അവർക്ക്  ലാളിക്കാൻ  പട്ടിക്കുഞ്ഞുങ്ങൾ 

നാട്ടിലെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുക സെക്കന്റ് ക്ലാസ് കംപാർട്ടുമെന്റിലെ യാത്രക്കാരായിരിക്കും. ഇരിക്കാൻ സീറ്റ് ലഭിച്ചില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ മിണ്ടിയും പറഞ്ഞും യാത്ര തുടരാം. ഇതിന് നേരെ വിരുദ്ധമായിരിക്കും ഫസ്റ്റ് ക്ലാസിലേയോ എ.സി ചെയർ കാറിലെയോ യാത്ര. എല്ലാവരും പരമ യോഗ്യന്മാർ. ആർക്കും ആരോടും സംസാരിക്കേണ്ട കാര്യമില്ല. അബദ്ധവശാൽ എന്തെങ്കിലും പറഞ്ഞു തുടങ്ങി കുഴപ്പമൊന്നും വരുത്തി വെക്കേണ്ടതില്ലെന്നാണ് വെപ്പ്.  ലക്ഷ്യസ്ഥാനത്തെത്താൻ മണിക്കൂറുകൾ വേണമെങ്കിലും മസിൽ പിടിച്ച് ഇരുന്ന് ഈഗോയുടെ പദവി ഉറപ്പിക്കും. ജനറൽ കംപാർട്ടുമെന്റിലെ തിരക്കും എയർ കണ്ടീഷന്റിലെ മൃതാവസ്ഥയും വെച്ചു നോക്കുമ്പോൾ എന്തുകൊണ്ടും ഭേദം നോൺ എ.സി ചെയർ കാറിലെ യാത്രയാണ്. നാട്ടു വിശേഷങ്ങൾ കൈമാറി യാത്ര തുടർന്നാൽ വിരസത അറിയുകയേ ഇല്ല. ഓഗസ്റ്റ് അവസാനം കോഴിക്കോട്ടു നിന്ന് അതിരാവിലെയുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ സ്വകാര്യ ഏജൻസി മുഖേന സീറ്റ് ബുക്ക് ചെയ്തപ്പോൾ തൊട്ടടുത്ത പ്രഭാതത്തിൽ സഹ യാത്രികരാരായിരിക്കുമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. കണ്ണൂരിൽ നിന്നുള്ള ട്രെയിനിൽ റിസർവ് ചെയ്ത സീറ്റിൽ ഇരുത്തമുറപ്പിച്ചപ്പോൾ എതിർവശത്തെ കന്യാസ്ത്രീ നോൺ സ്റ്റോപ്പ് വർത്തമാനവുമായാണ് തുടക്കം. സമീപത്തുള്ളവരെ പരിചയപ്പെട്ടപ്പോൾ ഓഹോ, എല്ലാവരും വിദേശികളാണല്ലോ എന്ന് മുഖവുര. അപ്പുറത്തെ സീറ്റിലെ യുവതികളോട് വിശേഷങ്ങൾ അന്വേഷിച്ചു. കണ്ണൂർ ജില്ലക്കാരായ രണ്ട് പേരും ഗൾഫിലെ സ്‌കൂൾ അധ്യാപികമാർ. കൂട്ടുകാരിയുടെ കല്യാണം കൂടാനുള്ള യാത്രയിലാണ്. ഗൾഫിലെ ടീച്ചർമാർ ജോലി സ്ഥലത്തെ വിശേഷങ്ങൾ മദറിനോട് വിശദീകരിച്ചു. ഞങ്ങളുടെ സ്‌കൂളിൽ അച്ചടക്കമാണ് പ്രധാനം, അസംബ്ലി  ചേരുമ്പോൾ ഇക്കാര്യം ഉറപ്പു വരുത്തും.  മത ഗ്രന്ഥങ്ങളിൽ നിന്നുള്ള പാരായണമുണ്ടാവും- ഉള്ളം കൈയിൽ ചെറിയ പെരുന്നാളിന്റെ മൈലാഞ്ചി മാഞ്ഞിട്ടില്ലാത്ത കോൺവെന്റ് സ്‌കൂളിൽ പഠിച്ച യുവതി വാചാലയായി. കശ്മീർ മുതൽ കന്യാകുമാരി വരെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച  കന്യാസ്ത്രീ മലയോര മേഖലയിലെ ഒരു വിദ്യാലയത്തിൽ ഗണിത ശാസ്ത്ര