Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓർമകളിൽ പെരുന്നാൾ പെരുമയുടെ തുടികൊട്ട് 

മസ്ജിദുകളുടെ മിനാരങ്ങളിൽ നിന്ന് തക്ബീർ നാദം മുഴക്കി വീണ്ടും ബലിപെരുന്നാൾ. പരിശുദ്ധ ഹജിലൂടെ ആത്മസമർപ്പണം നടത്തിയ വിശ്വാസികൾ മക്കയുടെ മണ്ണിൽ ഇസ്‌ലാമിക ചരിത്രത്തിൽ സംസമിന്റെ തെളിനീരുറവയുടെ ചരിത്രം പറയുന്ന പ്രവാചകൻ ഇബ്രാഹിം നബിയുടെ യുഗം വീണ്ടും പുനരാവിഷ്‌കരിച്ചിരിക്കുന്നു. ഇഹ്‌റാമിന്റെ ശുഭ്രവസ്ത്രത്തിൽ മനസ്സും ശരീരവും പൊതിഞ്ഞ് ലക്ഷങ്ങൾ ഹജിലൂടെ ആത്മീയ ദാഹം തീർക്കുമ്പോൾ മിനാരങ്ങളിൽ നിന്ന് പെരുന്നാളിന്റെ അലയൊലിയായി തക്ബീർ നാദം മുഴങ്ങുന്നു. 
ആത്മസമർപ്പണത്തിന്റെ ഓർമപ്പെരുന്നാൾ ദിനത്തിൽ ജീവിതത്തിന്റെ പെരുന്നാൾ ഓർമ്മയിലേക്ക് നമ്മെ കൂട്ടി നടക്കുകയാണ് കെ.ഇ.എൻ കുഞ്ഞഹമ്മദും സാഹിത്യകാരൻ സുറാബും നടൻ മാമുക്കോയയും.

 

