ഈ നാട്ടിൽ യു.ആർ അനന്തമൂർത്തി, ഡോ.കൽബുർഗി, എന്റെ പിതാവ് പി. ലങ്കേഷ്, പൂർണ ചന്ദ്രതേജസ്വി ഒക്കെയുമുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാ ഗാന്ധിയേയും രാജീവ് ഗാന്ധിയേയും നിശിതമായി വിമർശിച്ചിട്ടുള്ളവരുമാണ്. പക്ഷെ അതിന്റെ പേരിൽ അവരാരും ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. അവർക്ക് വധഭീഷണി ലഭിച്ചിരുന്നില്ല. എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന വ്യക്തിയാകാനാണ്. അല്ലാതെ വർഗീയവാദി ആകാനല്ല. അതുകൊണ്ട് വർഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. -ഗൗരി ലങ്കേഷ്
ആരാണ് വാക്കുകളെ ഭയപ്പെടുന്നത്? വാക്കിനെതിരെ തോക്ക് ചൂണ്ടി ഫാസിസ്റ്റുകൾ ജനസ്വരത്തെ അടിച്ചമർത്തുന്ന കാഴ്ച ഇന്ത്യയിൽ വീണ്ടും.
വീട്ടിനുള്ളിലേക്ക് കയറും മുമ്പ് ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവർത്തകയുടെ ശിരസ്സ് പിളർത്തി ഫാസിസ്റ്റുകൾ സംഹാരതാണ്ഡവമാടിയിരിക്കുന്നു. എന്നാൽ ഫാസിസ്റ്റ് രാഷ്ട്രീയം എന്നും തോറ്റിട്ടെയുളളൂവെന്ന ചരിത്രം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ ജനത ആവർത്തിക്കുന്നു. വെടികളേറ്റ് തൊണ്ടകൾ തുളഞ്ഞാലും രാജ്യത്തിന്റെ മതേതരത്വത്തിന് വേണ്ടി അവരുടെ ശബ്ദം വാനിൽ ഉയർന്ന് കേൾക്കും. അവരുടെ വാക്കുകളും അർത്ഥങ്ങളും നിലനിൽക്കും. കാരണം കൊല്ലപ്പെട്ടവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നേയും പിന്നേയും ഉയിർത്തെഴുന്നേൽക്കും. കൊല ചെയ്യപ്പെട്ട ഗൗരി ലങ്കേഷ് കന്നഡ സാഹിത്യത്തിലെ പ്രമുഖ വാരികയായ ലങ്കേഷ് പത്രികെയിൽ മൂന്ന് നോവലുകളും കഥകളും ഫീച്ചറുകളും എഴുതി.
ഗൗരിയുമായി അടുത്ത സ്നേഹ ബന്ധം പുലർത്തിയിരുന്ന കന്നഡ എഴുത്തുകാരി സാറാ അബൂബക്കർ, തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ, മലയാളത്തിലെ മുൻനിര സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം എന്നിവർ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.
അവസാന ശ്വാസം വരെ പടർന്ന് കത്തിയ ജ്വാല
തോപ്പിൽ മുഹമ്മദ് മീരാൻ (തമിഴ് സാഹിത്യകാരൻ)
ആവിഷ്കാര സ്വാതന്ത്ര്യമുളള രാജ്യത്ത് പടർന്നു പിടിക്കുന്ന അസഹിഷ്ണുതയുടെ ഇരയാണ് ഗൗരി ലങ്കേഷ്. ഇന്ത്യയുടെ മതേതരത്വത്തിനു വേണ്ടി ജീവൻ അർപ്പിച്ച ഒടുവിലത്തെ ജനാധിപത്യവാദി. മനുഷ്യ നന്മക്ക് വേണ്ടി എഴുതുന്നവരേയും ശബ്ദിക്കുന്നവരേയും ചിന്തിക്കുന്നവരേയും ആയുധം കൊണ്ട് ഇല്ലാതാക്കുന്ന പ്രവണതയാണ് ഇന്ന് ഫാസിസ്റ്റുകൾ നടപ്പിലാക്കുന്നത്. ഇതിൽ ഒടുവിലത്തെ സംഭവമാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവർത്തകയുടെ മരണം. ഇതിനെതിരെ പ്രതികരിക്കുക മാത്രമല്ല മരണത്തെ ഭയപ്പെടാതെ ഫാസിസ്റ്റുകൾക്കെതിരെ പോരാടുകയാണ് വേണ്ടത്. അത്തരത്തിൽ മരണം വരിക്കേണ്ടിവന്നാൽ അത് പുണ്യമായാണ് ഞാൻ കാണുക.
കർണാടകയിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പൊരുതിയ സാഹിത്യകാരൻ പ്രൊഫ. എം. എം. കൽബുർഗിയുടെ മരണം നമ്മൾ ഞെട്ടലോടെയാണ് കേട്ടത്. ഒരു പക്ഷെ അനീതിക്കെതിരെ ശബ്ദിച്ചതിന് ആയിരങ്ങൾ ഇന്ത്യാ രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം മരിച്ചു വീണിട്ടുണ്ടായേക്കാം. ഇപ്പോഴും മരിക്കുന്നുണ്ട്. ഇനിയും മരിക്കും. എന്നാലും ഫാസിസത്തിന്റെ തായ്വേര് അറുക്കാൻ മരണം വരെ ഓരോ ജനാധിപത്യവാദിയും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ശ്രമിച്ചു കൊണ്ടിരിക്കും. അവരുടെയൊക്കെ ജീവൻ എടുക്കാൻ അവർക്ക് കഴിഞ്ഞേക്കും. എന്നാൽ അവർ ഇന്ത്യൻ മണ്ണിൽ എക്കാലത്തും അനശ്വരരായി ജീവിക്കുമെന്നുള്ള ചിന്ത കൊല്ലുന്നവർക്കില്ല. സാഹിത്യകാരന്മാരും എഴുത്തുകാരും ഫാസിസ്റ്റുകൾക്കെതിരെ എഴുതാതെയും ശബ്ദിക്കാതെയും നിലകൊളളുന്നത് പാപ്പരത്തമാണ്. അതുകൊണ്ട് വരാനിരിക്കുന്ന നല്ല നാളേക്ക് വേണ്ടി നമ്മൾ പ്രതികരിച്ചു കൊണ്ടേയിരിക്കുക. അവസാന ശ്വാസം വരെ പോരാടുക.
ജനാധിപത്യത്തിന്റെ ശബ്ദം
സാറാ അബൂബക്കർ (കന്നഡ സാഹിത്യകാരി)
ഗൗരി ലങ്കേഷിനെ ഞാൻ നേരിട്ട് ആദ്യം കാണുന്നത് അവരുടെ ഇരുപതാം വയസ്സിലാണ്. അവർ പഠിക്കുന്ന പ്രായമാണ്. അതിന് മുമ്പ് തന്നെ അവരുടെ അച്ഛൻ ലങ്കേഷിനെ എനിക്കറിയാം. അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ സർവ്വോപരി മനുഷ്യ സ്നേഹിയും. 1980 കളിലാണ് അദ്ദേഹം ലങ്കേഷ് പത്രികെ ആഴ്ചപ്പതിപ്പ് ആരംഭിക്കുന്നത്. എഴുതിത്തുടങ്ങുന്ന എനിക്ക് ഏറെ പ്രോൽസാഹനം നൽകിയ പത്രാധിപരായിരുന്ന ലങ്കേഷ്. മുസ്ലിം സമുദായത്തിൽനിന്ന് എഴുത്തിന്റെ മേഖലയിലേക്ക് കന്നഡയിൽനിന്ന് സ്ത്രീകൾ കടന്ന് വരാത്ത കാലമാണ്. ഇത് മനസ്സിലാക്കിയാവണം എന്റെ കഥകളും ഫീച്ചറുകളും ആശയങ്ങളും നിരവധി തവണ ലങ്കേഷ് പത്രികയിൽ അച്ചടിമഷി പുരണ്ടു. എന്റെ മൂന്ന് നോവലുകൾ പ്രസിദ്ധീകരിച്ചതും ഇതേ ആഴ്ചപ്പതിപ്പിലായിരുന്നു.
