Sorry, you need to enable JavaScript to visit this website.

കൊറോണക്കാലത്തെ വേറിട്ട കാഴ്ചകൾ

ങ്ങള് പേടിക്കേണ്ട, ബേജാറാക്കാൻ വേണ്ടീട്ടല്ല, ന്നാലും ഒരു മുൻകരുതലിനാട്ടോ... 
കൊറോണക്കാലത്ത് കോഴിക്കോട് ഹെഡ്‌പോസ്റ്റോഫീസിൽ എത്തുന്ന നിങ്ങളെ ആദ്യം വരവേൽക്കുന്നത് മുകളിൽ കാണിച്ച വാചകങ്ങൾ ഇംഗ്ലീഷിലെഴുതിയ ബോർഡുകളാണ്. സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന കസേരകൾ എടുത്ത് പോസ്റ്റ് ഓഫീസിലെ കൗണ്ടറിനുമുന്നിൽ നീളത്തിൽ ഇട്ടത് കാണുമ്പോൾ സ്ഥിരമായി ഇവിടെ എത്തിയിരുന്നവർ ആദ്യമൊന്ന് ഞെട്ടും. എന്നാൽ കൗണ്ടറിലെ സ്റ്റാഫും പുറമേ നിന്ന് വരുന്നവരും തമ്മിൽ ഒരു നൂറുമീറ്ററിന്റെ അകൽച്ച ഉണ്ടാക്കാൻ വേണ്ടിയാണ് ഈ പരിഷ്‌കാരം. ഇതു കണ്ട് വരുന്നവർ ആശങ്കപ്പെടാതിരിക്കാനാണ് ബോർഡിൽ കാര്യങ്ങൾ എഴുതിയിരിക്കുന്നതും.
ദിനേന ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇവിടെ സോപ്പും ഹാൻഡ് വാഷുമെല്ലാമുള്ള കൗണ്ടറുമൊരുക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസിനുള്ളിലേക്ക് കയറുന്നതിനു മുൻപ് കൈകഴുകി കയറുവാനുള്ള അഭ്യർഥനയുമുണ്ട്. 
കഴിഞ്ഞ ബുധനാഴ്ച മുതൽ നഗരത്തിലെ പ്രധാന പള്ളികളായ പട്ടാളപ്പള്ളി, മൊയ്തീൻ പള്ളി, ലുഹ്‌ലുഹ് മസ്ജിദ്, പുതിയറ ജയിൽ പള്ളി, സിവിൽ സ്റ്റേഷൻ ഇസ്‌ലാമിക് സെന്റർ, മർകസ് കോംപ്ലക്‌സ് മസ്ജിദ് (ഭാഗികമായി) എന്നിവയെല്ലാം നമസ്‌കാരം നിർത്തിവെച്ച് താൽക്കാലികമായി താഴിട്ടു കഴിഞ്ഞു.


