Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധവും ലോകാരോഗ്യ സംഘടനയും 

കോവിഡ്19 ലോകത്തെയാകമാനം പിടിച്ചുകുലുക്കിയതിനെ തുടർന്ന്  വികസിത, വികസ്വര രാജ്യങ്ങളൊക്കെ പരിഹാരം തേടി പരക്കം പായുമ്പോഴും അമേരിക്ക ലോകാരോഗ്യ സംഘടനക്കുളള ഫണ്ടുകൾ പിൻവലിച്ചതടക്കമുള്ള നടപടികൾ സ്വീകരിച്ചത്  ലോകം മറന്നിരിക്കാനിടയില്ല. കോവിഡ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന പൂർണ പരാജയമാണെന്നാരോപിച്ച് സംഘടനയുമായുള്ള  എല്ലാ ബന്ധങ്ങളും പൂർണമായും അവസാനിപ്പിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ലോകം ഞെട്ടലോടെയാണ് കേട്ടത്. 
അധ്യാപകൻ ഗുണദോഷിച്ചതിനാൽ സ്‌കൂളിൽ പോകാൻ വിമ്മിട്ടം കാണിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയാണിതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകുമോ.   ലോകം നിർണായകമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്ത ബോധത്തോടെയുള്ള നടപടികളാണ് സംസ്‌കാര സമ്പന്നരും അഭ്യസ്തര വിദ്യരും സർവോപരി പുരോഗതിയുടെ നായകരുമായ വൻകിട രാജ്യങ്ങളിൽ നിന്നും ലോകം പ്രതീക്ഷിക്കുന്നത്. 


ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്19 രോഗബാധിതരുള്ളതും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും അമേരിക്കയിലാണെന്ന കാര്യം നാം ഓർക്കുക.  കോവിഡ് ചികിൽസക്ക് സഹായകമാകുമെന്ന് കരുതുന്ന ഹൈഡ്രോ ക്‌ളോറോക്വിൻ മരുന്നുകളുടെ കയറ്റുമതി നിയന്ത്രിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തി നയം മാറ്റിച്ചതിലും  അമേരിക്കയുടെ അപക്വമായ സമീപനമല്ലേ നാം കണ്ടത്. 
ജനാധിപത്യം പലപ്പോഴും ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനും വഴിമാറുന്നുണ്ടോ എന്നു സംശയിക്കാവുന്ന സ്ഥിതി വിശേഷമാണിത്. ഡൊണാൾഡ്  ട്രംപ്  അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതു മുതൽ യു.എന്നുമായുള്ള ബന്ധം വഷളായിരുന്നു. യു.എൻ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ, യുനെസ്‌കോ തുടങ്ങിയവയിൽ നിന്ന് അമേരിക്ക പിന്മാറിയത് ട്രംപ് പ്രസിഡന്റായതിന് പിന്നാലെയാണ്. യു.എന്നുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര ബോഡിയായ ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറാനുള്ള തീരുമാനം പ്രസിഡന്റ് പദത്തിൽ രണ്ടാമൂഴം മോഹിക്കുന്ന അദ്ദേഹത്തിന്റെ വിവേക രഹിതമായ നടപടിയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


450 ദശലക്ഷം ഡോളറാണ് അമേരിക്ക വർഷം തോറും ലോകാരോഗ്യ സംഘടനക്ക് നൽകിവരുന്നത്. ഒരു രാജ്യത്തുനിന്നും ലോകാരോഗ്യ സംഘടനക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണിത്.  എന്നാൽ പ്രതിവർഷം കേവലം 40 ദശലക്ഷം ഡോളർ മാത്രം നൽകുന്ന ചൈന സംഘടനയെ പൂർണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം. ലോകാരോഗ്യ സംഘടന തങ്ങൾ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാണ് ട്രംപിന്റെ നിലപാട്.   ചൈനയിൽ ആദ്യമായി വൈറസ് കണ്ടെത്തിയപ്പോൾ ലോകാരോഗ്യ സംഘടന ലോകത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ഏത് അന്താരാഷ്ട്ര സംഘടനക്കുമെന്ന പോലെ ലോകാരോഗ്യ സംഘടനക്കും പ്രവർത്തന രൂപരേഖയും സംവിധാനങ്ങളുമുണ്ടാകും. നയസമീപനങ്ങളിലോ നിലപാടുകളിലോ അപാകതകളും സംഭവിക്കാം. അത്തരം സന്ദർഭങ്ങളിൽ അപാകതകൾ ചൂണ്ടിക്കാണിക്കുകയും ആവശ്യമായ തിരുത്തൽ  നടപടികൾ സ്വീകരിക്കുകയുമാണ് പ്രധാനം. സംസ്‌കാരവും വിദ്യാഭ്യാസവുമുള്ള ലോകക്രമത്തിൽ ഉത്തരവാദിത്ത ബോധത്തോടെയുള്ള നിലപാടുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലാർ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രയേസിസ് എത്യോപ്യയിലെ മുൻ ആരോഗ്യകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലകളിൽ പ്രായോഗിക സമീപനങ്ങളാലും ക്രിയാത്മക ഇടപെടലുകളാലും ശ്രദ്ധേയനാണ്. അദ്ദേഹവും സംഘവും ഏറെ സൂക്ഷ്മതയോടെയും സുതാര്യവുമായാണ്  കോവിഡ്19 മായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നാണ് വിഷയം നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ മനസ്സിലാവുക. 


