ഡ്രാഗൺ അജണ്ടയും ഇറ്റലിയുടെ ട്രാജഡിയും

പച്ച പുതച്ച കുന്നുകൾ നിറഞ്ഞ ഇറ്റലിയിലെ 'ടസ്‌കനി' സംസ്ഥാനത്തിൽ പെട്ട രണ്ടു നഗരങ്ങളാണ് ഫ്‌ളോറൻസും പ്രാറ്റോയും. പതിനാലാം നൂറ്റാണ്ടിൽ നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രമായി ഫ്‌ളോറൻസ് വളർന്നെങ്കിൽ 25 കിലോ മീറ്റർ ദൂരെയുള്ള പ്രാറ്റോയുടെ വികസനം ഇറ്റലിയിലെ തൂണിയുൽപാദനത്തിന്റെ സിരാകേന്ദ്രമായായിരുന്നു.
വിശ്വോത്തര പ്രതിഭകൾ തീർത്ത പ്രസര തരംഗങ്ങൾ ഫ്‌ളോറൻസിനെ കലയുടെയും കവിതയുടെയും ശിഖര സ്ഥാനത്തെത്തിച്ചെങ്കിൽ പ്രാറ്റോ വളർന്നത് ഇറ്റലിയുടെ 'മാഞ്ചസ്റ്റർ' ആയായിരുന്നു. പ്രാറ്റോയിൽ നിർമിച്ച കോട്ടൺ, വൂൾ, സിൽക്ക് എന്നിവയുടെ ഖ്യാതി സാഗര സീമകൾക്കപ്പുറം ചെന്നെത്തി. ഈ ധരണിയുടെ പുണ്യത്തിന് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഏറ്റുകൊണ്ടിരിക്കുന്ന വൃദ്ധിക്ഷയത്തെപ്പറ്റി ഇപ്പോൾ ലോകം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വംശാവലിയുടെ ഭാഗ്യജാതകത്തിന്റെ ദിശകൾ മാറി മറിഞ്ഞതിന്റെ കഥയാണത്.

 
800 മില്യൺ ഡോളർ വിലമതിക്കുന്ന, കലയുടെ കനക നാളങ്ങൾ ആളുന്ന 'മോണോലിസാ' സർവശാസ്ത്ര പാരംഗതനായ ലിയാണാർഡോ ഡാവിഞ്ചി വരച്ചത് ഫ്‌ളോറൻസിൽ വെച്ചാണ്. അദ്ദേഹത്തിന്റെ തന്നെ ലാസ്റ്റ് സപ്പർ ജനിച്ചതുമിവിടെ. 'ദാന്തെ' രചിച്ച 'ഡിവൈൻ കോമഡി' വിശ്വവിഹായസ്സിലേക്കുയർന്ന് കവിതയിലെ സൂര്യതേജസ്സായി നിലകൊണ്ടതും ഈ നഗരത്തിൽ നിന്നാണ്. നയതന്ത്രജ്ഞനായിരുന്ന മാക്കിവെല്ലി തന്റെ ചാണക്യതന്ത്രങ്ങൾ ആദ്യമായി പരീക്ഷിച്ചതും ഈ മണ്ണിൽ വെച്ചു തന്നെ.
ഗലേറിയ ദെ അക്കാദമിയിലെ 'മൈക്കലാൻജലോ' തീർത്ത 'ദാവീദി'ന്റെയും 'മോസസി'ന്റെയും മാർബിൾ പ്രതിമകളിൽ ശിൽപ ചാതുരിയുടെ ഛന്ദസ്സ് തുളുമ്പുന്നു.  'ബോട്ടിചെലി'യുടെ നിറക്കൂട്ടുകളിൽ നിന്നും മുടി കൊണ്ട് നഗ്‌നത മറച്ച 'വീനസ്' ദേവതയും പിറന്നു വീണത് ഫ്‌ളോറൻസിലാണ്.
 നവോത്ഥാന കാലഘട്ടത്തിൽ തുടങ്ങിവെച്ച പുതുമകളെ പുണർന്നു പുളയുന്ന പ്രവണത ഫ്‌ളോറൻസ് പിറകെ വന്ന നൂറ്റാണ്ടുകളിലും പിന്തുടർന്നു. 17 മുതൽ ഇരുപതാം നൂറ്റാണ്ട് വരെ ഫാഷന്റെ 'ട്രെന്റ്‌സെറ്ററാ'കാൻ ഫ്‌ളോറൻസിനു കഴിഞ്ഞു. 'ഫറഗാമോ' എന്ന ബ്രാന്റാണ് 'മെയ്ഡ് ഇൻ ഇറ്റലി' എന്ന ലേബലിനെ യൂറോപ്പിലെയും അമേരിക്കയിലെയും ഫാഷൻ നിരയിലെ രാജമഹിമയാക്കിയത്. പരിഷ്‌കാരങ്ങളുടെ സ്വരസ്ഥാനങ്ങളെ പലതവണ പൊളിച്ചടുക്കിയ 'ഗൂട്ചി' 1921 ലാണ് ഫ്‌ളോറൻസിൽ അരങ്ങേറ്റം നടത്തിയത്. 'കാഷ്വൽ എലിഗൻസ് വെയർ' എന്ന പുതിയ രുചിക്കൂട്ടുമായി എമിലിയോ പുട്ചിയും ഫ്‌ളോറൻസിൽ രംഗപ്രവേശം നടത്തി. 'മെയ്ഡ് ഇൻ ഇറ്റലി' എന്ന ലേബൽ ഫാഷൻവെയർ ശ്രേണിയിലെ ഇന്ദ്രനീലക്കല്ലാക്കി മാറ്റാൻ ചുരുക്കത്തിൽ ഫ്‌ളോറൻസിനു കഴിഞ്ഞു.
എന്നാൽ ഈ ലേബലിനെ ഇന്ദ്രജാലം പോലെ കവർന്നെടുത്ത കഥയാണിനി. അയൽ പട്ടണമായ പ്രാറ്റോയുടെ വ്യവസായ സൗഭാഗ്യങ്ങൾ  മാറിമറഞ്ഞതിന്റെ കഥ കൂടിയാണത്.


