Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡോക്കും ശമ്പളം കട്ട്‌

റോം -കൊറോണ പടരുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ നിര്‍ത്തിയതോടെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഉള്‍പ്പെടെ കളിക്കാരുടെയും കോച്ചിന്റെയും ശമ്പളം യുവന്റസ് കുറച്ചു. നാലു മാസത്തേക്കാണ് നടപടി. ലീഗില്‍ ഏറ്റവുമധികം വേതനം പറ്റുന്ന കളിക്കാരനായ റൊണാള്‍ഡോക്ക് ഒരു കോടി യൂറോയുടെ കുറവുണ്ടാവും. കളിക്കാര്‍ക്ക് പ്രതിഫലത്തിന്റെ മൂന്നിലൊന്ന് കുറയും. മൊത്തം ഒമ്പത് കോടി യൂറോയാണ് (100 കോടിയിലേറെ രൂപ) ഇതുവഴി ക്ലബ് ലാഭിക്കുക. ആദ്യമായാണ് ഇറ്റാലിയന്‍ സീരി അ-യില്‍ ഇത്തരമൊരു നടപടി. കൊറോണ ഏറ്റവുമധികം മരണം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മൂന്നാഴ്ച മുമ്പ് കളികള്‍ നിര്‍ത്തിവെച്ചിരുന്നു. 
തുടര്‍ച്ചയായ ഒമ്പതാമത്തെ ലീഗ് കിരീടത്തിലേക്കടുക്കുകയാണ് യുവന്റസ്. സമീപകാലത്തെ ഏറ്റവും വാശിയേറിയ ലീഗില്‍ ലാസിയോയെക്കാള്‍ ഒരു പോയന്റ് ലീഡുണ്ട് യുവന്റസിന്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന കളിക്കാര്‍ക്കും കോച്ചിനും ക്ലബ് നന്ദി പറഞ്ഞു.
ഇറ്റാലിയന്‍ ലീഗ് മെയ് ആദ്യം പുനരാരംഭിക്കാമെന്നന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് നീണ്ടുപോവാനാണ് സാധ്യത. പൗളൊ ദിബാല, ഡാനിയേല്‍ റുഗാനി, ബ്ലെയ്‌സ് മറ്റൂഡി എന്നീ യുവന്റസ് കളിക്കാര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. റൊണാള്‍ഡൊ സ്വദേശമായ പോര്‍ചുഗലിലെ മദേരയില്‍ സമ്പര്‍ക്കമില്ലാതെ കഴിയുകയാണ്. 

 

Latest News