Sorry, you need to enable JavaScript to visit this website.

ഫരീദാബാദിലെ ഉസ്മാൻ

മലയാളികൾ ലോക്ഡൗൺ കാലത്ത് ഏറ്റവുമുപയോഗിച്ച പദമേത്?  ഈ ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ പലരും നൽകിയ ഉത്തരം ഉസ്മാനെന്നാണ്. ശരിയാണ് പ്രതിപക്ഷ നേതാവ് കോവിഡ് വ്യാപനത്തിന്റെ ആരംഭ കാലത്ത് ഗൾഫ് രാജ്യങ്ങളിലെ മലയാളി നേതാക്കളെ വിളിച്ചിരുന്നു. അതിലൊന്ന് കുവൈത്തിലെ ഉസ്മാനെ ആയിരുന്നു. ഇത് പിന്നെ സൈബർ സഖാക്കൾക്ക് ട്രോളിന് വകയായി. വന്ദേഭാരത് മിഷനിൽ ആദ്യ വിമാനമിറങ്ങിയപ്പോൾ ഉസ്മാനെ അന്വേഷിച്ച് പ്ലക്കാർഡുമായി എയർപോർട്ടിൽ കാത്തു നിൽക്കുന്നത് വരെ കാണാനായി. ഇങ്ങനെ ഒരു ഉസ്മാനില്ലെന്നും വരെയായി പ്രോപ്പഗൻഡ. ആദ്യ വിമാനത്തിൽ ഉസ്മാനെ കാണാത്തതിൽ വിഷമിച്ച് പ്രതിപക്ഷ നേതാവ് ഗവർണറെ കാണുമെന്ന് വരെയായി പരിഹാസം. ഒറിജിനൽ ഉസ്മാൻ ഖത്തറിലെ പ്രവാസി ബിസിനസുകാരനും കോൺഗ്രസ് സംഘടനയായ ഇൻകാസിന്റെ നേതാവുമാണ്. അദ്ദേഹം കോഴിക്കോട് നാദാപുരത്തിനടുത്ത് വീട്ടിലുണ്ട്. ഇതറിഞ്ഞപ്പോൾ കൈരളി ന്യൂസ് അടുത്ത പ്രഭാതത്തിൽ ആദ്യ വാർത്തയായി നൽകിയത് പ്രതിപക്ഷ നേതാവ് ഗൾഫ് മലയാളുകളുടെ ക്ഷേമം ഉറപ്പ് വരുത്താൻ ഏൽപിച്ച ഉസ്മാൻ ആദ്യ വിമാനത്തിൽ കയറിയിങ്ങ് പോന്നു.  ഏതിലെങ്കിലും ഒന്ന് ഉറച്ചു നിൽക്കരുതോ?  ഉസ്മാനെ ഫോൺ വിളിച്ചവരിൽ കടത്തനാട്ടിലെ വിപ്ലവ സിംഹങ്ങൾ വരെയുണ്ടെന്നാണ് കേൾവി. 
ഇനി ഉസ്മാന് സ്‌കോപ്പില്ല. അതുകൊണ്ട് വാളയാറിലെ അതിർത്തി ഗാന്ധിമാരുടെ കാര്യം നോക്കാമെന്ന് സ്വന്തം മൊയ്തീൻ.  കഴിഞ്ഞ വാരത്തിൽ ദൽഹിയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങാൻ തീരുമാനിച്ചത് തിങ്കളാഴ്ച. ചൂടേറിയ വിഷയം കേരളത്തിലെ വ്യവസായ മന്ത്രിയുടെ പങ്കാളിത്തത്തോടെ ചർച്ച ചെയ്യാൻ 24 ന്യൂസ് ചാനൽ തീരുമാനിക്കുന്നു. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും പ്രേക്ഷകർക്ക് വിളിക്കാവുന്ന പ്രോഗ്രാം തുടങ്ങിയത് ഉച്ച ഒരു മണിക്ക്. ഇ.പി ജയരാജന്റെ തുടക്കം തന്നെ ഉഗ്ര ഫോമിൽ. അതേ നാളെ മുതൽ പ്രവാസികളുടെ വിമാനങ്ങൾ തുടങ്ങുകയാണല്ലോ എന്ന് പറഞ്ഞതിലെ അബദ്ധം മനസ്സിലാക്കി സ്വയം തിരുത്തി. പിന്നീടതാ വരുന്നു വിജ്ഞാന ശേഖരം. മന്ത്രി സ്വയം വിശദീകരിക്കുകയാണ്. ഇപ്പോൾ ഉദാഹരണമായി ഒരാൾ ഫരീദാബാദ് എന്ന സ്ഥലത്തു നിന്ന് വരുന്നുവെന്ന് വെക്കുക. ഈ സ്ഥലം യു.പിയിലാണ്. അവിടെയുള്ള മലയാളികൾക്ക് ദൽഹിയാണടുത്തത്. അവർക്ക് ദൽഹിയിൽ ചെന്ന് ട്രെയിൻ കയറാം. വ്യവസായ നഗരമായ ഫരീദാബാദ് ഹരിയാനയിലാണെന്ന് കേരളത്തിന്റെ വ്യവസായ മന്ത്രിക്ക് ആരും തിരുത്തിക്കൊടുത്തതും കണ്ടില്ല.  

