ലോക്ഡൗണിൽ വീണ ലോക കേരളം 

അഞ്ചു ഭൂഖണ്ഡങ്ങളിലെ പതിനഞ്ച് രാജ്യങ്ങളിലായി ചിതറിക്കിടക്കന്ന ചില മലയാളികൾ അവരുടെ ക്വാറന്റൈൻ അനുഭവങ്ങൾ മലയാളം ന്യൂസുമായി പങ്ക് വെക്കുന്നു.

ഏകദേശം 210 രാഷ്ട്രങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ പിടികൂടുകയും രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് 19ന്റെ അദൃശ്യവും അപകടകരവുമായ നീരാളിക്കൈകൾ. ലോകമാകെ തകിടം മറിയുകയാണോ? ജീവന്റെ കണിക തിരികെപ്പിടിക്കാൻ പെടാപ്പാട് പെടുന്നവരാകട്ടെ, ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്കുയരുന്നു. എല്ലാം അവ്യക്തമായ കണക്കുകൾ. പക്ഷേ സ്ഥിതിവിവരങ്ങൾക്കുമപ്പുറത്ത് ചിരസ്ഥായിയായ വികാരത്തോടെ മാനവ രാശിയാകെ പേടിച്ച് വിറയ്ക്കുകയാണ്, കോപാവേശത്തോടെ പതിയിരുന്നെത്തുന്ന കോവിഡിനെയെന്നതാണ് ഭയചകിതമായ ഈ കാലത്തിന്റെ ചിരന്തന സത്യം.
മലയാളികൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, ജീവനക്കാർ, അതിജീവന മന്ത്രവുമായി നാടുവിട്ട് പോയവർ... പ്രവാസത്തിന്റെ  മർമം നോക്കിത്തന്നെ കോവിഡ്19 ഭീതിയുടെ ഫണം വിരിച്ചാടുന്നു. ലോക്ഡൗൺ തീർത്ത ഏകാന്തതയിൽ പ്രവാസികൾ വിരഹത്തിന്റെ തപ്തനിമിഷങ്ങൾ എണ്ണിത്തീർക്കുകയാണ്. അങ്ങനെയുള്ള ചില പ്രവാസി മലയാളികളാണ് അവരുടെ ക്വാറന്റൈൻ കാലത്തിന്റെ കയ്പും മധുരവും കലർന്ന വിശേഷങ്ങൾ പറയുന്നത്. കോവിഡ്19 ന്റെ വൈറസ് വലക്കണ്ണികൾ വിരിഞ്ഞുവന്ന വുഹാൻ നഗരത്തിൽ നിന്ന് ആയിരത്തോളം കിലോമീറ്ററകലെ വസിക്കുന്ന, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥി കൂടിയായ കണ്ണൂർ സ്വദേശി അബ്ദുൽ മുഐസിൽ നിന്ന് ആരംഭിക്കാം.

അബ്ദുൽ മു ഇസ് (ചൈന )

ക്വാങ്ഷി പ്രവിശ്യയിലെ നാനിംഗ് സിറ്റി മെഡിക്കൽ കോളേജിലെ ഫൈനൽ എം.ബി.ബി.എസിന് പഠിക്കുകയാണ് ഞാൻ. കോഴ്‌സ് തീരാറായിരുന്നുവെങ്കിലും ഇന്റേൺഷിപ്പിന്റെ ഭാഗമായി കുറച്ച് നാൾ കൂടി ഇവിടെ തങ്ങേണ്ടിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് ആയിരം കിലോമീറ്ററകലെ വുഹാനിൽ നിന്ന് കൊറോണയുടെ വാർത്ത ഞങ്ങൾ കേൾക്കുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നെയാണ് പേടിപ്പിക്കുന്ന വിവരങ്ങൾ ഓരോന്നായി വരാൻ തുടങ്ങിയത്. ജനുവരി 21 ആയപ്പോഴേക്ക് ഇന്റേൺഷിപ്പ് നിർത്തി. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങരുതെന്നു നിർദേശം ലഭിച്ചു. പുറത്തിറങ്ങിയാലും തിരികെ വന്നാലും ആരോഗ്യ പരിശോധന നിർബന്ധം. രോഗം ഞങ്ങളുടെ പ്രദേശത്തേക്കും പടരുകയായിരുന്നു. പുറത്തിറങ്ങാതെ രണ്ടാഴ്ച. തുടർന്ന് ഭക്ഷണം പ്രശ്‌നമായി. സാധനങ്ങൾക്ക് ക്ഷാമമായി. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഞങ്ങളൊക്കെ ഇഷ്ടപ്പെട്ടിരുന്ന, അഞ്ചു വർഷം സംതൃപ്തിയോടെ ജീവിച്ച നാനിംഗ് സിറ്റി പ്രേതനഗരമാവുകയായിരുന്നു. വിദേശികളം സ്വദേശികളുമൊക്കെ ഏകാന്തതയുടെ തുരുത്തിൽ അഭയം തേടി. ഇന്ത്യൻ എംബസിയെ ഞങ്ങൾ വിവരമറിയിച്ചു. അപ്പോഴേക്കും വിമാന സർവീസുകൾ നിലയ്ക്കാറായിരുന്നു. സാനിറ്റൈസറുകൾക്കും മുഖാവരണങ്ങൾക്കും ദൗർലഭ്യമായി. ഇരുപത് നാൾ ക്വാറന്റൈനിൽ കഴിഞ്ഞപ്പോഴാണ് അവസാന വിമാനം ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നതറിഞ്ഞത്. ക്വാറന്റൈനിലെ ആ ഇരുപത് ദിവസവും ഏറെ വിഷമം പിടിച്ചതായി. 
അവശ്യസാധനങ്ങൾ കിട്ടാത്തതിനാൽ വലിയ പ്രയാസമായി. സഹപാഠികളായ ഇന്ത്യക്കാരും ഞാനും കൂടി അവസാന വിമാനം കിട്ടാൻ ശ്രമിക്കുകയും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒരു റസ്‌ക്യൂ മാതൃകയിൽ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എം.ബി.ബി.എസ് പഠനം എന്നു മുഴുമിക്കാനാകുമെന്ന വലിയ ചോദ്യചിഹ്നം മുന്നിലുണ്ട്. പക്ഷേ ജീവൻ തന്നെ തിരിച്ചുകിട്ടുമോ എന്ന് ഉൽക്കണ്ഠപ്പെടുന്ന ജനലക്ഷങ്ങൾക്ക് മുമ്പിൽ ഞങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റിനെന്ത് പ്രസക്തിയെന്ന അബ്ദുൽ മുഐസിന്റെ ചോദ്യം ഏറെ ഗൗരവതരമാണ്.

