിട്ടുണ്ടോ ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ്.

അവർക്ക് ഒരു വെബ്സൈറ്റ് ഉണ്ട്. വൈൽഡ് ലൈഫ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്, പലരുടെയും ചിത്രങ്ങൾ സഹിതം. സൽമാൻഖാന്റെ ചിത്രം പോലും അവിടെയുണ്ട്.

വിവിധ കോടതികളിലായി സൃഷ്ടിക്കപ്പെട്ട 154 പേരുടെ വിവരങ്ങൾ ആണവിടുള്ളത്.

ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് ഏത് സംസ്ഥാനത്തിലാണ് എന്നറിയുമോ ?

ആസാമിൽ ആണ്, 53 പേർ

വെസ്റ്റ് ബംഗാൾ, 13 പേർ

മഹാരാഷ്ട്ര, 13 പേർ

ഉത്തരാഖണ്ഡ് 7

കർണാടക 6

Chandigarh (ഹരിയാന/പഞ്ചാബ്) 6

ന്യൂഡൽഹി 5

രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, മിസോറാം - ഓരോരുത്തർ വീതം.

ഇതുകൂടാതെ 45 മ്യാന്മാർ സ്വദേശികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. (C.C. No: 183/2013, 72/2013, 203/2013, 641/2013, 79/2013, 202/2013 of PS CCS)

കാണ്ടാമൃഗ വേട്ട, മാൻവേട്ട മുതൽ പാമ്പ്, ഈനാംപേച്ചി, എട്ടുകാലി തുടങ്ങിയ ജീവികളെ കടത്തുന്നത് വരെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട വിവരങ്ങൾ മുകളിൽ കൊടുത്ത കണക്കുകളിൽ ഉള്ളത്.

കേരളവും ഉണ്ട് ലിസ്റ്റിൽ. കാലടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ C.C. No:1587/15 ആം നമ്പർ കേസ്. ഈ കേസിൽ രണ്ടുപേർ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഇരുവർക്കും ഒരു വർഷം തടവും പിഴയും.

ശിക്ഷിക്കപ്പെട്ടവരുടെ പേര് കൂടി പറയാം, Syouta Shibaski & Murai Yusuke. ജാപ്പനീസ് പൗരന്മാരാണ്. പാമ്പുകളെയും എട്ടുകാലികളെയും പല്ലികളെയും കടത്താൻ ശ്രമിച്ചതാണ് കുറ്റം.

ഒരു കേരളീയൻ പോലും ഈ ലിസ്റ്റിൽ ഇല്ല. ഇത് ഞാൻ പറയുന്നതല്ല, നാഷണൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ ആണ്.

ശിക്ഷിക്കപ്പെട്ട കേസുകൾ അവിടെ നിൽക്കട്ടെ, രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ കൂടി നോക്കാം.

2018-ൽ ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട വൈൽഡ് ലൈഫ് ക്രൈം കേസുകൾ - 388. പല വന്യജീവികൾക്കെതിരെ ഉണ്ടായ കുറ്റകൃത്യങ്ങളെ തുടർന്ന് എടുത്ത കേസുകൾ.

ഏറ്റവും കൂടുതൽ ഇരയായത് പുള്ളിപ്പുലികൾ - 81 കേസുകൾ, പക്ഷികൾ 61, കടുവ 42, ആമ 39, മാൻ 36, ആന 27, പാമ്പ് 19, കാണ്ടാമൃഗം 16, കീരി 15, ഈനാംപേച്ചി 14, മറ്റുള്ളവ 38. അങ്ങനെ ആകെ 388 കേസുകൾ.

ഏതൊക്കെ സംസ്ഥാനങ്ങളിൽ എന്നുകൂടി നോക്കേണ്ടേ ?

വെസ്റ്റ് ബംഗാൾ 55 കേസുകൾ
മഹാരാഷ്ട്ര 50 കേസുകൾ
ആസാം 42
ഉത്തർപ്രദേശ് 35
തമിഴ്നാട് 32
മധ്യപ്രദേശ് 29

2018-ൽ മാത്രമല്ല മുൻ വർഷങ്ങളിലും കേസുകളിൽ മുൻപിൽ ഈ സംസ്ഥാനങ്ങൾ തന്നെയായിരുന്നു. കേരളത്തിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു എന്ന് വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

വേട്ട മൂലം 2018-ൽ കൊല്ലപ്പെട്ട ആനകളുടെ എണ്ണം - 6 (ഒഡീഷയിൽ രണ്ടെണ്ണം, ഓരോന്ന് ഉത്തരാഖണ്ഡ് തമിഴ്നാട് മേഘാലയ ജാർഖണ്ഡ് എന്നിവിടങ്ങളിൽ)

ആനവേട്ട മൂലം 2017-ൽ കൊല്ലപ്പെട്ട ആനകളുടെ എണ്ണം - 8 (അസമിൽ നാലെണ്ണം, ജാർഖണ്ഡ് നാഗാലാൻഡ് എന്നിവിടങ്ങളിൽ ഓരോന്ന്)

ആനവേട്ട മൂലം 2016-ൽ കൊല്ലപ്പെട്ട ആനകളുടെ എണ്ണം - 13 (കർണാടകയിൽ നാലെണ്ണം, അസം കേരളം ഒഡിഷ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതം, തമിഴ്നാട് മേഘാലയ വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ഓരോന്ന്)

വിവിധ വാർത്തകളിൽ നിന്ന് ശേഖരിച്ച കണക്കുകളാണ്. വാർത്തകളുടെ ലിങ്കുകൾ കമന്റ് ആയി ചേർക്കുന്നു. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക, പോസ്റ്റിൽ തിരുത്തൽ വരുത്തും.