കോവിഡിനെതിരെ ഒന്നിച്ചുനിൽക്കുവാനും ആരോഗ്യമുള്ള ഒരു ലോകത്തിനായി ഒറ്റക്കെട്ടായി മുന്നേറുവാനും ആഹ്വാനം ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ കഴിഞ്ഞ ദിവസം ചെയ്ത പ്രസംഗം ലോകമാകെ ചർച്ച ചെയ്തുകൊണ്ടിരിക്കേയാണ് സംഘടനയിൽ നിന്ന് തന്നെ പിന്മാറാനുള്ള അമേരിക്കൻ തീരുമാനം പുറത്തു വരുന്നത് എന്നത്  ഏറെ ദൗർഭാഗ്യകരമാണ്. 
2017 ൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റപ്പോൾ ഡോ. ടെഡ്‌റോസ് ചെയ്ത നയപ്രഖ്യാപനം അദ്ദേഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വരച്ചുകാട്ടുന്നതായിരുന്നു -അദ്ദേഹം പറഞ്ഞു. അവർ ആരാണെന്നോ എവിടെയാണെന്നോ പരിഗണിക്കാതെ എല്ലാവർക്കും ആരോഗ്യകരവും ഉൽപാദനപരവുമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു ലോകത്തെയാണ് ഞാൻ വിഭാവനം ചെയ്യുന്നത്.  സുസ്ഥിര വികസനത്തിനായുള്ള ആഗോള പ്രതിബദ്ധത ഏറെ പ്രധാനമാണ്.  ഈ കാഴ്ചപ്പാട് കൈവരിക്കുന്നതിന്  നമുക്ക് ശക്തമായ, ഫലപ്രദമായ ഒരു  ലോകാരോഗ്യ സംഘടനയാണ് ആവശ്യം. കാലാകാലങ്ങളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുവാനും കഴിയുന്ന ഒരു കൂട്ടായ്മ. 21 ാം നൂറ്റാണ്ടിലേക്ക് യോജിക്കുന്ന ഒരു ലോകാരോഗ്യ സംഘടനയാണ് നമുക്കാവശ്യം.   അത് എല്ലാവരുടേതും തുല്യമാണ്. സുതാര്യത, ഉത്തരവാദിത്തം, പണത്തിന്റെ മൂല്യം എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതും വേണ്ടത്ര റിസോഴ്‌സ് ചെയ്യുന്നതും ഫലങ്ങൾ നയിക്കുന്നതുമായ ഒരു ലോകാരോഗ്യ സംഘടനയാണ് നമ്മുടെ സ്വപ്നം.  
സുപ്രധാനമായ  സാമൂഹ്യ ഉത്തരവാദിത്തങ്ങളും തിരിച്ചറിവുകളും നൽകുന്ന ഈ നയപ്രഖ്യാനത്തിൽ  ഊന്നിയാണ് കഴിഞ്ഞ മൂന്ന് വർഷമായി ലോകാരോഗ്യ സംഘടന മുന്നോട്ടു പോകുന്നത്. നിരന്തരമായ ഗവേഷണങ്ങളും പഠനങ്ങളും നൂതനങ്ങളായ ചികിൽസാ പ്രോട്ടോകൾ ആവിഷ്‌കരിച്ച് നടപ്പാക്കുവാൻ സംഘടനയെ പ്രാപ്തമാക്കി. എല്ലാവർക്കും ആരോഗ്യമെന്ന സുപ്രധാനമായ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിനിടെയാണ് കോവിഡ്19 ലോകത്തെയാകെ നിശ്ചലമാക്കിയത്. പ്രതിസന്ധിയിൽ തളരാതെ, പരസ്പരം പഴിചാരി താൽക്കാലികാശ്വാസം കണ്ടെത്താതെ ഒറ്റക്കെട്ടായി പ്രതിസന്ധിയെ മറികടക്കുവാനുള്ള ഇഛാശക്തിയാണ് സന്ദർഭം ആവശ്യപ്പെടുന്നത്. 


