Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോയ് അറയ്ക്കലിനെ ഇങ്ങനെ വധിക്കണോ?

യുഎഇയിലെ പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ നിറയുമ്പോള്‍ അദ്ദേഹത്തെ ഇങ്ങനെ വധിക്കണോ എന്ന ചോദ്യവുമായി  ഗവേഷക വിദ്യാര്‍ത്ഥി എന്‍ നൗഫല്‍. ഈ ജീവിതത്തില്‍ ഒരു മനുഷ്യന് വേറെ ഒരു മനുഷ്യനോട് ചെയ്യാന്‍ ഒക്കുന്ന ഏറ്റവും നല്ല കാര്യം അയാളെ വിധിക്കാതെ ഇരിക്കുക എന്നതാണെന്ന് നൗഫല്‍ പറയുന്നു.

ഏപ്രില്‍ 23 നാണ്അറയ്ക്കല്‍ ജോയി ആത്മഹത്യ ചെയ്തത്. ഹൃദയാഘാതമായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിനസ് ബേയിലെ 14ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് ദുബൈ പോലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

എന്നാല്‍ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചു.  ഫേസ്ബുക്കിലൂടെയാണ് വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നവര്‍ക്കെതിരെ നൗഫലിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ജോയ് അറയ്ക്കല്‍ ‘തോറ്റ് തോറ്റ് തൊപ്പിയിടുമ്പോള്‍’..

മലയാളി വ്യവസായിയും കേളത്തിലെ ഏറ്റവും വലിയ വീടായ അറയ്ക്കല്‍ പാലസിന്റെ ഉടമയുമായ ജോയി അറയ്ക്കല്‍ ദുബായില്‍ ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത കണ്ടു. കോവിഡ് പ്രതിസന്ധി മൂലം ബിസിനസ്സില്‍ സംഭവിച്ച പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണം എന്ന് വാര്‍ത്തകളില്‍ പറയുന്നു.

ഞാന്‍ മുന്നേ ഈ മനുഷ്യന്റെ വീടിനെ പറ്റിയുള്ള വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. കൂട്ടുകുടുംബത്തിലെ 16 പേര് ഒന്നിച്ചു ജീവിക്കുന്ന വീട്.

വളരെ വലുത്. വളരെ വളരെ. ശരാശരി മലയാളിക്ക് സങ്കല്പിക്കാന്‍ അവാത്തത്ര പ്രൗഢിയുള്ളത്. മനുഷ്യസഹജമായ അസൂയ ജനിപ്പിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ലോജിസ്റ്റിക്സ് തൊഴിലാളിയായി ദുബായില്‍ എത്തിയ ഒരാള്‍ രണ്ടു പതിറ്റാണ്ടിനുള്ളില്‍ സ്വന്തം കെല്‍പ്പും അധ്വാനവും കൊണ്ട് കൈയെത്തിപിടിച്ച സ്വപ്നങ്ങളുടെ ഹൃദയ സാക്ഷ്യം പോലെ ആ വീട് എന്റെ ഓര്‍മ്മയില്‍ എപ്പോഴും ഉണ്ട്.

******

‘ജോയ് അറയ്ക്കല്‍ എന്തിന് ആത്മഹത്യ ചെയ്യാന്‍ പോയി? വീട് വിറ്റ് കടം തീര്‍ത്താല്‍ പോരായിരുന്നോ?’

‘കാശ് കൂടി പോയതിന്റെ അഹങ്കാരം അല്ലാതെ എന്ത് ?’

‘ഇതാണ് പൈസയും സമാധാനവും ആയി ഒരു ബന്ധവുമില്ല എന്നു പറയുന്നത്..!’

‘ഇത്ര വലിയ വീട് കെട്ടി നാട്ടുകാരെ കാണിച്ചിട്ട് എന്താ കാര്യം. സമാധാനം ആയി ഒരു മാസം ജീവിച്ചോ അതിനകത്ത്. ?’