ഗൾഫ് നാടുകളിലടക്കം പ്രശസ്തമായ പാരഗൺ റസ്റ്റോറന്റ് പോലുള്ള പല ഹോട്ടലുകളും അറ്റകുറ്റപ്പണി പോലുള്ളവയുടെ പേരിൽ താൽക്കാലികമായി നിർത്തിയിട്ടു കഴിഞ്ഞു. സ്‌കൂളുകളും കോളേജുകളുമൊന്നും ഇല്ലാത്തതിനാലും ആത്യാവശ്യമുള്ള കാര്യങ്ങൾക്കല്ലാതെ ആളുകൾ അധികം പുറത്തിറങ്ങാത്തതിനാലും പൊതുവെ വിജനമാണ് നഗരത്തിലെ റോഡുകൾ. പല ഓഫീസുകളിലും അധികമില്ലെങ്കിലും പലരും എത്തുന്നത് മുഖം മറച്ചാണ്. ചിലർ മാസ്‌ക്കുകൾ ഉപയോഗിക്കുന്നു, മറ്റു ചിലർ തൂവാലകൊണ്ടും ടവലു കൊണ്ടുമാണ് മുഖം മറയ്ക്കുന്നത്.
365 ദിവസവും ഹർത്താൽ ദിനത്തിൽ പോലും സജീവമാകാറുള്ള കോഴിക്കോട് ബീച്ച് ഭാഗത്തുകൂടി കടന്നുപോകുന്നവർക്ക് ഇപ്പോൾ റോഡിൽ നിന്നുകൊണ്ടു തന്നെ മീറ്ററുകൾക്കപ്പുറത്തു നിന്നുള്ള തിരമാലകളുടെ സീൽക്കാരം വ്യക്തമായും മറ്റു ശബ്ദങ്ങളൊന്നുമില്ലാതെ കേൾക്കാം. നാലഞ്ചു ദിവസമായി ഒരീച്ചയെപ്പോലും ഇവിടേക്ക് കയറ്റിവിടുന്നില്ല. രാത്രിയും പകലുമെന്നില്ലാതെ ഇരുപത്തിനാലു മണിക്കൂറും സദാ ജാഗരൂകരായി പോലീസടക്കമുള്ളവർ ഇവിടെ കാവലിലാണ്. സമാന സ്ഥിതി തന്നെയാണ് കോഴിക്കോട് നഗരത്തെ മറ്റു ജില്ലകളിൽ നിന്ന് വേറിട്ടതാക്കുന്ന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയറിനും. നഗരത്തിന്റെ വിശ്രമ കേന്ദ്രമായ ഇവിടേക്കുള്ള പ്രവേശനം നിലച്ചതുകൊണ്ട് മാനാഞ്ചിറ സ്‌ക്വയറും മാനാഞ്ചിറയിലെ പുൽത്തകിടി പോലെ കരിഞ്ഞുണങ്ങിയെന്നു വേണമെങ്കിൽ പറയാം.


രണ്ടു വർഷം മുമ്പ് നിപ്പ എന്ന വൈറൽ രോഗം കോഴിക്കോടിന്റെ തെരുവോരങ്ങളെ ഭീതിയിലാഴ്ത്തിയതു പോലുള്ള സമാനമായ കാഴ്ചകളെയാണ് ഇപ്പോൾ ഈ ദൃശ്യങ്ങൾ കാണുമ്പോഴും ഓർമ വരുന്നത്. അന്നത്തേതു പോലെയുള്ള വിജനമായ റോഡുകളും മാസ്‌ക്കും മുഖം മറച്ചും മാത്രം ഇടക്കിടക്ക് നിരത്തിൽ കാണുന്ന ആളുകളെക്കുറിച്ചുള്ള ഓർമകളുമെല്ലാം ഇപ്പോൾ ഈ കൊറോണക്കാലം വീണ്ടും പൊടിതട്ടിയെടുപ്പിക്കുകയാണ്.  
കാണുമ്പോൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും തൊട്ടടുത്തുണ്ടാകുന്ന ഒരു തുമ്മൽ പോലും പലരെയും ഞെട്ടലിലാക്കുന്ന അവസ്ഥയാണുള്ളത്. ഓരോ ദിവസവും പുറത്ത് വരുന്ന കൊറോണ വാർത്തകൾ ആദ്യമെല്ലാം ഒരു തമാശ കലർന്ന രീതിയിലായിരുന്നു ആളുകൾ ഉൾക്കൊണ്ടിരുന്നതെങ്കിൽ, ഇപ്പോൾ അതിന്റെ ഗൗരവം പതുക്കെ പതുക്കെ ആളുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ച് പള്ളികളടക്കം പൂട്ടുന്നുവെന്നുള്ള ഘട്ടമെല്ലാം ഈ ഗൗരവത്തെ വർധിപ്പിക്കുന്നുണ്ട്. പക്ഷേ, സർക്കാർ ഓഫീസുകൾക്കെല്ലാം ലീവ് നൽകുന്നതടക്കമുള്ള കാര്യങ്ങളും, ഞായറാഴ്ചയിൽ നടക്കുന്ന കർഫ്യൂവും കൂടി ആകുമ്പോൾ കൂടുതൽ ഭീതിജനകമായ ഒരന്തരീക്ഷത്തിലേക്ക് മാറുമെന്ന് തന്നെയാണ് വിലയിരുത്തൽ.
നവീകരണത്തിന് ശേഷം എപ്പോഴും സജീവമാകാറുള്ള കോഴിക്കോട് മിഠായിതെരുവ്, തിരുവനന്തപുരത്തുനിന്നു പോലും ആളുകൾ കേട്ടറിഞ്ഞ് കാണാൻ വരുന്ന മിഠായിതെരുവ്, തെരുവിലെ ലണ്ടനിലെ സ്പീച്ച് സ്‌ക്വയറിനെ അനുസ്മരിപ്പിക്കുന്ന എസ്.കെ പൊറ്റെക്കാട് പ്രതിമക്കു ചുറ്റുമെല്ലാം ആരുമില്ലാതെ നിശബ്ദമായി കിടക്കുന്ന കാഴ്ച തന്നെ മുൻപ് ഇവിടെയെത്തിയ ഏവരുടെയും മനസ്സിൽ അൽപനേരത്തേക്കെങ്കിലും എന്തോ സംഭവിക്കുവാൻ പോകുന്നുവെന്ന ഭീതി പടർത്തുമെന്നത് ഉറപ്പാണ്. 