മംഗലാപുരത്ത് നിന്ന് പോസ്റ്റൽ വഴി എന്റെ സൃഷ്ടികൾക്ക് അദ്ദേഹം മറുപടി നൽകുമായിരുന്നു. പിന്നീടാണ് നേരിട്ട് കാണാൻ ബാംഗ്ലൂരിലെത്തിയത്. അവിടെ നിന്നാണ് മകൾ ഗൗരിയെ ആദ്യം കാണുന്നത്. അച്ഛന്റെ പകർപ്പായിരുന്നു ഗൗരി. എന്നും അടിച്ചമർത്തപ്പെട്ട വർഗത്തിന് വേണ്ടിയാണ് ഗൗരി നിലകൊണ്ടത്. അച്ഛൻ ലങ്കേഷിനു ശേഷം ഗൗരി വാരികയുടെ പത്രാധിപരായി. അവർ ദളിത്, മുസ്ലിം ന്യൂനപക്ഷങ്ങൾക്കൊപ്പമായിരുന്നു. ഭയമില്ലാതെയായിരുന്നു അവരുടെ രചന. അക്ഷരങ്ങൾക്ക് തീപടരുന്നത് വായനക്കാരനെ പൊള്ളിക്കുമായിരുന്നു. അനീതി കാണിക്കുന്നവനോടും ഫാസിസ്റ്റുകളോടും എന്നും ഗൗരി എഴുത്തിലൂടെ കലഹിച്ചു. ലങ്കേഷിനു ശേഷം പത്രാധിപരായി എത്തി ഗൗരി എന്നെ വിളിച്ചു വീണ്ടും എഴുതാൻ ആവശ്യപ്പെടുമായിരുന്നു. അച്ഛൻ നൽകിയ സ്നേഹം അവർ പതിന്മടങ്ങ് എനിക്ക് മരണം വരെ തിരിച്ചുതന്നു.
അതിഹിന്ദുത്വ തീവ്രവാദത്തിന്റെ ഇരയാണ് ഗൗരി. അവർ അവസാനമായി എഴുതിയ ലേഖനങ്ങളിൽ പോലും ഫാസിസത്തെ ചെറുത്തു തോൽപ്പിക്കുന്നതിന്റെ ആവശ്യകത അക്കമിട്ടുനിരത്തിയിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാ ഗാന്ധിയേയും വിമർശിക്കാൻ തയ്യാറായവരായിരുന്നു എന്റെ അച്ഛൻ ലങ്കേഷ് അടക്കമുള്ളവർ. എന്നിട്ട് പോലും ആരും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചില്ല. വേദനിപ്പിച്ചില്ല. എന്നാൽ ഇന്ന് വായ മൂടിക്കെട്ടാൻ ഫാസിസ്റ്റുകൾ വരുന്നു. ഗൗരിയുടെ അവസാന രചന ഇങ്ങിനെയായിരുന്നു. ഫാസിസ്റ്റുകൾക്കെതിരെ ശബ്ദിച്ച് ഗൗരി വിടവാങ്ങി.
ഗൗരി ലങ്കേഷിനെ നിങ്ങൾ ഒരു മാധ്യമ പ്രവർത്തകയായി കാണരുത്. അശരണർക്ക് അവർ എന്നും അവർ അത്താണിയായിരുന്നു. കൊടും കാട്ടിൽ നക്സൽ പ്രസ്ഥാനത്തിൽ കഴിയുന്നവരെ നേരിട്ട് കണ്ട് അവരെ സത്യം ബോധ്യപ്പെടുത്തി നന്മയിലേക്ക് നടത്തിയ പൊതുപ്രവർത്തക. എന്നാൽ ഗൗരിയെ അതിന്റെ പേരിൽ നക്സലൈറ്റ് ആക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന്റെ വിദ്യാഭ്യാസവും ഉയർച്ചയുമായിരുന്നു അവരുടെ ലക്ഷ്യം. അധികാരി വർഗത്തിന് എന്നും അവർ കണ്ണിലെ കരടായിരുന്നു. ഭർത്താവുമായി നിയമപരമായി വേർപിരിഞ്ഞിട്ടു പോലും അവർ തമ്മിൽ കണ്ടുമുട്ടി സൗഹൃദം പുതുക്കി ജീവിച്ചു. ഒടുവിൽ ഗാന്ധിജിയെപ്പോലെ ഫാസിസ്റ്റുകളുടെ കൈകളാൽ അവർ കൊല്ലപ്പെട്ടു. ഗൗരിയെ അവസാനമായി കണ്ടത് കഴിഞ്ഞ വർഷമാണ്. അന്ന് ഒരുപാട് സംസാരിച്ചു. അച്ഛന്റെ ഓർമകൾ പങ്കുവെച്ചു. പിന്നീട് ഫോണിൽ സംസാരിച്ചു. ഇനി എന്റെ ഗൗരിയുടെ ശബ്ദം കേൾക്കില്ല. എന്നാലും ഗൗരി തുടങ്ങിവെച്ച ജനാധിപത്യത്തിന്റെ നിർഭയമായ, ധീരമായ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.
