Sorry, you need to enable JavaScript to visit this website.

കരയിപ്പിക്കുന്ന പ്രവാസികളുടെ ശബ്ദ സന്ദേശങ്ങൾ

എഴുത്തുകാരി സബീന എം സലിയുടെ ഫേസ് ബുക്ക് കുറിപ്പ്

#എത്ര_അനായാസമാണ്‌_നമ്മിൽ_നിന്ന്_ചിലർ_പടിയിറങ്ങിപ്പോകുന്നത്.

താങ്ങാൻ ആളുണ്ടെങ്കിലേ തളർച്ച തോന്നാറുള്ളു എന്ന് പറയുമ്പോൾ, താങ്ങാൻ ആരുമില്ലാത്തത് കൊണ്ട് സ്വന്തം തളർച്ചകളെ പുറത്ത് കാണിക്കാതെ പരമാവധി കർമ്മനിരതനാവുകയാണ്‌ ഇന്ന് ഓരോ പ്രവാസിയും. ലോകവ്യാപകമായി, മനുഷ്യനും വൈറസ്സും തമ്മിൽ അതിഭയാനക യുദ്ധം നടക്കുകയാണ്‌. പടത്തലവന്മാരില്ലാത്ത കോവിഡ് യുദ്ധം. സ്വയം ജാഗ്രവത്തായില്ലെങ്കിൽ ശത്രുവിന്‌ മുന്നിൽ അതിദാരുണമായി ജീവൻ അടിയറ വയ്ക്കേണ്ടി വരുന്ന സാഹചര്യം. മരണം തൊട്ടടുത്തെത്തുമ്പോഴും അതിനെ നോക്കി, ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥയിൽപ്പെട്ട് വിഷാദത്തിന്റെ കൊടും കയത്തിൽ വീണ്‌ പോകുന്നവർ അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവർക്കയക്കുന്ന ശബ്ദസന്ദേശങ്ങളാണ്‌ ഇന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്...

  യഥാസമയത്ത് ചികിൽസ ലഭ്യമാകാത്തത് മൂലം എത്രയോ ജീവനുകൾ ഇവിടെ പൊലിഞ്ഞു പോകുന്നു. സ്വന്തം നാട്ടിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരുവന്റെ മാനസീകാവസ്ഥയാണ്‌, അത്തരക്കാരെ അതിവേഗം മരണത്തിലെത്തിക്കുന്നതെന്ന് ചേർത്തു പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട കണ്ണൂർ സ്വദേശി അതിഗുരുതരമായ ശ്വാസതടസ്സത്തിനിടയിലും, താൻ ആംബുലൻസ് വിളിച്ച് കാത്തിരിക്കുകയാണെന്നും, രണ്ട് മണിക്കൂറിനുള്ളിൽ വരാമെന്ന് പറഞ്ഞിട്ട് മണിക്കൂർ നാലായെന്നും, ഇനിയും വന്നില്ലെങ്കിൽ ഉറപ്പായും താൻ ഉടനെ മരിച്ചു പോകുമെന്നും, എന്തെങ്കിലും അരുതായ്മകൾ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ട് കൊടുക്കണമെന്നും കൂട്ടുകാരനോടാവശ്യപ്പെടുന്നുണ്ട്. പല ആ​‍ാശുപത്രികളിലും അദ്ദേഹം പോയിരുന്നത്രേ. ആംബുലൻസിൽ ചെല്ലാത്ത കാരണം കൊണ്ട് അവരൊക്കെ മടക്കുകയായിരുന്നു. പിന്നെ റൂമിലെത്തി കരിഞ്ചീരകവും മഞ്ഞളുമൊക്കെ പരീക്ഷിക്കുകയായിരുന്നു. മരിച്ചാൽ റിയാദിലല്ലേ അടക്കം ചെയ്യൂ...നാട്ടിൽ ആയിരുന്നെങ്കിൽ എന്റെ മക്കൾക്ക് ഖബറിങ്കൽ വന്ന്  ദു ആ ചെയ്യാമായിരുന്നുവെന്നൊക്കെ സങ്കടപ്പെടുമ്പോൾ അത് കേൾക്കുന്ന ആരും കരഞ്ഞു പോകും.
വാസ്തവത്തിൽ നമ്മുടെ സാമൂഹികപ്രവർത്തകർ ഉൾപ്പെടുന്നവർ ഈ അവസ്ഥയെ ഗൗരവമായി എടുക്കേണ്ടതുണ്ട്. ഒരു സഹായവും ലഭ്യമാകാത്തവിധം നാലു ചുവരുകൾക്കിടയിൽ നരകിക്കുന്ന ഒട്ടനേകം മനുഷ്യരുണ്ട്. അത്തരക്കാരെ കണ്ടെത്തുന്ന ദൗത്യം ഒരു സമൂഹജീവി എന്ന നിലയിൽ നാം സ്വയം ഏറ്റെടുക്കേണ്ടതാണ്‌. നമ്മളെക്കൊണ്ട് കഴിയും പോലെ സുഹൃത്തുക്കളെ വിളിച്ച് ഇടയ്ക്കിടയ്ക്ക് ക്ഷേമം അന്വേഷിക്കാൻ മറക്കാതിരിക്കുക. അവശരായവരെ ആശുപത്രികളിൽ എത്തിക്കനുള്ള ആംബുലൻസ് സംവിധാനം ഇത്തരക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികൾ എംബസ്സിയുടെ സഹായത്തോടെയോ അല്ലാതെയോ നടപ്പിലാക്കുക...ഈ കുറിപ്പെഴുതുമ്പോൾ ലഭിച്ച ഒരു സുഹൃത്തിന്റെ സന്ദേശപ്രകാരം റിയാദിൽ ഒരിടത്ത് ഒരു മലയാളി തന്റെ കാറിൽ  ജീവനറ്റിരിക്കുന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നുവത്രെ. രണ്ടോ മൂന്നൊ ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന്‌ എന്നും പറയുന്നുണ്ട്. പരസ്പരം അറിയാതേയും അന്വേഷിക്കാതെയുമിരിക്കുന്നതിന്റെ പരിണിതഫലങ്ങളാണ്‌ ഇവയെല്ലാം...പ്രവാസിയുടെ ജീവൻ സംരക്ഷിക്കാൻ ഒരു ആദർശത്തിന്റെ അധികാരികളും പ്രതിജ്ഞാബദ്ധരല്ല എന്ന കാര്യം ഓർക്കുക. നമുക്ക് നമ്മളെയുള്ളു..അതുകൊണ്ട് ചേർത്തു പിടിക്കുക കൂടെയുള്ളവരെ, അവരുടെ  സ്വപ്നങ്ങളുടെ നിറക്കൂട്ടുകളെ... വിശക്കുന്ന കണ്ണുകളുമായി അവരെക്കാത്തിരിക്കുന്ന ചിലർ നാട്ടിലുമുണ്ട്.

Latest News