പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെ അനുഗമിക്കാൻ കഴിയാതെ സങ്കടപ്പെടുന്ന പ്രവാസികളുടെ ദുഖം ഒരുകാലത്തും മറക്കാനാകില്ലെന്ന് ദുബായിയിലെ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശേരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അഷ്‌റഫ് താമരശേരി ഇക്കാര്യം പങ്കുവെച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നമ്മുടെ നാട്ടിലേക്ക് അയക്കാൻ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവൻ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു.അതിൽ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകൻ ഡേവിഡിൻെറതായിരുന്നു. എംബാമിംഗ് കഴിഞ്ഞ് കൊച്ചുമകൻെറ ശരീരം പെട്ടിക്കുളളിൽ വെച്ച് ആണി തറക്കുമ്പോൾ മാതാപിതാക്കളുടെ കരച്ചിൽ എനിക്കും സഹപ്രവർത്തകർക്കും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു. കുഞ്ഞ് വാവയായിരുന്നപ്പോൾ ഡേവിഡിനെ ഗൾഫിൽ കൊണ്ട് വന്ന് വളർത്തി,സ്‌കൂളിൽ ചേർത്തു.11വയസ്സുവരെ മാത്രമെ ആ മാതാപിതാക്കൾക്ക് അവനെ പരിപാലിക്കുവാനും സ്‌നേഹിക്കുവാനുളള അവസരം ദൈവം കൊടുത്തുളളു. കുഞ്ഞു ഡേവിഡ് ദൈവത്തിൻെറ സന്നിധിയിലേക്ക് യാത്രയായി.മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാൻ നാട്ടിലേക്ക് അയച്ഛു. ഇവിടെയും നമ്മുടെ കേന്ദ്രസർക്കാരിൻെറ പിടിവാശി മൂലം മാതാപിതാക്കൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. മകൻ നഷ്ടപ്പെട്ട വേദന ഒന്ന്,അതുപോലെ തന്നെ പൊന്നുമകന്‍റെ അന്ത്യകർമ്മം പോലും ചെയ്യാൻ ഭാഗ്യം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ, ഒന്ന് ചിന്തിച്ചു നോക്കൂ.ഈ വേദനകൾ ഒക്കെ നേരിൽ കാണുന്നവരാണ് പ്രവാസികളായ ഞങ്ങൾ. ഈ മാതാപിതാക്കളുടെ കണ്ണുനീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടത്. ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനും പൈസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ ?. അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ അവർ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ.ഞങ്ങൾ ചോദിക്കേണ്ടത്. ഞങ്ങൾ പ്രവാസികളെ രണ്ടാം പൗരന്മരായി കാണുന്ന നിങ്ങളുടെ നയം തിരുത്തു.ഇനിയും നിങ്ങൾ തീരുമാനങ്ങൾ എടുക്കാൻ വൈകിയാൽ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്. എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല.എല്ലാം നേരിടാനുളള മനക്കരുത്ത് ദൈവം അവർക്ക് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.