അതെ, ദിവസങ്ങൾക്ക് മുൻപുവരെ ആഹ്ലാദിച്ചും ഉല്ലസിച്ചും കഴിഞ്ഞിരുന്ന കോഴിക്കോടിന്റെ കാഴ്ചകൾ ഇങ്ങനെ ഭീതിദവും ശൂന്യവുമായതു പോലെ തന്നെയാണ് തിരുവനന്തപുരത്തും കാസർകോട്ടും കൊച്ചിയിലുമെല്ലാമുള്ള കാഴ്ചകൾ. ആഴ്ചകളായി പൂട്ടിയിട്ട കുട്ടനാട്ടിലെ ഹൗസ് ബോട്ടുകൾ, മൂന്നാറടക്കം ഹൈറേഞ്ചിലെ പ്രവർത്തനം നിലച്ച ടൂറിസ്റ്റ് റസ്റ്റോറന്റുകളും സ്റ്റേ ഹോമുകളും തുടങ്ങി മനുഷ്യദൈവങ്ങളുടെയടക്കം തീർഥാടന കേന്ദ്രങ്ങളിലും മെഡിക്കൽകോളേജുകളടക്കമുള്ള ആശുപത്രികളിലെ വരെ ജനനിബിഡതയെയാണ് കോവിഡ്-19 ദിവസങ്ങൾക്കുള്ളിൽ മാറ്റിമറിച്ചത്. മരണമെത്തുന്ന നേരത്തിൻ ഭീതിയിൽ കവി എഴുതിക്കുറിച്ച ഈ വരികൾ തന്നെയാണ്, എല്ലാവരുടെയും ഉള്ളിലെ ഭീതിയെ പുറമെ കാണിക്കുന്നില്ലെങ്കിലും ആശങ്കയിലാഴ്ത്തുന്നത്. 
എത്രയോ പുരോഗമിച്ച ഒരു ലോകത്തിരിക്കുമ്പോഴും നമ്മൾ എത്രത്തോളം നിസ്സാരന്മാരാണെന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പോലും സാധിക്കാത്ത ഒരു വൈറസ് കാണിച്ചു തരുന്നു. അതും ജീവിയാണോ അജീവിയാണോ എന്നുപോലും സയൻസിന് ഇതുവരെ വ്യക്തമായി നിർവചിക്കാൻ കഴിയാത്ത അണു നമ്മുടെ അഹങ്കാരത്തിന് മുകളിലേക്ക് തന്ന വലിയൊരു അടിയാണ്. നമുക്കെപ്പോഴും സുലഭമല്ലാത്ത ഈ അപൂർവ കാഴ്ചകളാണ് കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളിൽ നിന്ന് നമുക്ക് മുന്നിലേക്കെത്തിച്ചു തരുന്നത്.  
 കൊറോണ വന്ന് രണ്ടാഴ്ച പിന്നിട്ട് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ലോക്കൽ സ്‌പ്രെഡിംഗ് എന്നതിൽ നിന്ന് ഇറ്റലിയിലെയും ഇറാനിലെയും പോലെ കമ്യൂണിറ്റി സ്‌പ്രെഡിംഗിലേക്ക് പോകുമ്പോഴും, ജനം ഭീതിയുള്ളവരായി മാറുമ്പോഴും എങ്ങനെ ഇതിനെ മിറകടക്കണമെന്ന കാര്യത്തിൽ തികച്ചും ഉത്തരവാദിത്തരഹിതമായ നിലപാടും നീക്കങ്ങളുമാണ് ഉണ്ടാകുന്നതെന്നത് പറയാതെ വയ്യ.


