Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ മരിച്ചത് 46 മലയാളികള്‍; അനുഭവം വിവരിച്ച് പത്രപ്രവര്‍ത്തകന്‍

കുവൈത്തിലെ കോവിഡ് മരണങ്ങളെ കുറിച്ച് പത്രപ്രവർത്തകന്‍ എം.എം. ഹസ്സന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ഇത് വല്ലാത്തോരു അനുഭവം
==================

40 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല, ഗൾഫിലെ 23വർഷത്തിനിടെ പ്രത്യേകിച്ചും. ഒരുമാസത്തിനിടെ 46 മലയാളികളുടെ മരണമാണ് റിപ്പോർട്ട് ചെയ്യേണ്ടിവന്നത്.
മരണം റിപ്പോർട്ട് ചെയ്യുക എന്നത് പത്രപ്രവർത്തന ജീവിതത്തിൽ പ്രത്യേക വികാരമുളവാക്കേണ്ട കാര്യമൊന്നുമല്ല. ഒട്ടേറെ മരണങ്ങൾ അങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. 100ലേറെ പേർ മരിച്ച പെരുമൺ തീവണ്ടി ദുരന്തം റിപ്പോർട്ട് ചെയ്യേണ്ട നിയോഗമുണ്ടായപ്പോഴും അങ്ങനെയൊരു മരവിപ്പ് മനസിനുണ്ടായിട്ടില്ല. കൊല്ലം ജില്ലാ ആശുപത്രിയിലെ വാഹന പാർക്കിങ് ഏരിയയിൽ വരെ നിരനിരയായി കിടത്തിയ മൃതദേഹങ്ങൾക്കരികിലൂടെ കടന്നുപോയപ്പോഴും തൊഴിൽ ചെയ്യുന്നുവെന്ന മാനസികാവസ്ഥ മാത്രമായിരുന്നു. കായലിൽ മുങ്ങിയുള്ള മരണമായതിനാൽ അവിടെക്കണ്ട മൃതദേഹങ്ങൾക്കൊന്നും മരണത്തിൻറെ മണമുണ്ടായിരുന്നില്ല. ഒടിവും ചതവുമൊന്നുമില്ലാത്തവയായിരുന്നു മൃതദേഹങ്ങളെല്ലാം. ഒറ്റക്കാഴ്ചയിൽ ഒട്ടേറെപ്പേർ നിരനിരയായി കിടന്നുറങ്ങുന്നത് പോലൊരു ദൃശ്യം. അവിടെ മനസുടക്കിയ കാഴ്ച വെളുത്ത ഫ്രോക്കിട്ട മൂന്നോനാലോ വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമായിരുന്നു. പൂപുഞ്ചിരിയുമായി കിടന്നുറങ്ങുന്നതുപോലൊരു കുട്ടി.
അതിന് ശേഷം ജോലി ചെയ്ത ഇടങ്ങളിൽനിന്നെല്ലാം റിപ്പോർട്ടുകളിൽ മരണവും കൈകാര്യം ചെയ്തിട്ടുണ്ട്. ആത്മഹത്യകൾ തൊട്ട് അപകടമരണങ്ങളും കൊലപാതകങ്ങളും സാദാ മരണങ്ങളുമൊക്കെ അവയിൽപ്പെടും. 1992ലെ പൂന്തുറകലാപത്തിൽ മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു കൊലപാതകങ്ങൾ. കത്തിച്ചാമ്പലായ വീടുകളും കെട്ടിടങ്ങളും തകർക്കപ്പെട്ട സ്ഥാപനങ്ങളും അതിനിടെ കൊലപാതക വിവരങ്ങളുമെല്ലാം വാർത്തയിൽ ഇടംപിടിച്ചുവെങ്കിലും പത്രപ്രവർത്തകൻറെ യാന്ത്രികമനസായിരുന്നു അപ്പോഴെല്ലാം. ഇന്നിപ്പോൾ അനുഭവിക്കുന്ന മരവിപ്പ് അന്നും ഉണ്ടായിട്ടില്ല.