***    ***    ***

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിരക്കിട്ട് പാക്കേജുകൾ പ്രഖ്യാപിച്ചു വരികയാണ്. രണ്ട് മാസമായി ഒരു ജോലിയും ചെയ്യാനാവാതെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് പതിനായിരങ്ങൾ. ഇന്ത്യാ ടുഡേ ടി.വിയിൽ ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലെ ബാലാഘട്ടിലേക്ക് ഗർഭിണിയായ ഭാര്യയെ ട്രോളിയിലിരുത്തി വലിച്ചു നീങ്ങിയ ആളിന്റെ കദന കഥയുണ്ട്. 650 കിലോ മീറ്ററാണ് ഇയാൾ പിന്നിട്ട ദൂരം. മഹാരാഷ്ടയിൽ റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത് പോലുള്ള സംഭവങ്ങൾ യു.പിയിൽ ആവർത്തിക്കുകയാണ്. അതിനിടക്ക് എൻ.ഡി.ടി.വി കരളലിയിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തത്. ദേശീയ മാധ്യമം സംപ്രേഷണം ചെയ്ത റെയിൽവേ സ്‌റ്റേഷനിൽ ഭക്ഷണത്തിന് വേണ്ടി പിടിവലി കൂടുന്ന അതിഥി തൊഴിലാളികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.  ബിഹാറിലെ കതിഹാർ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പ്രത്യേക ട്രെയിനിൽ നിന്നിറങ്ങിയ തൊഴിലാളികൾ ഭക്ഷണ പൊതിക്കായി സാമൂഹിക അകലം പോലും മറന്ന് തട്ടിപ്പറിക്കുന്നതായിരുന്നു വീഡിയോ. പിടിവലിക്കിടെ ചില പൊതികൾ നിലത്ത് വീഴുന്നതും അത് ആളുകൾ എടുക്കുന്നതും വീഡിയോയിൽ കാണാം. വിശപ്പുമായുള്ള പോരാട്ടം എന്ന ശീർഷകത്തിലാണ്  ട്വീറ്റ് ചെയ്തത്. 