ഈ കൊറോണക്കാലത്തെ കാഴ്ചകൾ ഒപ്പിയെടുക്കാൻ വിധിക്കപ്പെട്ട പത്രപ്രവർത്തകൻ എന്ന നിലക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ പറയിപ്പിക്കുന്നത് അതാണ്.
പ്രത്യേകിച്ച് സ്ത്രീകളായ ഗൃഹനായികമാരുടെ ഭാഗത്തു നിന്ന് ഇത്തരമൊരു സന്ദർഭത്തിലുണ്ടാകേണ്ട ഉത്തരവാദിത്ത ബോധത്തോടെയുള്ള നീക്കങ്ങൾ യുവതലമുറയുടെ ഭാഗത്തുനിന്ന് തീരെ ഉണ്ടാകുന്നില്ലെന്നുള്ളതും സങ്കടത്തോടെ എഴുതേണ്ടി വരികയാണ്. ഇതാണ് കോഴിക്കോട് നഗരത്തിലെ സൂപ്പർമാർക്കറ്റുകളിലെ തിരക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്കുകൾ കാരണം സൂപ്പർമാർക്കറ്റുകളിലെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപനങ്ങൾ പുറമെ പറയുന്നില്ലെങ്കിലും വ്യാപകമാണ്. ചൊവ്വാഴ്ചയും വ്യാഴാഴ്ചകളിലുമുള്ള പച്ചക്കറി ചന്തകളെ തേടി നൂറുകണക്കിന് സ്ത്രീകളാണ് ഈ കൊറോണയുടെ ഭീതികാലത്തും രാത്രിയിലടക്കം എത്തിയത്. പുറത്തെ പച്ചക്കറി മാർക്കറ്റിൽ പതിനഞ്ചു രൂപയുള്ള സാധനങ്ങൾ പത്തു രൂപക്കും ഇരുപതു രൂപയുള്ളവ പതിനഞ്ചു രൂപക്കും നൽകുന്നുവെന്ന ചെറിയ ലാഭം മാത്രം പ്രതീക്ഷിച്ചാണ് കൊറോണയെന്ന മഹാമാരി വ്യാപനത്തിന് ഏറ്റവും നല്ല സന്ദർഭം ഉണ്ടാക്കുന്ന ഇത്തരം സ്ഥലങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നതെന്നാണ് ദൗർഭാഗ്യകരമായ കാര്യം.
കഴിഞ്ഞ ദിവസം കാസർകോട്ട് കൊറോണ സ്ഥിരീകരിച്ച ഗൾഫുകാരനായ മുതലാളി, കല്യാണ വീട്ടിൽവെച്ച് രണ്ട് എം.എൽ.എമാരെയാണ് ജനപ്രതിനിധികൾ ഏറ്റവും കൂടുതൽ സക്രിയരാകേണ്ട സമയത്ത് ഇവരെ പതിനാലു ദിവസത്തെ ക്വാറന്റൈനിലേക്കയച്ചത്. വണ്ടൂരുകാരിയായ ഉമ്മാമയോട് പതിനാല് ദിവസം വീട്ടിൽ തന്നെ കഴിയണമെന്ന് എയർപോർട്ടിൽ നിന്നു തന്നെ പറഞ്ഞതു കൊണ്ടാണ് എയർപോർട്ടിൽ നിന്നു വരുന്ന വഴിക്ക് തന്നെ തന്റെ ബന്ധുക്കളുടെയും മറ്റും വീടുകളിൽ കയറി ഉമ്മാമ ഉംറ കഴിഞ്ഞുവന്ന വിശേഷങ്ങൾ പങ്കുവെച്ചത്.
സാധ്യമാകുന്ന എല്ലാ രീതിയിലും സർക്കാർ ഏജൻസികൾ ജനങ്ങൾ പുറത്തിറങ്ങുന്നതില്ലാതാക്കുവാൻ ശ്രമിക്കുമ്പോഴും നല്ലൊരു ശതമാനവും ഇതിനെ അതിന്റെ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നുള്ള കാഴ്ചകൂടി കാണേണ്ടിവരുന്ന സങ്കടം ഈ സമയത്ത് രേഖപ്പെടുത്തട്ടെ. സ്വയം മാറാൻ തയാറാകാത്ത ഏതൊരു സമുദായത്തെയും അല്ലാഹു മാറ്റുകയില്ലെന്ന വിശുദ്ധ ഖുർആനിലെ വാചകമാണ് ഈ സമയത്ത് ഓർമ വരുന്നത്.