ഷൈജിൽ മൊയ്തീൻ (തായ്‌ലാൻഡ്)

ഏറെക്കാലം ജിദ്ദയിലുണ്ടായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷൈജിൽ മൊയ്തീൻ തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലോക്ഡൗണിലായിരിക്കുകയാണ്. ഇതുവരെ 2500 കേസുകൾ സ്ഥിരീകരിക്കപ്പെട്ട തായ്‌ലാൻഡിന്റെ തലസ്ഥാനം -ലോക ടൂറിസത്തിന്റെ ആസ്ഥാനം- ഇപ്പോൾ മരിച്ച നഗരമായിരിക്കുന്നുവെന്നാണ് നിരവധി തവണ ഔദ്യോഗികാവശ്യാർഥം ബാങ്കോക്കിൽ പോയി വരാറുള്ള ഷൈജിലിന്റെ അഭിപ്രായം. രോഗപ്രതിരോധ കാര്യത്തിൽ സർക്കാർ കണിശമായ നിലപാട് ആദ്യം മുതൽ തന്നെ സ്വീകരിച്ചു. അതിർത്തികളടച്ചു. ഇരുപത്തിനാലു മണിക്കൂറും ഇളകിമറിയാറുള്ള കഫേകളും ബാറുകളും നൃത്തക്ലബ്ബുകളും ചൂതാട്ട കേന്ദ്രങ്ങളുമൊക്കെ താഴിട്ടു. സർവീസ് നിലയ്ക്കുന്നത് വരെ എയർപോർട്ടുകളിൽ കനത്ത മെഡിക്കൽ പരിശോധനയായിരുന്നു. മസാജ് പാർലറുകൾക്കും അഭിസാര കേന്ദ്രങ്ങൾക്കും കുപ്രസിദ്ധമായ 'സോയ് കോബോയ് സ്ടീറ്റ്' പ്രേതനഗരമായി മാറി. പാർലറുകൾ പൂട്ടിയതോടെ ജോലിയില്ലാതായിപ്പോയ ആയിരങ്ങൾ. 
- കമ്പനി അനുവദിച്ച ആഡംബര വീട്ടിൽ തനിച്ചാണെന്നതാണ് ലോക്ഡൗണിലെ വിഷാദം. ഇംഗ്ലീഷറിയാത്ത തായ് പൗരന്മാരോട് ഭക്ഷണത്തിന് ഹോം ഡെലിവറി ആവശ്യപ്പെടാൻ പോലും പ്രയാസം. ഭാര്യയും മക്കളും മലേഷ്യയിൽ. അവരോടും നാട്ടിൽ മാതാപിതാക്കൾ, ജിദ്ദയിലുള്ള സഹോദരി റജിയാ വീരാൻ, നാട്ടിലെ സഹോദരി, മറ്റുള്ള കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എല്ലാവരോടും ഫോണിൽ സംഭാഷണം. മറന്നുപോയ ബന്ധങ്ങളൊക്കെ പുതുക്കുന്നു. ജോലിസമയം കഴിഞ്ഞാൽ വിരസതയകറ്റാൻ മറ്റെന്തു വഴി? ഏകാന്തതയുടെ തീവ്രമായ മടുപ്പ് ഇപ്പോൾ ശരിക്കും അനുഭവപ്പെടുന്നു. എന്നാണ് കാര്യങ്ങൾ നോർമലാവുകയെന്ന് ചിന്തിക്കുമ്പോൾ ഭയം തോന്നുന്നു -ഷൈജിൽ അഭിപ്രായപ്പെട്ടു.