അധ്യാപികയായിരുന്നു. രണ്ട് വർഷം മുമ്പേ സർവീസിൽ നിന്ന്  പിരിഞ്ഞതോടെ ജർമനിയിലായി ദൗത്യം. മുമ്പൊക്കെ കന്യാസ്ത്രീകളും നഴ്‌സുമാരുമായിരുന്നു ഇന്ത്യയിൽ നിന്ന് കൂടുതലായി ജർമനിയിലേക്ക് ചെന്നിരുന്നത്. വിദ്യാസമ്പന്നരായ എല്ലാവർക്കും ഇപ്പോൾ ചാൻസുണ്ട്. ഇന്ത്യയിൽ നിന്ന് ധാരാളം പേർ വരുന്നുണ്ട്. കംപ്യൂട്ടർ പ്രൊഫഷണൽസും ഡോക്ടർമാരും അക്കൗണ്ടന്റുമാരുമെല്ലാം. ജർമനിയിൽ തണുപ്പ് ഇച്ചിരി കൂടുതലാണെങ്കിലും താമസത്തിന് പറ്റിയ നാടാണ്. ഇഷ്ടം പോലെ പണമുണ്ട്. എത്ര മനുഷ്യർക്ക് വേണമെങ്കിലും കഴിഞ്ഞു കൂടാൻ  സ്ഥലമുണ്ട്. കഷ്ടം ഇതൊന്നുമല്ല. ഈശ്വരവിശ്വാസം കുറവാണ്. ഇതിന്റെ കുഴപ്പം അവരുടെ ജീവിതത്തിലും കാണാനുണ്ട്. ജർമനിയിലെ ദമ്പതികൾ പലരും കുട്ടികളെ തീരെ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പകരം പട്ടിക്കുട്ടികളെ വാങ്ങി വളർത്തുകയാണ്. അവർക്ക് സുഖിച്ച് ജീവിക്കണമെന്ന് മാത്രമേയുള്ളു- കന്യാസ്ത്രീ യൂറോപ്യൻ നാടിന്റെ തല തിരിഞ്ഞ പോക്കിൽ അസ്വസ്ഥയായിരുന്നു. 
*** *** ***
ഏറെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നാം ഓണ നാളിൽ വടകര ഫിഷ് മാർക്കറ്റിൽ മീൻ വാങ്ങാൻ ചെന്നു. നേരം പുലർന്നത് മുതൽ മാർക്കറ്റിൽ വൻ തിരക്ക്. ചെറിയ മീനുകളെ കാണാനേയില്ല. ഇക്കണോമിക്‌സിലെ അടിസ്ഥാന തത്വങ്ങളിലൊന്നായ ഡിമാന്റ് സപ്ലൈ തിയറി പ്രകാരം വില റോക്കറ്റ് പോലെ കുതിച്ചുയർന്നിട്ടുണ്ടാവുമെന്നതിൽ സംശയമില്ല. അയക്കൂറ കിലോ എണ്ണൂറ് രൂപ, വലിയ ചെമ്മീൻ എഴുനൂറ്, മീഡിയം ടൈപ് അഞ്ഞൂറ് എന്നു പറയുമ്പോഴേക്ക് ഇടപാടുകാർ വാങ്ങി തീർക്കുന്നു. ഓണ സദ്യ ഒരുക്കാനുള്ള തിരക്കിലാണ് ആവശ്യക്കാരേറെയും. നോമ്പിനും ചെറിയ പെരുന്നാളിനുമാണ് സാധാരണ ഗതിയിൽ മീൻ വില റെക്കോർഡ് ഭേദിച്ച് കൂടുക. ഓണത്തിന്റെ അത്യാവശ്യക്കാരെ കണ്ടപ്പോൾ മാർക്കറ്റിലെ വ്യാപാരികൾ ഐക്യത്തോടെ ബ്ലേഡിന് മൂർച്ച കൂട്ടി. ഉപഭോക്താക്കൾക്ക് ആർക്കും പരാതിയില്ല. മീൻ പൊരിച്ചതില്ലാത്തതിന്റെ പേരിൽ ഓണസദ്യയുടെ തിളക്കം കുറയാൻ പാടില്ലെന്ന നിർബന്ധമാണ് ഏവർക്കും. ഈ വികാരമാണ് കച്ചവടക്കാർ ചൂഷണം ചെയ്യുന്നത്. വടക്കേ മലബാറിലെ ഓണസദ്യയിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് മത്സ്യം. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമാവുമ്പോൾ ഇതിന്റെ കൂടെ മാംസവും വിളമ്പുമെന്ന വ്യത്യാസമേയുള്ളു. 
