Sorry, you need to enable JavaScript to visit this website.

ചില ലോക്ഡൗൺ മനോഗതങ്ങൾ

മാർച്ച് പന്ത്രണ്ട് വ്യാഴാഴ്ച. ഏകദേശം വൈകുന്നേരം നാലു മണി. ഏരിയ ഓഫീസിൽ നിന്നും ഒരു ഇ. മെയിൽ. അടുത്ത ഞായറഴ്ച മുതൽ എല്ലാവരും വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതി. തൽക്കാലത്തേക്ക് നിങ്ങളുടെ ഓഫീസ് നിങ്ങളുടെ വീട്ടിലേക്ക് മാറ്റുക.
ഓഫീസിൽ എല്ലാവരും വളരെ സന്തോഷം പ്രകടപ്പിച്ചു. എനിക്ക് മാത്രം സന്തോഷം തോന്നിയില്ല. കാരണം ഞാൻ വീട്ടിൽ ഒറ്റക്കാണ്. ഇതുവരെ മോൾ കൂടെ ഉണ്ടായിരുന്നു. അവൾ നാട്ടിൽ പോയതിന്റെ ശേഷം അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും വീട്ടിൽ ഒറ്റക്ക് ആവുന്ന കാരണത്താൽ എനിക്ക് സന്തോഷം തോന്നാറില്ലായിരുന്നു. അപ്പോഴാണ് അനിശ്ചിതമായി ഒറ്റക്ക് വീട്ടിൽ ഇരുന്ന് ജോലി.
വീട്ടിൽ ഇരുന്ന് എന്ത് ജോലി ചെയ്യും എന്നും രാവിലെ 10 മണിക്ക് ഒരു 30 മിനിട്ട് നേരം ടെലിപ്രസന്റ് മീറ്റിംഗ്, ജസ്റ്റ് മാനജ്‌മെന്റ് ചിറ്റ് ചാറ്റ്, അത് കഴിഞ്ഞാൽ വീട്ടിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.


ആദ്യ ദിവസമാണ് വീടൊക്കെ ആകെ വൃത്തകേടായി കിടക്കുകയാണല്ലോ എന്നോർത്തത്. നല്ല രീതിയിൽ ഭക്ഷണം കഴിച്ചിട്ടും കുറെ നാളുകൾ ആയിരിക്കുന്നു. എന്ത് ചെയ്യും. ഏതെങ്കിലും ഒന്നേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ ടോസ് ചെയ്യാൻ തീരുമാനിച്ചു, ടോസ് നേടിയത് വീട് ക്ലീൻ. അങ്ങനെ നാലു മണിക്കൂർ സമയമെടുത്ത് വീട് ക്ലീൻ. ബാക്കിയുള്ള സമയം ഏതൊക്കെയോ ഭാഷകളിലുള്ള സിനിമകൾ കണ്ടും കാണാതെയും സമയം കഴിച്ചു. രാത്രിയായി, ഉറക്കം വരുന്നില്ല. മാനസികമായി തളർന്ന അവസ്ഥ. എപ്പോഴോ ഒന്ന് കണ്ണ് ചിമ്മിപ്പോയി. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ആരോ അടുക്കളയിലെ വാട്ടർ ഡിസ്‌പെൻസറിൽ നിന്നും വെള്ളമെടുക്കുന്ന ശബ്ദം. വെള്ളത്തിന്റെ കുമിളകൾ മേലോട്ട് പൊങ്ങിപ്പോകുന്ന ശബ്ദം. ഞാൻ മാത്രമേ വീട്ടിലുള്ളൂ. സ്വൽപം പേടിച്ചാണെങ്കിലും പതുക്കെ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ പോയിനോക്കി. വെള്ളക്കുമിളകൾ പൊങ്ങുന്നത് മാത്രം കണ്ടു. വേറെ ആരെയും കണ്ടില്ല. ഞാൻ  ആകെ  ഒന്ന് ഞെട്ടി. ഇതെന്ത് കഥ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്. വേറെ ഒരു അനുഭവം ഉണ്ടായത് പെട്ടെന്നോർത്തു. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വരുന്ന സമയം നന്നായി അമേരിക്കൻ ആക്‌സന്റിൽ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് ബാംഗ്ലാദേശി പയ്യൻമാർ കോറിഡോറിൽ നിൽക്കുന്നു. എന്നെ കണ്ടതും അതിൽ ഒരുത്തൻ എന്നോട് ചോദിച്ചു: നിങ്ങൾ ഇവിടെയാണോ താമസിക്കുന്നത്? അതെ എന്ന് ഞാൻ ഉത്തരം പറഞ്ഞു. അവൻ എന്നോട് വീണ്ടും ചോദിച്ചു:  ഈ ബിൽഡിംഗിൽ പ്രേതം ഉണ്ടോ?


