എന്നെന്നും കണ്ണേട്ടന്റെ...

മുപ്പത് വർഷങ്ങൾക്കപ്പുറം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരങ്ങളിൽ ഒരു വൃദ്ധൻ വന്നിരിക്കുമായിരുന്നു. മലബാറിലെ റെയിൽ പാത ഇരട്ടിപ്പിച്ചിട്ടില്ലാത്ത അക്കാലത്ത് ചെറിയ റെയിൽവേ സ്റ്റേഷനുകൾ ആളുകൾക്ക് സൊറ പറഞ്ഞിരിക്കാനുള്ള പാർക്കുകൾ പോലെയായിരുന്നു. സൈനിക സേവനം കഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുന്ന കഥാനായകൻ  എല്ലാ ദിവസവും രാത്രി ഏഴ് മണി വരെ അവിടെ തന്നെ ഇരിക്കും. സമീപമുള്ളവരോട് പട്ടാള ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പങ്ക് വെക്കുന്നതിലാണ് മൂപ്പർ രസം കണ്ടെത്തിയിരുന്നത്. ശ്രോതാക്കളിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ച മറ്റു ചിലരും ഉണ്ടാവാറുണ്ട്. ആറര മണിയ്ക്ക് അത് വഴി കടന്നു പോകുന്ന കോയമ്പത്തൂർ-കണ്ണൂർ ലോക്കൽ എത്തുമ്പോഴാണ് ട്രെയിനിലെ യാത്രക്കാരെല്ലാം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ഖദർ ജുബയും മുണ്ടും ധരിച്ചെത്തുന്ന സീനിയർ സിറ്റിസൺ ഏതോ പുരാതന നായർ കുടുംബത്തിലെ അംഗമായിരിക്കാനാണ് സാധ്യത. നല്ല കാലത്ത് മിലിട്ടറിയിലൊക്കെ ചെലവഴിച്ചെങ്കിലും കാലം സമ്മാനിച്ച കുടവയർ മുഖമുദ്രയായി മുന്നിൽ നടക്കും. ട്രെയിൻ  യാത്രക്കാരായ പക്വതയില്ലാത്ത പയ്യന്മാർ മുത്തശ്ശനെയും വെറുതെ വിടാറില്ല. പ്ലാറ്റുഫോമിലൂടെ മൂപ്പർ നടന്നു പോകുന്നത് നോക്കി പരിഹാസ വാക്കുകൾ ചൊരിയും. സഭ്യതയുടെ അതിർവരമ്പ് ലംഘിക്കാതെ ചിലപ്പോഴൊക്കെ വിമുക്ത ഭടനും പ്രതികരിക്കും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി പരിപാടിയിലെ ശ്രദ്ധേയ കഥാപാത്രമാണ് ജാലിയൻ കണാരൻ. ഹരീഷ് എന്ന ചെറുപ്പക്കാരൻ തന്മയത്വത്തോടെ കണാരനെ മിനി സ്‌ക്രീനിൽ അവതരിപ്പിച്ച് കൈയടി നേടി. താന്തിയാതോപ്പിയും ഗാന്ധിയുമായി കഴിഞ്ഞതും ഇന്ത്യയുടെ നോട്ടിൽ കണാരന്റെ ചിത്രം വെക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിച്ചപ്പോൾ സുഹൃത്തായ മഹാത്മാ ഗാന്ധിയോട് അഭ്യർഥിച്ച് ഒഴിഞ്ഞു മാറിയതുമെല്ലാം വിവരിക്കുേേമ്പാൾ ചിരിക്കില്ലെന്ന് വാശി പിടിക്കുന്നവർക്ക് പോലും നിയന്ത്രണം വിട്ടു പോകും. ഹരീഷ് തുടർന്ന് സിനിമയിൽ സജീവമായപ്പോഴും പേരിനൊപ്പം കണാരൻ നിലനിർത്തി. നാഗാലാന്റിലെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ഒരു തേങ്ങ കണാരന്റെ തലയിൽ വീണിട്ടാണ് ന്യൂട്ടന്റെ തത്ത്വം ആവിർഭവിച്ചതെന്ന് മറ്റൊരു എപ്പിസോഡിൽ 