ഉമ്മാമയുടെ താക്കോൽ പത്തിരി 

  • കെ.ഇ.എൻ

കോഴിക്കോട്ടെ പെരുമണ്ണയിലാണ് കുട്ടിക്കാലം. രണ്ട് ഏക്കറിലേറെയുള്ള പറമ്പിലെ വലിയ തറവാടിന് മൂന്ന് നിലയുണ്ട്. രണ്ടെണ്ണത്തിൽ മുറികളും മൂന്നാമത്തേതിൽ നടക്കാൻ പറ്റുന്ന രീതിയിൽ പാക്കുകളും. തൊടിയിൽ കാടുമൂടി മരങ്ങളുണ്ടായിരുന്നു. വലിയ കല്ലുവെട്ടുകുഴിയുണ്ടായിരുന്നു. ഇപ്പൂത്തിയും സാവൂൻ മരവും തെങ്ങുകൾക്കിടയിൽ ഇടതൂർന്ന് വളരും. സാവൂൻ കായ പെട്ടിച്ച് വെള്ളത്തിൽ കലക്കി കറുമൂസ തണ്ട് കൊണ്ട് ഊതി കുമിളകളുണ്ടാക്കി പറത്തിയ കുട്ടിക്കാലം. ഉപ്പ, ഉമ്മ, ഉപ്പയുടെ ഉമ്മ, സഹോദരങ്ങൾ, അയൽവാസികൾ എല്ലാവരുമുണ്ടാകും പെരുന്നാളിന്. അതു കൊണ്ട് തന്നെ സൗഹൃദത്തിന്റെതാണ്, സ്‌നേഹത്തിന്റേതാണ് പെരുന്നാൾ. തറവാട്ടിൽ വർഷത്തിലൊരിക്കലെത്തുന്ന പെരുന്നാൾ ആഘോഷം വരവേൽക്കാൻ രണ്ടാഴ്ച മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങും. ശാരീരികവും മാനസികവുമായുളള ഒരുക്കത്തിന് മുതിർന്നവരും കുട്ടികളും മൽസരിക്കും.
    ഉപ്പയുടെ ഉമ്മയായ ഉമ്മാമയാണ് വീട്ടിലെ എന്റെ സ്‌നേഹ ഭാജനം. ഉമ്മാമക്ക് കണ്ണ് കാണില്ല. അരയിലെ അരഞ്ഞാണിനൊപ്പം കോന്തലയിൽ ഒരു താക്കോൽ തൂങ്ങിയാടും. പിന്നെയുള്ളത് ഒരുപെട്ടിയാണ്. വെറ്റിലച്ചെല്ലം പോലെ ഉമ്മാമ സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോലാണ് കോന്തലയിലുളളത്. ആ താക്കോൽ ആരും എടുക്കുന്നത് ഉമ്മാമക്ക് ഇഷ്ടമില്ല. കണ്ണ് കാണില്ലെങ്കിലും വീട്ടിൽ എന്തു നടക്കുന്നുവെന്ന് ഉമ്മാമക്കറിയും. രജിസ്ട്രർ ഓഫീസിൽ ആധാരത്തിൽ ഒപ്പുവെക്കാൻ കൊണ്ടു പോയപ്പോൾ ഉമ്മാമയെ കൈവിരൽ പിടിച്ച് ഒപ്പിടുവിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റി ഇംഗ്ലീഷിൽ പേരെഴുതി ഒപ്പിട്ടയാളാണ് ഉമ്മാമ. അന്ന് രജിസ്ട്രർ ഉമ്മാമക്ക് ഇരിക്കാൻ കസേര നൽകാൻ ആവശ്യപ്പെട്ട ചരിത്രം വരെ ഉമ്മാമയുടെ ജീവിതത്തിലുണ്ട്. ആ ഉമ്മാമയുടെ കോന്തലയിൽ തൂങ്ങിയാടുന്ന താക്കോൽ കെട്ടഴിക്കുന്നത് പെരുന്നാളിനാണ്.
   കട്ടിപ്പത്തിരിയാണ് രാവിലെ ഭക്ഷണം. ആ പത്തിരി വേവുന്നതിന് മുമ്പ് തന്നെ ഉമ്മാമ അത് താക്കോൽ പത്തിരിയാക്കും. ഉമ്മാമ താക്കോൽ, പത്തിരിയിൽ അമർത്തും. അതോടെ പത്തിരിയിൽ താക്കോൽ രൂപം തെളിയിക്കും. അതിന് ചേരുവകൾ ചേർത്തുളള രുചിയല്ല, ഉമ്മാമയുടെ സ്‌നേഹത്തിന്റെ മധുരമാണ്. പെരുന്നാൾ രാവിലെ താക്കോൽ പത്തിരിയെ കുറിച്ച് പിന്നീട് ആരും പറയുന്നത് കേട്ടിട്ടില്ല. ഒരു സാഹിത്യത്തിലും പരാമർശിക്കുന്നതും കണ്ടിട്ടില്ല.
