Sorry, you need to enable JavaScript to visit this website.

ശശികല ചാർത്തിയ ദീപാവലയം... 

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത പോലെ ഇന്ത്യക്കാർ ഇന്ന് രാത്രി വിളക്കണച്ച് ദീപങ്ങൾ തെളിയിക്കും. നല്ല കാര്യം. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുമെന്ന് വിളംബരം ചെയ്യുന്ന പരിപാടി. ഇത് ഇറ്റലിയിൽ അടുത്തിടെ നടന്നതിന്റെ കോപ്പിയടിയല്ലേ എന്ന് പറഞ്ഞ് വിമർശിക്കുന്നതിൽ കാര്യമില്ല. ഇതേ ആളുകളാണ് പാത്രം മുട്ടൽ ബ്രസീലിൽ നിന്ന് പകർത്തിയതാണെന്ന് ആക്ഷേപിച്ചത്. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഭരണാധികാരി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്തോ-പാക് യുദ്ധമുണ്ടായപ്പോൾ നമ്മൾ ബ്ലാക്ക് ഔട്ട് ആചരിച്ചിട്ടില്ലേ. കോവിഡ്19 ലോകത്ത് നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക സൗകര്യങ്ങളുള്ള അതിസമ്പന്ന രാജ്യങ്ങൾ വരെ പകച്ചു നിൽക്കുന്നു. ടോപ് ടെൻ പട്ടികയിൽ ഇറാൻ മാത്രമാണ് താരതമ്യേന ശേഷി കുറഞ്ഞ രാജ്യം. ഇന്ത്യക്ക് ഇത്രയേറെ പരിമിതിയുണ്ടായിട്ടും സമൂഹ വ്യാപനമുണ്ടായില്ലെന്നത് ആശ്വാസമാണ്. നൂറിനടുത്ത് പ്രായമുള്ള ദമ്പതികളുടെ കൊറോണ ഇന്ത്യ ചികിത്സിച്ച് മാറ്റിയെന്ന് ജനം ടി.വി റിപ്പോർട്ട് ചെയ്തപ്പോൾ ഇത് കേരളത്തിലാണെന്ന് കൂടി പറയാമായിരുന്നു. ഇന്ത്യയിൽ അൽപമെങ്കിലും ആശങ്കയുണ്ടാക്കിയത് ദൽഹിക്കടുത്ത നിസാമുദ്ദീനിലെ സമ്മേളനമാണ്. ഇതെന്തിനാണാവോ ഈ കുഴപ്പം പിടിച്ച നാളുകളിൽ ഇത്ര അടിയന്തരമായി യോഗം ചേർന്നത്?  കോവിഡ് വിളയാട്ടം കഴിഞ്ഞ്  സെപ്തംബറിലോ ഒക്ടോബറിലോ നടത്തിയാലും കുഴപ്പമില്ലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം ഈ വിഷയം ന്യൂസ് അവറിൽ ചർച്ച ചെയ്തു. തബ്‌ലീഗ് പ്രതിനിധിയെയും കൂടി പങ്കെടുപ്പിച്ചായിരുന്നു ചർച്ച. കൂട്ടത്തിൽ എം.ഇ.എസ് സാരഥി ഡോ. ഫസൽ ഗഫൂറും ഡോ. എം.കെ മുനീർ എം.എൽ.എയും ഐ.എം.എ പ്രതിനിധിയുമുണ്ടായിരുന്നു. തബ്‌ലീഗുകാരൻ ഫസൽ ഗഫൂറിനെ അധിക്ഷേപിക്കാൻ ശ്രമിച്ചത് അവതാരകൻ ഇടപെട്ടാണ് തടഞ്ഞത്. ഇതിലും വലിയ ഭൂകമ്പമുണ്ടായപ്പോഴും ചാനൽ സംവാദങ്ങളിൽ ക്ഷോഭിക്കാതെ പങ്കെടുത്ത കത്തോലിക്കാ പ്രതിനിധികളുടെ പ്രസന്റേഷൻ ഏവർക്കും മാതൃകയാക്കാവുന്നതാണ്. 
റിപ്പബ്ലിക് ടി.വിയിലെ അർണബ് ഗോസ്വാമി ഇതേ വിഷയത്തിൽ പൊട്ടിത്തെറിച്ചതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റിലെ പി.ജി. സുരേഷ് കുമാർ എത്ര പക്വതയോടെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് തിരിച്ചറിയുക. കൊറോണയേക്കാൾ അപകടകാരിയായ വൈറസാണ് വർഗീയ വൈറസ്. കൊറോണ വൈറസ് അൽപം ഈഗോയുള്ള കൂട്ടത്തിലാണ്. ക്ഷണിക്കാതെ എവിടെയും വന്നു കയറില്ല. വീട്ടിൽ അടച്ചിട്ടിരുന്നാൽ കൊറോണയിൽ നിന്നും നമുക്ക് രക്ഷപ്പെടാം. 
വർഗീയ വൈറസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറി ആക്രമിക്കുക. അർണബിനെ പോലെയുള്ളവർ ചെയ്യുന്നതിതാണ്. 

