Sorry, you need to enable JavaScript to visit this website.

'രജിത് സാറിനെ മുഖ്യമന്ത്രിയാക്കണം' 

കൊറോണ പ്രതിരോധ വിഷയത്തിൽ കേരളം കൈക്കൊണ്ട നടപടികളെ എല്ലാവരും പ്രശംസിക്കുകയാണ്. കേരള പോലീസ് കൈ കഴുകലിന്റെ പ്രാധാന്യം വ്യക്തമാക്കാൻ ഒരു വീഡിയോ ഇറക്കിയത് വൈറലായി. പോലീസുകാർ നൃത്തച്ചുവടുകൾ വെച്ചാണ് ബോധവൽക്കരിച്ചത്. വാച്ചും മോതിരവും ഊരിവെക്കാൻ മറന്നുവെന്നത് കാര്യമാക്കേണ്ട. അമേരിക്കയിലെ ട്രംപിന്റെ സ്വന്തം ചാനലായ ഫോക്‌സ് ന്യൂസിൽ ഇത് വാർത്തയായി. മിഡിൽ ഈസ്റ്റിലെ പ്രമുഖ അറബിക് ടെലിവിഷൻ ചാനലായ അൽ അറേബ്യയിലും ദൃശ്യങ്ങൾ സഹിതം വാർത്ത വന്നു. ഇന്ത്യയിലെ ഗോമൂത്ര ചികിത്സ ബി.ബി.സിയിലും അറബി പത്രങ്ങളിലും വന്ന് നാണക്കേടിൽ നിൽക്കുന്ന വേളയിൽ ഇത്തരമൊരു വാർത്ത ചെറുതല്ലാത്ത ആശ്വാസമാണ് ആഗോള മലയാളികൾക്ക് പകർന്നു നൽകിയത്. കോവിഡ്-19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടലുകളെ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സർദേശായി പ്രശംസിച്ചു. 
കോവിഡിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാൻ ഒരുങ്ങുന്ന വേളയിലാണ് മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചത്. 
സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കാൻ പ്രധാനമന്ത്രി തയാറെടുക്കുമ്പോൾ, കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരു മാതൃകയായി അദ്ദേഹവും മറ്റുള്ളവരും നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു സംസ്ഥാനം കേരളമാണ്... ഇന്ന് കേരളം എന്താണ് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കണം -രാജ്ദീപ് സർദേശായി കുറിച്ചു. ജയിലിലുൾപ്പെടെ കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ് സുപ്രീം കോടതിയും പ്രശംസിച്ചിരുന്നു. 
ഗുജറാത്തിലെ അഹമ്മദാബാദ് മിറർ പത്രത്തിൽ -ഇന്ത്യാ ലെറ്റസ് കോപ്പി കേരള എന്ന ശീർഷകത്തിൽ കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചെഴുതിയ ഒരു ലേഖനവും വൈറലായി. ഇതെല്ലാം കണ്ടാണോ എന്നറിയില്ല, കേരളത്തിലെ പ്രതിപക്ഷ നേതാവിനുമുണ്ടായി മനംമാറ്റം. അദ്ദേഹം മുഖ്യമന്ത്രിയ്‌ക്കൊപ്പം വീഡിയോ കോൺഫറൻസിന് വരെ തയാറായി. ഇതൊക്കെ നല്ലത്, ഇതിനിടയ്ക്കാണ് ഒരു ജില്ലയെ അടച്ചിടുന്ന വിധത്തിൽ ഓരോ വിദ്വാന്മാരുടെ പര്യടനങ്ങൾ. 

***    ***    ***

പാർട്ടി നടത്തുമ്പോൾ ബോളിവുഡ് ഗായിക കനിക കപുർ നടത്തിയത് പോലെ വേണം. ഗായികയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലായത് നൂറുകണക്കിന് പ്രമുഖരാണ്. 96 എം.പിമാർ ഭീതിയിൽ ആയിരിക്കുകയാണ്. ലണ്ടനിൽനിന്നും തിരികെ എത്തിയ ശേഷം വിലക്ക് ലംഘിച്ച് കനിക ലഖ്‌നൗവിൽ ഒരു പാർട്ടി നടത്തിയിരുന്നു. ഈ പാർട്ടിയിൽ ദുഷ്യന്ത് സിംഗ് എം.പിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി ഭവനിൽ എം.പിമാർ പങ്കെടുത്ത പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ ചടങ്ങിൽ പങ്കെടുത്ത 96 എം.പിമാരും കോവിഡ്-19 ഭീതിയിലായി. 
കനികയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ദുഷ്യന്ത് സിംഗും ബി.ജെ.പി നേതാവ് വസുന്ധര രാജെയും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. മുൻകരുതലെന്ന നിലയ്ക്ക് താനും മകനും സ്വയം സമ്പർക്ക വിലക്കിൽ തുടരുകയാണെന്ന് വസുന്ധര രാജെ ട്വീറ്റ് ചെയ്തിരുന്നു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മോഘവാൾ, ഹേമമാലിനി, കോൺഗ്രസ് എം.പി കുമാരി ഷെൽജ, ബോക്‌സറും രാജ്യസഭാ എം.പിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിംഗിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിൽ കഴിയാനുള്ള തീരുമാനത്തിലാണ്. 