  കുട്ടിക്കാലത്ത് പെരുന്നാളിന് മാത്രം കാണുന്ന, കിട്ടുന്ന അപൂർവ്വതകൾ ഏറെയുണ്ട്. അതിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. വീടിന് പുറത്തേക്ക് പോകുന്നത് ചോദ്യം ചെയ്യപ്പെടാത്ത ദിവസം പെരുന്നാളിനായിരുന്നു. അയൽപക്കത്തേക്കും കുടുംബങ്ങളിലേക്കും പോകാൻ കഴിയും. രണ്ടാമത്തെത് വസ്ത്രമാണ്. ജീവിതത്തിൽ പുത്തൻ കുപ്പായം കിട്ടുന്നത് പെരുന്നാളിനാണ്. നാട്ടിലുളള മിക്കവരുടേയും അവസ്ഥ ഒന്നു തന്നെയാണ്. പെരുമണ്ണയിൽ ബീഡി തെറുപ്പുകാരായിരുന്നു കൂടുതൽ പേരും. സാധാരണക്കാരിൽ സാധാരണക്കാർ. പെരുന്നാൾ കുപ്പായം തയ്ച്ച് കിട്ടാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കുപ്പായം ധരിക്കുന്നതിലേക്കാൾ ഏറെ ആവേശം അത് തുന്നിക്കിട്ടുമ്പോഴാണ്. പുത്തൻ മണം ആവോളം ആസ്വാദിക്കണം. രാത്രി രണ്ട് മണിക്ക് കുപ്പായം കയ്യിൽ കിട്ടിയ അനുഭവം വരെയുണ്ടായിട്ടുണ്ട്. പിന്നെ പുലരാനുളള തിടക്കമാണ്. രാത്രിക്ക് ദൈർഘ്യമേറുന്നത് പോലെയാണ്. ഉറക്കം വരാത്ത രാത്രിക്ക് കൂട്ട് തലയണയോടെ ചേർന്ന് വെച്ച പെരുന്നാൾ കുപ്പായത്തിന്റെ പൊതിയായിരിക്കും.
   പെരുന്നാളിന് വിളമ്പുന്ന ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. പട്ടിണിയായാലും പൊരിച്ചതും കരിച്ചതുമായി പെരുന്നാൾ ചോറ് എല്ലാവരും കൊശിയാക്കും. ഇതിൽ മുന്തിയ പരിഗണന ഇറച്ചിക്ക് തന്നെയാണ്. പോത്തിറിച്ചി തേക്കന്റെ ഇലയിലാണ് പൊതിഞ്ഞ് തരിക. ഇറച്ചി പൊതിയാനായി തേക്കിന്റെ ഇല അടുക്കും ചിട്ടയുമായി കെട്ടാക്കി കൊണ്ടു പോകുന്നത് കുട്ടിക്കാലത്തെ പെരുന്നാൾ കാഴ്ചയാണ്. തേക്കിന്റെ ഇല തന്നെയാണ് അന്നത്തെ 'ശുജായി'. തേക്കിന്റെ ഇലക്ക് അന്ന് നല്ല വിലയും ലഭിച്ചിരുന്നു. ആയതിനാൽ അത് വിൽക്കാനും കുട്ടികൾ മൽസരിച്ച് സമ്പാദ്യത്തിന് ശ്രമിച്ചിരുന്നു.
   കരിവളളൂർ മുരളിയുടെ വീട്ടിൽ പെരുന്നാൾ ഉണ്ടതും മറക്കാനാവില്ല. എറണാകുളത്ത് പെരുന്നാൾ തലേന്ന് പ്രഭാഷണം കഴിഞ്ഞ് കണ്ണൂരിലെത്തേണ്ടി വന്നു. അന്ന് മുരളിയുടെ വീട്ടിൽ ആ കുടുംബത്തോടൊപ്പമായിരുന്നു പെരുന്നാൾ. തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും പലയിടങ്ങളിലായി പെരുന്നാൾ. ഉമ്മ ഉളള കാലം വരെ പെരുമണ്ണയിൽ പെരുന്നാളിനെത്തുക എന്നത് നിർബന്ധമായിരുന്നു.  സഹോദരന്റെ വീട്ടിലും പെരുന്നാൾ കൂടാറുണ്ട്. ആഘോഷങ്ങളെല്ലാം മനുഷ്യന് ഐക്യപ്പെടാനുള്ള സഹവർത്തിത്വം പുലർത്താനുമുളള ചടങ്ങളാണ്.