വിവരിച്ചു. ഞങ്ങളൊക്കെ കഷ്ടപ്പെട്ട് സ്വാതന്ത്ര്യം കിട്ടി നാട്ടിലെത്തി നോക്കുമ്പോൾ എല്ലാവരും ഒരു കുന്നിൻ മുകളിൽ നിൽക്കുന്നു. നമ്മളീ കഷ്ടപ്പാടൊക്കെ അനുഭവിച്ചിട്ടും മലയാളികൾക്ക് ഒന്നും ലഭിച്ചില്ലെന്നതാണ് സങ്കടത്തിന് കാരണം. എല്ലാ സ്ഥലങ്ങളും ഓരോരുത്തർ കൊണ്ടുപോയി സംസ്ഥാനങ്ങളുണ്ടാക്കി. നാട്ടുകാരുടെ വിഷമം കണ്ട് സഹിക്കവയ്യാതെ താൻ കൈയിൽ കിട്ടിയ മഴുവെടുത്ത് എറിഞ്ഞതിനെ തുടർന്നാണ് കേരളമുണ്ടായതെന്ന് അവകാശവാദമുന്നയിച്ചപ്പോഴാണ് പോലീസ് സ്‌റ്റേഷനിൽ നിൽക്കുകയായിരുന്ന ഒരു പുള്ളി ആ സ്റ്റേഷനിലെ തെളിയിക്കപ്പെടാത്ത കേസുകളെല്ലാം ഏറ്റെടുത്ത് വധശിക്ഷ ഏറ്റുവാങ്ങാൻ തയാറായത്. വിടൽ സഹിക്കുന്നതിലും ഭേദം അതാണല്ലോ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പ്രദേശത്തെ സ്ലാംഗിലാണ് ജാലിയൻ കണാരന്റെ വിവരണം. ഇവരൊക്കെ പാവങ്ങൾ. ഇന്ത്യയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ദൃശ്യ മാധ്യമ പ്രവർത്തകൻ റിപ്പബ്ലിക് ടി വിയിലെ അർണബ് ഗോസാമിയുടെ തള്ളൽ വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്? 2002ൽ ഗുജറാത്ത് കലാപത്തിന്റെ നാളുകളിൽ അന്നത്തെ മുഖ്യമന്ത്രി മോഡിയുടെ വീട്ടിനടുത്ത് വെച്ച് തീവ്രവാദികൾ സാമിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് ആത്മകഥയിലെ ഒരു ഏട്. ഗുജറാത്തിൽ ലഹള കവർ ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരുടെ സംഘത്തിൽ അർണബ് ഇല്ലായിരുന്നുവെന്ന് വംശഹത്യ കാലത്ത് ഗുജറാത്തിലേക്ക് പോയ ദൃശ്യ മാധ്യമ പ്രവർത്തകർ സാക്ഷ്യപ്പെടുത്തി. പഴയ വീഡിയോ ക്ലിപ്പുകളുമായി ടൈംസ് നൗവും എത്തിയതോടെ വൈകുന്നേരങ്ങളിലെ അട്ടഹാസത്തിന്റെ ഉപജ്ഞാതാവ് വെട്ടിലായി. നാഷൻ വാണ്ട്‌സ് ടു നോ എന്നു ചോദിക്കുമ്പോൾ ഉത്തരമില്ല. 
*** *** ***
  മലപ്പുറത്തെ നിയമസഭാ സീറ്റുകളിൽ യു.ഡി.എഫിന് അനായാസേന വൻ ഭൂരിപക്ഷത്തിന് ജയിക്കാവുന്ന ഒന്നാണ് വേങ്ങര. മണ്ഡല രൂപീകരണത്തിന് കാലപ്പഴക്കമേറെയില്ലെങ്കിലും ഇതിനായി വേർതിരിച്ചെടുത്ത പ്രദേശങ്ങളുൾപ്പെടുന്ന പഴയ മണ്ഡലങ്ങളിലും ലീഗിനാണ് ശക്തിയേറെ. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും വലിയ കാര്യമില്ല. ലീഗ് സ്ഥാനാർഥിക്ക് ഈസിയായി ജയിച്ചു കയറാം. ഇത്തവണ പ്രഖ്യാപന വേള അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. തലേ ദിവസം മുൻ ചീഫ് വിപ്പും മുതിർന്ന ലീഗ് നേതാവുമായ കെ.പി.എ മജീദ് മത്സര രംഗത്ത് നിന്ന് പിന്മാറി.