അപ്പോൾ ഞാൻ തമാശക്ക് പറഞ്ഞു: നീ പ്രേതത്തോടാണ്  ഇപ്പോൾ സംസാരിക്കുന്നത്. അവനൊന്ന് ചെറുതായി ഞെട്ടി. കൂടെയുണ്ടായിരുന്ന പയ്യൻ തുടർന്നു: ഞാൻ ഈ ബിൽഡിംഗിലാണ് താമസിക്കുന്നത്. അവൻ സമീപത്താണ് താമസിക്കുന്നത്. അവന്റെ ഫാദർ പറഞ്ഞതാ, ഈ ബിൽഡിംഗിൽ ഗോസ്റ്റ് ഉണ്ടെന്ന്. ഞാൻ ചിരിച്ചുകൊണ്ട് ബൈ പറഞ്ഞ് പോന്നു. പോരുമ്പോൾ മനസ്സിൽ ആകെ വേവലാതിയായി. ഇപ്പോൾ വാട്ടർ ഡിസ്‌പെൻസറിൽ വെള്ളക്കുമിളകളുടെ ശബ്ദം എങ്ങനെ വന്നു? ഒന്നുമുണ്ടാകില്ലെന്ന് സമാധാനിച്ച് വീണ്ടും വന്നു കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി. വീണ്ടും അതേ ശബ്ദം കേട്ട് ഞെട്ടിയുണർന്നു, പഴയത് വീണ്ടും ആവർത്തിച്ചു പക്ഷേ ഒന്നും കാണാനായില്ല. സമയം പുലർച്ചെ നാലു മണി. ഉള്ളിലെ പേടിയൊതുക്കി മൊബൈൽ ഗെയിം കളിച്ച് നേരം വെളുപ്പിച്ചു. കുളിച്ച് ചായയും ബിസ്‌കറ്റും കഴിച്ച് ടി.പിക്കായി വെയിറ്റ് ചെയ്തു. ടി.പിയും കഴിഞ്ഞ് പിന്നെ ഏതൊക്കെയോ കുറെ സിനിമയും കവിതയും ഷോർട്ട് സിനിമകളും കണ്ട് സമയം നീക്കി.
നാട്ടിലെ കസിനെ ഓർത്തു.  അവൻ കേരള പോലീസിലാണ്. അവൻ കസിൻ മാത്രമല്ല. നല്ലൊരു സുഹൃത്ത് കൂടിയാണ്. അവനെ വിളിച്ച് വാട്ടർ ഡിസ്‌പെൻസറിന്റെ കാര്യം പറഞ്ഞു. അവൻ ആദ്യം തമാശയായി എടുത്തു. വീണ്ടും എല്ലാം വിശദമായി പറഞ്ഞപ്പോൾ അവൻ ഒരു ഐഡിയ പറഞ്ഞു തന്നു. ഒരു മൂവി ക്യാമറ വെക്കാൻ. പ്രേതമാണങ്കിൽ ക്യാമറയിൽ പതിയുമല്ലോ. അവനതു പറഞ്ഞപ്പേൾ വേണ്ട എന്ന് പറഞ്ഞു. കാരണം അഥവാ പ്രേതം ക്യാമറയിൽ കൂടുങ്ങിയാൽ ഞാൻ പിന്നെ എങ്ങനെ ഒറ്റക്ക് ഇവിടെ താമസിക്കും? പോരാത്തതിന് ഈ കോവിഡ് കാലത്ത് ആരും കൂടെ താമസിക്കാൻ തയാറാകില്ല. ഉള്ളവരാകട്ടെ, സ്വന്തം കാര്യം നോക്കിപ്പോയ അവസ്ഥയും. അതുകൊണ്ട് അത് വേണ്ടെന്നു മനസ്സിൽ പറഞ്ഞു. 