ഡോ. സുമയ്യ നയീം (ബ്രിട്ടൻ)

ലണ്ടനിൽ നിന്ന് രണ്ട് മണിക്കൂർ ഡ്രൈവ്. ചരിത്രം തുടിച്ചുനിന്ന ലിങ്കൺ നഗരം ഇപ്പോൾ ശാന്തം. പ്രധാനമന്ത്രി ബോറിസ് ജോൺസനെപ്പോലും വെറുതെ വിടാതിരുന്ന കൊറോണയുടെ കണികകൾ ബ്രിട്ടനെയും മുട്ടുകുത്തിച്ചു. ലിങ്കണിലെ കൗണ്ടി ഹോസ്പിറ്റലിലെ ഡോക്ടറാണ് ഫറോക്ക് സ്വദേശി ഡോ. സുമയ്യ. ഭർത്താവ് മലപ്പുറം മൈലപ്പുറത്തെ നയീം ബദിയുസ്സമാനും ലിങ്കണിൽ ജോലി ചെയ്യുന്നു. അവശ്യ സർവീസായതുകൊണ്ട് ആശുപത്രിയിൽ പോകണം, എങ്കിലും തനിച്ചല്ല എന്നതുകൊണ്ട് ലോക്ഡൗൺ തീരെ വിരസമല്ല എന്ന് സുമയ്യ പറയുന്നു. കർഫ്യൂ അത്ര കർക്കശമാക്കിയിട്ടില്ലെങ്കിലും ജനങ്ങൾ പൊതുവെ സ്വയം നിയന്ത്രണം പാലിക്കുന്നു. തിരക്കുകളില്ലാത്ത, മൃതനഗരമായി മാറി ലിങ്കൺ. ഗതാഗത നിയന്ത്രണവും കർഫ്യൂവും മറ്റും സമൂഹ സമ്പർക്കത്തിന് തടയിട്ടിട്ടുണ്ട്. കൂടുതൽ രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസപ്രദമാണ്. അവശ്യസാധനങ്ങൾ കിട്ടും. ലണ്ടനിൽത്തന്നെയുള്ള ബന്ധുക്കളുമായും നാട്ടിലുള്ളവരുമായുമുള്ള ചാറ്റിംഗിലൂടെയും പുസ്തക വായനയിലൂടെയും മതപഠനത്തിലൂടെയും മറ്റും ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമാക്കുന്നു -ഡോ. സുമയ്യ പറഞ്ഞു.

അദീബ് നിസാർ (കാനഡ)

കോട്ടയം സ്വദേശിയും ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥിയുമായ അദീബ് നിസാർ കാനഡയുടെ തലസ്ഥാനമായ ഒാട്ടവയിൽ മാസ്റ്റേഴ്‌സ് വിദ്യാർഥിയാണ്. ലോക്ഡൗൺ കാലം പലരുടെയും ജോലി നഷ്ടപ്പെടുത്തിയതായി അദീബ് പറയുന്നു. ആഴ്ചയിൽ ഇരുപതു മണിക്കൂർ ജോലിയെന്ന നിലയിൽ സമയം പരിമിതപ്പെടുത്തി. വിദ്യാലയങ്ങളടച്ചു. ഓൺലൈൻ പഠനം തുടരുന്നു. പക്ഷേ അനിശ്ചിതത്വം ചൂഴ്ന്നു നിൽക്കുന്നു. സെക്യൂരിറ്റി, ഭക്ഷ്യമേഖല, ബാങ്കിംഗ് എന്നിവ പ്രവർത്തിക്കുന്നുെണ്ടങ്കിലും പല കമ്പനികളും പ്രതിസന്ധിയിലാണ്. പണത്തിനു ബുദ്ധിമുട്ടുള്ളവർക്ക് സഹായധനമായി 2000 കനേഡിയൻ ഡോളർ വീതം നൽകാൻ സർക്കാർ സന്നദ്ധമായിട്ടുണ്ട് എന്നത് ഏറെ ആശ്വാസപ്രദമാണ്. കനേഡിയൻ എമർജൻസി റിലീഫ് ഫണ്ടിൽ നിന്നാണ് ഈ സഹായം ലഭ്യമാകുന്നതെന്നും അദീബ് നിസാർ വ്യക്തമാക്കി.

യു.എ. നസീർ (അമേരിക്ക)

