Sorry, you need to enable JavaScript to visit this website.

ആ വെല്ലുവിളിയിലേക്ക് ഐ.ഒ.സി യാത്ര തുടങ്ങുന്നു

ടോക്കിയൊ - ഒളിംപിക്‌സ് നീട്ടിവെക്കാന്‍ തീരുമാനിച്ച് 24 മണിക്കൂറിന് ശേഷം ഐ.ഒ.സി ആ ഭഗീരഥ യത്‌നത്തിന് വ്യാഴാഴ്ച തുടക്കമിടും. ഏത് സമയത്താണ് ഒളിംപിക്‌സ് നടത്തേണ്ടത് എന്നതായിരിക്കും പ്രഥമ പ്രശ്‌നം. വേദികളും സുരക്ഷയും ടിക്കറ്റിംഗും താമസസൗകര്യവും തുടങ്ങി സംഘാടനവുമായി ബന്ധപ്പെട്ട സര്‍വമേഖലകളിലും ഒരുക്കം വേണ്ടിവരും. ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് പുതിയ സമയത്തേക്ക് ഒരുക്കാന്‍ ഒരു വര്‍ഷം പോലും കിട്ടില്ല. 
മാറ്റത്തിന്റെ ആദ്യ ലക്ഷണമായി ടോക്കിയൊ നഗരത്തിലെ നിരവധി കൗണ്ട്ഡൗണ്‍ ക്ലോക്കുകളില്‍ നിന്ന് അവശേഷിച്ച ദിനങ്ങളുടെ എണ്ണം അപ്രത്യക്ഷമായി. ഇന്നത്തെ തിയ്യതിയും സമയവും മാത്രമായി ക്ലോക്കുകളില്‍. ഏഴു വര്‍ഷത്തെ ഒരുക്കത്തോടെ പൂരിപ്പിക്കുന്ന സമസ്യയില്‍ ഒരു കണ്ണി മാത്രം ചേര്‍ക്കാനിരിക്കെ ഒട്ടും സമയമനുവദിക്കാതെ എല്ലാം വീണ്ടും തുടങ്ങേണ്ട അവസ്ഥയാണെന്ന് ഇന്റര്‍നാഷനല്‍ പാരാലിംപിക് കമ്മിറ്റി വക്താവ് ക്രയ്ഗ് സ്‌പെന്‍സ് ട്വീറ്റ് ചെയ്തു. 
പുതിയ തിയ്യതി നിശ്ചയിക്കുന്നതിനായി ഇന്ന് ആഗോള കായിക ഫെഡറേഷനുകളുമായി ഐ.ഒ.സി ചര്‍ച്ച ആരംഭിക്കും. ജലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയായിരുന്നു ഈ വര്‍ഷം ഒളിംപിക്‌സ് നടത്താനുദ്ദേശിച്ചത്. അടുത്ത വര്‍ഷം ഈ സമയത്ത് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പും നിശ്ചയിച്ചിട്ടുണ്ട്. ഒളിംപിക്‌സിന് വേണ്ടി രണ്ട് ചാമ്പ്യന്‍ഷിപ്പും നീട്ടാമെന്ന് ഫെഡറേഷനുകള്‍ സൂചന നല്‍കിക്കഴിഞ്ഞു. 
അഭൂതപൂര്‍വമായ പ്രതിസന്ധിയാണ് ഐ.ഒ.സി നേരിടുന്നതെന്നും നീട്ടിവെച്ച ഒളിംപിക്‌സ് നടത്തണമെങ്കില്‍ എല്ലാവരില്‍ നിന്നും വിട്ടുവീഴ്ച അനിവാര്യമാണെന്നും ബാക് വിശദീകരിച്ചു. 
ഒളിംപിക് ദീപശിഖ ഇന്ന് ഫുകുഷിമയില്‍ നിന്ന് പ്രയാണം തുടങ്ങേണ്ടതായിരുന്നു. അവിടെ നിന്ന് മാറ്റാനാവുന്ന സാഹചര്യം ഒരുങ്ങുന്നതു വരെ ദീപശിഖ ഫുകുഷിമയില്‍ തന്നെ തുടരും. വേദികള്‍ ലഭ്യമായിരിക്കുമോ, ടിക്കറ്റെടുത്തവര്‍ക്ക് പണം തിരിച്ചുകൊടുക്കണമോ 90,000 വളണ്ടിയര്‍മാരുടെ കാര്യം എന്താവും തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ നിശ്ചയിക്കാനുണ്ട്. 
ടോക്കിയൊ 2020 പ്രസിഡന്റ് യോഷിറൊ മോരിയുടെ കാര്യം തന്നെ അനിശ്ചിതത്വത്തിലാണ്. എണ്‍പത്തിരണ്ടുകാരനായ മുന്‍ പ്രധാനമന്ത്രി കാന്‍സര്‍ അതിജീവിച്ച വ്യക്തിയാണ്. 

Latest News