Sorry, you need to enable JavaScript to visit this website.

കൈയയച്ച് കായിക താരങ്ങള്‍; ഗാംഗുലി, ക്രിസ്റ്റിയാനൊ, ഫെദരര്‍

കൊല്‍ക്കത്ത - കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് കായിക താരങ്ങള്‍. സുരക്ഷിതത്വം പരിഗണിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും പാര്‍പ്പിച്ചവര്‍ക്ക് അരി നല്‍കാന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അരക്കോടി രൂപ പ്രഖ്യാപിച്ചു. 
യുവന്റസിന്റെ പോര്‍ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ഏജന്റ് ജോര്‍ജ് മെന്‍ഡസും ചേര്‍ന്ന് പോര്‍ചുഗലിലെ ആശുപത്രികളില്‍ മൂന്ന് ഇന്റന്‍സിവ് കെയര്‍ യൂനിറ്റുകള്‍ സ്ഥാപിച്ചു. 10 കിടക്കകളുള്ളതായിരിക്കും ഓരോ ഐ.സി.യുവും.
മസ്തിഷ്‌കാഘാതം ബാധിച്ച അമ്മയെ കാണാന്‍ പോര്‍ചുഗലിലെ മദേരയില്‍ എത്തിയ ക്രിസ്റ്റിയാനൊ ആഴ്ചകളായി അവിടെ സമ്പര്‍ക്കമില്ലാതെ കഴിയുകയാണ്. യുവന്റസ് ടീമിലെ പൗളൊ ദിബാലയും ബ്ലെയ്‌സ് മറ്റൂഡിയുമുള്‍പ്പെടെ മറ്റു മൂന്നു പേര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. 
കൊറോണ വൈറസിനെ പോരാടുന്ന വൈദ്യശാസ്ത്ര മേഖലയിലുള്ളവര്‍ക്ക് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഒരു ലക്ഷം സൗജന്യ ടിക്കറ്റുകള്‍ സമ്മാനിക്കാനുള്ള പദ്ധതിക്ക് ബ്രൈറ്റന്‍, ബോണ്‍മൗത് ക്ലബ്ബുകള്‍ ഒരുമിച്ച് പദ്ധതിയിട്ടു. ബ്രിട്ടനിലെ മറ്റു ലീഗുകളോടും ഈ ദൗത്യത്തില്‍ പങ്കുചേരാന്‍ അവര്‍ അഭ്യര്‍ഥിച്ചു. 
സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ദുരിതം പേറുന്ന കുടുംബങ്ങള്‍ക്കായി ടെന്നിസ് താരം റോജര്‍ ഫെദരറും ഭാര്യ മിര്‍കയും 10 ലക്ഷം സ്വിസ് ഫ്രാങ്ക് (10.02 ലക്ഷം ഡോളര്‍) പ്രഖ്യാപിച്ചു. കാല്‍മുട്ടിന് അഞ്ചാഴ്ച മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ ഫെദരര്‍ ജൂണില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ എല്ലാ ടെന്നിസ് ടൂര്‍ണമെന്റുകളും റദ്ദാക്കിയിരിക്കുകയാണ്. 

Latest News