Sorry, you need to enable JavaScript to visit this website.

ഞാന്‍ വാക്കുകള്‍ നഷ്ടപ്പെട്ടു നിന്നു, വീരേന്ദ്രകുമാറിനെ കെ.ആര്‍ മീര അനുസ്മരിക്കുന്നു

എം.പി വീരേന്ദ്രകുമാര്‍, അക്ബര്‍ കക്കട്ടില്‍, കെ.ആര്‍ മീര

ശ്രീ എം.പി. വീരേന്ദ്ര കുമാര്‍ യാത്രയായി.

ന്യൂസ് റൂമില്‍ ഇരുന്നു മാനേജിങ് ഡയറക്ടറെ വിമര്‍ശിക്കാന്‍ ജീവനക്കാര്‍ക്കുള്ള സ്വാതന്ത്ര്യമാണ് മാതൃഭൂമിയെ മറ്റു പത്രങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നത് എന്നു കേട്ടതില്‍പ്പിന്നെയാണു പത്രപ്രവര്‍ത്തന കാലത്ത് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്.

ഒരു രാഷ്ട്രീയ മുന്നണിയുടെ ഭാഗമായിരിക്കെ, ആ മുന്നണിയെ വിമര്‍ശിക്കാന്‍ പത്രാധിപര്‍ക്കു സ്വാതന്ത്ര്യം കൊടുത്ത പത്രം ഉടമ എന്ന നിലയില്‍ പില്‍ക്കാലത്തും അദ്ദേഹം അമ്പരപ്പിച്ചു.

‌പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് എഴുത്തുകാരിയായതിനുശേഷമാണു നേരിട്ടു കണ്ടത്.

മലയാളത്തിലെയും മറ്റു ഭാഷകളിലെയും എണ്ണം പറഞ്ഞ സാഹിത്യപ്രതിഭകളെ അടുത്തറിയാവുന്ന ഒരാള്‍ എന്നെപ്പോലെ ഇന്നലെ മാത്രം എഴുതിത്തുടങ്ങിയ ഒരുവളുടെ രചനകളെ പിന്തുടരുന്നു എന്നത് അവിശ്വസനീയമായിരുന്നു.

2013ല്‍ അദ്ദേഹത്തിന്‍റെ ഡാന്യൂബ് സാക്ഷി എന്ന പുസ്തകത്തിന്‍റെ പ്രകാശവേളയില്‍ എന്നെയും ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പ്രിയപ്പെട്ട അക്ബര്‍ മാഷോടൊപ്പം പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് ഇതോടൊപ്പം.

ചങ്ങനാശേരി എസ്. ബി. കോളജില്‍ വച്ചുള്ള കണ്ടുമുട്ടലാണ് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. മലയാള കവിതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചില നിരീക്ഷണങ്ങളെ ഞാന്‍ ഖണ്ഡിച്ചു. സാധാരണഗതിയില്‍ അദ്ദേഹത്തിന്‍റെ പ്രായവും പദവിയുമുള്ള ഒരാളെ അതു ചൊടിപ്പിക്കേണ്ടതാണ്. പക്ഷേ, അദ്ദേഹം അത് ഉള്‍ക്കൊണ്ട രീതി ആദരവുണര്‍ത്തുന്നതായിരുന്നു.

മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ വച്ചാണ് ഒടുവില്‍ കണ്ടത്. ആള്‍ക്കൂട്ടത്തില്‍ ഒരു വശത്തായി അദ്ദേഹത്തെ ഞാന്‍ കണ്ടപ്പോള്‍ സെഷന്‍ അവസാനിക്കാറായിരുന്നു. സ്റ്റേജില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെന്നു. എന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ മറ്റൊരു സെഷനില്‍നിന്ന് തിരക്കിട്ടു വരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വാക്കുകള്‍ നഷ്ടപ്പെട്ടു നിന്നു.

ശ്രീ എം.പി. വീരേന്ദ്രകുമാര്‍ യാത്രയാകുമ്പോള്‍ പരിസ്ഥിതിയെക്കുറിച്ച്, ജനാധിപത്യമൂല്യങ്ങളെ കുറിച്ച് ഒക്കെ ആഴത്തില്‍ ചിന്തിച്ചിരുന്ന ധൈഷണികമായ ഒരു ആന്തരിക ലോകം കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയക്കാരനെയും പത്രം ഉടമയെയുമാണു മലയാളത്തിനു നഷ്ടപ്പെടുന്നത്.

മാതൃഭൂമി പഴയ മാതൃഭൂമിയല്ല.

പക്ഷേ, വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ സംസ്കാരം കൂടി പത്രത്തോടൊപ്പം പ്രചരിപ്പിച്ച ഒരു കാലത്തിന്‍റെ ഓര്‍മ്മകളില്‍ ശ്രീ എം.പി. വീരേന്ദ്രകുമാര്‍ നിറഞ്ഞുനില്‍ക്കും.

ആദരാഞ്ജലികള്‍.

Latest News