ഇതൊന്നും സാധാരണഗതിയിൽ ചർച്ച ചെയ്യുന്ന കാര്യമല്ല. മീഡിയാ വൺ ടിവി ഓണനാളിൽ സുരഭി ലക്ഷ്മിയുടെ ഓണ സദ്യ ടെലികാസ്റ്റ് ചെയ്തപ്പോൾ വിഭവങ്ങളിൽ ഇറച്ചി പൊരിച്ചതുമുണ്ടായിരുന്നു. ഇതിനെതിരെ ഉയർന്ന വിമർശനമുയർന്നപ്പോൾ സുരഭി ഫേസ്ബുക്കിലൂടെ മറുപടി നൽകി. സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച മിന്നാമിനുങ്ങെന്ന ചിത്രം ഓഗസ്റ്റിൽ കൈരളി -ശ്രീ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. വളരെ പെട്ടെന്ന് സിനിമ പെട്ടിയിൽ തിരിച്ചെത്തുകയും ചെയ്തു. ഇന്റൊപ്പം നിന്ന് സെൽഫിയെടുത്തവർ കണ്ടിരുന്നുവെങ്കിൽ ഈ സിനിമ ഇതിലുമേറെ പേർ കാണുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. 
*** *** ***
കേന്ദ്ര മന്ത്രിസഭയിൽനിന്ന് വെങ്കയ്യ നായിഡു ഇറങ്ങിയത് വലിയ നഷ്ടമായിരുന്നു. അധികാര ലബ്ധിയ്ക്ക് മുമ്പും ശേഷവും അദ്ദേഹത്തിന്റെ പ്രസ് ബ്രീഫിംഗ് സജീവമായിരുന്നു. നഷ്ട ബോധവുമായി കഴിയുമ്പോഴതാ കേരള മുഖ്യമന്ത്രിയുടെ ദീർഘ കാല സുഹൃത്ത് കണ്ണന്താനത്തെ മോഡിജി കാബിനറ്റ് റാങ്കുള്ള മന്ത്രിയാക്കുന്നു. പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സ്‌കൂപ്പ് അടിച്ചു വിട്ടവരാണ് ശശിയായത്. ആക്ഷൻ ഹീറോ  മുതൽ കുമ്മേട്ടൻ വരെയുള്ളവരെ വെറുതെ ആശ കൊടുത്ത് നിരാശിതരാക്കി. ദൽഹിയിലെ ഡിമോളിഷൻ ഓഫീസർ, ഇടത്പക്ഷ എം.എൽ.എ എന്നീ നിലകളിൽ തിളങ്ങിയ കണ്ണന്താനത്തിലൂടെ കേരളത്തിന്റെ ടൂറിസം പടർന്നു പന്തലിക്കുമെന്ന് പ്രതീക്ഷിക്കാം. ബീഫ് കഴിച്ചിട്ട് വന്നാൽ മതിയെന്ന പ്രയോഗം കേരളടൂറിസത്തെ സ്വകാര്യമായി സഹായിക്കാനുള്ള പ്രോപ്പഗൻഡയായിരുന്നുവോ എന്നാർക്കറിയാം? കോട്ടയം ജില്ലക്കാരുടെ പ്രതീക്ഷയാണ് വാനോളമുയർന്നത്. ഒറ്റയടിക്ക് ശബരി പാതയും ശബരി വിമാനത്താവളവും കൊണ്ടുവരുമെന്നാണ് തമാശ മനസിലാക്കാനറിയുന്ന മന്ത്രി പ്രഖ്യാപിച്ചത്. മാതൃഭൂമി ന്യൂസിന്റെ വക്രദൃഷ്ടി മാഡത്തെ പരിഹസിച്ചത് നവ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 
*** *** ***
പെട്രോളിന് വില കൂടിയതൊന്നും മലയാളികൾക്ക് ഒരു വിഷയമല്ലെന്ന രീതിയിലാണ് നമ്മുടെ മാധ്യമങ്ങളുടെ പരിഗണന. ദിലീപ്, പി.സി ജോർജ് എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിക്കാനാണ് അന്തി ചർച്ചക്കാർക്കെല്ലാം താൽപര്യം. നാദിർഷായുടെ രക്ത സമ്മർദം നാദിർഷായ്ക്ക് സമ്മർദമായി ചില തലവാചകങ്ങളിൽ മാറി. തുടക്കത്തിലേ വിവാദം സൃഷ്ടിച്ച മംഗളം ചാനൽ രണ്ട് മാസമായിട്ടും ദിലീപ് വിഷയം ചർച്ച ചെയ്തുവരികയാണ്. അവരുടെ സിനിമാ പ്രസിദ്ധീകരണത്തിന്റെ കോളമിസ്റ്റ് ഈ ചർച്ചകളിൽ സ്ഥിര സാന്നിധ്യമാണെന്നതും