ലഭ്യമായ വിവരങ്ങൾ ഇങ്ങനെ ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് മനേക ഗാന്ധി കേരളത്തെയും മലപ്പുറത്തെയും മോശമാക്കി ചിത്രീകരിച്ചത് ? ഞങ്ങൾക്ക് അറിയാത്ത കണക്കുകൾ ഉണ്ടെങ്കിൽ നിങ്ങൾ തന്നെ പുറത്തുവിടണം.

ഒരു കാലത്ത് വളരെയധികം ആനവേട്ട നടന്നിരുന്ന സ്ഥലമായിരുന്നു കേരളം. പക്ഷേ ഇപ്പോൾ കുറഞ്ഞുവരുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കേരളത്തിൽ ഒരു വർഷം 600 ആനകൾ മരണപ്പെടുന്നു എന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് ? ഇനി കുഴിയാനകളെ ഉദ്ദേശിച്ചാണെങ്കിൽ ഞാൻ തർക്കത്തിനില്ല.

കേരളത്തിൽ വന്യജീവികൾ പീഡിപ്പിക്കപ്പെടുന്നില്ലെന്നും കൊല്ലപ്പെടുന്നില്ലെന്നും അല്ല പറഞ്ഞു വരുന്നത്.

കേരളത്തിൽ വന്യജീവികൾ കൊല്ലപ്പെടുന്നുണ്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് പാമ്പുകൾ ആയിരിക്കും. വിഷപ്പാമ്പുകളുടെ കടിയേറ്റ് മരണ സംഭവിക്കുമെന്ന ഭീതി മൂലം കൊല്ലപ്പെടുന്ന പാമ്പുകൾ. അപകടരഹിതമായി, ശാസ്ത്രീയമായി പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നവരുടെ എണ്ണം കൂടുകയും പാമ്പുകളെക്കുറിച്ച് കൂടുതൽ ജനങ്ങൾ മനസിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത് കുറയുകയുള്ളൂ. വൈകാതെ മാറ്റം ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം.

കേരളത്തിൽ വന്യജീവികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ പീഡനം ഏൽക്കുന്നത് ആനകൾക്ക് തന്നെയായിരിക്കും. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിറം പിടിപ്പിക്കാൻ വേണ്ടി മാത്രം വനത്തിൽ ജീവിക്കേണ്ട ഒരു ജീവിയെ പിടിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുന്നവർ ഇവിടെയുമുണ്ട്.

വലതു കണ്ണിന് പൂർണമായും കാഴ്ച നഷ്ടപ്പെട്ട, ഇടത് കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള,
ആറ് പാപ്പന്മാരെയും നാല് സ്ത്രീകളെയും ഒരു വിദ്യാർത്ഥിയെയും അടക്കം 13 പേരെ ചവിട്ടിക്കൊന്ന ഒരാനയെ പങ്കെടുപ്പിച്ചില്ലെങ്കിൽ തൃശൂർപൂരം ബഹിഷ്കരിക്കും എന്ന് ഭീഷണിപ്പെടുത്തിയവർ ഉള്ള നാടാണിത്. ആരെങ്കിലുമൊക്കെ ആന ചവിട്ടി മരിക്കുമ്പോൾ "അവനിത്തിരി കുറുമ്പ് കൂടുതലായിരുന്നു" എന്നുപറയുന്ന ഊളകൾ പോലും ഉള്ള നാടാണിത്. മനുഷ്യനുമായി ഇണങ്ങാൻ സാധിക്കാത്ത ഒരു ജീവിയെ പീഡിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടി അപകടങ്ങൾ വിളിച്ചു വരുത്താൻ മടിയില്ലാത്തവരുള്ള നാടാണിതും. ഈ പീഡനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്നല്ലെങ്കിൽ നാളെ ആ തിരിച്ചറിവ് ഉണ്ടാകാതിരിക്കില്ല.

കഴിഞ്ഞ ദിവസം സംഭവിച്ച ഗർഭിണിയായ ആനയുടെ മരണത്തിൽ വ്യസനമുണ്ട്. അതിൽ വ്യസനം ഇല്ലാത്ത ഒരു മനുഷ്യനും കാണുമെന്നു തോന്നുന്നില്ല. കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ ലഭിക്കുക തന്നെ വേണം.

പക്ഷേ ഈ ഒരു സംഭവം മുൻനിർത്തി, ഒരു ജില്ലയേയും ഒരു സംസ്ഥാനത്തെയും അപമാനിക്കുന്നതും ആക്ഷേപിക്കുന്നതും ഹീനമാണ്. മേനക ഗാന്ധി മാപ്പുപറയണം. വാസ്തവവിരുദ്ധമായ നിങ്ങളുടെ പ്രസ്താവന പിൻപറ്റി വിഷം വമിപ്പിക്കുന്ന ക്ഷുദ്രജീവികളോട് അതവസാനിപ്പിക്കാൻ പറയണം, അൽപമെങ്കിലും മനുഷ്യത്വം അവശേഷിച്ചിട്ടുണ്ടെങ്കിൽ...

Latest News