‘ഇവിടെ കൂലി പണിക്ക് പോകുന്ന മനുഷ്യര്‍ പട്ടിണി കിടക്കുന്നു. അപ്പോഴാ അവന്റെ ഒക്കെ ബിസിനസ്. ഇതിനൊക്കെ ചാകാന്‍ നിന്നാല്‍ ഞങ്ങള്‍ ഒക്കെ എത്ര ചാകണം?’

‘ജീവിതത്തില്‍ സുഖവും വിജയവും മാത്രം അറിഞ്ഞു മക്കളെ വളര്‍ത്തുന്ന അമ്മമാര്‍ ജോയ് അറയ്ക്കലിന്റെ കഥ ഓര്‍ക്കണം. ഒരു ചെറിയ തോല്‍വിയില്‍ പോലും തകര്‍ന്നു പോകുന്ന ഇതു പോലെയുളള മനുഷ്യര്‍ക്ക് ജീവിതം എന്താണ് എന്നറിയില്ല.’

‘ഇത് ആത്മഹത്യ ഒന്നുമല്ല. കൂടെ നിന്നവര്‍ ചതിച്ചു കാണും. വീട്ടുകാരെ പിടിച്ചു വേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ തെളിയും ആത്മഹത്യ ആണോ കൊലപാതകം ആണോ എന്ന്?’

ജോയ് ആയ്ക്കലിന്റെ വീഡിയോകള്‍, വീടിന്റെ വാര്‍ത്തകള്‍, ആത്മഹത്യ – കൊലപാതക ഭാവനാ വാര്‍ത്തകള്‍ ഒക്കെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്. നമ്മുക്ക് ലോക്ക് ഡൗണ് കാലത്ത് ചികഞ്ഞു സന്തോഷിക്കാന്‍ ഇടം തരുന്ന ഒരു മരണം. അത് എല്ലായിടത്തും നിറഞ്ഞോടുന്നു. ആഘോഷിക്കപെടുന്നു.

ജോയ് അറയ്ക്കലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്ത യൂ ട്യൂബ് വീഡിയോകളുടെ കീഴെ വന്ന കമന്റുകളുടെ പൊതു സ്വഭാവം ആദ്യം പറഞ്ഞതാണ്. മേല്‍ പറഞ്ഞതിലും കൂടിയ അളവില്‍ പുച്ഛവും പരിഹാസവും മഞ്ഞ കണ്ണടയും ഉണ്ടെങ്കിലേ ഉള്ളു.

മരിച്ചു പോയ ഒരാളെ, അയാളുടെ ആത്മഹത്യയയെ, ആര്‍ക്കാണ് വിലയിരുത്താനും വിധി പറയാനും അധികാരം ഉള്ളത്?

അയാള്‍ തോറ്റുവെന്നും ‘ ജീവിതത്തിന്റെ പരാജയങ്ങളില്‍ ഉലഞ്ഞു പോയവനാ’ണെന്നും വിധി പറയാന്‍ നമ്മള്‍ ആരാണ്?

അയാളെ എന്നല്ല, ഭൂമിയിലെ ഏതൊരു മനുഷ്യനും മാര്‍ക്കിടാന്‍, നമ്മുക്ക് എന്തവകാശമാണുള്ളത്. അവര്‍ നടന്ന വഴികള്‍ നമ്മുക്കറിയില്ല. അവര്‍ക്കേറ്റ ക്ഷതങ്ങള്‍ നമുക്കെത്ര അപരിചിതം.

എന്നിട്ടും എന്നിട്ടും നമ്മള്‍ മുനകൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ട് തല ചൊറിഞ്ഞു വിധി പറയുന്നു, ‘ അവനൊക്കെ എന്ത് തോല്‍വി ജീവിതമാണ്’. ‘ഇതൊക്കെയാണോ ജീവിതം’. .