മരണം കൊറോണയുടെ വേഷത്തിൽ ചുടലനൃത്തം ചവിട്ടിയ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ന്യൂയോർക്ക് നഗരം. അമേരിക്കൻ ഔദ്ധത്യത്തെ കാൽക്കീഴിലമർത്തിയ മഹാവ്യാധി. മലപ്പുറം കോട്ടക്കൽ സ്വദേശിയും മുൻമന്ത്രി യു.എ ബീരാന്റെ പുത്രനുമായ യു.എ. നസീർ ന്യൂയോർക്കിലെത്തുന്ന ഓരോ മലയാളിയുടേയും രക്ഷകനാണ്. കാൽ നൂറ്റാണ്ടിലേറെയായി അവിടെ സകുടുംബം കഴിയുന്ന നസീർ പക്ഷേ, ലോക്ഡൗൺ കാലം നാട്ടിലായി. കുടുംബം ന്യൂയോർക്കിൽ. ചികിൽസാർഥം എല്ലാ ശൈത്യകാലത്തും നാട്ടിലെത്താറുള്ള നസീറിന് അങ്ങോട്ടുള്ള മടക്കയാത്രക്കു മുമ്പേ വിമാനസർവീസ് നിലച്ചതിനാൽ നാട്ടിൽ തങ്ങേണ്ടി വന്നു. 
- വാഷിംഗ്ടണിലായിരുന്നു അമേരിക്കയിലെ ആദ്യ കൊറോണ സ്ഥിരീകരിച്ചത്. ആരംഭത്തിലേ അവരുടെ പ്രതിരോധം പാളി. 90 ദിവസത്തിനകം കോവിഡ് നിയന്ത്രണാധീനമാകുമെന്ന് വീമ്പ് പറഞ്ഞ ട്രംപിന് കാലിടറി. പിന്നെയാണ് സാമൂഹ്യ വ്യാപനം തടയേണ്ടതിന്റെയും മറ്റും പ്രാധാന്യം അവർക്ക് മനസ്സിലായത്. അഞ്ചു ജില്ലകളുൾപ്പെടുന്ന ന്യൂയോർക്കിൽ പത്ത് ലക്ഷം ചൈനക്കാരുണ്ട്. നിയന്ത്രണം ശക്തമാകും മുമ്പേ അവരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര നിർബാധം തുടർന്നതും ആരോഗ്യരക്ഷാ രംഗത്തെ ആദ്യഘട്ടത്തിലെ ഉദാസീനതയുമൊക്കെയാവണം, ന്യൂയോർക്കിൽ ഇത്രയും പേരെ കുരുതി കൊടുക്കാൻ ഇടയാക്കിയത്. നാട്ടിലുള്ള ബന്ധുക്കളുമായും ന്യൂയോർക്കിലെ കുടുംബവുമായുമൊക്കെയുള്ള മൊബൈൽ ചാറ്റിംഗിലൂടെ ലോക്ഡൗണിന്റെ വൈരസ്യമകറ്റുമ്പോഴും ഭീതി പൂർണമായും മനസ്സിൽ നിന്ന് മായുന്നില്ല -നസീർ ചൂിക്കാട്ടി.

ബാബുരാജ് (സ്വിറ്റ്‌സർലാന്റ്) 

ഔദ്യോഗികാവശ്യാർഥം ലണ്ടനും ജനീവയും സ്ഥിരമായി സന്ദർശിക്കാറുള്ള തൃശൂർ വടക്കാഞ്ചേരി സ്വദേശി ബാബുരാജ് ജിദ്ദയിലെ താഹിർ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനാണ്. ബാബുരാജ് ജനീവയിലെ ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ രണ്ടുനാൾ മുമ്പ് ദുബായിലേക്ക് പറക്കാനൊരുങ്ങിയതായിരുന്നു. പക്ഷേ എന്തോ അത്യാവശ്യ കാര്യത്തിന് രണ്ടുനാൾ കൂടി ജനീവയിൽ തങ്ങേണ്ടിവന്നു. 
അതാണ് മഹാ നഗരത്തിന്റെ ശൂന്യതയിൽ ബാബുരാജിനെ ഏകാന്തതയുടെ തുരുത്തിലേക്കെത്തിച്ചത്. ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത ശേഷമാണ് രണ്ടു ദിവസം കൂടി നിൽക്കാൻ നിർദേശമുണ്ടായത്. കമ്പനി അനുവദിച്ച അപ്പാർട്ടുമെന്റിൽ ഏതാണ്ട് ഒരു മാസമായി ക്വാറന്റൈൻ അനുഭവിക്കുകയാണ് ബാബുരാജ്. 
- വായന, സിനിമ, ചാറ്റിംഗ്... വേറെയൊന്നുമില്ല. കിട്ടാവുന്ന പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്തു വായിക്കുന്നു. 
ബോറടി പൂർണമായും മാറിയിട്ടില്ല. ആദ്യ നാളുകളിലെ ഹരം കുറേശ്ശെയയി ചോർന്നു തുടങ്ങി. ഇതിനിടെ വിഷുവും കടന്നുപോയി. ഭാര്യ മീനയും മക്കളായ ദേവിക, വരുൺ എന്നിവരും തൃശൂരിലാണ്. ഇതാദ്യമായാണ് ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്നത് -ബാബുരാജ് പറയുന്നു. 
യു.എൻ ആസ്ഥാനത്ത് നിന്ന് ആറു കിലോമീറ്ററകലെയാണ് ഞാൻ താമസിക്കുന്നത്. വിമാന സർവീസ് ആരംഭിച്ചു കഴിഞ്ഞാൽ ആദ്യയാത്രക്കാരനായി തിരിച്ചുപറക്കണമെന്നാണ് കൊതി. 
കൊറോണാ ഭീതി ഒഴിഞ്ഞാലും ലോകം സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലിലേക്കായിരിക്കും വീഴുകയെന്ന് സ്വിസ് ധനകാര്യ മാനേജ്‌മെന്റിലെ വിദഗ്ധർ പറയുന്നു. 
ലോകത്ത് അധികം പേർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമെന്നും അവർ പറയുന്നു -ബാബുരാജ് പറഞ്ഞു.