 കോവിഡ്19 അത്ര പെട്ടെന്നൊന്നും ലോകത്തെ വിട്ടുപോകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. പ്രതിരോധ വാക്‌സിൻ കണ്ടുപിടിച്ചാലും കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. സമൂഹത്തിന്റെ നിതാന്ത ജാഗ്രതയും പരിചരണവുമാണ് സന്ദർഭം ആവശ്യപ്പെടുന്നത്.  
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രയേസിസ് മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ നമ്മുടെയൊക്കെ അടിയന്തര ശ്രദ്ധയർഹിക്കുന്നുണ്ട്.  സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ ലോകത്തിന്റെ വളർച്ചാവേഗം കുറക്കുകയും പുരോഗമന സ്വപ്‌നങ്ങൾ തകർക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ലോകം ഒത്തൊരുമിച്ചു നിന്നാണ് മുന്നേറേണ്ടത്.  അദ്ദേഹത്തിന്റെ ഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ-: 


കോവിഡ്19 ജനജീവിതം  ആകെ മാറ്റിമറിച്ചിരിക്കുന്നു. എന്റെ കുടുംബവും വ്യത്യസ്തമല്ല. എന്റെ മകൾ ഇപ്പോൾ ഓൺലൈൻ കഌസുകളിലൂടെയാണ് പഠിക്കുന്നത്. കാരണം അവളുടെ സ്‌കൂൾ അടച്ചിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തും സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാണ്. എന്നാൽ കൊറോണ വൈറസിനെ തുരത്തുകയോ പിടിച്ചുകെട്ടുകയോ ചെയ്ത രാജ്യങ്ങളുടെയും നഗരങ്ങളുടെയും അനുഭവം മറ്റുള്ളവർക്ക് ധൈര്യവും പ്രചോദനവുമാണ് നൽകുന്നത്. മഹാമാരിയുടെ കാലത്ത് സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഓരോരുത്തരും പ്രാധാന്യം  നൽകേണ്ടത്. രോഗം വന്ന ശേഷം ചികിൽസിക്കുന്നതിന് പകരം രോഗം വരാതെ നോക്കലാണ് നല്ലത്.  വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം സംരക്ഷിക്കപ്പെടുമ്പോൾ സ്വാഭാവികമായും രാജ്യങ്ങളുടെ ആരോഗ്യ നിലയാണ് മെച്ചപ്പെടുക. 
ആരോഗ്യത്തോടെയിരിക്കുവാൻ സഹായകമായ അഞ്ച് നിർദേശങ്ങളാണ് എനിക്ക് മുന്നോട്ടു വെക്കുവാനുള്ളത്.  ആരോഗ്യദായകവും പോഷക സമൃദ്ധവുമായ ഭക്ഷണം ശീലിക്കുക എന്നതാണ് അതിൽ ആദ്യത്തേത്. ഇത് നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കാരണമാകും. 
ലഹരി ഉപഭോഗം പരിമിതപ്പെടുത്തുകയും പഞ്ചസാര ചേർത്തുള്ള പാനീയങ്ങൾ ഒഴിവാക്കുകയും ചെയ്യുക  എന്നതാണ് രണ്ടാമത്തെ നിർദേശം. ലഹരി ഉപഭോഗവും പഞ്ചസാര അധികം ചേർത്തുള്ള പാനീയങ്ങൾ കുടിക്കുന്നതും നമ്മുടെ രോഗപ്രതിരോധ ശേഷി കുറക്കും. 
 പുകവലിക്കാതിരിക്കുകയെന്നതാണ് അടുത്തത്. കോവിഡ്19 ബാധിച്ചവരുടെ രോഗാവസ്ഥ മോശമാകുവാൻ പുകവലി കാരണമാകും. പുകവലിയും ശ്വാസകോശ രോഗങ്ങളും തമ്മിലുള്ള രസതന്ത്രം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. 