1970 കളിൽ പ്രാറ്റോയിലെ മില്ലുടമകളിൽ പലരും ഡിമാന്റ് കുറഞ്ഞതിനെ തുടർന്ന് 'റെഡി ടു വെയർ' വസ്ത്ര നിർമാണത്തിലേക്ക് കളം മാറിച്ചവിട്ടി. അതോടെ ഫാഷൻ ലോകത്തിലെ അമരസ്ഥാനീയരായ 'ഗുട്ചി', അർമാനി, സെയിന്റ് ലോറന്റ് എന്നിവർ തങ്ങളുടെ ഫൈനൽ പ്രൊഡക്ടിന്റെ നിർമാണം പ്രാറ്റോയിലേക്ക് പറിച്ചുനട്ടു. ഇറ്റലിയിലെ നാണയമായ ലിറക്ക് നിരക്ക് ഇടിഞ്ഞപ്പോൾ നിർമാണച്ചെലവ് കുറഞ്ഞ് ലാഭം കൂടുതലായി. 90 കളിൽ ആഗോളവൽക്കരണത്തിന്റെ വാതായനങ്ങൾ ഇറ്റലി മലർക്കെ തുറന്നപ്പോൾ വൻതോതിൽ ചൈനീസ് നിക്ഷേപം ടസ്‌കനിയിൽ നടന്നു. ടൂറിസ്റ്റുകളായി വന്ന ആയിരക്കണക്കിന് ചൈനക്കാർ പാസ്‌പോർട്ട് വലിച്ചെറിഞ്ഞ് ടെയിലർമാരായി പ്രാറ്റോയിലെ വസ്ത്ര നിർമാണശാലകളിൽ ജോലിക്കു കയറി. രേഖകൾ ഇല്ലാത്ത അഭയാർത്ഥികളെ തിരിച്ചയക്കാൻ ഇറ്റാലിയൻ നിയമം അനുവദിക്കുന്നില്ല. ഈ മുടന്തിനെ ചൈനക്കാർ മുതലാക്കി. തുന്നൽക്കാരെയും തുകൽ പണിക്കാരെയും എത്തിച്ചു കൊടുക്കാൻ ചൈനീസ് മാൻ പവർ സപ്ലെ ഏജന്റുമാരും നിറഞ്ഞു. ഈ ദല്ലാളന്മാർ പ്രാറ്റോയിൽ ചൈനീസ് റസ്‌റ്റോറന്റുകളും വ്യഭിചാരശാലകളും ഷോപ്പുകളും തുടങ്ങി ഒരു ചൈനാ ടൗൺ അതിവേഗം വളർത്തി. പ്രാറ്റോ ഇന്ന് ഇറ്റലിയിൽ ഏറ്റവും കൂടുതൽ പൂച്ചകളെ വാങ്ങുന്ന നഗരമാണ്.
2002 ൽ യൂറോപ്യൻ യൂനിയനിൽ തുടരാൻ ഇറ്റലിക്ക് ലിറ യെ ഉപേക്ഷിച്ച് യൂറോ സ്വീകരിക്കേണ്ടി വന്നു. ഉൽപാദനച്ചെലവ് പതിന്മടങ്ങ് വർധിക്കാൻ ഇത് കാരണമായി. ഇറ്റാലിയൻ മില്ലുടമകൾ പിടിച്ചുനിൽക്കാൻ പാടുപെട്ടു. ഇതു മണത്തറിഞ്ഞ ചൈനീസ് ദല്ലാളന്മാർ ഡ്രാഗൺ അജണ്ടയുടെ വല വിരിച്ചു. ചൈനക്കാർ മില്ലുകളും ഫാക്ടറികളും വാടകക്കെടുക്കാൻ തുടങ്ങി. അവർ ഇറ്റാലിയൻ ജീവനക്കാരുടെ ചീട്ട് കീറി വീട്ടിലിരുത്തി.  ചൈനയിൽ നിന്നും 12 മണിക്കൂർ പണിയെടുക്കാൻ തയാറായി തയ്യൽക്കാരെത്തി.