നൗഷാദ് വൈലത്തൂർ (മലേഷ്യ)

എല്ലാ തൊഴിൽ മേഖലകളും ഏറെക്കുറെ പൂർണമായും നിശ്ചലമായ അവസ്ഥയാണ് മലേഷ്യയിലെന്ന് കെ.എം.സി.സി നേതാവ് കൂടിയായ മലപ്പുറം തിരൂരിലെ നൗഷാദ് വൈലത്തൂർ. ലേബർ ക്യാമ്പുകളിലെ ജീവിതം പ്രയാസകരമാണ്. ദുബായിലെപ്പോലെ ഭീതിദമല്ലെങ്കിലും പല സ്ഥലങ്ങളിലും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികൾ ക്ലേശകരമായ ജീവിതമാണ് നയിക്കുന്നത്. തലസ്ഥാനമായ ക്വലാലംപുരിനടുത്ത സെലംഗൂറിലെ ഷാ ആലം സിറ്റിയിലാണ് ഞങ്ങൾ താമസിക്കുന്നത്. ക്വാലാലംപുർ കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ജോഹർ സ്‌റ്റേറ്റിലും പ്രശ്‌നം രൂക്ഷമാണ്. ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ടെങ്കിലും കാത്തിരിക്കാനേ വഴിയുള്ളൂ. ചൈനയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമൊക്കെയുള്ള ആളുകളുടെ വരവായിരിക്കണം, മലേഷ്യയിലെ കൊറോണാവ്യാപനത്തിന് മുഖ്യ കാരണമെന്ന് കരുതപ്പെടുന്നു. ഏതായാലും ലോക്ഡൗൺ കാലം ഉൽക്കണ്ഠയുടെയും കാലമായി അനുഭവപ്പെടുകയാണ്. പരമാവധി റിലീഫ് പ്രവർത്തനം, പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യുന്നതായും നൗഷാദ് വൈലത്തൂർ അറിയിച്ചു.

ജോൺ പോൾ (ഓസ്‌ട്രേലിയ)

തൃശൂർ കൊരട്ടി സ്വദേശിയായ ജോൺ പോൾ ഖത്തറിൽ രക്ഷിതാക്കളോടൊപ്പമായിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിലെ പഠനശേഷമാണ് ഓസ്‌ട്രേലിയയിലെ അഡലൈഡ് യൂനിവേഴ്‌സിറ്റിയിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദ വിദ്യാർഥിയായത്. കൊറോണ ഭീഷണി അത്ര വ്യാപകമായി ബാധിക്കാത്ത ഇവിടെ ലോക്ഡൗൺ കർശനമായി പാലിക്കുന്നു. കഫേകളും നൈറ്റ് ക്ലബ്ബുകളും മറ്റും അടച്ചിട്ട് നാളുകളായി. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാം. പക്ഷേ നിബന്ധനകൾക്ക് വിധേയമായി മാത്രം. ദിനചര്യയൊക്കെ മാറി. പകലുറക്കവും രാത്രി സിനിമ കാണലുമായി ലോക്ഡൗണിലൂടെ കടന്നുപോകുന്നു. സാമൂഹ്യ വ്യാപനം സ്വയം നിയന്ത്രിക്കുന്ന, അച്ചടക്കമുള്ള വലിയൊരു സമൂഹമാണ് ഓസ്‌ട്രേലിയക്കാർ. വിദേശികളും നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നു. 

കൃഷ്ണമേനോൻ (ബോട്‌സ്വാന)
ഏറെ വൈകിയാണ് ദക്ഷിണാഫ്രിക്കയുടെ സമീപരാജ്യമായ ബോട്‌സ്വാനയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഒറ്റപ്പാലം സ്വദേശിയും തലസ്ഥാനമായ ഗാബറോണിൽ ബർക്‌ലെയ്‌സ് ബാങ്ക് ഓഫ് ബോട്‌സ്വാനയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായ കൃഷ്ണമേനോൻ പറയുന്നു. ഏപ്രിൽ മൂന്നിനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. 28 ദിവസത്തേക്കാണ് കർഫ്യൂ. അത് നീട്ടിയേക്കാം. ആകെ 13 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ -ഒരു മരണമുൾപ്പെടെ. ദക്ഷിണാഫ്രിക്കയിൽ ഒരു ശവസംസ്‌കാരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആളാണ് മരിച്ചത്. ബാങ്കിംഗ് സംവിധാനമുൾപ്പെടെ അവശ്യ സർവീസുകൾ സാധാരണ നിലയിലാണ്. എല്ലാം നിയന്ത്രണങ്ങൾക്ക് വിധേയം. സാമൂഹിക വ്യാപനം തടയുന്ന നടപടി ശക്തം. 
- കുടുംബം കൂടെയുള്ളതുകൊണ്ട് ക്വാറന്റൈൻ അനുഭവത്തിൽ വിരസതയില്ല. എങ്കിലും ദക്ഷിണാഫ്രിക്കയിൽ നിന്ന് അടുത്ത കാലത്താണ് ഇങ്ങോട്ട് മാറ്റം കിട്ടിയെത്തിയത്. നാടും നാട്ടുകാരുമായും സൗഹൃദത്തിലായി വരുന്നേയുള്ളൂ. മലയാളികൾ ധാരാളമുണ്ട്. രോഗബാധ പൂർണമായും ഇല്ലാതാക്കാനും ലാന്റ് ലോക് രാജ്യമായതുകൊണ്ടും ഇറക്കുമതി - കയറ്റുമതി പ്രശ്‌നമുള്ളതുകൊണ്ടും ആറുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് കേൾക്കുന്നു. ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയായ ബോട്‌സ്വാനയുടെ സമ്പദ്ഘടനയിൽ സാരമായ പ്രത്യാഘാതമുണ്ടാക്കിയേക്കാം കോവിഡ് എന്നാണ് വിദഗ്ധർ പറയുന്നത് - കൃഷ്ണമേനോൻ അഭിപ്രായപ്പെട്ടു. 