 

ദിനേനയുള്ള വ്യായാമമാണ് സുപ്രധാനമായ നാലാമത്തെ നിർദേശം. പ്രായപൂർത്തിയായവർ ദിനേന ചുരുങ്ങിയത് അര മണിക്കൂറും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്.  നടക്കാനോ ഓടാനോ പുറത്തു പോകുന്നതിന് നിങ്ങളുടെ രാജ്യത്തിന്റെ പ്രാദേശിക നിയന്ത്രണങ്ങളില്ലെങ്കിൽ സുരക്ഷിതമായ ശാരീരിക അകലം പാലിച്ചുകൊണ്ട്  പുറത്തും അല്ലെങ്കിൽ അകത്തും വ്യായാമം ചെയ്യാം. വീട് വിട്ട് പുറത്തു പോകാൻ കഴിയാത്തവർക്ക് പാട്ടിനൊത്ത് തുള്ളിയോ യോഗ, ധ്യാനം മുതലായവ ചെയ്‌തോ കോണിപ്പടികൾ കയറി ഇറങ്ങിയോ വ്യായാമം ഉറപ്പിക്കാം.   അതേപോലെ തന്നെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഒരേ ഇരിപ്പിൽ ദീർഘനേരം കഴിയുന്നതിന് പകരം ഇടക്ക് എഴുന്നേറ്റ് നടക്കാൻ ശ്രദ്ധിക്കണം. ഓരോ അര മണിക്കൂറിലും മൂന്ന് മിനിറ്റെങ്കിലും ഇങ്ങനെ ബ്രേക്കെടുക്കുന്നത് ഏറെ നല്ലതാണ്. 
മാനസികാരോഗ്യം സംരക്ഷിക്കുകയെന്നതാണ് അഞ്ചാമത്തെ നിർദേശം. സാമ്പത്തികമായും സാമൂഹികമായും പ്രതിസന്ധികളുണ്ടാകുമ്പോൾ മാനസിക സമ്മർദമുണ്ടാവുക സ്വാഭാവികമാണ്. നിങ്ങൾക്ക് അടുത്തറിയുന്നവരും വിശ്വാസമുള്ളവരുമായി സംസാരിക്കുകയും ആത്മവിശ്വാസം പകരുന്ന സന്ദേശങ്ങൾ കൈമാറുകയും ചെയ്യുക. അയൽവാസികളും സുഹൃത്തുക്കളുമടക്കമുള്ള സമൂഹത്തിലെ ബന്ധപ്പെട്ടവർക്ക് ആശ്വാസം പകരാൻ ശ്രമിക്കുക. പല കേസുകളിലും അനുകമ്പ ഒരു വലിയ മരുന്നാണ്. സംഗീതമാസ്വദിക്കുന്നതും നല്ല പുസ്തകം വായിക്കുന്നതും ഇഷ്ടപ്പെട്ട ഗെയിം കളിക്കുന്നതുമൊക്കെ മനസ്സിന്റെ ഭാരം കുറക്കുവാൻ സഹായിക്കും. പേടിപ്പെടുത്തുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നത് നിങ്ങൾക്ക് ആശങ്കയും ഉൽക്കണ്ഠയും വർധിപ്പിക്കാനിടയുള്ളതിനാൽ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും  നിത്യവും ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വിവരങ്ങൾ അറിയുക.