***    ***    ***

ഇന്ത്യയിലെ ദേശീയ ചാനലുകൾക്കെതിരെ കടുത്ത വിമർശനവുമായി യു.എ.ഇ പത്രം ഗൾഫ് ന്യൂസ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ അനൈക്യം സൃഷ്ടിക്കുന്നതിൽ ഇന്ത്യയിലെ ചില ചാനലുകൾക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമർശനം. ചില ചാനലുകളുടെ പേര് പത്രത്തിന്റെ മുഖപ്രസംഗത്തിൽ എടുത്തു പറയുന്നു. വിഷമയമായ ടി.വി ചാനലുകൾ എന്നാണ് പത്രം വിശേഷിപ്പിച്ചത്. യു.എ.ഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ചില ഇന്ത്യക്കാർ മത  .വിദ്വേഷം പരത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് അടുത്തിടെ വിവാദമായിരുന്നു. ചില ഇന്ത്യൻ മാധ്യമങ്ങളാണ് യഥാർഥ കുറ്റവാളികളെന്ന് ഗൾഫ് ന്യൂസ് മുഖപ്രസംഗത്തിൽ പറയുന്നു. 
വിദ്വേഷത്തിന്റെ പ്രചാരകരാണ് അവർ. പ്രൈം ടൈമിൽ വിദ്വേഷം കലർന്ന ഉള്ളടക്കത്തോടെയാണ് അവർ എത്തുന്നത്. ഈ ചാനലുകൾ ജനപ്രിയരായ അവതാരകരെ വെച്ച് ചാനലുകൾ നടത്തുന്ന ചർച്ചകൾ ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം ചാനലുകൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ ശക്തമായ നടപടിയെടുക്കണം. റിപ്പബ്ലിക് ടി.വി, സീ ന്യൂസ്, ഇന്ത്യ ടി.വി, ആജ് തക്, എ.ബി.പി തുടങ്ങിയ ചാനലുകളുടെ പേര് എഡിറ്റോറിയലിൽ എടുത്തുപറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് അടുത്തിടെ നിരവധി ഇന്ത്യക്കാർ യു.എ.ഇയിൽ കുടുങ്ങിയിരുന്നു. പലർക്കും ജോലി നഷ്ടമായി. പലരെയും  കമ്പനികൾ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പ്രവാസികൾക്കിടയിൽ ഇസ്‌ലാമിക ഭീതി പരക്കുന്നതിൽ ഗൾഫിലെ പ്രമുഖർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യു.എ.ഇ രാജകുടുംബാംഗങ്ങൾ വരെ ഇതിനെതിരെ രംഗത്തു വന്നു. തുടർന്നാണ് യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇന്ത്യക്കാരെ താക്കീത് ചെയ്തത്. ഗൾഫിലെ നിയമങ്ങൾ സംബന്ധിച്ചും എംബസികൾ മുന്നറിയിപ്പ് നൽകി. 

***    ***    ***

കോവിഡിൽ സംസ്ഥാന സർക്കാറിനെ കടന്നാക്രമിക്കുന്ന യു.ഡി.എഫിനെയാണ് സ്വന്തം എം.പിയുടെ നിലപാട് പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി ശൈലജയെ പ്രകീർത്തിച്ചുകൊണ്ടുള്ള, ഗാർഡിയൻ പത്രത്തിന്റെ ലേഖനമാണ് ശശി തരൂർ പങ്ക് വെച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ബ്രിട്ടീഷ് പത്രം ശൈലജയെ പ്രകീർത്തിച്ചിരിക്കുന്നത്. ചൈനയിൽ കൊറോണ വൈറസ് പടർന്ന ജനുവരിയിൽ തന്നെ, കേരളത്തിൽ സ്വീകരിച്ച പ്രതിരോധ നടപടികളാണ് ഈ പ്രശംസക്ക് ആധാരം. കേരളത്തേക്കാൾ ഉയർന്ന ആളോഹരി ആഭ്യന്തര ഉൽപാദനമുള്ള യു.എസിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരക്കണക്കിനാളുകൾ മരിച്ചപ്പോൾ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ നാലുപേർ മാത്രമാണ് രോഗം ബാധിച്ചു മരിച്ചിരിക്കുന്നത്. 600 ൽ താഴെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ശൈലജ ടീച്ചറുടെ ദീർഘദർശനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണെന്നാണ് ലേഖനം നിരീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം നേരത്തേ തന്നെ, പ്രതിരോധ നടപടികളെടുത്തതും വിദേശത്തുനിന്നും മടങ്ങിയെത്തിയവരിലൂടെ രണ്ടുഘട്ടങ്ങളായി രോഗം പടർന്നത് നിയന്ത്രിക്കാനെടുത്ത നടപടികളും ബ്രിട്ടീഷ് മാധ്യമം സമഗ്രമായി വിലയിരുത്തിയിട്ടുണ്ട്. 2018 ലെ നിപ കാലത്തും ധീരമായ പ്രവർത്തനം കാഴ്ചവെച്ച മന്ത്രിയുടെ കീഴിൽ കേരളത്തിന്റെ ആരോഗ്യം ഭദ്രമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാർഡിയനിൽ ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പത്രപ്രവർത്തകയായ ലോറ സ്പിന്നിയാണ് ഈ ലേഖനമെഴുതിയിരിക്കുന്നത്. ശൈലജ ടീച്ചറെ പ്രശംസിക്കാനും തരൂർ മടി കാണിച്ചിട്ടില്ല. ഗാർഡിയനിൽ വന്നത് മനോഹരമായ ഒരു ലേഖനമാണെന്നാണ് തരൂർ സാക്ഷ്യപ്പെടുത്തുന്നത്. ശൈലജ ടീച്ചർ സർവവ്യാപിയാണ്, വളരെ ഫലപ്രദമായാണ് അവർ കാര്യങ്ങൾ നടപ്പാക്കുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തരൂരിനങ്ങനെയൊക്കെ പറയാം. എന്നാൽ യു.എസ് പ്രസിഡന്റ് ട്രംപിൻേതായി പ്രചരിക്കുന്ന വാട്ട്‌സാപ്പിൽ കേരളത്തിന്റെ കാരണമായി പറയുന്നത് മലയാളികൾ മീനിനൊപ്പം ഫോർമാലിനും പച്ചക്കറിക്കൊപ്പം കീടനാശിനിയും കഴിക്കുന്നവരാണെന്ന് തനിക്കറിയാമെന്ന് ട്രംപേട്ടൻ. ഇതറിഞ്ഞപ്പോൾ കോവിഡ് കണ്ടം വഴി ഓടി. ശ്വാസകോശം പുറത്തെടുത്ത് സാനിറ്റൈസർ കൊണ്ട് കഴുകാൻ പറഞ്ഞ മഹാനല്ലേ. 