അജണ്ടയുടെ അന്ത്യഘട്ടം പ്രാറ്റോയിൽ നിർമിച്ചിരുന്ന  കോട്ടണും വൂളും ഉപേക്ഷിച്ച് പകരം ചൈനയിൽ നിന്നവ  ഇറക്കുമതി ചെയ്തുകൊണ്ടായിരുന്നു. അങ്ങനെ ഇറ്റലിയുടെ മണ്ണിൽ മുതലാളിയും തൊഴിലാളിയും റോ മെറ്റീരിയലും തങ്ങളുടേതാക്കി അജണ്ട വിജയം കണ്ടു. പ്രാറ്റോയുടെ ശാരദാകാശത്തിനു കീഴിൽ 'മെയ്ഡ് ഇൻ ചൈന' 'മെയ്ഡ് ഇൻ ഇറ്റലി'യായി മാറുന്ന മാജിക്കൽ റിയലിസം. തലമുറകൾ പരിപാലിച്ചുപോന്ന പൈതൃകത്തിന്റെ സിന്ദൂരശോഭ നഷ്ടപ്പെട്ടിട്ടും പതിന്മടങ്ങ് വിലയ്ക്ക് ചാനൽ, ഗൂട്ചി, അർമാനി, ഡോൾസ് ഗബ്ബാന (ഡി.ജി) എന്നീ ബ്രാന്റുകൾ മെയ്ഡ് ഇൻ ഇറ്റലി എന്ന ലേബലും വഹിച്ച്  ലോക വിപണികളിലെത്തുന്നു.
അഞ്ചു ബില്യൺ യൂറോ പ്രതിവർഷം ഇറ്റലിയിൽ നിന്ന് ചൈനയിലേക്കൊഴുകുന്നു. പഴയ മില്ലുടമകൾ ഫിയറ്റ് കാറുകളോടിക്കുമ്പോൾ ചൈനീസ് മുതലാളിമാർ ഫെറാറിയിൽ സവാരി ചെയ്യുന്നു. ഇതെഴുതുമ്പോൾ കൊറോണ കണ്ണ് കാണാതെ ലൊംബാർഡിയിലും ടസ്‌കനിയിലും കുരുതി തുടരുന്നു. 
 
കഥാന്ത്യം: 
രണ്ടാഴ്ച മുൻപ് ലോക സ്‌റ്റോക്ക് മാർക്കറ്റ് തകർന്നപ്പോൾ  ഇറ്റലിയും ജർമനിയും വിദേശ നിക്ഷേപങ്ങൾക്ക് അനുപാത നിയന്ത്രണം കൊണ്ടുവന്നു. HDFC ബാങ്കിന്റെ ഒരു ശതമാനം ഷെയർ വിദേശ ബാങ്ക് വാങ്ങിയപ്പോൾ ഇന്ത്യയും നിയമത്തിന്റെ ഉറുമി ചുഴറ്റി. അതിർത്തി പങ്കിടുന്ന ഒരു രാജ്യവും ഇന്ത്യൻ കമ്പനികളിൽ പത്തു ശതമാനത്തിലധികം ഷെയർ വാങ്ങാൻ പാടില്ലെന്ന്. രാജ്യമേതാണെന്ന് വായനക്കാർക്ക് ഊഹിക്കാമല്ലോ?


 

Latest News