 

ചെറിയ പെരുന്നാൾ കുപ്പായം വലിയ പെരുന്നാളിനും 

  • മാമുക്കോയ 

ജീവിതം എപ്പോഴും ഒരു പരക്കം പാച്ചിലാണ്. അതിനിടയിലെത്തുന്ന ആഘോഷങ്ങളും ഉൽസവങ്ങളും ഈ പരക്കം പാച്ചിലിന്റെ കിതപ്പിന് ശമനമുണ്ടാക്കും. റമദാൻ നോമ്പ് കഴിഞ്ഞെത്തുന്ന ചെറിയ പെരുന്നാൾ, പരിശുദ്ധ ഹജിന് ശേഷമുളള വലിയപെരുന്നാൾ തുടങ്ങിയവ ആഘോഷങ്ങൾക്കപ്പുറം വിശ്വാസങ്ങൾക്ക് കളങ്കമില്ലാതെ ആഘോഷിക്കാനും ഉൾക്കൊള്ളാനുമാണ് ഇക്കാലമത്രയും ശ്രമിച്ചിട്ടുള്ളത്. പ്രവാചകൻ ഇബ്രാഹിം, ഭാര്യ ഹാജറ, മകൻ ഇസ്മായിൽ എന്നിവരുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ഓർമപ്പെരുന്നാളാണ് ബലിപെരുന്നാൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച പ്രവാചകന്മാരുടെ ജീവിതം ഓരോ വർഷവും പരിശുദ്ധ ഹജിലൂടെ അനുസ്മരിച്ചു കൊണ്ടിരിക്കുകയാണ്. കല്ലായിയിൽ മരം അളക്കുന്ന കാലത്തും, സിനിമ-നാടകങ്ങളുമായി സജീവമായപ്പോഴും പെരുന്നാളിന് വീട്ടിലെത്താൻ ശ്രമിക്കുന്ന പതിവുണ്ട്. കുടുംബത്തോടൊപ്പമുളള ആഘോഷത്തിനാണ് എന്നും മുൻതൂക്കം. ഇത്തവണ പെരുന്നാൾ കഴിഞ്ഞയുടൻ ഓണവും വന്നെത്തിയത് ആഘോഷത്തിന് പൊലിമ കൂട്ടുന്നു.

