Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണയെ ഭയമില്ല, ഇറ്റലിയിൽ അസുഖം ബാധിച്ച മലയാളി ദമ്പതികൾക്ക് പറയാനുള്ളത്

കൊറോണ പിടികൂടിയാലും ആരോഗ്യകരമായ രീതി സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന് ഇറ്റലിയിൽനിന്നുള്ള മലയാളി ദമ്പതികൾ. കൊറോണ ബാധിച്ച ഇരുവരും തങ്ങളുടെ ജീവിതം വിവരിക്കുന്നു. ഇറ്റലിയിലെ മിലാനിൽനിന്ന് ടിനു എൻ സിമിയാണ് അനുഭവം വിവരിക്കുന്നത്. കഴിഞ്ഞദിവസം ഇദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട് കുറിപ്പ് വൈറലായിരുന്നു.
 

ആരോഗ്യമുള്ള ആളുകൾക്ക് അത്ര അപകടകാരിയല്ലാത്ത കൊറോണ പിടിപെടും മുമ്പ് തന്നെ ഹൃദയസ്‌തംഭനം വന്ന് അടിച്ചു പോകും എന്നതാണ് ഇപ്പോൾ പലരുടെയും സ്ഥിതി. അത്രയ്ക്കാണ് പുറത്തു പ്രചരിക്കുന്ന വാർത്തകളിൽ നിന്നും ഉണ്ടാവുന്ന ആശങ്ക. പലർക്കും നേരിട്ട് അറിയാവുന്ന കൊറോണ രോഗികൾ എന്ന നിലയിൽ വളരെ ആശങ്കയോടെയാണ് എന്നോട് കാര്യങ്ങൾ അന്വേഷിക്കുന്നത്.

ഞങ്ങൾ നാലും വളരെ സുഖമായും ഹാപ്പിയായും വീട്ടിനുള്ളിൽ ഇരിക്കുന്നു. ആരോഗ്യസ്ഥിതി വിലയിരുത്തിയ ഡോക്ടർ ഹോസ്പിറ്റലൈസ് ചെയ്യേണ്ട ഒരാവശ്യവും ഇല്ലെന്നും ആരോഗ്യസ്ഥിതി പൂർണ്ണമായും തൃപ്തികരമാണെന്നും ഹോം ഐസൊലേഷൻ മാത്രം മതിയെന്നും അറിയിച്ചിരുന്നു. ആയിരക്കണക്കിന് രോഗികൾ ഈ വിധം ഒരു മരുന്നിന്റെയും ആവശ്യമില്ലാതെ വീട്ടിൽ ഏർപ്പെടുത്തിയ ഐസൊലേഷനിൽ കഴിഞ്ഞു സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് വരുന്നുണ്ട് എന്നും പറഞ്ഞിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിലോ ശരീരം വീക്ക് ആകുകയോ ചെയ്തെങ്കിൽ മാത്രമേ മെഡിക്കൽ സഹായത്തിന്റെ ആവശ്യമുള്ളൂ.

ഞങ്ങൾ രണ്ടിനും കൊറോണ തന്ന ആ പെഷ്യൻറ് രണ്ടു മൂന്നു ദിവസം മുൻപ് മരിച്ചു പോയ വിവരം ഇന്നലെയാണ് അറിഞ്ഞത്. എന്നിട്ടും യാതൊരു പേടിയുമില്ലാതെ ഞങ്ങൾ ഇവിടെ സിനിമയും കണ്ട് ഇഷ്ടപ്പെട്ട ഭക്ഷണവും ഒക്കെ വച്ച് കഴിച്ച് പിള്ളേരുടെ കൂടെ സാറ്റും കളിച്ചു (കുറെ ആഴ്ച്ചകളായി വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്ന അവർക്കും വേണ്ടേ ഒരു എന്റര്ടെയിന്മെന്റ്) കഴിയുകയാണ്. കൂട്ടത്തിൽ ഒരുപാട് ഫോൺ കോളുകൾക്കും മറുപടി കൊടുക്കുന്നുണ്ട്. (സത്യത്തിൽ ഇത് ഒഴിവാക്കേണ്ടതാണ്, ശ്വസന സംവിധാനത്തിന് വിശ്രമം അത്യാവശ്യമായ ഒരു സമയമാണ് ഇപ്പോൾ)