***    ***    ***

ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് കുറച്ചു കാലമായി. പ്രഗത്ഭ സംവിധായകൻ ബ്ലസി ഈ പ്രോജ്റ്റ് ഏറ്റെടുത്തതോടെ പ്രതീക്ഷയേറി. ഇപ്പോൾ ജോർദാനിലെ  ലോക് ഡൗണിൽ കുടുങ്ങിയിരിക്കുകയാണ്  പൃഥിരാജും ആടുജീവിതം സിനിമാ സംഘവും. 
സിനിമയുടെ ചിത്രീകരണത്തിനായി ഒരു മാസം മുമ്പായിരുന്നു സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള 58 സംഘം ജോർദാനിലെത്തിയത്.  ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. ഈ മാസം എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കുന്നതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. 
ഏപ്രിൽ 14 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ഈ കാലയളവിൽ ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ജോർദാനിൽ തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് സിനിമാ സംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. 
ജോർദാനിൽ കുടുങ്ങിയ നടൻ പൃഥിരാജിനേയും ആടുജീവിതം സിനിമാ സംഘത്തേയും അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം റദ്ദാക്കിയ ഈ സാഹചര്യത്തിൽ നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. പകരം സംഘത്തിന് വിസാ കാലാവധി നീട്ടാനുള്ള നടപടികൾ സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. വിസാ കാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഇന്റർനാഷണൽ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നാട്ടിലേക്ക് എത്തിക്കുകയെന്നത് തൽക്കാലം പ്രാവർത്തികമല്ല. അതുകൊണ്ട് തന്നെ വിസാ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ അറിയിച്ചിട്ടുണ്ട്.

***    ***    ***

ക്വാറന്റൈൻ കാലത്ത് ദൂർദർശൻ തങ്ങളുടെ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന 87-88 കാലത്തെ രാമായണം സീരിയൽ റി ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് രാജ്യത്ത് വൻ ചർച്ചയായിരുന്നു. വിയോജിപ്പുകളുമായി പലരും രംഗത്തെത്തിയിരുന്നെങ്കിലും രാമാനന്ദ് സാഗറിന്റെ രാമായണത്തിന് രണ്ടാം വരവിലും വലിയ സ്വീകരണമാണ് ലഭിച്ചെതെന്നാണ് റിപ്പോർട്ട്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ കണക്കുകൾ പ്രകാരം 17 കോടി ആളുകളാണ് രണ്ടാം വരവിൽ രാമായണം കണ്ടത്. 
കഴിഞ്ഞ ശനിയാഴ്ച ആദ്യ എപ്പിസോഡ് 3.4 കോടി ആളുകളാണ് കണ്ടത്. 3.4% ആയിരുന്നു റേറ്റിംഗ്. ഇതേ എപ്പിസോഡ് വൈകുന്നേരം സംപ്രേഷണം ചെയ്തപ്പോൾ 4.5 കോടി പേർ കണ്ടു. റേറ്റിങ് 5.2 ശതമാനമായി ഉയർന്നു. ഞായറാഴ്ച രണ്ട് നേരമായി ഏകദേശം ഒമ്പത് കോടിയാളുകൾ സീരിയൽ കണ്ടെന്നും ബാർക്ക് പറയുന്നു. 