***    ***    ***

കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് നടി പ്രിയങ്ക ചോപ്ര വീട്ടിൽ നിരീക്ഷണത്തിലാണ്. ക്വാറന്റൈൻ അനുഭവം പങ്കുവെച്ച് നടി സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തി. എല്ലാവരും സുരക്ഷിതർ ആണെന്ന് പ്രതീക്ഷിക്കുന്നു എന്നും ഒരു ഹലോ പറയാൻ വന്നതാണെന്നും പ്രിയങ്ക വീഡിയോയിൽ പറയുന്നു. പ്രിയങ്ക ട്വീറ്റ് ചെയ്തതിങ്ങനെ;
'ക്വാറന്റൈൻ രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞ ദിവസങ്ങളാണിത്. ഇത് സിനിമയല്ല, ജീവിതമാണ്. നിക്കും ഞാനും കഴിഞ്ഞ ഒരാഴ്ചയായി വീടിനകത്താണ്. ഇത് എട്ടാമത്തെ ദിവസമാണ്. വളരെ തിരക്കുള്ള ഷെഡ്യൂളുകൾ ഉള്ളവരായിരുന്നു ഞങ്ങൾ. എല്ലാം പെട്ടെന്ന് ഇല്ലാതായി. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ഒരുപക്ഷേ നിങ്ങൾ എല്ലാവർക്കും അങ്ങനെ തന്നെയായിരക്കും'. 

***    ***    ***

ഇക്കഴിഞ്ഞ ഞായറാഴ്ച കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്. അത്യാവേശത്തോടെ സന്ധ്യയ്ക്ക് എയർപോർട്ടിൽ സംഗമിച്ച യുവാക്കൾ ഒളിംപിക്‌സിലോ ഏഷ്യാഡിലോ സ്വർണ മെഡൽ വാങ്ങിയതിന്റെ പേരിൽ ജീൻസ് വിരുദ്ധ മാഷെ സ്വീകരിക്കാനെത്തിയതല്ല. ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ നിന്ന് പുറത്തായ ഡോ.രജിത് കുമാറിന് വരവേൽപ്പ് ഒരുക്കിയതാണ്. കൊറോണ കാലത്ത് ചെറുപ്പക്കാർ തടവറയിലെത്താൻ ഓരോ കാരണങ്ങൾ. വനിതകൾ ഓടിയാൽ ഗർഭപാത്രം തകരുന്ന തിയറിയുടെ ഉപജ്ഞാതാവായ ഈ പണ്ഡിതനെ ഗൾഫിലെ ചില സംഘടനകളും പേറി നടന്നിരുന്നു. 
ഇപ്പോൾ കുമാറിന് സ്വയം സേനയുണ്ട്. അവരുടെ ചില മോഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് കണ്ടു. ദൽഹിയിലെ അരവിന്ദ് കെജ്‌രിവാളിനെ പോലെ രജിത് സാർ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം. രേഷ്മ, ഫുക്രു, ജസ്‌ല തുടങ്ങിയ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ നിശ്ചയിച്ചില്ലെന്നത് സമാധാനം. ദൽഹി കലാപത്തിന് ശേഷം കെജ്‌രിയുടെ മാർക്കറ്റിടിഞ്ഞതൊന്നും അറിയേണ്ട കാര്യം ആർമിക്കില്ലല്ലോ. 