പറയ്, നമ്മള്‍ ആരാണ്, അപരിചിതനോ, പരിചിതനോ ആയ ഒരു മനുഷ്യനെ അളക്കാനും വിധിക്കാനും? അതിനു മാത്രം പോന്ന ഏത് സ്‌കെയിലാണ് നമ്മുക്കുള്ളത്?

******

ജീവിതത്തില്‍ ഏറ്റവും തുലച്ചു കളഞ്ഞ സിനിമകളില്‍ ഒന്ന്, പത്തോ പതിനഞ്ചോ മിനിറ്റ് നീളമുള്ള ‘പുറം കാഴ്ചകള്‍’ ആണ്. കേരള കഫേയിലെ ഒരു ചിത്രം. ലാല്‍ ജോസാണോ സംവിധാനം ചെയ്തത് എന്ന അമ്പരപ്പ് തോന്നുന്ന ചിത്രം. സി.വി ശ്രീരാമന്റെ കഥയുടെ കാഴ്ച്ച.

‘ചുറ്റും വട്ടം വയ്ക്കാതെ ബസ് എടുക്കേടോ’
എന്ന് ചായ കുടിക്കാന്‍ ഇറങ്ങിയ ഡ്രൈവറോടും കണ്ടക്ടറോടും ദേഷ്യപ്പെടുമ്പോള്‍ ആണ് നമ്മള്‍ അയാളെ ആദ്യം കാണുന്നത്. മമ്മൂട്ടിയാണ്. തൊട്ടാല്‍ ചിതറി പോകുന്ന മുഖം.

‘ സമുദ്ര നിരപ്പില്‍ നിന്ന് ഈ സ്ഥലം എത്ര ഉയരമുണ്ട്’ എന്ന് വിശേഷം ചോദിക്കുന്ന സഹയാത്രികനോട് നീരസം കാണിക്കുന്ന, ഇടയ്ക്ക് കാരണം ഇല്ലാതെ ബസ് നിര്‍ത്തുമ്പോള്‍ അക്ഷമനാകുന്ന, ‘ വെള്ള ചാട്ടം കാണാന്‍ വണ്ടി ഒന്നു നിര്‍ത്തി തരണം ‘ എന്നു കണ്ടക്ടറോട് ആവശ്യപ്പെടുന്ന കോളേജ്ജ് കുട്ടികളോട് ക്ഷുഭിതനാകുന്ന ഒരാള്‍. അടി മുടി തീപിടിച്ച ഒരാള്‍.

‘ ഇവനൊക്കെ ഏത് കാട്ടില്‍ നിന്ന് വരുന്നു’ എന്നാണ് കണ്ടക്ടര്‍ അയാളെ നോക്കി പിറുപിറുക്കുന്നത്.

‘ഡാഡി മമ്മി വീട്ടില്‍ ഇല്ല’ എന്നു കോളേജ് കുട്ടികള്‍ പാട്ട് പാടി നൃത്തം ചെയ്യുമ്പോള്‍ എല്ലാവരും കൂടെ കൂടുന്നു. താളം വയ്ക്കുന്നു. അപ്പോഴും അയാള്‍ മാത്രം അസ്വസ്ഥനാകുന്നു. അയാള്‍ പാട്ട് നിര്‍ത്താന്‍ ബഹളം വയ്ക്കുന്നു. ബസിലെ മുഴുവന്‍ മനുഷ്യരും അയാളെ വെറുപ്പോടെ നോക്കുന്ന, എത്ര നിമിഷങ്ങള്‍..

‘വളവില്‍ വണ്ടി നിര്‍ത്തണം ‘എന്നയാള്‍ ആവശ്യപ്പെടുമ്പോഴാണ് ആദ്യം ആയി അയാളുടെ ശബ്ദം ഉടഞ്ഞിട്ടുണ്ടെലോ എന്നു നമ്മുക്ക് പിടി കിട്ടുന്നത്.