***    ***    ***

ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ശൂന്യമായി വരുന്ന പഴ്‌സ് നോക്കി നെടുവീർപ്പിടുകയാണ് പലരും. ഇക്കൂട്ടത്തിൽ സെലിബ്രിറ്റുകളുമുണ്ട്. നമ്മളിൽ പലർക്കും ഇപ്പോൾ വേതനം പോലുമില്ല, ഇനിയെത്ര നാൾ കഴിയുമെന്ന് അറിയില്ലെന്നാണ് സിനിമാ താരം കനിഹ പറയുന്നത്. 
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏവരും വീട്ടിലിരിക്കുകയാണ്. ലോക് ഡൗൺ ദിവസങ്ങളിൽ വീട്ടിൽ കഴിയുകയായിരുന്ന നടി കനിഹ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുന്നു. വിജനമായ റോഡ് കണ്ട് സത്യത്തിൽ കരഞ്ഞുപോയെന്ന് കനിഹ പറയുന്നു. പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ആദ്യമായി അവശ്യസാധനങ്ങൾക്കായി പുറത്തിറങ്ങുകയായിരുന്നു. ലോകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ദഹിക്കാൻ കുറച്ച് പ്രയാസമുണ്ട്. വിജനമായ റോഡിൽ കൂടി വണ്ടിയോടിച്ചു പോയപ്പോൾ സത്യത്തിൽ ഞാൻ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല. ഇപ്പോൾ നമ്മൾ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. 
നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവർക്ക് വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോൾ മനസ്സിലാകുന്നുണ്ടാകില്ല. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുൾസ്‌റ്റോപ്പ്  വന്നുപെട്ടിരിക്കുന്നു. നമ്മളിൽ പലർക്കും ഇപ്പോൾ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതുകൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാൾ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത് -കനിഹ സമൂഹ മാധ്യമത്തിൽ കുറിച്ചു.

***    ***    ***

ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും അവതാരകയുമായ ആര്യ. കോവിഡ്19 പടരുന്നതിന്റെ പശ്ചാത്തലത്തിൽ നിർമാതാക്കൾ ഷോ അവസാനിപ്പിച്ചിരുന്നു. ഹൗസിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളുടെ ഫാൻസ് എന്ന് സ്വയം പറഞ്ഞ കുറെ വെട്ടുകിളി കൂട്ടങ്ങൾ ഷോയിൽ നിന്നും പുറത്തായ മഞ്ജു, വീണ, ജസ്‌ല, രേഷ്മ എന്നിവരെയെല്ലാം തെറിപറഞ്ഞും അസഭ്യ വർഷങ്ങൾ ചൊരിഞ്ഞുമായിരുന്നു ചിത്രീകരിച്ചിരുന്നത്. അക്കൂട്ടത്തിൽ ആര്യയുമുണ്ട്. ഏറെ ട്രോളുകൾക്കും സൈബർ അറ്റാക്കിനും വിധേയമായിരിക്കുകയാണ് ആര്യ. ഇനിയും ഈ മനോരോഗം സഹിക്കാൻ കഴിയില്ലെന്നും കൊറോണയെ തുടർന്ന് നാട് പ്രതിരോധത്തിൽ ആയതിനാലാണ് ഇപ്പോൾ ഒന്നിനും ഇല്ലാത്തതെന്നും ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ, അത് നല്ല രീതിയിൽ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈൽ ഉള്ളതുകൊണ്ട് നിങ്ങൾക്ക് ആരേയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളിൽ മിക്കവരും പ്രത്യേകിച്ച് സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്.'
അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഇത്തരം കമന്റുകളെ അവഗണിക്കാൻ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്... ക്ഷമിക്കണം, ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ചുപോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങൾ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം സഹിക്കാൻ ഞാൻ ഇനിയും തയാറല്ല. മറ്റൊരു സുപ്രധാന (കൊറോണ) ആയതിനാലാണ്. ഞങ്ങളിൽ മിക്കവരും ഇതേക്കുറിച്ച് നിശ്ശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി...'  ആര്യ കുറിച്ചു.