ജിഹാദ് കരീം (മാൾട്ട)
കോവിഡ് പ്രതിരോധ രംഗത്ത് ഇടറിവീണ ഇറ്റലിയുടെ കാൽക്കീഴിൽ കിടക്കുന്ന ദ്വീപ് രാജ്യമാണ് മാൾട്ട. മലപ്പുറം വണ്ടൂർ സ്വദേശിയും ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥിയുമായ ജിഹാദ് കരീം മാൾട്ടയുടെ തലസ്ഥാനമായ വല്ലെറ്റാ നഗരത്തിലാണ് പോസ്റ്റ് ഗ്രാഡ്വേഷൻ കോഴ്‌സ് ചെയ്യുന്നത്. അഞ്ഞൂറിൽ താഴെ പേർ മാത്രമാണ് ഇതുവരെ മാൾട്ടയിൽ കോവിഡ് ബാധിച്ചവരെന്നും മരണസംഖ്യ മൂന്നിലൊതുങ്ങിയെന്നും ജിഹാദ് പറയുന്നു. അയൽദേശമായ ഇറ്റലിയിൽ നിന്നുള്ള അസുഖകരമായ വാർത്ത വന്ന ഉടൻ തന്നെ എല്ലാവരും തുടക്കത്തിലേ സ്വയം ക്വാറന്റൈനിലേക്ക് പോയി. ഭാഗികമായി മാത്രമേ ഇപ്പോൾ കർഫ്യൂ ഉള്ളൂവെങ്കിലും എല്ലാവരും അതീവ ജാഗ്രതയിലാണ്. പഠനത്തോടൊപ്പം പലരും പാർട്ട്‌ടൈം ജോലിയും ചെയ്യുന്നു. 
വാടക നൽകാനാവത്ത പൗരന്മാർക്കും വിദേശികൾക്കും കെട്ടിടമുടമകൾ അവയൊക്കെ ഇളവ് നൽകിയിട്ടുണ്ട്. മലയാളി നഴ്‌സുമാർ സജീവമായി ആരോഗ്യ സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്നത് ഇവിടെയുള്ള എല്ലാ മലയാളികളെയും അഭിമാനം കൊള്ളിക്കുന്നു. ആശുപത്രി ജീവനക്കാരിൽ ചിലർ കടുത്ത നിരീക്ഷണത്തിലുമാണെന്ന് കേൾക്കുന്നു. ഏതായാലും കേരളത്തിൽ നിന്ന് വിദൂരമായ ഈ രാജ്യത്തിരിക്കുമ്പോൾ, ലോക്ഡൗൺ അനുഭവം അത്രയൊന്നും സുഖപ്രദമല്ലെന്ന് തുറന്നു സമ്മതിക്കേണ്ടിവരുമെന്നും ജിഹാദ് പറയുന്നു.

ഷായർ സലീം (ഇറ്റലി)

ഇതുവരെ 22,745 പേരുടെ ജീവനെടുത്ത ഇറ്റലിയിലെ കൊറോണക്കാലത്തിന്റെ നടുക്കുന്ന അനുഭവങ്ങളിലൂടെയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയും അൽഹസയിലെ സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ സലീം മണാട്ടിന്റെ പുത്രനുമായ ഷായർ സലീം കടന്നു പോകുന്നത്. ചരിത്ര നഗരമായ മിലാനിലാണ് ഷായർ താമസിക്കുന്നത്. ദമാം ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥിയായ ഷായർ എയറോനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരദവും മിലാനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിസൈൻ കോഴ്‌സും പൂർത്തിയാക്കി അവിടെത്തന്നെ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലി ചെയ്യുകയാണിപ്പോൾ.
ജനുവരിയിൽ റോമിൽ നിന്ന് തുടങ്ങിയ കോവിഡ് ബാധ ഫെബ്രുവരി 23 ആയതോടെ രണ്ടാം ഘട്ടത്തിലെത്തി ഇറ്റലിയുടെ വടക്കൻ മേഖലയായ വെനിറ്റോ, ലൊംബാർഡി മേഖലകളിലേക്ക് കുരുതിക്കാറ്റ് പോലെ ആഞ്ഞുവീശുകയായിരുന്നു. ഹോട്ട് സ്‌പോട്ടുകൾ എന്നു പറയാവുന്ന ഈ മേഖലകളിൽ കർഫ്യൂ കർശനമാക്കി. ഈസ്റ്ററിനൊക്കെ ഇറ്റാലിയൻ നഗരങ്ങൾ മൂകമായി മാറി. ആരോഗ്യമേഖലയിൽ ശക്തമായ നടപടികളുണ്ടായി. അതിർത്തികളടച്ചു. അയൽരാജ്യങ്ങളായ ഫ്രാൻസും ജർമനിയും വൈറസ് ബാധയിൽ നിന്ന് മുക്തമായില്ല. ജർമനി കുറേക്കൂടി ഭേദമായിരുന്നു. 
ഞങ്ങൾ താമസിക്കുന്ന മിലാൻ നഗരമിപ്പോൾ ഏറെക്കുറെ സുരക്ഷിതമാണ്. ലൊംബാർഡിയിലാണ് ഏറ്റവുമധികം ആളുകൾ മരിച്ചത്. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായിത്തീർന്നു, മരണസംഖ്യ ഇത്രയും ഉയർന്നത്. ഏതായാലും വായന, സിനിമ.. ഇങ്ങനെ പോകുന്നു എന്റെ ഇറ്റാലിയൻ ക്വാറന്റൈൻ. 