കോവിഡ്19 നമ്മിൽ നിന്നും പലതും എടുത്തുകൊണ്ടുപോകുന്നു. എന്നാൽ സവിശേഷമായ ചിലതൊക്കെ അത് നമുക്ക് നൽകുന്നുമുണ്ട്. ഏക മാനവികതയുടെ അടിസ്ഥാനത്തിൽ ഒന്നിക്കാനുള്ള അവസരം. ഒരുമിച്ച് പ്രവർത്തിക്കുവാനും ഒരുമിച്ച് പഠിക്കാനും ഒരുമിച്ച് വളരാനുമുള്ള അമൂല്യാവസരം. ഇവ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്. 
 പകർച്ചവ്യാധിയുടെ തുടക്കം മുതൽ തന്നെ ശാസ്ത്രീയമായ രീതിയിൽ രോഗവ്യാപനം തടയുവാനും ജീവൻ രക്ഷിക്കുവാനുമുള്ള ശ്രമങ്ങളുമായാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു പോകുന്നത്.  
ശാസ്ത്രം അവിശ്വസനീയമായ വേഗത്തിൽ നീങ്ങുന്നു. വാക്‌സിനുകൾ, ഡയഗ്‌നോസ്റ്റിക്‌സ്, ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ ദിവസവും ശുഭ വാർത്തകളാണ് പുറത്തു വരുന്നത്. എന്നാൽ എല്ലാ ആളുകൾക്കും ഈ ഗവേഷണങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുമോ? അതോ, ആളുകൾ ഉപേക്ഷിക്കപ്പെടുന്ന മറ്റൊരു കാരണമായി അവ മാറുമോ? ഇവയാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ചോദ്യങ്ങൾ.
കോവിഡ് 19 നുള്ള വാക്‌സിനുകൾ, ഡയഗ്‌നോസ്റ്റിക്‌സ്, തെറാപിറ്റിക്‌സ് എന്നിവയുടെ വികസനം, ഉൽപാദനം, തുല്യമായ വിതരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനും ഊർജിതമായ നടപടികളാണ് സ്വീകരിച്ചത്. 
കോവിഡ് 19 ടെക്‌നോളജി ആക്‌സസ് പൂൾ അല്ലെങ്കിൽ സിടാപ് സമാരംഭിക്കുന്നതിന്  35 രാജ്യങ്ങളിലായി നിരവധി പങ്കാളികളുമായി ചേർന്നാണ് ലോകാരോഗ്യ സംഘടന പദ്ധതി തയാറാക്കിയിരിക്കുന്നത്. 
സിടാപ്പിന് അഞ്ച് മുൻഗണനകളുണ്ട്:
ആദ്യം, ജീൻ സീക്വൻസിംഗ് ഗവേഷണത്തിന്റെ പരസ്യമായ വെളിപ്പെടുത്തൽ;
രണ്ടാമതായി, എല്ലാ ക്ലിനിക്കൽ ട്രയൽ ഫലങ്ങളുടെയും പരസ്യമായ വെളിപ്പെടുത്തൽ;
മൂന്നാമത്, തുല്യമായ വിതരണത്തെക്കുറിച്ചും ട്രയൽ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള കരാറുകളിൽ ക്ലോസുകൾ ഉൾപ്പെടുത്താൻ സർക്കാറുകളെയും ഗവേഷണ ഫണ്ടർമാരെയും പ്രോത്സാഹിപ്പിക്കുക;


നാലാമതായി, വലുതും ചെറുതുമായ നിർമാതാക്കൾക്ക് ലൈസൻസിംഗ് ചികിത്സകളും വാക്‌സിനുകളും;
അഞ്ചാമതായി, പ്രാദേശിക ഉൽപാദനവും വിതരണ ശേഷിയും വർധിപ്പിക്കുന്ന ഓപൺ ഇന്നൊവേഷൻ മോഡലുകളും സാങ്കേതിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നു.
കോവിഡ്19 തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണങ്ങൾ ആഗോള പൊതു ചരക്കുകളാണ്, അത് എല്ലാ ആളുകൾക്കും ആക്‌സസ് ചെയ്യാവുന്നതാണ്.
ശാസ്ത്രം നമുക്ക് പരിഹാരങ്ങൾ നൽകുന്നു, എന്നാൽ ആ പരിഹാരങ്ങൾ എല്ലാവർക്കുമായി നടപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടനക്ക് പൊതുജനങ്ങളുടെ  ഐക്യദാർഢ്യം ആവശ്യമാണ്.
കോവിഡ്19 നമ്മുടെ ലോകത്തിലെ അസമത്വങ്ങൾ ഉയർത്തിക്കാട്ടി. എന്നാൽ ആ അസമത്വങ്ങൾ പരിഹരിക്കുന്നതിനും മികച്ച ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരവും ഇത് നമുക്ക് വാഗ്ദാനം ചെയ്യുന്നു  ആരോഗ്യം ചുരുക്കം ചിലർക്കുള്ള ഒരു പദവിയല്ല, മറിച്ച് ഒരു പൊതുനന്മയാണ്.


കൊറോണ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയ കോഴിക്കോട് ജില്ലക്കാരനായ പെയിന്റ് തൊഴിലാളി ചൂട്ട് മോഹൻ ദാസിന്റെ 
പണമാണ് വലിയതെന്നാരോ പറഞ്ഞു.
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു.
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു 
എന്നീ വരികൾ എത്രത്തോളം പ്രസക്തവും അന്വർഥവുമാണെന്ന് സമകാലിക സംഭവ വികാസങ്ങൾ അടിവരയിടുന്നു. 

 

Latest News