Sorry, you need to enable JavaScript to visit this website.

ജനത ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് നടക്കുകയാണ്, നമ്മുടെ നെറികേടിനെ മൗനം കൊണ്ട് കീഴടക്കികൊണ്ട്

1930 മാർച്ച് പന്ത്രണ്ടാം തീയതിയാണ് ഗാന്ധിജി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നും, സൂറത്തിനു അടുത്തുള്ള ദാണ്ഡിയിലേക്ക് ഒരു കാൽനട യാത്ര നടത്തിയത്. 385 കിലോമീറ്റർ നടന്നുകഴിഞ്ഞു യാത്ര ദാണ്ഡിയിൽ എത്തിയപ്പോൾ ഏപ്രിൽ 6 ആയി. ആ ദിവസം ഒരു പിടി ഉപ്പ് കുറുക്കി, മഹാത്മാഗാന്ധി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യ മുഴുവൻ അതലയടിക്കുകയും രാജ്യമെമ്പാടും ഉള്ള ജനങ്ങൾ മണിക്കൂറുകൾ നഗ്നപാദരായി നടന്നു ഉപ്പു കുറുക്കി അറസ്റ്റു വരിക്കുകയും ചെയ്തു.

ആ ഐതിഹാസിക യാത്ര നടന്ന് 90 വര്ഷം തികയുന്നു. ഇന്ന്, ഇതാ ആരും ആഹ്വാനം ചെയ്യാതെ, അതേ കാലയളവിൽ , അതെ മാർച്ച് മാസം , പതിനായിരക്കണക്കിന് ജനാവലി നമ്മുടെ തെരുവുകളിൽ കൂടി നടക്കുകയാണ്. ബോറിവല്ലിയിൽ നിന്നും രാജസ്ഥാനിലെ പ്രതാപ് ഘട്ടിലേക്കു 700 കിലോമീറ്റർ, സൂറത്തിൽ നിന്നും ഉനയിലേക്ക് 500 കിലോമീറ്റർ, അഹമ്മദാബാദിൽ നിന്നും രാജസ്ഥാനിലെ ഉദയ്പൂരിലേക്കു 300 കിലോമീറ്റർ, ദില്ലിയിൽ നിന്നും മൊറാദാബാദിലേക്കു 190 കിലോമീറ്റർ ദൂരം...അങ്ങനെ അങ്ങനെ ഓരോ സിറ്റിയിൽ നിന്നും വിദൂരഗ്രാമങ്ങളിലേക്ക്
കുഞ്ഞുങ്ങളും, കുടുംബവും, ഭാണ്ഡവുമായി അവർ കാൽനടയായി മടങ്ങുകയാണ്. കുടിക്കാൻ വെള്ളമോ, ഭക്ഷണമോ, പണമോ ഇല്ലാതെ, വഴിപോക്കരുടെ കാരുണ്യം പോലുമില്ലാതെ, അർദ്ധപട്ടിണിയിൽ ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യത്തിലെ ജനത ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് നടക്കുകയാണ്, നമ്മുടെ നെറികേടിനെ മൗനം കൊണ്ട് കീഴടക്കികൊണ്ട്....

ഇന്നലത്തെ 1, 70000 കോടിയുടെ പാക്കേജിലും അവരില്ലായിരുന്നു. എന്ത് തന്നെയായാലും ഈ കൊടും വേനലിൽ, തിളക്കുന്ന പാതയിലൂടെ നടന്ന് വീട്ടിൽ എത്തിയിട്ട് വേണമല്ലോ സൗജന്യറേഷൻ മേടിക്കാൻ പോവേണ്ടത്..

ഒരൊറ്റ രാത്രിയിൽ അതിർത്തികൾ അടക്കുമ്പോൾ, ഒരൊറ്റ പ്രസംഗത്തിൽ രാജ്യം നിശ്ചലമായപ്പോൾ ആരും അവരെ ഓർത്തില്ല. ആരും അവർക്കു വേണ്ടി സംസാരിച്ചില്ല. നമ്മൾ മധ്യവർഗം വീടിന്റെ സുരക്ഷിതത്വത്തിൽ ഒതുങ്ങി. ലക്ഷ്മണരേഖകൾ മുറിച്ചു കടന്നു അവർ കൂട്ടമായി നടക്കുന്നു...

ഉപ്പ് സത്യാഗ്രഹത്തിന്റെ തൊണ്ണൂറാം വാർഷികം അങ്ങനെ ആരും ആവശ്യപ്പെടാതെ തന്നെ ഗാന്ധിജിയുടെ 'ദരിദ്രനാരായണന്മാർ' വിണ്ടുകീറിയ കാലുമായി പൊരിവെയിലത്തു നടന്ന് കൊണ്ട് ഇന്ത്യൻ തെരുവുകളിൽ വീണ്ടും ആവിഷ്‌ക്കരിക്കുമ്പോൾ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഫലിതങ്ങളിൽ ഒന്നായി അത് മാറുകയാണ്....

ഈ ചിത്രം കണ്ടപ്പോൾ എന്റെ നിസ്സഹായതയിൽ എന്നോട് തന്നെ വെറുപ്പ് തോന്നി. ദേശരാഷ്ട്രത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ് ഈ അഭയാർത്ഥികൾ... അവരെക്കുറിച്ചുള്ള മഹാമൗനം ഒരു സ്‌റ്റേറ്റിനും ഭൂഷണമല്ല.

എനിക്ക് വീണ്ടും ആനന്ദിന്റെ കൃതികൾ ഓർമ്മ വന്നു. പ്രവചനം പോലുള്ള വരികളും ...ചരിത്രമെന്നത് മഹാ ദുരിതത്തിൽ നിന്ന് , ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ഓരോ സാധുമനുഷ്യന്റെയും നിത്യമായ, അഭയം കിട്ടാത്ത നീണ്ട യാത്രയും പ്രവാഹവും ആണെന്ന യാഥാർഥ്യം! നിൽക്കുന്നിടത്തോ ജോലി ചെയ്യുന്നിടത്തോ വേരില്ലാത്ത പാവം പുറമ്പോക്ക് മനുഷ്യർ. അവരുടെ ചുമലിൽ കയറിയിരുന്നു നമ്മൾ പരിഷ്കൃത നാഗരിക മനുഷ്യർ സംസ്കാരങ്ങൾ ഉണ്ടാക്കി അഭിമാനിക്കുന്നു, കുറ്റബോധമില്ലാതെ

Latest News