മകന്‍ നഷ്ടപ്പെട്ട നൊമ്പരം പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍ നെല്ലിക്കുത്ത് ഹനീഫ.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
അവനെ മാറോടണക്കിപ്പിടിച്ച് ഞാന്‍ പോരാടുകയായിരുന്നു. എന്നോടൊപ്പം, അവനെ നൊന്തു പ്രസവിച്ച അവന്റെ ഉമ്മ ഹബീബയുമുണ്ടായിരുന്നു. 2018 ഏപ്രില്‍ 22 മുതല്‍ 2020 മെയ് 10 വരെ വിശ്രമമില്ലാതെ ഞാന്‍ നിരന്തരം അവന് വേണ്ടി പോരാടി. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക്. വൈദ്യ ശാസ്ത്രത്തിന്റെ... സമൂഹത്തിന്റെ ഓരോ വാതിലുകളിലും ഒരു ഔചിത്യവുമില്ലാതെ ഞാന്‍ നിരന്തരം മുട്ടി.
ഇടയ്ക്ക് പലപ്പോഴും അവനെന്നോട് ചോദിച്ചു.
''ഉപ്പച്ചീ... എന്റെ ദീനം മാറില്ലേ...?''
''തീര്‍ച്ചയായും മാറും'' ഞാനവന് വാക്ക് കൊടുത്തിരുന്നു.
തികഞ്ഞ പ്രതീക്ഷയോടെ ഞാനവന് നല്‍കിയ പൊള്ളയായ എന്റെ വാഗ്ദാനത്തിലെ നിസ്സഹായത അവനുള്‍ക്കൊണ്ടിട്ടുണ്ടോ എന്നെനിയ്ക്കറിയില്ല. മെയ് 10ന് വിശുദ്ധ റംസാന്‍ മാസത്തിലെ 17 ബദര്‍ ദിനത്തില്‍ അവന്‍ പുഞ്ചിരിച്ച് കൊണ്ട് എന്നോട് യാത്ര പറഞ്ഞു. വൈകീട്ട് 3.17 നായിരുന്നു അവന്‍ നാഥനിലേക്ക് മടങ്ങിയത്. അവന്റെ സ്‌കൂള്‍ യൂനിഫോമും പാഠപുസ്തകങ്ങളും.. കളിപ്പാട്ടങ്ങളുമെല്ലാം അവനിവിടെ ഉപേക്ഷിച്ച് പോയി.
അവനിപ്പോ നെല്ലിക്കുത്ത് മില്ലുംപടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കിളച്ച് മൂടിയ മണ്‍കൂനയില്‍ നട്ട ഇല പൊഴിയുന്ന മൈലാഞ്ചിക്കമ്പുകളുടെ ചോട്ടില്‍ ശാന്തമായി ഉറങ്ങുകയാണ്.
അവനെക്കുറിച്ചുള്ള ദീപ്തമായ ഓര്‍മ്മകളുടെ തടവറയിലകപ്പെട്ട എന്നെ ഉറക്കം ഒട്ടും അനുഗ്രഹിക്കുന്നുമില്ല. ഇപ്പോ എനിയ്ക്കവന്‍ കൂട്ടില്ല... അവന് ഞാനും.
കുഞ്ഞേ... ആധുനിക വൈദ്യശാസ്ത്രത്തോട് ക്ഷമിയ്ക്ക്... എന്നോടും.! നമുക്കിടയിലെ വിധികല്‍പ്പിതം റബ്ബ് നടപ്പാക്കി. നീയുറങ്ങൂ...ശാന്തമായി ഉറങ്ങൂ.. നേരിലും അല്ലാതെയും എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും ഞാനെന്റെ കണ്ണീര്‍ പൂക്കള്‍ പൊഴിച്ച് തീര്‍ക്കട്ടെ. നന്ദി.