മഞ്ചേരിയിലെ ലത്തീഫ് വക്കീൽ സ്ഥാനാർഥിയായി വരുമെന്ന നിലയ്ക്കാണ് മാതൃഭൂമി ന്യൂസ് ഉൾപ്പെടെയുള്ള
ചാനലുകൾ രാവിലെ മുതൽ ഇതു സംബന്ധിച്ച വാർത്ത നൽകി തുടങ്ങിയത്. നിയുക്ത സ്ഥാനാർഥി പാണക്കാട്ടേക്ക് പുറപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്കിടെ അഭിമുഖവും നൽകി. മുൻഗാമിയേക്കാൾ കൂടിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മനോരമ ന്യൂസ്, റിപ്പോർട്ടർ, മീഡിയ വൺ എന്നീ ചാനലുകളും ബ്രേക്കിംഗ് ന്യൂസ് നൽകി. ഏഷ്യാനെറ്റും ആദ്യം ലത്തീഫും തുടർന്ന് ഖാദറും സ്ഥാനാർഥിയായ വിവരം റിപ്പോർട്ട് ചെയ്‌തെങ്കിലും നരേന്ദ്രനാഥി
ന്റെ വിവരണം ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ ലേഖകന്മാർക്ക് ചരിത്രബോധം വേണമെന്ന് പറയുന്നതിതാണ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ താൽപര്യവും വഹാബിനെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേളയിലെ തിരിച്ചടിയുമെല്ലാം ഏഷ്യാനെറ്റ് വിശദമായി പ്രതിപാദിക്കുകയും ചെയ്തു. 
കൈരളി പീപ്പിളിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി അന്തി ചർച്ചയിലെ വിഷയം വേങ്ങരയിലെ ഉപ തെരഞ്ഞെടുപ്പ്. ലീഗ് റിബലായി നാമനിർദേശ പത്രിക നൽകിയ അഡ്വ.ഹംസ, ഭാസുരേന്ദ്രബാബു, മുതിർന്ന മാധ്യമ പ്രവർത്തകൻ ജെ. അജിത് കുമാർ എന്നിവരാണ്  ഡോ.              ലാൽ നയിച്ച ചർച്ചയിൽ. ലീഗിന് സക്കീർ ഹുസൈനെ രക്ഷിക്കാനായില്ലെന്ന് ഭാസുരേന്ദ്ര ബാബു ആവർത്തിക്കുന്നു. 
കേട്ടിരിക്കുന്നവർക്ക് ഇതാരെന്ന് പിടികിട്ടിയില്ല. പഴയ രാഷ്ട്രപതിയെ എങ്ങാനുമായിരിക്കുമോ ഉദ്ദേശിച്ചതെന്ന് സംശയവുമുണ്ടായിരുന്നു. വളരെ ഭവ്യതയോടെ അജിത് തിരുത്തുന്നതാണ് കണ്ടത്. സാർ ഉദ്ദേശിച്ചത് സാക്കിർ നായിക്കിനെയല്ലേ എന്നായിരുന്നു അന്വേഷണം. ഇബ്രാഹിം സുലൈമാൻ സേട്ട്, ബാഫഖി തങ്ങൾ തുടങ്ങിയ പോയ കാലത്തെ ലീഗ് നേതാക്കളെ പരാമർശിക്കുമ്പോൾ ഇവരൊക്കെ പാർട്ടിയെ നയിക്കുകയും പി.എം അബൂബക്കർ ഇടത് മന്ത്രിസഭയിൽ അംഗമായിരിക്കുകയും ചെയ്തപ്പോൾ കെ.ടി ജലീൽ വള്ളി നിക്കറുമിട്ട് നടക്കുകയായിരുന്നുവെന്ന പ്രയോഗം ഒരു ജനതയുടെ ആത്മാവിഷ്‌കാര മാധ്യമത്തിന്റെ തിളക്കം കൂട്ടി. 