   രാവിലെ കുളിച്ചൊരുങ്ങി പള്ളിയിൽ പോവുകയാണ് പെരുന്നാളിലെ ആദ്യപരിപാടി. 
കുട്ടികളോടൊത്ത് ഭക്ഷണം കഴിച്ച് അതു കഴിഞ്ഞ് കൂട്ടുകാരോടൊത്ത് സൗഹൃദം പുതുക്കി കുടുംബങ്ങളുമായി ബന്ധം വിളക്കിച്ചേർത്തുള്ള ആഘോഷത്തിനാണ് എനിക്ക് ഇഷ്ടം. പരിധി വിട്ട ആഘോഷത്തിന് ഞാനെതിരാണ്. എണ്ണതേച്ചുളള കുളി, പുത്തൻ മണക്കുന്ന പെരുന്നാൾ കുപ്പായം, പെരുന്നാൾ പളളി, പെരുന്നാൾ ചോറ് ഇതൊക്കെയാണ് കുട്ടിക്കാലത്തെ പെരുന്നാൾ കാഴ്ച. വറുതിയുടെ കാലമായിരുന്നു കുട്ടിക്കാലം. നന്നായി വിശപ്പ് മാറി ചോറ് തിന്നുന്നത് തന്നെ പലപ്പോഴും പെരുന്നാളിനാണ്. ചെറിയ പെരുന്നാളിന് വാങ്ങിയ പുത്തൻ കുപ്പായം തന്നെയാണ് വലിയ പെരുന്നാൾക്കും ഉണ്ടാവുക. ചെറിയ പെരുന്നാൾ കഴിഞ്ഞാൽ പെരുന്നാൾ കോടി കുപ്പായം മടക്കി പെട്ടിയിൽ വെക്കും. പിന്നീട് ബലിപെരുന്നാൾക്കും ഇത് വീണ്ടും പെരുന്നാൾ കോടിയായി ധരിച്ചാണ് പുറത്തിറങ്ങുക. ഇന്ന് മണിക്കൂറിന് കുപ്പായം മാറ്റുന്ന പുതുതലമുറക്ക് ഇതൊക്കെ പറഞ്ഞാൽ അതിശയമായിരിക്കും.
   അമേരിക്കയിൽ മമ്മൂട്ടിയോടൊപ്പമുളള പെരുന്നാൾ ജീവിതത്തിൽ മറക്കാനാവില്ല. മമ്മൂട്ടിയോടൊപ്പം ഒരു പ്രോഗ്രാമിന് അമേരിക്കയിലെത്തിയതായിരുന്നു. കൊച്ചിൻ ഹനീഫ, കൊച്ചിൻ ഇബ്രാഹിം തുടങ്ങിയവരടക്കം നിരവധി പേരുണ്ട്. ദീർഘ ദൂര യാത്ര കഴിഞ്ഞെത്തിയതിനാൽ ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. പെരുന്നാൾ ദിനത്തിലെ തലേന്ന് രാത്രിയാണ് ഞങ്ങളവിടെ എത്തുന്നത്. അമേരിക്കയിൽ ഈദ് ഗാഹ്, പള്ളി തുടങ്ങിയവയൊക്കെ തിരയാനുളള സമയവുമല്ല. എന്നാൽ പുലർച്ചെ മമ്മൂട്ടി ഞങ്ങളെ വിളിച്ചുണർത്തി എഴുന്നേൽപ്പിച്ചു. പെരുന്നാൾ നിസ്‌കാരത്തിന് ഞങ്ങളെ കൊണ്ടുപോയി. അമേരിക്കയിൽ ഈദ് ഗാഹും പളളിയും എവിടെയുണ്ടെന്ന് അദ്ദേഹം ഇതിനകം മനസ്സിലാക്കിയിരുന്നു. വിശ്വാസ കർമ്മങ്ങളിൽ ഒരു മുടക്കവും വരുത്താത്തയാളാണ് അദ്ദേഹം. പെരുന്നാളിന് സിനിമകളിൽ നിന്ന് അവധിയെടുത്ത് വീട്ടിലെത്താനാണ് ശ്രമിക്കാറ്. വീട്ടിലെത്തിയാൽ കോഴിക്കോട്ടെ സൗഹൃദങ്ങളിൽ ആരെങ്കിലുമൊക്കെ പെരുന്നാളിന് വീട്ടിലുണ്ടാകും. ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കുടുംബത്തോട് ഇന്നും വ്യക്തിബന്ധം പുലർത്തുന്നു. പെരുന്നാളിന് ആശംസകൾ നേരുന്നു.
   ഇത്തവണ പെരുന്നാളും ഓണവും ഒരുമിച്ചാണ്. മത സൗഹാർദ്ദത്തിന് ആഘോഷങ്ങളും ഒരുമിച്ചെത്തിയതിൽ വലിയ സന്തോഷം. ആത്മസമർപ്പണത്തിന്റെ പെരുന്നാൾ പരിപൂർണമായും ഉൾക്കൊളളാനുളള തയ്യാറെടുപ്പിലാണ്. എല്ലാ പ്രവാസികൾക്കും എന്റെ 'വലിയ പെരുന്നാളിന്റെ പൊന്നോണ ആശംസകൾ'.


മരുന്നിന്റെയും ഡെറ്റോളിന്റെയും മണമുളള പെരുന്നാൾ

  • സുറാബ് 

ഈദിനെന്തൊരു ഭംഗി,
ഊദിന്റെ മണമാണതിന് 
മൈലാഞ്ചി ചോപ്പുണ്ടല്ലോ
മാരന്റെ ചേലുമുണ്ടല്ലോ...

