Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിന്റെ മറവിൽ അയിത്താചാരങ്ങളുടെ ഒളിച്ചുകടത്തിന് പു.ക.സ സഹായം

കോഴിക്കോട്- കോവിഡ് പ്രതിരോധത്തിന്റെ പേരിൽ അയിത്താചാരങ്ങളെ ഒളിച്ചുകടത്താനുളള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കോവിഡ് പ്രതിരോധത്തിന് അവബോധം സൃഷ്ടിക്കാൻ എന്ന പേരിൽ പുറത്തിറക്കിയ ഒരു തീണ്ടാപ്പാടകലെ എന്ന ഹ്രസ്വ ചിത്രമാണ് അയിത്താചാരത്തെ മഹത്വപ്പെടുത്തുന്ന തരത്തിൽ ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ ചിത്രം പിൻവലിച്ചെങ്കിലും പുരോഗമന സംഘം എ്ന്ന് അവകാശപ്പെടുന്നവർ തന്നെ ഇത്തരത്തിലുള്ള ജാതിയാചാരങ്ങൾക്ക് വേണ്ടി രംഗത്തുവന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

ഡോ. ഇഫ്തിഖാർ അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ശ്രീ കൃഷ്ണാഷ്ടമി'യെ, ചെഗുവേരയെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ 'ചെ കൃഷ്ണാഷ്ടമി' ആക്കി ആഘോഷിച്ച്, ഹൈന്ദവതയെ കമ്യുണിസ്റ്റുവൽക്കരിക്കാൻ, കേരളത്തിലെ ഇടതുപക്ഷത്തെ ഉപദേശിച്ചത് അവരുടെ സാംസ്‌കാരിക സംഘടനയായ പു.ക.സ. എന്ന പുരോഗമന കലാ സാഹിത്യ സംഘമാണ്..

ക്ഷേത്രക്കമ്മറ്റികളിൽ പ്രവർത്തിക്കാൻ സഖാക്കളോട് ഇ.എം.എസ്. ആഹ്വാനം ചെയ്ത തൊണ്ണൂറുകളുടെ തുടർച്ചയായിട്ടായിരിക്കാം പ്രസ്തുത ഉപദേശം നല്കപ്പെട്ടത്.. എന്നാൽ, മുസ്ലിം, ക്രിസ്ത്യൻ പള്ളിക്കമ്മറ്റികളിൽ, ഇതുവരെ, എത്ര ശ്രമിച്ചിട്ടും, ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നേരിട്ട് ഇടപെടാൻ അവസരം ലഭിച്ചിട്ടില്ല..

ഇത്രയും പറഞ്ഞത്, നവോത്ഥാന ഏമ്പക്കങ്ങൾ വിട്ടുകൊണ്ടിരിക്കുമ്പോഴും, 'സവർണ്ണ ഫാസിസ്റ്റ്' എന്ന ശാപവചനം നാഴികയ്ക്ക് നാൽപ്പത് വട്ടം ഉരുവിട്ട് കൊണ്ടിരിക്കുമ്പോഴും, പു.ക.സ. നിർമിച്ച ഷോർട്ട് ഫിലിമായ 'ഒരു തീണ്ടാപ്പാടകലെ' അബദ്ധവശാൽ കാണാൻ ഇടവന്നതിനാലാണ്..

കറുത്തവനായ ദളിതന്, അയിത്തോപദേശം നൽകുന്ന ബ്രാഹ്മണ്യകഥയാണ് പ്രമേയം.. അയിത്തവും തീണ്ടലും കൊവിഡ് കാലത്ത് പ്രസക്തമാണെന്ന് വാദിക്കുന്ന (??) ഈ ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സംഘം സംസ്ഥാന സെക്രട്ടറിയും കവിയുമായ രാവുണ്ണിയാണ്..

കൊറോണാ പ്രതിരോധ പ്രവർത്തനത്തിന്റെ പ്രാധാന്യവും, 'ബ്രേക്ക് ദ ചെയിൻ' കാമ്പയിനിന്റെ പ്രസക്തിയും മുൻനിർത്തി തയ്യാറാക്കിയ ചിത്രം എന്ന അവകാശവാദം കണ്ട് തെറ്റിദ്ധരിക്കപ്പെട്ട്, സ്‌ക്രീനിൽ ക്ലിക്ക് ചെയ്തപ്പോൾ ഞെട്ടിപ്പോയി!!

സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ, കീഴ്ജാതിയിൽപ്പെട്ട മനുഷ്യർ നേരിട്ട അയിത്താചരണത്തിനുള്ള പ്രയോഗമാക്കി, അത് എങ്ങിനെയൊക്കെ പരോക്ഷമായി മാർക്കറ്റ് ചെയ്യാം എന്നതിന്റെ വിഷ്വൽസ് ആണ് രംഗപടം മാറ്റി പുറത്തുവന്നത്. ഇവിടുത്തെ ഇടതുപക്ഷ മനസ്സിൽ, എന്നും ചുരണ്ടിയാൽ കിട്ടുന്ന, ദളിത്, ന്യുനപക്ഷ, ജാതീയ ഡിസ്റ്റൻസിങിന്റെ വാങ്മയ ചിത്രം !!

ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണൻ, ദളിതനായ അയ്യപ്പനിൽ നിന്ന് ('അയ്യപ്പൻ' എന്ന പേര് കഥാപാത്രത്തിന് നൽകിയത് യാദൃശ്ചികമായി തോന്നിയില്ല) അകന്ന് നിൽക്കാനൊരുങ്ങുന്നതാണ് ആദ്യ സീൻ. തീണ്ടലിനെയും തൊട്ടുകൂടായ്മയെയും സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ വ്യാഖ്യാനമാക്കുന്ന സീൻ..

അയിത്തവും ജാത്യഹങ്കാരവും അടക്കമുള്ള അശ്ലീലമായ ദുർചിന്തകളെ ഈ പ്രതിരോധ നടപടിയുടെ ഭാഗമായി, ഒരു ഷോർട്ട് ഫിലിമിലൂടെ പുനരാനയിക്കുക, അതിനെ ന്യായീകരിക്കുക, പിന്നെ സാധൂകരിക്കുക, തുടർന്ന് ചരിത്രവത്ക്കരിക്കുക, ഒടുക്കം സർവാംഗീകാരം നേടിയെടുക്കുക എന്നിങ്ങനെയുള്ള നിരവധി അജണ്ടകൾ ഇറ്റുവീഴുന്നത് കാണാൻ സാധിക്കുമ്പോഴും, 'സവർണ്ണ മേധാവിത്വം തുലയട്ടെ' എന്ന, മുഷ്ടിചുരുട്ടിയ മുദ്രാവാക്യം പിന്നാമ്പുറങ്ങളിൽ കേൾക്കുന്നത് പോലെ തോന്നിയത്, ഇനി, എനിക്ക് മാത്രമായിരിക്കുമോ??

ഭാവനയില്ലായ്മ, ദൃശ്യദാരിദ്ര്യം എന്നിവ മാത്രമല്ല ഈ ഫിലിമിനെ ഒരു 'ദുരന്ത'മാക്കുന്നത്. മറിച്ച്,ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്ന ജനാധിപത്യ വിരുദ്ധവും പ്രതിലോമകരവും പിന്തിരിപ്പനുമായ ആശയ സൂചനകളും പ്രമേയ ബിംബങ്ങളും കൂടിയാണ്..'കൗസല്യാ സുപ്രഭാത'ത്തിൽ ഈറനുടുത്തതാണ് ചിത്രത്തിൽ ഉടനീളം പാകിയിരിക്കുന്ന സംഗീതം.. പൂണൂലിട്ട തിരുമേനി, 'എന്തിനാണ് 'തിരുമേനി' ഇപ്പോഴും തീണ്ടാപ്പാട്?' എന്ന അയ്യപ്പന്റെ ചോദ്യത്തിന് 'കൊറോണയ്ക്ക്' എന്ന് മറുപടി നൽകുന്നതിലൂടെ ചിത്രം വികസിക്കുന്നു.. അവസാനമാകുമ്പോൾ, 'പൂജാരി തിരുമേനി ' ശുദ്ധം പോകാതെ എറിയുന്ന ഇലയിൽ, പ്രസാദത്തിന് പകരം മുഖാവരണം..
ആനന്ദലബ്ദിക്ക് ഇതിൽപ്പരം എന്ത് വേണം?

ഒട്ടുമിക്ക പുരോഗമന പ്രസ്ഥാനങ്ങളുടെയും ചരിത്രം കേരളത്തിന്റെ ഇറയത്ത് നിന്നും ഇറങ്ങിപ്പോയി, ആത്മഹത്യ ചെയ്തിട്ട് വർഷങ്ങൾ ഏറെയായത് കൊണ്ട്, ബ്രാഹ്മണ്യ, സവർണ, ജന്മി, ഫാസിസ്റ്റ് എന്നാക്രോശിച്ച്, സകല മതചിഹ്നങ്ങളേയും സമ്പൂർണ ബഹുമാനത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ
സാഹിത്യവും കലയും രാഷ്ട്രീയവും അധികാരത്തിലേക്കുള്ള ഉപകരണമാണെന്ന് പറയാതെ പറഞ്ഞു വെക്കുന്നു..

കപട ബുദ്ധിജീവികളും, സ്തുതിപാഠകരും, ഭാവനാദരിദ്രമായ രാഷ്ട്രീയ സാഹിത്യ ധാരണകളെ ഭൂതകാലക്കുളിരു കൊണ്ട് പകരം വെക്കുന്നവരുമായ ഒരു കൂട്ടം വെട്ടുകിളികളാണ് ഇന്നത്തെ പു. ക. സ. യുടെ മറവിൽ ഞെളിഞ്ഞർമാദിക്കുന്നത്.. ആഗോള ഫാഷിസത്തെ ചെറുക്കാൻ ബുദ്ധിയും പേനയുമുന്തുന്നു എന്ന് നടിക്കുന്ന ഈ സാഹിത്യ ഉസ്താദുമാർക്ക്, ഇനിയെങ്കിലും, ചെങ്കൊടിയിൽ പൊതിഞ്ഞ പ്രസാദം അശുദ്ധി നിലനിർത്തിക്കൊണ്ട് വിതരണം ചെയ്യാനാവുമോ??

ഇവരെ കുറിച്ച്, മുമ്പ്, കവിമന്ത്രി ജി. സുധാകരൻ പറഞ്ഞത് ഓർമ വരുന്നു:
'ഇവന്മാർക്ക് പുരോഗമനവും ഇല്ല, കലയുമില്ല, സാഹിത്യവുമില്ല..'
 

 

Latest News