മരിച്ചു പോയ പെഷ്യൻറ് ഏകദേശം 85 വയസ് പ്രായമുള്ള കാർഡിയാക് പ്രശ്നങ്ങൾ ഉള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് പോയ ഞങ്ങളുടെ 4 സഹപ്രവർത്തകർക്കും കൊറോണ ബാധയേറ്റിട്ടുണ്ട്.
അവർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ മരുന്നുമില്ല ഹോസ്പിറ്റലൈസും ചെയ്തിട്ടില്ല. മേൽപ്പറഞ്ഞ പേഷ്യൻറ് ഐസൊലേറ്റഡ് ആയിരുന്നെങ്കിലും സ്ഥിരമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന കാർഡിയാക് ഡിസീസിന്റെ ഫലമായി ഉണ്ടായ ശ്വാസതടസം എന്ന മട്ടിൽ ആദ്യത്തെ രണ്ടു ദിവസം കൈകാര്യം ചെയ്തതാണ് കുഴപ്പം ചെയ്തത്.

"നഴ്‌സുമാരേ ബീ കെയർഫുൾ, ഈ മോശമായ സീസണിൽ വരുന്ന എന്തസുഖവും കൊറോണ ആവാമെന്ന മുൻവിധിയോടെ തന്നെ പേഷ്യന്റിനെ സമീപിക്കുക."

പ്രായം ആയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും കൊറോണബാധയേറ്റാൽ അതിജീവിക്കുന്നത് വളരെ പ്രയാസമായതിനാൽ ചെറുപ്പക്കാർ അലസമനോഭാവം സ്വീകരിക്കാതെ അതീവ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്.

കണക്ക് പ്രകാരം ഞങ്ങൾ ഇൻഫക്ടഡ് ആയിട്ട് 8 ദിവസത്തോളം ആയിട്ടുണ്ട്. ആദ്യത്തെ 4 ദിവസം ചുമ, പനി, ശ്വാസം മുട്ടൽ അത്യാവശ്യം നന്നായി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇടക്കിടെ മാത്രം വന്നുപോകുന്ന ഒരു അതിഥി ആയിട്ടുണ്ട് അവ. ആരോഗ്യമുള്ള ശരീരത്തിൽ കൊറോണക്ക് ഏൽപ്പിക്കാൻ കഴിയുന്ന ആഘാതം വളരെ ചെറുതാണ് എന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്. വൈഫിന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയും എനിക്ക് വൈകിട്ടുമാണ് രോഗലക്ഷണങ്ങൾ പുറത്തു കാണിച്ചു തുടങ്ങിയത്. അതിനും 4-5 ദിവസം മുമ്പാണ് അനുമാനം അനുസരിച്ച് കൊറോണ പൊസിറ്റിവ് ആയ ആ പേഷ്യന്റിന്റെ അടുത്ത് തുടർച്ചയായി 3 ദിവസം പോയത്.

നിലവിൽ കഴിക്കാൻ മരുന്നുകൾ ഒന്നുമില്ല. പനിയോ തലവേദനയോ ബോഡി പെയിനോ വന്നാൽ പാരസിറ്റമോൾ എടുക്കും.
ധാരാളം വെള്ളം കുടിച്ചും, രോഗപ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ സി ലഭിക്കുന്ന ഓറഞ്ച്, കിവി, കാരറ്റ് മുതലായവ നല്ലതുപോലെ കഴിച്ചും, വീടിനകം വലിച്ചു വാരിയിട്ട് അലമ്പാക്കുന്ന കുഞ്ഞിപ്പിള്ളേരെ ഭീഷണിപ്പെടുത്തിയും യൂ ട്യൂബിൽ കോമഡി പരിപാടികൾ കണ്ടും തള്ളി നീക്കുന്നു ഈ കൊറോണക്കാല ജീവിതം.

Latest News