Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇഖാമ, റീ എന്‍ട്രി ആനുകൂല്യം ആശ്രിതര്‍ക്കും; വിശദ വിവരങ്ങള്‍

റിയാദ്- കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ തിരിച്ചെത്താന്‍ കഴിയാതെ ഇഖാമ കാലാവധി അവസാനിച്ച് വിദേശത്ത് കഴിയുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജവാസാത്ത്.

ഇവരുടെ ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും സൗദിയില്‍ കഴിയുന്ന വിദേശികളുടെ ആശ്രിതര്‍ക്കും ആനുകൂല്യം ലഭ്യമാകുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഇഖാമ പുതുക്കല്‍, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവയെ കുറിച്ച് ജവാസാത്തിന്റെ ഇതുവരെയുള്ള അറിയിപ്പുകള്‍  ഇപ്രകാരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യും.

ഇഖാമ പുതുക്കല്‍ :

മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലവയളവില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്ക് സ്വയമേവ പുതുക്കി ലഭിക്കും. സൗദിയിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിനായി ജവാസാത്തിനെ സമീപിക്കുകയോ മറ്റു നടപടികളില്‍ സ്വീകരിക്കുകയോ വേണ്ട. അബ്ശിര്‍, മുഖീം സിസ്റ്റങ്ങളില്‍ ഇഖാമയുടെ വാലിഡിറ്റി അപ്‌ഡേറ്റ് ചെയ്യുന്ന നടപടികള്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് പുരോഗമിച്ചുവരികയാണ്. ഘട്ടം ഘട്ടമായാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കുക.


റീ എന്‍ട്രി:
സൗദിയിലുള്ളവരുടെ റീ എന്‍ട്രി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ കാലയളവിലുള്ളതാണെങ്കില്‍ ഓട്ടോമാറ്റിക് ആയി നീട്ടിനല്‍കും. കാന്‍സല്‍ ചെയ്താല്‍ റീ എന്‍ട്രിക്ക് അടച്ച ഫീസ് തിരികെ കിട്ടില്ല. നാട്ടിലുള്ളവരാണെങ്കില്‍ അവരുടെ റീ എന്‍ട്രി വിദേശകാര്യമന്ത്രാലയത്തിന്റെ https://visa.mofa.gov.sa/ExtendReturnedVisa   വെബ്‌സൈറ്റ് ലിങ്ക് വഴിയാണ് നീട്ടേണ്ടത്. നാട്ടിലുള്ള തൊഴിലാളികളുടെ റീ എന്‍ട്രിയുടെ കാലാവധി നീട്ടുന്നതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാര്‍ക്കും ആശ്രിതരുടേത് കുടുംബനാഥനുമാണ്. ഇഖാമയുടെ കാലാവധി ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നതിനാല്‍ നാട്ടിലിരിക്കെ ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രശ്‌നമില്ല. കാരണം ഇങ്ങനെ റീ എന്‍ട്രി പുതുക്കണമെങ്കില്‍ ഇഖാമ സാധുതയുള്ളതായിരിക്കണം. ഈ വെബ്‌സൈറ്റിലെ പ്രത്യേക ഫോം ഫില്‍ ചെയ്ത് ഓണ്‍ലൈനായാണ് റീ എന്‍ട്രി വാലിഡേറ്റ് ചെയ്യുക. സൈറ്റില്‍ ഇതിനുള്ള അപ്‌ഡേറ്റുകള്‍ നടന്നുവരുന്നുണ്ട്. പൂര്‍ത്തിയാവുമ്പോള്‍ ഔദ്യോഗിക അറിയിപ്പുണ്ടാകും.
നാട്ടില്‍ വെച്ച് മള്‍ടിപ്ള്‍ റീ എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ചവരും ഇതുപോലെ തന്നെയാണ് ചെയ്യേണ്ടത്.


സന്ദര്‍ശക വിസ :

കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എടുത്ത് ഫീസടച്ച് അബ്ശിര്‍ വഴി ഫാമിലി വിസിറ്റ് വിസ പുതുക്കാം. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ 180 ദിവസം പൂര്‍ത്തിയായവര്‍ക്കും രാജ്യം വിടാതെ പുതുക്കിനല്‍കും. മള്‍ടിപ്ള്‍ ഫാമിലി വിസിറ്റ് വിസയും ഇതേ രീതിയിലാണ് പുതുക്കേണ്ടത്.

എന്നാല്‍ ടൂറിസം വിസയിലുള്ളവര്‍ വിസ കാലാവധി അവസാനിക്കുന്നതിന്റെ ഏഴ് ദിവസത്തിനുള്ളില്‍ ഏറ്റവും അടുത്ത ജവാസാത്ത് ഓഫീസുമായി ബന്ധപ്പെടണം. അവര്‍ക്ക് അബ്ശിര്‍ വഴി പുതുക്കാനാവില്ല. അടിയന്തരാവശ്യമായി പരിഗണിച്ചാണ് ജവാസാത്ത് ഓഫീസില്‍ നിന്ന് ടൂറിസ്റ്റ് വിസ പുതുക്കി നല്‍കുന്നത്.

ഫൈനല്‍ എക്‌സിറ്റ്:

ഇഖാമ ഓട്ടോമാറ്റിക് ആയി നീട്ടികിട്ടിയ ശേഷം നേരത്തെ അടിച്ച ഫൈനല്‍ എക്‌സിറ്റുകള്‍ കലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ കാന്‍സല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ പിഴ ലഭിക്കില്ല. ജൂണ്‍ 30 ന് മുമ്പ് വീണ്ടും എക്‌സിറ്റ് അടിച്ചാല്‍ മതി. ഫൈനല്‍ എക്‌സിറ്റ് അടിക്കാന്‍ ഫീസൊന്നുമില്ലെങ്കിലും കാലാവധിയായ 60 ദിവസത്തിന് ശേഷം സൗദിയില്‍ തുടര്‍ന്നാല്‍ ആയിരം റിയാലാണ് പിഴ.

ആശ്രിത വിസക്കാര്‍ :  

സൗദിയില്‍ തൊഴില്‍ വിസയിലുള്ള കുടുംബനാഥന്റെ ഇഖാമ മൂന്നു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി നീട്ടിനല്‍കുമ്പോള്‍ ആ ആനുകൂല്യം അവരുടെ ആശ്രിതര്‍ക്കും ലഭിക്കും. അതായത് മാര്‍ച്ച് 20നും ജൂണ്‍ 30 നും ഇടയില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്ക് ആശ്രിത ഫീസടക്കാതെ, ഇന്‍ഷുറന്‍സ് പുതുക്കാതെ തന്നെ ജൂണ്‍ 30 വരെ നീട്ടിനല്‍കും. എന്നാല്‍ ഇത് അബ്ശിറില്‍ അപ്‌ഡേറ്റായി വരുന്നേയുള്ളൂ. ഈ തിയ്യതിക്കുള്ളില്‍ കുടുംബമൊന്നിച്ച് ഫൈനല്‍ എക്‌സിറ്റില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ജൂണ്‍ 30 വരെ ഇഖാമ കാലാവധി ലഭിക്കും. ജൂണ്‍ 30 ന് മുമ്പ് ഫൈനല്‍ എക്‌സിറ്റ് അടിച്ചാല്‍ മതി. ഫൈനല്‍ എക്‌സിറ്റടിച്ചാല്‍ വീണ്ടും 60 ദിവസം തുടരാം.

 

 

 

 

 

 

 

Latest News