സമയം പോകാൻ കുറെ ടിപ്‌സ് കിട്ടി അതിൽ യൂനിസെഫിന്റെ ഒരു ടിപ്‌സ് നന്നായി എന്ന് തോന്നിയതുകൊണ്ട് എഫ്.ബിയിൽ ഷെയർ ചെയ്തു. പക്ഷേ ഒരു കാര്യം മനസ്സിലായി. ഉപദേശം ഫ്രീ ആയതുകൊണ്ട് ഉപദേശിക്കാൻ എളുപ്പമാണ്. പക്ഷേ ജീവിതത്തിൽ പ്രയോഗികമാക്കാൻ കുറച്ച് ബുദ്ധിമുട്ടും. എന്നാലും ക്ഷമിച്ച് സമയം കഴിച്ചുകൂട്ടി.
പിറ്റേന്ന് രാത്രി. വേവലാതി കൂടിക്കൂടി വന്നു. ഉറങ്ങാൻ ബുദ്ധിമുട്ടായി. രാത്രി രണ്ട് മണി വരെ ടി.വിക്കു മുമ്പിൽ സമയം കഴിച്ചു. പിന്നെ വന്നു കിടന്നു ഉറങ്ങി മൂന്ന് മണി നേരം ഞെട്ടിയുണർന്നു. വീണ്ടും അതേ ശബ്ദം. അടുക്കളയിൽ പോയി നോക്കി. ഒന്നും കാണാൻ പറ്റിയില്ല. വീണ്ടും നിഗൂഢത. സമയം അരിച്ചരിച്ചാണ് പോകുന്നത്. വീണ്ടും വീണ്ടും ആലോചിച്ച് തീരുമാനം എടുത്തു. നാളെ കസിൻ പറഞ്ഞ വിദ്യ ഉപയോഗിക്കാം എന്നു മനസ്സിൽ വിചാരിച്ച് ഉറങ്ങി.


പിറ്റേന്ന് എല്ലാ ദിവസവും പോലെ ഒന്നും ചെയ്യാനില്ലാതെ വേവലതിപ്പെട്ടു. രാത്രിയായി. മൊബൈൽ ഫോൺ അടുക്കളയിൽ ഒരു ഇലക്ട്രിക്കൽ സോക്കറ്റിൽ പ്ലഗ് ചെയ്ത് തയാറായി നിന്നു.  ക്യാമറക്കണ്ണുകൾ വാട്ടർ ഡിസ്‌പെൻസറിന ലക്ഷ്യം വെച്ച് സെറ്റ് ചെയ്തുവെച്ചു. അന്ന് രാത്രി ഒന്നും സംഭവിച്ചില്ല. ഞാൻ സുഖമായി ഉറങ്ങി. രാവിലെ 11 മണിക്കാണ് എണീറ്റത് ടി.പിയും കോൺഫറൻസുമൊക്കെ മിസ്സായി. അപ്പോഴാണ് ഓർമയായത് ക്യാമറക്കാര്യം. ക്യാമറയെന്തെങ്കിലും ഒപ്പിയെടുത്തിട്ടുണ്ടാകും എന്ന ആകാംക്ഷയിൽ ഫോൺ എടുത്തു. ക്യാമറ എല്ലാം റെക്കോർഡ് ചെയ്തിരിക്കുന്നു. ആശ്വാസമായി. കുറെ സമയമെടുത്ത് എല്ലാം അരിച്ചുപെറുക്കി നോക്കി. ശൂന്യം. ഇരുട്ടും വാട്ടർ ഡിസ്‌പെൻസറിന്റെ ചുവന്ന ലൈറ്റും മാത്രമേ ക്യാമറ ഒപ്പിയെടുത്തിട്ടുള്ളൂ. സമാധാനമായി. പ്രേതവും മണ്ണാങ്കട്ടയുമൊന്നുമില്ല.
പക്ഷേ വീണ്ടും സംശയം. പ്രേതത്തിനെങ്ങാനും മനസ്സിലായിക്കാണുമോ ഞാൻ ക്യാമറ വെച്ചത്? ആ ചോദ്യം ബാക്കി നിൽക്കേ ദിവസവും ഇതേ ക്യാമറാ ട്രിക് ആവർത്തിച്ചു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

 

