Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോണ്‍ഗ്രസ് കാലത്തെ പോലീസ് ആക്രമണം പോലും മേഴ്സിക്കുട്ടിയമ്മ വകവച്ചിട്ടില്ല. പിന്നെയാണോ ഈ പ്രായത്തില്‍ ഈ സൈബര്‍ ആക്രമണം?

അണ്ടിയാപ്പീസുകളെയും അണ്ടിതല്ലലിനെയും കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടതുകൊണ്ടാണ്.

എനിക്കു ശാസ്താംകോട്ടയിലെയും കടമ്പനാട്ടെയും കുന്നത്തൂരിലെയും ഒക്കെ അണ്ടിയാപ്പീസുകള്‍ ഓര്‍മ്മ വന്നു.

ശാസ്താംകോട്ടയില്‍നിന്നു കടമ്പനാട്ടേക്കുള്ള വഴിയില്‍ രണ്ട് അണ്ടിയാപ്പീസുകളുണ്ടായിരുന്നു.

കടമ്പനാട്ടുള്ള സ്കൂളിലേക്കു പ്രൈവറ്റ് ബസില്‍ പോകുമ്പോഴും വരുമ്പോഴും ബസില്‍ കുണുക്കുള്ള ചോറ്റുപാത്രങ്ങളുടെ കലമ്പലുമായി തൊഴിലാളി സ്ത്രീകള്‍ ഇരച്ചു കയറും. അവരുടെ ചീകിക്കെട്ടിയ മുടിയില്‍ ഒരു ചെറിയ പേനാക്കത്തി ചെരിച്ചു കുത്തിയിരിക്കും. ആഴ്ചയവസാനങ്ങളിലാണ് അവര്‍ക്കു കൂലി കിട്ടുക. അന്ന് ഫാക്ടറിപ്പടിക്കല്‍ പലതരം സാധനങ്ങളുടെ കച്ചവടക്കാര്‍ ഉണ്ടായിരിക്കും.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വൈകുന്നേരം ഞാന്‍ കയറിയ ബസ് ഏഴാംമൈലിലെ ഫാക്ടറിപ്പടിക്കല്‍ തടയപ്പെട്ടു.

കൂലിക്കൂടുതലിനു വേണ്ടിയുള്ള സമരം.

അഞ്ചു മണിക്കു മുമ്പു വീട്ടില്‍ എത്തണമെന്നാണ് അച്ഛന്‍റെ നിയമം. വൈകിയാല്‍ അടി ഉറപ്പാണ്. എനിക്ക് ആധിയായി.

അപ്പോഴാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ഉണ്ണി മാമനെ കണ്ടത്. ഇപ്പോള്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍ എം.എല്‍.എ. ആര്‍. ഉണ്ണിക്കൃഷ്ണ പിള്ള. അച്ഛന്‍റെ കസിനാണ്. സഹപാഠിയും.

ഉണ്ണി മാമന് എന്നെ അറിയില്ല. പക്ഷേ, എനിക്ക് അറിയാം. മാത്രമല്ല, അത് അന്താരാഷ്ട്ര ശിശു വര്‍ഷമായിരുന്നു. ‍വീട്ടില്‍ വാ തുറക്കാന്‍ അനുവാദമില്ലെങ്കിലും ശിശുക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് അവരുടെ കടമയാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. കടമ നിര്‍വഹിക്കാന്‍ വേണ്ടി ഞാന്‍ ബസില്‍നിന്ന് ചാടിയിറങ്ങി. ആള്‍ക്കൂട്ടത്തില്‍ നുഴഞ്ഞുകയറി. ഉണ്ണിമാമനെ തൊട്ടു വിളിച്ചു.

വലിയ വാഗ്വാദവും ബഹളവും നടക്കുന്നതിന്‍റെ ഇടയിലാണിത്. ഉണ്ണി മാമന്‍ ചുറ്റും നോക്കി. മുട്ടോളം മാത്രം ഉയരമുള്ള എന്നെ കണ്ടുപിടിക്കാന്‍ സമയമെടുത്തു. ആ തിരക്കിലും കുനിഞ്ഞ് എനിക്കു ചെവി തന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി.

ഞാന്‍ ഈ ബസില്‍ വന്നതാണ്. ബസില്‍ ഒരുപാടു കുട്ടികളുണ്ട്. ഞങ്ങടെ ബസ് കടത്തി വിടണം – ചുരുക്കം വാക്കുകളാല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടു.

ഉണ്ണി മാമന്‍റെ അപ്പോഴത്തെ മുഖം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ‘നീ പോയിരിക്ക്. നമുക്ക് നോക്കാം’ എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ സ്കൂള്‍ കുട്ടികളുള്ള ബസുകള്‍ക്കു പോകാന്‍ അനുവാദം കിട്ടി.

അതു വഴി പോകുമ്പോഴൊക്കെ എന്നെ തല്ലാതെ വിട്ട ഉണ്ണി മാമന്‍റെ ക്ഷമയോര്‍ത്ത് അദ്ഭുതപ്പെടാറുണ്ട്.

പക്ഷേ, പിന്നീട് ഫാക്ടറിപ്പടിക്കലെ സമരങ്ങള്‍ നിത്യസംഭവങ്ങളായി. ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നത് 1984ലെ സമരമാണ്. അന്നു ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.