അടിയന്തരാവസ്ഥയേക്കാൾ ഭീകരം
സന്തോഷ് ഏച്ചിക്കാനം
ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ അടിയന്തരാവസ്ഥ കാലത്ത് പോലും കാണപ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് കാർട്ടൂണിസ്റ്റ് ശങ്കറും ഒ.വി. വിജയനടക്കം തങ്ങളുടെ ഭരണ കൂടത്തിനെതിരെ പ്രതികരിച്ചവരായിരുന്നു. എന്നാൽ അവരെ കായികമായി നേരിടുകയല്ല അന്നത്തെ ഭരണകർത്താക്കൾ ചെയ്തിരുന്നത്. ഇന്ന് നീതി നിഷേധത്തിനെതിരെ പൊരുതുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് ഭീകരതയാണ്. അതിനെ ചെറുത്ത് തോൽപ്പിക്കണം.
കർണാടകയിലെ ധാർവാറിൽ സ്വന്തം വീടിന് മുമ്പിൽ രണ്ടുവർഷം മുമ്പാണ് കന്നഡ സാഹിത്യകാരൻ പ്രൊഫ.എം.എം. കൽബുർഗി ഫാസിസ്റ്റുകളുടെ തോക്കിനിരയായത്. മഹാരാഷ്ട്രയിൽ 2013 ൽ യുക്തിവാദി നരേന്ദ്ര ധാൽബോൽക്കറും, കോലാപ്പൂരിൽ സി.പി.ഐ നേതാവ് ഗോവിന്ദ് പൻസാരെയും രാജ്യത്ത് പടരുന്ന അസഹിഷ്ണതയുടെ ഇരകളാണ്. ഇതിൽ അവസാനമായി ഞെട്ടലോടെയാണ് പത്ര സ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങൾക്കും വേണ്ടി ഉറച്ചുനിന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം ലോകം കണ്ടത്. ആര് ചെയ്തുവെന്നല്ല, ആരുടെ താൽപര്യത്തിന് വേണ്ടി ചെയ്തുവെന്നതാണ് പ്രധാനം. വാക്കിനെ ആയുധം കൊണ്ട് നേരിടുന്നത് ജനാധിപത്യ രാജ്യത്ത് അഭിലഷണീയമല്ല.
ഏത് തരം അഹിംസയേയും അക്രമത്തേയും നീതിരാഹിത്യത്തേയും എതിർക്കാനുള്ള നീതിബോധവും ധാർമികതയും നമുക്ക് ആർജിച്ചെടുക്കണം. ജനാധിപത്യത്തിന്റെ നിർഭയമായ ധാർമിക ശബ്ദം ഉയരണം.
എഴുത്തുകാരുടെ പ്രതിഷേധം മനുഷ്യത്വത്തിന്റെ അടയാളമാണ്. ഗൗരി ലങ്കേഷ് നമുക്ക് ശക്തി പകർന്ന് ഫാസിസ്റ്റുകളെ ഞെട്ടിച്ച് കടന്നു പോയ എഴുത്തുകാരിയാണ്. അവർ ഉപേക്ഷിച്ച സമരസന്ദേശം നമുക്ക് ഏറ്റെടുക്കേണ്ടതുണ്ട്.