പിറ്റേന്നത്തെ ഇ.മെയിലിൽ ലോക്ഡൗൺ നീട്ടിയ വിവരം. വീണ്ടും പ്രേതഭീതിയൊന്നുമില്ലാതെ, വിശാലമായ ഫഌറ്റിന്റെ വിരസമായ ഏകാന്തതയിൽ ഞാൻ സുഖമായി കിടന്നുറങ്ങി. പക്ഷേ പുലർച്ചെ മൂന്നു മണിക്ക് വീണ്ടും ഗുളുഗുളു ശബ്ദം കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. 
മെല്ലെ മെല്ലെ അടുക്കളയിലേക്ക് നടന്നു, വെള്ളക്കുമിളകൾ മേൽപോട്ട് പൊങ്ങുന്നത് കണ്ടു ഞാൻ ഞെട്ടി. അപ്പോഴാണ് ഓർത്തത് മൂവി ക്യാമറ ഓൺ ചെയ്യാൻ മറന്ന കാര്യം. പിന്നെ എന്തുകൊണ്ട് മൂവി ക്യാമറ ഓൺ ചെയ്യുമ്പോൾ മാത്രം ശബ്ദം കേൾക്കാഞ്ഞത്, വാട്ടർ ഡിസ്‌പെൻസറിൽ നിന്നും എങ്ങനെയാണ് കുമിളുകൾ രാത്രി മാത്രം പൊങ്ങിവരുന്നത്? അതിൽ എന്തോ അസാധാരണമായി എന്തോ ഇല്ലേയെന്ന തോന്നൽ എന്നെ വേട്ടയാടി.
സാധാരണ ഗ്ലാസിൽ വെള്ളം നിറക്കുമ്പോൾ മാത്രമാണ് കുമിളകൾ പൊങ്ങി വരാറുള്ളത്. വാട്ടർ ഡിസ്‌പെൻസറിന് എന്തെങ്കിലും ടെക്‌നിക്കൽ പ്രോബ്ലം ഉണ്ടോ എന്ന് നോക്കാൻ വേണ്ടി ഞാൻ ലൈറ്റിട്ടു. എനിക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാം നോർമൽ. ഉള്ളിൽ ഭയം കുമിളകളായി ഇരച്ചുപൊങ്ങി.


സാധാരണ നഗരത്തിൽ നൈറ്റ് ലൈഫ് ആണ് സജീവം. കൂടുതൽ ആളുകളും സമയം ചെലവഴിക്കുന്നത് രാത്രിയിലാണ്. ഞാൻ മെല്ലെ ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിൽ നിന്നുകൊണ്ട് എല്ലായിടത്തും കണ്ണോടിച്ചു. എവിടെയും ഒന്നും കാണാനില്ല. എങ്ങും നിശ്ശബ്ദത മാത്രം. സിറ്റി ലോക്ഡൗൺ ആയതുകൊണ്ട് ആരും പുറത്തില്ല. വാഹനങ്ങളില്ല. വിജനം. പേടിയോടെ ഞാൻ വീണ്ടും തിരിച്ച് റൂമിലേക്ക് പോന്നു.
ഇനി എന്ത് ചെയ്യും? മൂന്ന് മണിയേ ആയിട്ടുള്ളൂ, നേരം വെളുക്കാൻ ഒത്തിരി സമയം കാത്തിരിക്കുകയും വേണം. ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. അപ്പോഴാണ് ചെറുപ്പകാലത്ത് നടന്ന ഒരു ഭീതിപ്പെടുത്തുന്ന സംഭവം എന്റെ ഓർമയിൽ വന്നത്. പഠനം കഴിഞ്ഞ് നാട്ടിൽ വെറുതെ നടക്കുന്ന കാലം. അളിയന് ഒരു ജീപ്പ് ഉണ്ടായിരുന്നു. പെങ്ങൾ പറഞ്ഞു: നീ വെറുതെ നിൽക്കാതെ ഇവിടെ വന്ന് ഡ്രൈവിംഗ് പഠിച്ചുകൂടെ എന്ന് ചോദിച്ചു അത് കേട്ട് ഡ്രസ് പായ്ക്ക് ചെയ്തു പെങ്ങളുടെ വീട്ടിലേക്കു വണ്ടി കയറി. അങ്ങനെ അവിടെ കുറെ ദിവസം കഴിഞ്ഞുകൂടി.