കുവൈത്തിൽ എത്തിയ ശേഷമുള്ള ആദ്യകാലത്ത് മരണ വാർത്തകൾ എന്നത് വല്ലപ്പോഴും വന്നുഭവിക്കാറുള്ളത് മാത്രമായിരുന്നു. കുവൈത്തിൽ മലയാളി മരിച്ചു എന്നത് അത്യപൂർവ വാർത്തകളുടെ കൂട്ടത്തിലുമായിരുന്നു. പയ്യെപ്പയ്യെ മരണ നിരക്കിൽ വർധനയുണ്ടായി. മറ്റുപല വാർത്തകളും പോലെ മരണവാർത്തയും റിപ്പോർട്ട് ചെയ്യുന്നു എന്ന വികാരം മാത്രമേ അപ്പോഴും ഉണ്ടായിട്ടുള്ളൂ. ഇന്നിപ്പോൾ ആകെ മാറിയിരിക്കുന്നു. രണ്ടോ മൂന്നോ മാസത്തിൽ ഒരു മരണ വാർത്ത റിപ്പോർട്ട് ചെയ്തിടത്ത് ഒരുദിവസം നാലും അഞ്ചും മരണവാർത്തകൾ എഴുതേണ്ടിവരിക. അതും ദിവസങ്ങളുടെ ഇടവേളയില്ലാത്തവിധം.
അത് മാത്രമല്ല, ഒരുതുടർച്ചയെന്ന നിലയിൽ മരിച്ചവരുടെ പട്ടിക തയാറാക്കിവക്കേണ്ടിവരിക. എനിക്കെന്നല്ല പത്രപ്രവർത്തനം തൊഴിലാക്കിയ അങ്ങനെയൊരു മുൻഅനുഭവവും കാണില്ല. ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന മലയാളി പത്രപ്രവർത്തകർക്കെങ്കിലും അതൊരു ശീലമായിരിക്കുന്നു. പട്ടികയിൽ ഒരിക്കലും കണ്ടിട്ടില്ലാത്തവരും അറിഞ്ഞിട്ടില്ലാത്തവരുമുണ്ട്. വളരെയടുത്ത് അറിയുന്നവരുമുണ്ട്.
വല്ലാത്തൊരു അനുഭവം തന്നെ എഴുതി ഫലിപ്പിക്കാനാകാത്തവിധമുള്ള പ്രത്യേക മാനസികാവസ്ഥ.
കോവിഡ് 19 എന്ന മഹാമാരി ബാധിച്ച് മരിച്ചവർ മാത്രമല്ല, ആത്മഹത്യ ചെയ്തവർ തൊട്ട് ഹൃദയാഘാതം, അർബുദം,ഉദരരോഘം തുടങ്ങി പല കാരണങ്ങളാൽ മരിച്ചവരുമുണ്ട് അക്കൂട്ടത്തിൽ.
പ്രവാസലോകത്തേക്ക് പ്രതീക്ഷയോടെ എത്തിപ്പെട്ടവരാണ് അവരൊക്കെ. ഒത്തിരിയൊത്തിരി പ്രതീക്ഷകളുമായി കഴിഞ്ഞുകൂടിയവർ. മഹാമാരി കൊണ്ടുപോയത് മലയാളി ജീവനുകൾ മാത്രമല്ല.
കുവൈത്തിൽ കോവിഡ് ബാധിച്ച് മേയ് 31 വരെ 212 പേരാണ് മരിച്ചത്. അവരിൽ 30 പേർ മലയാളികളും. ആ മലയാളികളിൽ 27പേരും മരിച്ചത് മേയ് മാസത്തിലാണ്. അവരുൾപ്പെടെ കുവൈത്തിൽ മരിച്ച മലയാളികൾ 46
മാസത്തിൻറെ തുടക്കത്തിലെ സാഹചര്യമല്ല ഒടുക്കത്തിൽ എന്നത് നേരിയ ആശ്വാസമാകുന്നുണ്ട് രോഗമുക്തരുടെ എണ്ണം വർധിക്കുന്നുവെന്ന ആശ്വാസം. അപ്പോഴും ഒരുമാസത്തിനിടെ ഇത്രയും മരണം റിപ്പോർട്ട് ചെയ്യേണ്ടിവന്നുവെന്നതിലെ മരവിപ്പ്! അത് വല്ലാത്തൊരു അനുഭവം തന്നെ.

Latest News