ടീമിലൊരു സ്പിന്നര്‍ നിര്‍ബന്ധമാക്കണം -വോണിന്റെ ഒറ്റമൂലി

സിഡ്‌നി - ഓസ്‌ട്രേലിയയില്‍ സ്പിന്‍ ബൗളിംഗ് അസ്തമിക്കുകയാണെന്ന് അവരുടെ എക്കാലത്തെയും മികച്ച ലെഗ്‌സ്പിന്നറായ ഷെയ്ന്‍ വോണ്‍. നാഥന്‍ ലയണിനെ പോലൊരു മികച്ച സ്പിന്നര്‍ ഓസ്‌ട്രേലിയയില്‍ ഉള്ളത് ഭാഗ്യമാണ്. ലയണിന് വിട്ടുനില്‍ക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും വലിയ പരിചയമില്ലാത്ത സ്പിന്നര്‍മാരാണ് പകരമുള്ളത്. സ്റ്റെയ്റ്റ് ടീമുകള്‍ ആഭ്യന്തര മത്സരം കളിക്കുമ്പോള്‍ ടീമില്‍ ഒരു സ്പിന്നറെങ്കിലും നിര്‍ബന്ധമായും വേണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിബന്ധന വെക്കണമെന്ന് വോണ്‍ നിര്‍ദേശിച്ചു.
ഇല്ലെങ്കില്‍ സ്പിന്‍ ബൗളിംഗ് ഓസ്‌ട്രേലിയയില്‍ അസ്തമിക്കും. നല്ല സ്പിന്നര്‍മാര്‍ മിക്ക ടീമുകളിലുമുണ്ട്. പക്ഷെ അവര്‍ക്ക് അവസരം കിട്ടേണ്ടേ? മുന്‍കാലത്ത് വിവിധ സ്റ്റെയ്റ്റുകളില്‍ വിവിധ തരം പിച്ചുകളായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. മിക്ക സ്‌റ്റേഡിയങ്ങളും താല്‍ക്കാലികമായ ഡ്രോപ് ഇന്‍ പിച്ചുകളാണ് ഉപയോഗിക്കുന്നത്. അഡ്‌ലയ്ഡിലും മെല്‍ബണിലും പെര്‍ത്തിലുമൊക്കെ അതാണ് അവസ്ഥ. എല്ലാം ഒരേ തരം പിച്ചുകളാവുന്ന സ്ഥിതിയാണ്. എങ്ങനെയും ജയിക്കണമെന്ന ചിന്തയാണ് സ്റ്റെയ്റ്റുകള്‍ക്ക്. അതിനാല്‍ സ്പിന്നര്‍മാരെ അവര്‍ മാറ്റിനിര്‍ത്തുന്നു. ഭാവിയെക്കുറിച്ച ചിന്തയില്ല -വോണ്‍ പറഞ്ഞു. 

Latest News