*** *** ***
ദിലീപിന്റെ നിർണായക ദിനങ്ങളിൽ ആവേശം ഒട്ടും ചോരാതെയാണ് മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈം ടെലികാസ്റ്റ് ചെയ്തത്. ചോദ്യം: ജാമ്യാപേക്ഷ കോടതി അംഗീകരിച്ചാൽ പ്രോസിക്യൂഷൻ എന്ത് ചെയ്യും? ഉത്തരം, തീർച്ചയായും അപ്പീലിന് പോകും. ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ചാനൽ ചർച്ചയിൽ കേട്ടു. ആത്മമിത്രമായ ദിലീപിനെ രക്ഷിക്കാൻ നാദിർഷാ എന്തൊക്കെ ചെയ്യുമെന്ന് ഡെസ്‌ക്. അതേയതെ, മിമിക്രിയിൽ വരെ ദിലീപിനെ പൊക്കി കൊണ്ടുവന്നത് നാദിർഷാ അല്ലേ? ഒരേ പായയയിൽ കിടന്ന് ഒരുമിച്ചുണ്ട് കഴിഞ്ഞവരല്ലേ ... അടുത്ത ദിവസം ചേരുന്ന കോടതിക്ക് ഗൈഡ് വായിച്ച് പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥിയുടെ സുഖം. പ്രതീക്ഷിച്ചത് പോലെ ദിലീപിന് ഒരിടത്തും ജാമ്യം ലഭിച്ചില്ല. അമിതാവേശത്തിന് ഒരു കുഴപ്പമുണ്ട്. അബദ്ധങ്ങളും അതിനൊപ്പം വരുന്നത് സ്വാഭാവികമാണ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഹരജി പരിഗണിച്ച ദിവസം മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അങ്കമാലി ഹൈക്കോടതി ജസ്റ്റിസ്.. അടിപൊളി. 
*** *** ***
റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടറിൽ അതിഥിയായെത്തിയത് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വി.എസിന്റെ പ്രായാധിക്യത്തെ പറഞ്ഞാണ് മന്ത്രി തള്ളിയത്. തൊട്ടടുത്ത ദിവസം സഖാവ് കോടിയേരി പുതിയ മന്ത്രിയെ പറ്റി പൊതുയോഗത്തിൽ പറഞ്ഞത് സംഘപരിവാറുകാർ അൽഫോൻസ് കണ്ണന്താനത്തെ കണ്ണേട്ടൻ എന്നേ വിളിക്കാറുള്ളുവെന്നാണ്. കണ്ണേട്ടനായാലും അൽഫിയായാലും അദ്ദേഹം അഭിലാഷുമായുള്ള  അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. കേരളം ഇന്ത്യയിലെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനാണ്. അതിൽ തന്നെ മൂന്നാറിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ല. എന്നാൽ മൂന്നാറിലെത്തുന്ന ടൂറിസറ്റുകൾക്ക് അവിടെ താമസിക്കാൻ സൗകര്യമില്ല. പകൽ മൂന്നാറിൽ ചെലവഴിച്ച് രാത്രി എറണാകുളത്തോ, കോട്ടയത്തോ താമസിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യം മാറേണ്ടതുണ്ട്. ടാറ്റയുടെ പക്കലുള്ള സ്ഥലം നിയമപരമായി ഏറ്റെടുത്ത് ഇതിനുള്ള സൗകര്യമേർപ്പെടുത്തണം. ഐ.എ.എസുകാരുടെ തലയിൽ ആൾപാർപ്പില്ലെന്ന് എഴുതി തള്ളാൻ വരട്ടെ. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചർച്ച ചെയ്തത് കൊച്ചിയിലെ ഓൺ ലൈൻ ടാക്‌സി
ഡ്രൈവറെ സീരിയൽ താരങ്ങൾ ഉപദ്രവിച്ചതിനെ പറ്റിയായിരുന്നു. മോഡറേറ്റർ പീഡിതനായ ഡ്രൈവറോട് നീതി പുലർത്തിയില്ലെന്ന് വ്യക്തമാണ്. 
*** *** ***
രാമലീല സിനിമ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് മഞ്ജു വാരിയർ. സിനിമ കാണാനുള്ള അവകാശം ലംഘിക്കുന്നത് ശരിയല്ല. ഈ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു-ഇതാണ് പ്രൊഫഷണലിസം.  
 

Latest News