ഒരു ദിവസം ഞാനും ഡ്രൈവറും കൂടി മഞ്ചേരി സ്റ്റാൻഡിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം ആറു മണി വരെ ഒരു ഓട്ടം പോലും കിട്ടാതെ അങ്ങനെ നിൽക്കുമ്പോൾ ഡ്രൈവർ ചോദിച്ചു, നമുക്ക് ഇന്നു രാത്രി ഓടിയാലോ, ഞാൻ സമ്മതം മൂളി. ഞാനും നിങ്ങളുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞു മനസ്സിൽ പറഞ്ഞു. രാത്രി ഓട്ടം കിട്ടുകയാണങ്കിൽ തിരിച്ചു വരുമ്പോൾ ഡ്രൈവിംഗ് പഠിക്കാനും കൂടുതൽ സൗകര്യമാണല്ലോ. സാധാരണ ദിവസങ്ങളിൽ ഞങ്ങൾ രാവിലെ എട്ടു മണിക്ക് സ്റ്റാൻഡിലെത്തി വൈകുന്നേരം ആറു മണിയാകുമ്പോൾ വീട്ടിൽ പോകാറാണ് പതിവ്.
അങ്ങനെ ഞങ്ങൾ ഓട്ടത്തിനായി വെയിറ്റ് ചെയ്തു, രാത്രി ഏഴു മണി, എട്ടു മണി, പത്തു മണി, ഒരു ഓട്ടം പോലും കിട്ടാതെ മാനസികമായി തകർന്ന് രണ്ടുപേരും അവിടെ വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു, ഡ്രൈവർ പറയുന്നുണ്ടായിരുന്നു, നാളെ എനിക്ക് ഹോസ്പിറ്റലിൽ പോകാനുള്ളതാ, കാശുമില്ല, എങ്ങനെ പോകും എന്ന് അയാൾ പിറുപിറുത്തുകൊണ്ടിരുന്നു, എനിക്ക്  അതു കേട്ടപ്പോൾ വിഷമം തോന്നി.


അങ്ങനെ രാത്രി പന്ത്രണ്ട് മണിയായി. ആ സമയത്ത് ആരോ ഒരാൾ ടാക്‌സി സ്റ്റാൻഡിന്റെ അകത്തേക്ക് കടന്നു വരുന്നത് കണ്ടു, അയാൾ ഞങ്ങളുടെ അടുത്തേക്കാണ് വരുന്നത്. സമാധാനം തോന്നി, അയാൾ വളരെ പതിഞ്ഞ ശബ്ദത്തിൽ ഡ്രൈവറോട് ചോദിച്ചു. ഞങ്ങൾക്ക് അത്യാവശ്യമായിട്ട് ഒരു ട്രിപ്പ് പോകാനുണ്ട്. വരാൻ പറ്റുമോ?  ഡ്രൈവർ സമ്മതിക്കുന്നതിന് മുമ്പ് കൺഫേം ചെയ്യാൻ വേണ്ടി എന്താണ് ഓട്ടം, എവിടേക്കാണ് പോകേണ്ടത് എന്ന് ചോദിച്ചറിഞ്ഞു.


അദ്ദേഹം പറഞ്ഞു, ഒരു ശവം കൊണ്ടുപോകണം. ഡ്രൈവർ ചോദിച്ചു ശവമോ? ഡ്രൈവർ വീണ്ടും ചോദിച്ചു, ഈ സമയത്ത് എവിടെനിന്നാണ് ശവം കൊണ്ട് പോകേണ്ടത്. വന്നയാൾ പറഞ്ഞു: മഞ്ചേരി സർക്കാർ ഹോസ്പിറ്റലിൽ നിന്നാണ് ശവം കൊണ്ടുപോകേണ്ടത്, അപ്പോൾ ഡ്രൈവർ എന്റെ മുഖത്തേക്ക് നോക്കി, സാധാരണ ജീപ്പിൽ ഞങ്ങൾ ശവം കൊണ്ടു പോകാറില്ല, ഗവൺമെന്റ് ഹോസ്പിറ്റലിൽ മരണം സംഭവിച്ചാൽ അവിടെനിന്നും ആംബുലൻസിലാണ് സാധാരണ ശവം കൊണ്ടുപോകാറുള്ളത് -ഡ്രൈവർ വന്നയാളോട് പറഞ്ഞു. അപ്പോൾ വന്നയാൾ പറഞ്ഞു: നിങ്ങൾ ചോദിക്കുന്ന കാശ് തരാം. നിങ്ങൾ ഒന്ന് ഹെൽപ് ചെയ്യണം, അപ്പോൾ ഡ്രൈവർ പറഞ്ഞു കാശ് പ്രശ്‌നമല്ല, എങ്ങനെയാണ് ഇവിടുന്ന് കൊണ്ടുപോവുക എന്നതാണ് പ്രശ്‌നം. ഡ്രൈവർ വീണ്ടും ചോദിച്ചു: നിങ്ങൾക്ക് എവിടേക്കാണ് കൊണ്ടുപോകേണ്ടത്. വന്നയാൾ സ്ഥലപ്പേര് പറഞ്ഞു. എനിക്കറിയാൻ പാടില്ലാത്ത സ്ഥലമായിരുന്നു അത്.