***    ***    ***

നടിയായും നർത്തകിയായും കരിയർ കെട്ടിപ്പടുത്ത ലക്ഷ്മി പ്രായം അൻപത് കടന്നിട്ടും വിവാഹം കഴിക്കാത്തതിന്റെ  കാരണം നേരത്തേ വ്യക്തമാക്കിയിരുന്നു. ലക്ഷ്മിയുടെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കീർത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നർത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി. 
എന്തുകൊണ്ടാണ് ഇത്രയും നാളായി വിവാഹം കഴിക്കാതിരുന്നത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ലക്ഷ്മി. ഇത്രയും നാളായി വിവാഹം കഴിക്കാതെ ജീവിച്ചത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ചിലപ്പോൾ താനതിനു വലിയ പ്രാധാന്യം കൊടുത്ത് കാണില്ലെന്നും ലക്ഷ്മി പറയുന്നു. കൂടാതെ തനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. മോഹൻലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷേ എന്ത് ചെയ്യാം? അദ്ദേഹം നേരത്തെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു ലക്ഷ്മിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. മലയാളത്തിന്റെ തീരാനഷ്ടം. 

***    ***    ***

ചുട്ടുപൊളളുന്ന വെയിലിലും ചൂടിലും കാൽനടയായി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നൽകി ഒരു മാധ്യമ പ്രവർത്തകൻ. ബി.ബി.സി റിപ്പോർട്ടർ സൽമാൻ രവിയാണ് കുടിയേറ്റ തൊഴിലാളിക്ക് തന്റെ ചെരുപ്പഴിച്ച് നൽകിയത്. ഹരിയാനയിൽ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താർപുരിലേക്ക് കാൽനടയായി യാത്ര തുടങ്ങിയ സംഘത്തെ ദൽഹിയിൽ വെച്ചാണ് ബി.ബി.സി സംഘം കണ്ടത്. സംസാരത്തിനിടെ ഒരാളുടെ കാലിൽ ചെരിപ്പ് ഇല്ലാത്തത് ശ്രദ്ധയിൽപെട്ട മാധ്യമ പ്രവർത്തകൻ സ്വന്തം ചെരിപ്പ് അഴിച്ച് നൽകുകയായിരുന്നു. തുടർന്ന് ചെരിപ്പിടാതെ തന്റെ റിപ്പോർട്ടിങ് തുടർന്നു. ബി.ബി.സി ഫേസ്ബുക്ക് പേജിൽ തത്സമയം പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

Latest News