Sorry, you need to enable JavaScript to visit this website.

ഇതിനെക്കാള്‍ നല്ലത് കളിക്കാത്തത് -ദ്രാവിഡ്‌

ബംഗളൂരു - ബയോ സെക്യൂര്‍ ബബ്ള്‍ സൃഷ്ടിച്ച് ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള നീക്കം അപ്രായോഗികമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പരിശോധനയും ക്വാരന്റൈനുകളുമൊക്കെയായി സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കാന്‍ ഒരുപാട് ചെലവും അധ്വാനവുമുണ്ട്. അതിനൊക്കെ ശേഷം ടെസ്റ്റ് ആരംഭിക്കുകയും രണ്ടാം ദിനം ഒരു കളിക്കാരന് കൊറോണ ബാധിക്കുകയും ചെയ്താല്‍ എന്താണ് ചെയ്യുക? എല്ലാ കളിക്കാരും ക്വാറന്റൈനില്‍ പോകേണ്ടി വരും. പരമ്പര അവിടെ അവസാനിക്കും. ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ എല്ലാം നിര്‍ത്തിവെക്കേണ്ട അവസ്ഥ ഒഴിവാക്കിയാവണം കളി പുനരാരംഭിക്കേണ്ടത്. നിലവിലുള്ള ചട്ടങ്ങളനുസരിച്ച് ക്രിക്കറ്റ് പുനരാരംഭിക്കുക പ്രയാസമായിരിക്കും -ദ്രാവിഡ് ചൂണ്ടിക്കാട്ടി. 
ഓരോ പരമ്പരക്കു മു്മ്പും പിമ്പും കളിക്കാരെ ക്വാറന്റൈനില്‍ നിര്‍ത്തി എത്രകാലം മുന്നോട്ടു പോവാനാവുമെന്ന് ദ്രാവിഡ് ചോദിച്ചു. എത്രകാലം കളിക്കാര്‍ കുടുംബവുമായി അകന്നുനില്‍ക്കും? തിരക്കിട്ട മത്സരക്രമവും യാത്രകളുമൊക്കെ പരിഗണിക്കുമ്പോള്‍ ഇതൊക്കെ അപ്രായോഗികമാണ്. ജര്‍മനിയിലും കൊറിയയിലും ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിച്ചുവെന്നത് ശരിയാണ്. ഐ.പി.എല്ലും ആ രീതി ആലോചിക്കുന്നു. എന്നാല്‍ അതൊക്കെ സമ്പന്നമായ ബോര്‍ഡുകള്‍ക്കും ലീഗുകള്‍ക്കും മാത്രം സാധിക്കുന്ന കാര്യമായിരിക്കും. കാണികള്‍ കളിയുടെ അവിഭാജ്യ ഘടകമാണെന്നും കായികതാരങ്ങള്‍ ജനക്കൂട്ടത്തിന് മുന്നിലെ അഭ്യാസപ്രകടനക്കാരാണെന്നും ദ്രാവിഡ് ഓര്‍മിപ്പിച്ചു. കാണികളാണ് കളിക്കാരുടെ വേദി. കൊല്‍ക്കത്തയിലൊക്കെ കളിക്കുന്നത് പ്രത്യേക അനുഭവമാണ്. അതൊക്കെ നഷ്ടപ്പെടും -ദ്രാവിഡ് പറഞ്ഞു. 

Latest News