പെരുന്നാളിന്റെ ഭംഗിയും വലുപ്പവും കുട്ടിക്കാലത്ത് തന്നെയാണ്. നമ്മൾ വലുതാകുന്നതിന് അനുസരിച്ച് പെരുന്നാൾ ചെറുതാവുന്നു എന്ന തോന്നലാണെനിക്ക്. റമദാൻ കഴിഞ്ഞെത്തുന്ന ചെറിയ പെരുന്നാളും, ഹജിന്റെ വലിയ പെരുന്നാളും കുട്ടിക്കാലത്തും മണലാരുണ്യത്തിലെ നാൽപതിറ്റാണ്ട് ജീവിതത്തിലും ഓരോ വർഷത്തിലും മറക്കാനാവാത്തതാണ്. വർഷത്തൊലിരിക്കലെത്തുന്ന രണ്ട് പെരുന്നാളുകളും ആറ് മാസത്തെ അകലമെങ്കിലും വേണമെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.കാരണം ചെറിയ പെരുന്നാൾ കുപ്പായത്തിന്റെ മണവും, പുതുമയും,അതിലേറെ കടവും മായുന്നതിന് മുമ്പ് തന്നെയാണ് വലിയ പെരുന്നാളും എത്തുന്നത്.
   ഇരുപതാം വയസ്സിൽ ഷാർജയിലേക്ക് തൊഴിൽ തേടിപ്പോയ എനിക്ക് 40 വർഷത്തിനിടെ ഒരു പെരുന്നാൾ മാത്രമാണ് നാട്ടിൽ കൂടാനായത്. പെരുന്നാൾ മാത്രമല്ല, വിവാഹം, മറ്റുനാട്ടിലെ പ്രധാന കാര്യങ്ങളെല്ലാം കത്തിലൂടേയും ഫോണിലൂടേയും അറിഞ്ഞ് ഷാർജയിൽ ജോലി ചെയ്ത കാലം. ഷാർജയിൽ വൈദ്യുതി വകുപ്പിനോട് ചേർന്നുളള ജല വിതരണ വിഭാഗത്തിലായിരുന്നു ജോലി. ആയതിനാൽ വർഷത്തിൽ 40 ദിവസമാണ് നാട്ടിലേക്കുളള അവധി കിട്ടുക. ഒഴിവുള്ള സമയത്ത് വായനയും എഴുത്തുമായി കഴിഞ്ഞു കൂടം. നോമ്പിനും പെരുന്നാളിനും അവധിയുണ്ടാവില്ല. ഇങ്ങിനെയിരിക്കെയാണ് ഭാര്യയുടെ പ്രസവം മുൻനിർത്തി എനിക്ക് ഒരിക്കൽ എമർജൻസിയായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. അതൊരു വലിയ പെരുന്നാളിന്റെ തലേന്നായിരുന്നു.
  കുട്ടിക്കാലത്തെ കുസൃതിത്തരങ്ങളെല്ലാം ഓർക്കാൻ നാട്ടിൽ പെരുന്നാൾ കൂടാൻ കഴിയുമെന്ന സന്തോഷത്തിലും ഒരു പിതാവാകാൻ പോകുന്നതിലെ ആനന്ദത്തിലും ഞാൻ നാട്ടിലേക്ക് പറന്നു. എന്നാൽ നേരെ ചെന്നു കയറിയത് മംഗലാപുരത്തെ ആശുപത്രിയിലേക്കാണ്. ഭാര്യക്ക് പ്രസവത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓപ്പറേഷൻ നിർബന്ധമാണ്. ആശുപ്രതിയിലെ ഡെറ്റോളിന്റെയും മരുന്നുകളുടേയും ഗന്ധം പേറി ഞാൻ കാത്തിരുന്നു. അതിനിടയിൽ പളളിമിനാരങ്ങളിൽ നിന്ന് തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ട്. മനസ്സ് കുട്ടിക്കാലത്തേക്ക് കുസൃതി കാണിച്ചോടി. എണ്ണതേച്ച ശരീരവുമായി പുതിയ വാസന സോപ്പ് കയ്യിൽ പിടിച്ച്  കിണറ്റിൻ കരയിലേക്ക് ഓടിയ കാലം.പുത്തനുടപ്പിൽ പളളിയിലേക്ക് നടന്നു പോയ നേരം.   കൂട്ടുകാരോടൊത്ത് കൂട്ടുകൂടി നടന്ന കാലം.
   മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷക്കാരനോട് ചോദിച്ചറിഞ്ഞ് പെരുന്നാൾ നിസ്‌കാരത്തിന് പളളി കണ്ടെത്തി. തിരിച്ച് ആശുപത്രിയിലേക്ക് വന്നു. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞാൽ പിന്നെ പെരുന്നാൾ ചോറാണ്. എന്നത്തേതിൽ നിന്നും വ്യത്യസ്തമായ ചോറാണ് പെരുന്നാൾ ചോറ്. ഭാര്യയുടെ സഹോദരൻ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് വന്ന പെരുന്നാൾ ചോറ് അന്ന് തുറന്ന് നോക്കിയത് തന്നെ ഏറെ വൈകിയാണ്. ആശുപത്രിയിൽ രോഗിയായി അല്ലാതെ രോഗിയായി കഴിഞ്ഞ ആ പെരുന്നാൾ എനിക്ക് എന്നും ആശുപത്രി മണമുളള പെരുന്നാളായിരുന്നു.
   പെരുന്നാൾ ഓർമയിൽ തങ്ങിനിൽക്കുന്ന മറ്റൊന്ന് പെരുന്നാൾ തല്ലാണ്. ഓണത്തല്ലു പോലെ ഇതൊരു മൽസര ഇനമല്ല. മാസപ്പിറവിയെ ചൊല്ലി സമീപ പ്രദേശങ്ങളിൽ പെരുന്നാളും, നോമ്പും രണ്ട് ദിവസമായതിന്റെ പേരിലുണ്ടായ തല്ലാണ്. തെക്കും,വടക്കും നിലാവിന്റെ പേരിൽ രണ്ട് ഓരേ സമുദായത്തിൽ പെട്ടവർക്ക് തന്നെ രണ്ട് അനുഷ്ഠാന രീതി. പെരുന്നാളിന്റെ ഗമയിൽ കറങ്ങാനിറങ്ങിയ എനിക്കും കൂട്ടുകാർക്കും ഇത് അറിയില്ലായിരുന്നു. മംഗലാപുരത്തേക്കാണ് ഞങ്ങളുടെ യാത്ര. എല്ലായിടത്തും നിർത്തുന്ന കൽക്കരി വണ്ടി പാളത്തിലൂടെ ഇഴഞ്ഞാണ് നീങ്ങുന്നത്. എല്ലാ സ്റ്റേഷനിലും ഞങ്ങളിറങ്ങി പുതിയ കുപ്പായത്തിന്റെ ഗമ കാണിച്ചു. തീവണ്ടിയിൽ കടല മിഠായിയും ഐസും വാങ്ങി കഴിക്കുന്നതിനിടയിലാണ് ഉപ്പളയിൽ വെച്ച് ഞങ്ങൾക്ക് തല്ലു കിട്ടുന്നത്. അവിടെ അന്ന് നോമ്പാണ്. തല്ല് കിട്ടിയത് വാങ്ങി പെരുന്നാളും നോമ്പും രണ്ടാക്കിയവരെ പഴിച്ച് ഞങ്ങൾ സ്ഥലം വിട്ടു.
  മണലാരണ്യത്തിലെ പെരുന്നാളിന് മണൽക്കാറ്റിന്റെ, കാരക്കയുടെ മണമാണ്. സംസം പോലെ പരിശുദ്ധമായ മരുഭുമിയെ ജലത്തിനും പെരുന്നാൾ രാവിൽ നാട്ടിലെ കിണറ്റിൽ നിന്ന് ഉമ്മ ആദ്യം മുക്കിയെടുക്കുന്ന വെള്ളത്തിന്റെ രുചിയാണ്. ഒറ്റക്കും, കുടംബ സമേതവും ഷാർജയിൽ കഴിഞ്ഞു കൂടിയ കാലത്തെ പെരുന്നാൾ ഓർമ്മ പെരുന്നാളായി കഴിച്ചു കൂട്ടി. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷമുളള രണ്ടാമത്തെ പെരുന്നാളാണ് ഈ വർഷം. മക്കളോടൊത്ത് കുടംബത്തോടൊത്ത്, കൂട്ടുകാരടൊത്തുള്ള പെരുന്നാളിന് ഇന്നും ചെറുപ്പം തന്നെയാണ്.. ഈദ് മുബാറക്ക്....
 

Latest News