അങ്ങനെ ഞങ്ങൾ മഞ്ചേരി സർക്കാർ ഹോസ്പിറ്റലിൽ പോയി അവിടെനിന്ന് വണ്ടിയിൽ ശവം കയറ്റി. കൂടെ രണ്ടു മൂന്നു പേരും കയറി. ഞങ്ങൾ മഞ്ചേരിയിൽ നിന്നും നിലമ്പൂർ റോഡിലൂടെ യാത്ര തുടങ്ങി. അങ്ങനെ കുറെ ദൂരം ഓടി എടവണ്ണയും കഴിഞ്ഞ് ഏതോ ഒരു പഞ്ചായത്ത് റോഡിലൂടെ ജീപ്പ് പോയിക്കൊണ്ടേയിരുന്നു. കുറെ ദൂരം പോയി ഏതോ ഉള്ളിലൂടെ വിജനമായ സ്ഥലത്തിലൂടെ അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ സ്ഥലത്തെത്തി. ഒരു ചെറിയ വീട്. അവിടെ ശവം ഇറക്കി കാശും വാങ്ങി ഞങ്ങൾ തിരിച്ചു പോന്നു, പോരുന്ന വഴി ഡ്രൈവർ ചിരിച്ചുകൊണ്ട് എനിക്ക് ഒരു അഞ്ച് രൂപ വെച്ചു നീട്ടി, ഞാൻ അത് വാങ്ങി പോക്കറ്റിലിട്ടു.


ചെറിയ റോഡിൽ നിന്നും വലിയ റോഡിലേക്ക് എടവണ്ണ എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു, എടവണ്ണ കുളിക്കടവിൽ ഡ്രൈവർ വണ്ടി നിർത്തിയിട്ട് പറഞ്ഞു. നമുക്ക് വണ്ടി ഒന്ന് വൃത്തിയാക്കിയിട്ട് പോകാം. വണ്ടിയിൽ ശവം കയറ്റിയതല്ലേ എന്ന് ഡ്രൈവർ പറഞ്ഞു, അങ്ങനെ ഡ്രൈവർ എനിക്കൊരു ബക്കറ്റ് വെച്ചു നീട്ടിയിട്ട് പറഞ്ഞു പുഴയിൽ പോയിട്ട് കുറച്ചു വെള്ളം എടുത്തു വാ, അങ്ങനെ ഞാൻ രണ്ടുമൂന്നു തവണ പുഴയിൽ കേറിയിറങ്ങി വെള്ളം കൊണ്ടുവന്നു കൊണ്ടേയിരുന്നു, അങ്ങനെ വണ്ടി കഴുകി വൃത്തിയാക്കി. ഇനി നമുക്കൊന്ന് കുളിക്കാം എന്ന് ഡ്രൈവർ പറഞ്ഞു. അങ്ങനെ ഞങ്ങളും പുഴയിലിറങ്ങി കുളിച്ചു. ഡ്രൈവർ ഒരു ബീഡിയും കത്തിച്ചു.