ശ്രദ്ധേയമാണ്. വൈകുന്നേരങ്ങളിൽ കോട്ടിട്ടിറങ്ങുന്ന ചാനലുകളിലെ ന്യായാധിപന്മാർ സഹിക്കാവുന്നതിലുമേറെയാണ്. ഇന്ത്യാ ടുഡേ മാഗസിന്റെ ഓണ പതിപ്പിലെ കവർ സ്റ്റോറി ഈ വിഷയമാണ് കൈകാര്യം ചെയ്തത്. പ്രമുഖ ചാനൽ ജഡ്ജിമാർക്ക് അവർക്ക് പറയാനുള്ളത് അവതരിപ്പിക്കാനും അവസരം നൽകിയിട്ടുണ്ട്. ദിലീപിനും നീതി വേണമെന്ന് മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഇതിന്റെ പേരിൽ പോളിനെ ക്രൂശിക്കേണ്ട കാര്യമില്ല. നമ്മൾ ചിന്തിക്കുന്നത് പോലെ ബുദ്ധിജീവികളും വിചാരിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയുമല്ല. റോഹിംഗ്യൻ അഭയാർഥികളെ കുറിച്ച് മീഡിയ വണ്ണിലെ പ്രോഗ്രാമിൽ കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു. ടൈം മാഗസിനെ കുറിച്ച് ടൈംസ് മാഗസിൻ എന്ന് വോയ്‌സ് ടെലികാസ്റ്റ് ചെയ്യുമ്പോഴും സ്‌ക്രീനിൽ ടൈം മാഗസിന്റെ കവർ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. തലശ്ശേരിയിൽ സമാപിച്ച സംസ്ഥാന താരനിശയിൽ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് അനുരാഗ കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് റജീഷ വിജയന് സമ്മാനിച്ചു. ഇതിന് മാത്രം എന്ത് അഭിനയമാണ് ആ ചിത്രത്തിലെന്ന് സിനിമ കണ്ടവർക്ക് മനസ്സിലായിട്ടില്ല. ആസിഫ് അലിയെ പ്രേമിച്ചു നടക്കുന്ന നിഴൽ പോലൊരു കഥാപാത്രം. അതിലും ഭേദം ബിജു മേനോന്റെ നായികയായ ആശാ ശരത് ആയിരുന്നു. ഇനി പറഞ്ഞിട്ടെന്ത് കാര്യം? 
*** *** ***
ദേശീയ പീഡന സ്വാമിയെ അകത്താക്കി രണ്ടാഴ്ചയായിട്ടും ജയിലിൽ സന്ദർശകർ ആവശ്യത്തിനെത്തിയില്ലെന്ന് റിപ്പോർട്ട്. ആശ്രമത്തിൽനിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കമുണ്ടാക്കിയ ഇയാളെ വേണം ബുള്ളറ്റ് ട്രെയിനിന് പോകാനുള്ള പാതയുടെ നിർമാണം ഏൽപ്പിക്കാൻ. കേരള ജനസംഖ്യയുടെ ഇരട്ടി ഫാൻസുള്ള മഹാനല്ലേ? ദൽഹിയും സമീപ പ്രദേശങ്ങളുമാണ് പീഡന സ്വാമി പ്രതിഷേധത്തിന്റെ ദുരന്തം ഏറെ സഹിച്ചത്. ഇത് ദൽഹി സർവകലാശാല തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. എ.ബി.വി.പിയുടെ ശക്തി കേന്ദ്രത്തിലാണ് എൻ.എസ്.യു.ഐ വിജയക്കൊടി  പാറിച്ചത്. ജെ.എൻ.യുവിൽ എസ്.എഫ്.ഐയും വിജയിച്ചു. പശുവിനെ മാറ്റി പിടിക്കാൻ സമയമായെന്ന് വേണം കരുതാൻ. സ്വാമിയുടെ പീഡനം ഭയന്ന് പീരിയഡ്‌സാണെന്ന് ആശ്രമത്തിലെ യുവതികൾ പറയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ തലവാചകം. ദൽഹി മേഖലയിലെ തലയെടുപ്പുള്ള ദേശീയ പത്രമാണിത്. ഇവരൊക്കെ ഇങ്ങിനെ തുടങ്ങിയാൽ പാവം ക്രൈം, ഫയർ പോലുള്ള പ്രസിദ്ധീരണങ്ങളെന്ത് ചെയ്യും?   

Latest News