***    ***    ***

കോവിഡ് പ്രതിസന്ധിയിൽ രാജ്യം ലോക്ഡൗൺ ചെയ്തതോടെ ഭക്ഷണവും മരുന്നുമില്ലാതെ ഗോവയിൽ കുടുങ്ങി നടി നഫീസ അലി. മരുമകൾക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും നഫീസ വ്യക്തമാക്കി. കാൻസർ അതിജീവിച്ച താൻ പച്ചക്കറികളോ പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് നഫീസ അലി പറഞ്ഞു. എന്റെ ആരോഗ്യത്തെ കുറിച്ച് ഓർത്താണ് മകൾ ഗോവയിലേക്ക് വിളിച്ചത്. ലോക്ഡൗൺ ചെയ്തതോടെ എല്ലാം അടച്ചു. കൊറിയർ സർവീസും നിലച്ചു. ഇപ്പോൾ മരുന്ന് കുടിക്കുന്നില്ല. അതെന്റെ ആരോഗ്യത്തിന് നല്ലതല്ല. ലോക്കൽ മെഡിക്കൽ ഷോപ്പുകളിലൊന്നും തന്റെ മരുന്ന് ലഭിക്കുന്നില്ലെന്ന്  നഫീസ ദേശീയ മാധ്യമത്തോട്  പറഞ്ഞു.
സ്വിറ്റ്‌സർലാൻഡിൽ നിന്നെത്തിയ തന്റെ മരുമകൾക്ക് കോവിഡ്19 ബാധിച്ചതായും നഫീസ അലി വെളിപ്പെടുത്തി. ബാംഗ്ലൂരിലുള്ള മരുമകൾ ദിയ നായിഡുവിന് രോഗം ഭേദമായതായും താരം വ്യക്തമാക്കി. മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ മേരി ജോൺ കുരിശിങ്കൽ കഥാപാത്രമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നഫീസ അലി.

***    ***    ***

കേരളത്തിന്റെ ഏറ്റവും മികച്ച ബ്രാൻഡ് അംബാസഡർ ആരാണ് ? ഒരു സംശയവും വേണ്ട അത് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. മിറർ നൗ ടിവിയിൽ അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങൾ എത്ര മനോഹരമായാണ് അവതരിപ്പിച്ചത്. കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുന്നതിൽ തുടങ്ങി ഒരാളും വിശന്നിരിക്കരുതെന്ന് ഭരണാധികാരികൾക്ക് നിർഡബന്ധമുള്ളതിനാൽ ഏർപ്പെടുത്തിയ കമ്യൂണിറ്റി കിച്ചനുമെല്ലാം ഉത്തരേന്ത്യക്കാരനായ ഗവർണർ ചാനലിൽ വിസ്തരിച്ചു. തിരുവന്തപുരം എം.പി ശശി തരൂർ കോൺഗ്രസിന്റെ പ്രധാന നേതാവാണ്. 
അദ്ദേഹം കേരളത്തിന് വേണ്ട റാപ്പിഡ് ടെസ്റ്റ് പായ്ക്കറ്റുകൾ എത്തിച്ചു നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വിലക്കുകൾ ലംഘിച്ച് കോഴിക്കോട് നിന്ന് യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തി. ഇതേക്കുറിച്ച് പത്രക്കാർ മുഖ്യമന്ത്രിയോട് ചോദിച്ചു. 
അദ്ദേഹം ഒരു പാർട്ടിയുടെ സംസ്ഥാന നേതാവല്ലേ, എന്തെങ്കിലും അത്യാവശ്യം കാണുമായിരിക്കുമെന്നായിരുന്നു മറുപടി. ഇതാണ് കേരളം, ഇങ്ങിനെയൊക്കെയാണ് നമ്പർ വൺ ആകുന്നത്. 
 

Latest News