‘ഇവിടെ സ്റ്റോപ്പില്ല ‘എന്നു മുഖം തിരിക്കുന്ന കണ്ടക്ടറോട് വണ്ടി നിര്‍ത്താന്‍ അലറി, അയാള്‍ വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങുമ്പോള്‍ മാത്രമാണ് വളവിലെ വീടും വീട്ടിലെ ആള്‍ക്കൂട്ടവും ബസിലെ മനുഷ്യര്‍ കാണുന്നത്. അയാള്‍ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ ആള്‍ക്കൂട്ടം മുറുകുന്നു. കരച്ചില്‍ ഉച്ചത്തിലാകുന്നു. അയാളെ കാത്തിരുന്ന മരണ വീടാണ് അത് എന്ന് അന്നേരം ബസിലെ മുഴുവന്‍ കാഴ്ചക്കാര്‍ക്കും ബോധോദയമുണ്ടാകുന്നു.

വീട്ടിലേക്ക് എത്തുന്ന ജീപ്പില്‍ ഒരു കുഞ്ഞിന്റെ മൃതദ്ദേഹം കൊണ്ടു പോകാനുള്ള അളവില്‍ നിര്‍മിച്ച ശവപ്പെട്ടി. മരിച്ചത് അയാളുടെ മകന്‍. അല്ലെങ്കില്‍ മകള്‍.

ബസില്‍ നിന്ന് ജനാലയിലൂടെ മുഖം എത്തിച്ചു നോക്കുന്ന കണ്ടമാനം മനുഷ്യര്‍. ഡാഡി മമ്മി പാടിയവര്‍. സ്വന്തം കുഞ്ഞിന്റെ ശവം അടക്കത്തിന് വീട്ടിലേക്ക് വരുന്ന അച്ഛനോട് ‘ ഡാമില്‍ എത്ര വെള്ളം കാണും’ എന്നു നാട്ടുവിശേഷം തിരക്കിയവര്‍. അയാളുടെ നിശ്ശബ്ദയ്ക്ക് മേലെ, പാട്ട് പാടി നൃത്തം ചവിട്ടിയവര്‍.

ഭൂമിയിലെ മുഴുവന്‍ പുറം കാഴ്ചകളും ആ വളവില്‍ അവസാനിക്കുന്നു. കാഴ്ചക്കാര്‍ തോറ്റ് തുന്നം പാടുന്നു..

****

പുറം കാഴ്ചക്കാര്‍ക്ക് മനുഷ്യരെ വിധിക്കാന്‍ എന്തര്‍ഹത? മാര്‍ക്കിടാനും വിധി എഴുതാനും നാമാര്? ആരറിയുന്നു അവരുടെ അകം കാഴ്ചകള്‍. അവരുടെ മുറിവും മൗനവും.

ഈ ജീവിതത്തില്‍ ഒരു മനുഷ്യന് വേറെ ഒരു മനുഷ്യനോട് ചെയ്യാന്‍ ഒക്കുന്ന ഏറ്റവും നല്ല കാര്യം അയാളെ വിധിക്കാതെ ഇരിക്കുക എന്നതല്ലാതെ എന്ത് ?

ഇടക്ക്ക് ഇടയ്ക്ക് who are you to judge ? എന്ന് സ്വയം ചോദിക്കുന്നതിനെക്കാള്‍ വലിയ ആത്മബോധം മറ്റെന്തുണ്ട്?

***

ജോയി അറയ്ക്കല്‍ നമ്മുക്ക് മുന്നില്‍ പാസ്സ് മാര്‍ക്ക് വാങ്ങാതെ തോറ്റു. അയാളെ തോല്‍പിച്ച നമ്മള്‍ അതിനും എത്രയോ മുന്‍പേ തോറ്റിട്ടുണ്ടാകും. പക്ഷേ, നമ്മുക്കത് മനസ്സിലാകാന്‍ ഇനിയും എത്ര വളവ് തിരിയണം? എത്ര പുറം (വെറും) കാഴ്ചകളില്‍ അഭിരമിക്കണം?

Latest News