സാജിദ് കൊന്നോല (ബെൽജിയം) 
ജിദ്ദയിലും റിയാദിലും റിയാദ് ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന, റിയാദിലെ മലപ്പുറം കൂട്ടായ്മയായ റിമാലിന്റെ സാരഥികളിലൊരാളായ മലപ്പുറം സ്വദേശി അമീറുദ്ദീൻ കൊന്നോലയുടെ പുത്രനായ സാജിദ് ബെൽജിയത്തിലെ ആന്റ്‌വെർപ് നഗരത്തിലെ ഫഌറ്റിലാണ് ക്വാറന്റൈൻ അനുഭവിക്കുന്നത്. 
ഭാര്യ സുഹാനയും മകൻ ആദമും ഒപ്പമുണ്ട് എന്നത് ഏകാന്തതയെ അത്ര വിരസമാക്കുന്നില്ലെന്നു സാജിദ് പറയുന്നു. വീട്ടിലിരുന്നുള്ള ജോലി തുടങ്ങിയിട്ട് ഒരു മാസമായി. പ്രസിദ്ധമായ വൊർലി ബെൽജിയം കമ്പനിയിൽ സീനിയർ ഇൻസ്ട്രുമെന്റ് എൻജിനീയറാണ് ദൽഹി ഐ.ഐ.ടി പൂർവ വിദ്യാർഥി കൂടിയായ സാജിദ്. യൂറോപ്പിന്റെ ജീവനാഡിയായിരുന്ന ബെൽജിയത്തിലെ പ്രസിദ്ധമായ ഈ പട്ടണമിപ്പോൾ ശാന്തമാണ്. ആന്റ്‌വെർപ് മ്യൂസിയം, ആംഫി തിയേറ്റർ, സിനിമാശാലകൾ, കഫേകൾ എല്ലാം താഴിട്ട് കഴിഞ്ഞിട്ട് ആഴ്ചകളായി. ഇറ്റലിയിലേക്കാണ് ഇവിടെ നിന്ന് കൂടുതലായും ആളുകൾ വിനോദ യാത്ര പോയിരുന്നത്. അവിടെ നിന്ന് മടങ്ങിവന്നവരിൽ നിന്നാകണം ആദ്യ കോവിഡ് മാർച്ച് 12 ന് റിപ്പോർട്ട് ചെയ്തത്. ആ ദിവസം തൊട്ട് നിയന്ത്രണങ്ങൾ കർശനമാക്കി. കർഫ്യൂ ശക്തമാക്കി. സമൂഹ സമ്പർക്കം നിയന്ത്രിച്ചു. ഇന്ത്യക്കാർ, ഒരു പക്ഷേ തലസ്ഥാനമായ ബ്രസ്സൽസ് കഴിഞ്ഞാൽ ഇവിടെയാകണം കൂടുതൽ. എല്ലാവരും ക്വാറന്റൈനിലായി. രോഗ പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിൽ നിന്നുള്ള നല്ല വാർത്തകൾ എല്ലാ ഇന്ത്യക്കാരെയും ആശ്വാസം കൊള്ളിക്കുന്നതായും സാജിദ് അഭിപ്രായപ്പെട്ടു.

സിനാൻ അഹമ്മദ് (സ്ലോവാക്യ)
കൊറോണാ ഭീതിയിലമർന്ന നഗരം ആദ്യമായി അതിർത്തികൾ അടക്കുകയായിരുന്നു. ചെക് റിപ്പബ്ലിക്, ഓസ്ട്രിയ എന്നീ അയൽരാജ്യങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിരോധിക്കുകയും കർഫ്യൂ ശക്തമാക്കുകയും ചെയ്തു - ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥിയായ സിനാൻ അഹമ്മദ് കർണാടകയിലെ മണിപ്പാലിൽ എൻജിനീയറിംഗ് പഠനത്തിനിടെയാണ് സ്ലോവാക്യയിലെ കമ്പനിയിൽ ഇന്റേൺഷിപ്പിനായി പോയത്. 
ആറു മാസം പൂർത്തിയാകും മുമ്പ് കോവിഡ് ഭീതിയിൽ കമ്പനി പൂട്ടി. നഗരം നിശ്ചലമായി. രാജ്യത്ത് പുതിയൊരു ഭരണമാറ്റം കൂടി വന്ന മാർച്ച് മാസത്തിൽ തന്നെയാണ് കൊറോണ ലോകത്തിനു മുന്നിൽ ഫണം വിരിച്ചാടിയത്. 
അതുകൊണ്ട് സുരക്ഷിതമായ ആരോഗ്യ പരിരക്ഷ പുതിയ സ്ലോവാക്യൻ സർക്കാറിന് വെല്ലുവിളിയുമായി. മാസ്‌കുകൾക്ക് ക്ഷാമം നേരിട്ടു. ഫാർമസിയും ക്ലിനിക്കുകളും തുറന്നു. അവശ്യവസ്തുക്കൾക്കും ദൗർലഭ്യമുണ്ട്. തലസ്ഥാനമായ ബ്രാട്ടിസ്ലാവയിലാണ് ഇന്ത്യൻ നയതന്ത്ര കാര്യാലയം. ലോക്ഡൗണിനിടെ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിമാനങ്ങൾ പറക്കാനാവുമെന്നും നാട്ടിലേക്ക് തിരികെ പറക്കാനാവുമെന്നുമുള്ള പ്രതീക്ഷയിൽ ലോക്ഡൗൺ കാലം സജീവമാക്കുകയാണിപ്പോൾ. വേറെ ഒരു ചോയ്‌സും മുമ്പിലില്ലല്ലോ -സിനാൻ പറയുന്നു.