പുഴയിൽ നിന്നും തിരിച്ച് വണ്ടിയിൽ കയറാൻ സമയത്ത് ഡ്രൈവർ പറഞ്ഞു ഇനി നീ ഡ്രൈവ് ചെയ്‌തോളൂ. അങ്ങനെ ഞാൻ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു. എന്റെ ഉമ്മ എപ്പോഴും പറയാറുണ്ടായിരുന്നു, ഏതു കാര്യം തുടങ്ങുമ്പോഴും നല്ലത് മനസ്സിൽ വിചാരിച്ച് നല്ലത് പ്രാർത്ഥിച്ചു തുടങ്ങണമെന്ന്. അങ്ങനെ ഞാൻ നല്ലത് മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു, വണ്ടി മുന്നോട്ടെടുത്തു. ഏകദേശം 50 മീറ്റർ പോയിട്ടുണ്ടാവും വണ്ടിയുടെ അകത്തു നിന്നും ഒരു അട്ടഹാസം കേട്ടു. പേടിപ്പിക്കുന്ന അട്ടഹാസം ഹഹഹ, ഞാൻ പേടിച്ചു വിറച്ചു. കൂടെയുണ്ടായിരുന്ന ഡ്രൈവറും പേടിച്ചു വിറച്ചു, അട്ടഹാസം ചിരിയായി മാറി. 
ഹ ഹ ഹ, ഡ്രൈവർ പേടിച്ചു വിറച്ചുകൊണ്ട് എന്നോട് പറഞ്ഞു വണ്ടി നിർത്തൂ. വണ്ടിയുടെ പിറകിൽ നിന്ന് അട്ടഹാസം നല്ല ശബ്ദത്തിൽ കേട്ടു  കൊണ്ടേയിരുന്നു. എന്റെ കൈകാലുകൾ വിറച്ചു ബ്രേക്കിന് പകരം ആക്‌സിലറേറ്റർ ക്ലച്ചും അമർത്തി ബ്രേക്ക് ചവിട്ടി വണ്ടി നിന്നു.


ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ നിന്നും ചാടി എണീറ്റ് പുറത്തേക്കോടി, എൻെ കാൽമുട്ടുകൾ വിറക്കുന്നു, എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഓർമയില്ല. ശരീരമാകെ കുഴയുന്നതു പോലെ തോന്നി, ഞങ്ങൾ രണ്ടുപേരും ഏകദേശം 50 മീറ്റർ അകലത്തേക്ക് മാറി നിന്നു. എന്തു ചെയ്യണമെന്നറിയാതെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി നിന്നു. ഞാൻ ധൈര്യം സംഭരിച്ചു നോക്കി. പക്ഷേ എനിക്ക് കാലുകൾ ചലിക്കുന്നില്ല. കാൽമുട്ടുകൾ കൂട്ടിയിടിച്ചുകൊണ്ടേ ഇരിക്കുകയാണ്, പിന്നെ ഡ്രൈവർ സ്വയം പറഞ്ഞു, എങ്ങോട്ട് ഓടാൻ, ഈ രാത്രി 2 മണി നേരം എങ്ങോട്ടാ ഓടുക, ഞങ്ങൾ രണ്ടുപേരും. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പരതി നോക്കി. വിജനമായ സ്ഥലം ആരെയും എവിടെയും കാണാനില്ല, ഒരു സഹായത്തിന് ആരുമില്ല. ഒരു വണ്ടി പോലും റോഡിലൂടെ പോകുന്നില്ല. വീണ്ടും അട്ടഹാസവും ചിരിയും തുടർന്നുകൊണ്ടേയിരുന്നു. 


അങ്ങനെ ഞങ്ങൾ കുറെ നേരം അവിടെ നിന്നു എന്ത് ചെയ്യണമെന്നറിയാതെ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അട്ടഹാസം തുടർന്നുകൊണ്ടേയിരുന്നു. കുെേ കഴിഞ്ഞപ്പോൾ അതാ അകലെ നിന്നും ഒരു വണ്ടിയുടെ വെളിച്ചം കാണുന്നു ഏതോ ഒരു വണ്ടി വരുന്നുണ്ട്. ഞങ്ങൾ കൈനീട്ടി വണ്ടി നിർത്തി. അത് ഒരു പോലീസ് ജീപ്പ് ആയിരുന്നു പോലീസുകാർ രണ്ടുപേർ ഉണ്ടായിരുന്നു, നിങ്ങൾ ഈ അസമയത്ത് എന്താണിവിടെ ചെയ്യുന്നത് എന്ന് പോലീസുകാരൻ ചോദിച്ചു. നടന്ന സംഭവങ്ങൾ എല്ലാം പോലീസുകാരനോട് വിവരിച്ചുകൊടുത്തു. അപ്പോഴും പതിഞ്ഞ ശബ്ദത്തിൽ ചിരി കേൾക്കാമായിരുന്നു.