***    ***    ***

സംസ്ഥാനത്ത് കൊറോണ ഭീഷണി വർധിക്കുമ്പോൾ ടി.വി സീരിയൽ രംഗത്തും പ്രതിസന്ധി വർധിക്കുന്നു. സംസ്ഥാനത്തെ എല്ലാ മലയാളം ടെലിവിഷൻ സീരിയലുകളുടേയും ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെക്കാനാണ് മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെ തീരുമാനം. ഇതോടെ മാർച്ച് 20 മുതൽ 31 വരെ നടത്താനിരുന്ന സീരിയൽ ഷൂട്ടിംഗ് മുടങ്ങും. ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഷൂട്ടിംഗ് നിർത്തിവെക്കാനുള്ള തീരുമാനമെടുത്തത്. 
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വന്നിരുന്ന ബിഗ് ബോസ് സീസൺ-2 റിയാലിറ്റി ഷോ ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ചിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് പരിപാടിയുടെ നിർമാതാക്കളായ എൻഡമോൾ ഷൈൻ വ്യക്തമാക്കി. 
രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും അടച്ചിട്ടുണ്ട്. 

***    ***    ***

ആഗോള തലത്തിലെ കൊറോണ വ്യാപനം 24-ന്യൂസ്, മീഡിയാ വൺ എന്നീ മലയാളം ചാനലുകൾ ഭംഗിയായി റിപ്പോർട്ട് ചെയ്തു വരുന്നു. മീഡിയാ വണിൽ ശനിയാഴ്ച ഉച്ച ബുള്ളറ്റിനിൽ കാലിഫോർണിയ നഗരത്തിലെ കാര്യം പറയുന്നത് കേട്ടു. പണ്ട് മാമുക്കോയ കാലിഫോർണിയയിലേക്ക് പോകുന്ന ഉരു മോഹൻലാലിനും ശ്രീനിവാസനും വേണ്ടി ദുബായ് വഴി തിരിച്ച് വിട്ടിരുന്നുവല്ലോ. അമേരിക്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രധാന സംസ്ഥാനമാണ് കാലിഫോർണിയ. 
മീഡിയ വൺ ഇതേ ബുള്ളറ്റിനിൽ കേരളത്തിലെ അവസ്ഥ വിവരിച്ച ലേഖകൻ സർക്കാർ ലോട്ടറി ഞർക്കെടുപ്പ് (നറുക്കെടുപ്പ് ശരി) മാറ്റിവെച്ചതായും പറഞ്ഞു. കുലാലംപൂരിലും മനിലയിലും റോമിലും മലയാളികൾ കുടുങ്ങിയത് സമഗ്രമായി റിപ്പോർട്ട് ചെയ്തത് മാതൃഭൂമി ന്യൂസാണ്. ഇറാനിൽ നിന്ന് സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ കൊണ്ടുവന്നത് വരെ മലയാളം ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

***    ***    ***

സ്ത്രീവിരുദ്ധ, സെക്‌സിസ്റ്റ് പരാമർശവുമായി ബി.ജെ.പി നേതാവ് ടി.ജി മോഹൻദാസ്. ബസിൽ വെച്ച് പയ്യന്മാർ ശല്യം ചെയ്താൽ അത് പെണ്ണുങ്ങൾ ആസ്വദിക്കും എന്നാണ് ടി.ജി മോഹൻദാസ് തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്. 
ട്വീറ്റിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. കോവിഡ്-19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 65 വയസ്സിന് മുകളിൽ പ്രായമായവർ പുറത്തിറങ്ങരുതെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇതിനെ ഉദ്ധരിച്ച് ടി.ജി മോഹൻദാസ് ആദ്യ ഒരു ട്വീറ്റിട്ടു. 65 വയസ്സ് കഴിഞ്ഞ കിഴവൻമാർ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികൾക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവൻമാർ മഹാശല്യമാണെന്നേ.. ഇല്ലേ?' ഇങ്ങനെയായിരുന്നു ആദ്യ ട്വീറ്റ്. ഇതിന്റെ തുടർച്ചയെന്നോണമാണ് രണ്ടാമത്തെ ട്വീറ്റ് മോഹൻദാസ് കുറിച്ചത്. 'ഞാൻ പറഞ്ഞത് സത്യമാണ്. 55-75 വയസ്സുള്ള കിളവൻമാരാണ് ചെറുപ്പക്കാരികളെ ബസിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യൻമാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്‌നമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാൻ പറ്റില്ല' -ഇങ്ങനെയാണ് മോഹൻദാസ് രണ്ടാമതായി ട്വീറ്റ് ചെയ്തത്. ജനം ടി.വിയിൽ ടെലിവിഷൻ പരിപാടികളെ വിശകലനം ചെയ്യുന്ന വ്യക്തി കൂടിയാണ് ടി.ജി മോഹൻദാസ്.

Latest News