ഫിർനാസ് ഹാഷിം (റഷ്യ) 

മലപ്പുറം വേങ്ങര സ്വദേശിയായ, ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥിയായ ഫിർനാസ് ഹാഷിമിന്റെ ക്വാറന്റൈൻ റഷ്യയിലെ മൊർഡോവിയ പ്രവിശ്യയിലെ സറാൻസ്‌ക് നഗരത്തിലാണ്. അവിടെ മെഡിക്കൽ വിദ്യാർഥിയാണ് ഫിർനാസ്. ഹോസ്റ്റലിൽ 600 വിദ്യാർഥികളുണ്ട്. സ്വദേശികളും ഇന്ത്യക്കാരും അറബികളും താജിക്കിസ്ഥാനികളുമൊക്കെയുൾപ്പെടുന്ന വലിയൊരു വിദ്യാർഥി സമൂഹം. അതുകൊണ്ട് തന്നെ സമൂഹ സമ്പർക്കം ഒരു ഭീഷണിയാണ്. കർഫ്യൂ നിയമം എല്ലാവരും കർശനമായി പാലിക്കുന്നത് കാണുന്നില്ല. അതാണ് ഏറെ ഭയപ്പെടുത്തുന്നതും. പലരും ഹോസ്റ്റലിൽ നിന്ന് പുറത്തു പോവുകയും തിരികെ വന്ന് പൊതു ശുചിയിടങ്ങളുപയോഗിക്കുന്നതുമൊക്കെയാണ് പ്രശ്‌നം.  ഞങ്ങൾ ഇരുന്നൂറ് മലയാളികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസുകൾ നിർത്തലാക്കിയിട്ട് ഒരു മാസമായി. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ –പെടുത്തുന്നതിനായി ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞാൻ ഈയിടെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുമായി വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചിരുന്നു. വിമാന സർവീസ് പുനരാരംഭിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണിപ്പോൾ. ലോക്ഡൗൺ പരമാവധി പിരിമുറുക്കം കുറയ്ക്കാനുപയോഗിക്കുന്നുവെങ്കിലും ഭയപ്പാടിന്റെ അന്തരീക്ഷം വിട്ടൊഴിഞ്ഞിട്ടില്ല -ഫിർനാസ് അഭിപ്രായപ്പെടുന്നു.

സുഹൈൽ (ഫിജി ഐലന്റ്)
വർഷങ്ങളായി പസിഫിക് ദ്വീപസമൂഹമായ ഫിജിയിൽ താമസിക്കുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി സുഹൈൽ പറയുന്നു: ഇതുവരെ ഇരുപത് കോവിഡ് കേസുകൾ മാത്രമേ ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളൂ, സംശയമുള്ള കുറേപ്പേരെ നിരീക്ഷണത്തിലാക്കിയിട്ട്. ഞങ്ങളുടെ ഏരിയ തൽക്കാലം സുരക്ഷിതമെന്നു പറയാം. തലസ്ഥാനമായ സുവയിൽ നിന്നാണ് 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 
കാലത്ത് എട്ടു മുതൽ വൈകിട്ട് ആറു വരെയാണ് കർഫ്യൂ. എന്നാൽ സുവയിൽ 24 മണിക്കൂറും കർഫ്യൂവാണ്. കഴിഞ്ഞ നാലു നാളുകളായി രോഗികളുടെ എണ്ണത്തിൽ വർധനയില്ല. എങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ജനസംഖ്യ താരതമ്യേന കുറഞ്ഞ ഫിജിയിലെ സ്വദേശികളും വിദേശികളും വളരെ കർശനമായി പാലിക്കുന്നു. 
വീട്ടിലിരുന്നുള്ള ജോലി തുടരുന്നു, ബാപ്പയുടെ കാലം തൊട്ടേ ഞങ്ങൾക്ക് ഉപജീവനം നൽകിപ്പോരുന്ന ഫിജിയുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നു -ആർകിടെക്ചറൽ എൻജിനീയറായ സുഹൈൽ പറഞ്ഞു.

Latest News