തൊഴിലാളികളുടെ കൂലി ഏഴു വര്‍ഷമായി കൂട്ടിയിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ‍ഡി.എയും അവര്‍ക്കു കൊടുത്തിരുന്നില്ല. അതിനെതിരേ ആയിരുന്നു സമരം. കുറച്ചു തൊഴിലാളികള്‍ മാത്രമാണ് സമരം ചെയ്തത്. മറ്റുള്ളവര്‍ ജോലിക്കു കയറി. കാരണം, ജോലിയില്ലെങ്കില്‍ പട്ടിണിയിലാകുന്നവരാണ് കശുവണ്ടി തൊഴിലാളികള്‍. പക്ഷേ, നിരാഹാര സമരം തുടങ്ങിയിട്ടും മുതലാളിമാര്‍ അയഞ്ഞില്ല. നാലു മാസമായിട്ടും മുതലാളിമാര്‍ കടുംപിടിത്തം തുടര്‍ന്നപ്പോള്‍ തൊഴിലാളികള്‍ കശുവണ്ടിപ്പരിപ്പു വിട്ടുകൊടുക്കില്ലെന്നു തീരുമാനിച്ചു. പരിപ്പു കൊണ്ടു പോകാന്‍ വന്ന വണ്ടി തടഞ്ഞു. പോലീസ് വന്നു. തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ ഒരു തൊഴിലാളി മര്‍ദ്ദനമേറ്റു മരിച്ചു. വലിയ ഒച്ചപ്പാടായി. മുതലാളിമാര്‍ കോടതിയെ സമീപിച്ചു. പക്ഷേ, കൂലി കൊടുത്തിട്ടു പരിപ്പു കൊണ്ടുപോകാം എന്നു കോടതി വിധിച്ചു. അങ്ങനെയാണ് ആ സമരം തീര്‍ന്നത്.

അന്നു കൂലി നിഷേധിച്ചു പണിയെടുത്ത തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കാന്‍ മറ്റു തൊഴിലാളികള്‍ പിരിവിടണമെന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നു. അങ്ങനെ കിട്ടുന്ന അരിയും സാധനങ്ങളും ശേഖരിച്ചു സമരപ്പന്തലില്‍ എത്തിക്കുന്ന ചുമതല ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കായിരുന്നു. കഞ്ഞിക്കു പകരം ഓണ ദിവസം തൊഴിലാളികള്‍ക്കു സദ്യ കൊടുക്കാന്‍ വേണ്ടി ഓടി നടന്നതും പാര്‍ട്ടി ഓഫിസില്‍ സാധനങ്ങള്‍ വന്നു കൂടിയതു കണ്ട് അമ്പരന്നതും അക്കൊല്ലം ഓണമ്പലം ഫാക്ടറിപ്പടിക്കല്‍ റോഡിലിരുന്ന് തൊഴിലാളികളോടൊപ്പം ചോറും സാമ്പാറും കൂട്ടി ഊണു കഴിച്ചതുമാണ് മറക്കാനാകാത്ത ഓണമെന്നു മേഴ്സിക്കുട്ടിയമ്മ പിന്നീടു പറഞ്ഞിട്ടുണ്ട്.

1987ല്‍ ഞാന്‍ കൊല്ലം എസ്. എന്‍. വിമന്‍സ് കോളജില്‍ ചേര്‍ന്നു. 1982ലെ ശ്രീകുമാര്‍ വധത്തിനുശേഷമുള്ള വിദ്യാര്‍ത്ഥി സമരത്തിന്‍റെ അലയൊലികള്‍ ക്യാംപസില്‍ അടങ്ങിയിരുന്നില്ല. അന്നു പോലീസിന്‍റെ മര്‍ദ്ദനമേറ്റു ചോര ഛര്‍ദ്ദിച്ച കെ. സോമപ്രസാദ് ( ഇപ്പോള്‍ രാജ്യസഭാംഗം) ശാസ്താംകോട്ട ഡി.ബി. കോളജില്‍ എന്‍റെ അച്ഛന്‍റെ ശിഷ്യനായിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിത്യസന്ദര്‍ശകനും. ആ സമരത്തില് ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില് പോലീസ് ജീപ്പ് തടഞ്ഞ കഥയൊക്കെ പ്രസിദ്ധമായിരുന്നു. ‍‍

അതായത്, കോണ്‍ഗ്രസ് ഭരണ കാലത്തെ പോലീസ് ആക്രമണം പോലും മേഴ്സിക്കുട്ടിയമ്മ വകവച്ചിട്ടില്ല.

പിന്നെയാണോ ഈ പ്രായത്തില്‍ ഈ സൈബര്‍ ആക്രമണം?

അതുകൊണ്ട്, അവര്‍ക്കു പിന്തുണയോ ഐക്യദാര്‍ഢ്യമോ രേഖപ്പെടുത്താനല്ല ഈ പോസ്റ്റ്.

നേരിട്ട് അറിവുള്ള ഒരു കാര്യം മാത്രം പറയാനാണ് :

– ഷീ ഈസ് എ ഹാര്‍ഡ് നട്ട് ടു ക്രാക്ക്.

Latest News