പക്ഷേ, സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം തിക്കിത്തിരക്കുന്ന നമ്മുടെ പുതിയ വീട്ടമ്മമാരും ഗൃഹനാഥന്മാരുമെല്ലാം ഇനിയും അറിയാതെ പോകുന്നത്, കിലോമീറ്ററുകൾക്കപ്പുറത്ത് ഇറ്റലിയിലെയും ഇറാനിലെയും പല പട്ടങ്ങളിലും രാത്രിയും പകലുമില്ലാതെ മനുഷ്യർ കൊറോണ എന്ന മാരകരോഗത്തിന് കീഴടങ്ങി തെരുവുകളിൽ മരിച്ചു വീഴുകയാണെന്നതാണ്. 
ഞങ്ങളെല്ലാത്തിനും സുശക്തരാണെന്ന് പത്രസമ്മേളനം നടത്തി വീമ്പിളക്കി പ്രഖ്യാപിച്ച ഇറ്റാലിയൻ പ്രധാനമന്ത്രിയാണ് അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭയവിഹ്വലനായി കൊറോണ ഭീഷണി കാരണം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞത്. 
കഴിഞ്ഞ ചൊവ്വാഴ്ച നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ ആളുകളുടെ തിരക്ക് കാണാൻ പത്രപ്രവർത്തകനായി പോയപ്പോഴുള്ള അനുഭവംകൂടി ഇവിടെ കുറിച്ച് ഈ കുറിപ്പവസാനിപ്പിക്കാം.
ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക് എല്ലാം ഭാര്യയും ഭർത്താവും കിലോവിന് രണ്ടു രൂപ വിലക്കുറവിൽ കിട്ടുന്നതിനാൽ സഞ്ചിയിലേക്ക് വാരി നിറച്ചു. ശേഷം ഭർത്താവ് ഭാര്യയോട് എടിയേ ഇനിയെന്തെങ്കിലും വേണോ? തൊട്ടപ്പുറത്തെ ഇനിയെന്ത് വേണമെന്നാലോചിച്ചു നിൽക്കുന്ന ഭാര്യയുടെ മറുപടി, ഭർത്താവിനെക്കാൾ വ്യക്തമായി ഞാനാണ് കേട്ടത്: എന്തു വാങ്ങീട്ടെന്താ കാര്യം. കോഴിയില്ലല്ലോ! (പക്ഷിപ്പനി കാരണം പത്തു ദിവസത്തോളമായി കോഴി വിൽപനക്ക് കോഴിക്കോട്ട് നിയന്ത്രണമുണ്ട്).
അതെ, വർത്തമാനകാല കേരളത്തിലെ കമ്പോളാധിഷ്ഠിത മലയാളിയുടെ ഏറ്റവും പുതിയ മുഖം!

 

 


 

Latest News