പോലീസുകാർ രണ്ടുപേരും ടോർച്ച് എടുത്ത് പുറത്തിറങ്ങി, പോലീസുകാരും പേടിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു, വണ്ടിയുടെ ബാക്ക് കർട്ടൻ താഴ്ത്തി ഇട്ടിരിക്കുകയാണ്, ഞങ്ങൾ വണ്ടി കഴുകിയതിന്റെ ശേഷം പിൻവശത്തെ കർട്ടൺ പൊക്കിവെച്ചത് ഞാനാണ്. പിന്നെ അത് എങ്ങനെ താഴ്ന്നുപോയി, ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. പോലീസുകാരൻ കർട്ടൺ മാറ്റി ടോർച്ചടിച്ചു ഉള്ളിലേക്ക് അടിച്ചു നോക്കി. അപ്പോൾ അതാ വലിയ താടിയും വലിയ മുടിയും വളർത്തിയ ഒരു മനുഷ്യൻ ഇരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രവും വലിയ താടിയും വലിയ മുടിയും ഉള്ള ഒരാൾ. അയാൾ കുളിച്ചിട്ട് കാലങ്ങളോളം ആയിരിക്കുന്നു എന്ന് അയാളെ കണ്ടാലറിയാം. പോലീസുകാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ഇതൊരു ഭ്രാന്തനാണ്, പോലീസുകാരൻ ആവർത്തിച്ചു: പേടിക്കേണ്ട ഇത് ഒരു ഭ്രാന്തനാണ്.


അപ്പോൾ ഞാൻ ആലോചിച്ചു, എങ്ങനെ ഈ ഭ്രാന്തൻ അതിനുള്ളിൽ കയറി എപ്പോൾ കയറി, പിന്നെ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ കുളിക്കാൻ പോയപ്പോൾ ഭ്രാന്തൻ വണ്ടിയിൽ കയറിക്കൂടിയതാണ്, പോലീസുകാർ ഭ്രാന്തനെ എന്തൊക്കെയോ പറഞ്ഞു വണ്ടിയിൽ നിന്നിറക്കി. ഞങ്ങൾ പോലീസുകാരോട് നന്ദിയും പറഞ്ഞു യാത്ര തുടർന്നു. എന്നോട് ഡ്രൈവർ വീണ്ടും വണ്ടി ഓടിക്കാൻ പറഞ്ഞു. പക്ഷേ ഞാൻ വണ്ടിയോടിച്ചില്ല. എന്റെ വിറയൽ മാറിയിരുന്നില്ല.


ആ ഓർമയിൽ ഞാൻ വീണ്ടും സമയം നോക്കി. പുലർച്ചെ മൂന്ന് മണി. നാട്ടിൽ കസിൻ ഉണർന്നിട്ടുണ്ടാവും. അവനെ വിളിച്ചു.  ഇത്ര കാലത്ത് വിളിച്ചതിൽ അവന് എന്തോ പന്തികേട് തോന്നിയിട്ടുണ്ടാകാം, നടന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. അപ്പോൾ അവൻ എന്നോട് ചോദിച്ചു: വാട്ടർ ഡിസ്‌പെൻസറിൽ വെള്ളം കുറയുന്നുണ്ടോ എന്ന്. അത് ശരിയാണല്ലോ. അത് ഞാൻ നോക്കിയിട്ട് ഇല്ലല്ലോ. അത് നോക്കാൻ എന്താണ് ഒരു മാർഗം. ഞാനും മനസ്സിൽ ആലോചിച്ചു, അപ്പോൾ കസിൻ പറഞ്ഞു ഒരു മാർക്കർ കൊണ്ട് മാർക്ക് ചെയ്തു വെച്ചാൽ മതി, ഇപ്പോൾ എത്ര വെള്ളം ഉണ്ട് എന്നുള്ള ഭാഗത്ത് ഒരു മാർക്കർ കൊണ്ട് മാർക്ക് ചെയ്തു വെക്കുക, എന്നിട്ട് നീ നാളെ ചെക്ക് ചെയ്യുക. വെള്ളം കുറഞ്ഞിട്ടുണ്ടോ എന്ന് അവൻ ഐഡിയ പറഞ്ഞു തന്ന് ഫോൺ വെച്ചു.
ഞാൻ പേടിച്ച് പേടിച്ച് അടുക്കളയിൽ ചെന്ന് ലൈറ്റിട്ടു, ഒരു മാർക്കർ എടുത്ത് വെള്ളം നിൽക്കുന്ന ഭാഗം അടയാളപ്പെടുത്തിയ ശേഷം ഞാൻ ബെഡ് റൂമിൽ വന്നു കിടന്നുറങ്ങി.
 

Latest News