Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ കോവിഡ് ചാപ്പ കുത്ത്

കോവിഡ്-19 വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവരുടെ ഇടത് കയ്യിന്റെ പുറത്ത് "HOME QUARANTINED" എന്ന് ചാപ്പ കുത്തുന്ന ഒരേർപ്പാട് നമ്മുടെ എയർപോർട്ടുകളിലെല്ലാം തുടങ്ങിയിട്ടുണ്ടെന്ന രീതിയിൽ ചില വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വിവരവും അതിന് ഉപോൽബലകമായി പ്രവാസിയുടെ കയ്യിൽ ചാപ്പ കുത്തിയതിന്റെ ഫോട്ടോയും ജിദ്ദയിൽ നിന്നും സുഹൃത്ത് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി വിളിച്ചറിയിച്ചത് ഏകദേശം ഒരു മണിക്കൂർ മുമ്പായിരുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ ജിദ്ദയിൽ നിന്നും എത്തിയ നാല് പേരുമായി ബന്ധപ്പെട്ടപ്പോഴൊന്നും ഇത്തരം ഒരു ചാപ്പ കുത്തലിനെക്കുറിച്ച് യാതൊന്നും കേട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കരിപ്പൂർ വഴിയും നെടുമ്പാശ്ശേരി വഴിയും കഴിഞ്ഞ നാലു ദിവസങ്ങളിലായി എത്തിയവരെ വിളിച്ചു കാര്യമന്വേഷിച്ചു. അവരുമായി നേരിട്ട് സംസാരിച്ചപ്പോൾ അവർക്കാക്കും അത്തരം ഒരനുഭവം ഉണ്ടായിട്ടില്ല എന്നറിഞ്ഞു.

കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ പിന്നെ എയർപോർട്ട് അധികൃതരെ തന്നെ വിളിക്കാം എന്ന് തീരുമാനിച്ചു. ഉടനെ തന്നെ കോഴിക്കോട് എയർപോർട്ട് ഡയരക്ടർ കെ. ശ്രീനിവാസ റാവുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയവുമായി തിരക്കിലായത് കൊണ്ട് വാട്സപ്പ് വഴി വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും കരിപ്പൂർ വിമാനത്താവളത്തിൽ ഇത്തരം ചാപ്പ കുത്തൽ നടക്കുന്നുണ്ടോ എന്നന്വേഷിക്കുകയും ചെയ്തു.

എയർപോർട്ട് ഡയരക്ടർ കെ. ശ്രീനിവാസ റാവു ഉടനെ തന്നെ ഈ വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. കോഴിക്കോട് എയർപോർട്ടിൽ ഇത്തരം ഒരു ചാപ്പ കുത്തൽ നടക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുംബെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇങ്ങനെ യാത്രക്കാരുടെ ഇടതുകയ്യിന്റെ പുറത്തു ചാപ്പ കുത്തൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏത് കാര്യത്തിലും വളരെ പെട്ടെന്ന് തന്നെ തന്റെ പ്രതികരണം അറിയിക്കുന്ന വ്യക്തിയാണ് കോഴിക്കോട് എയർപോർട്ട് ഡയരക്ടർ ശ്രീനിവാസ റാവു. അദ്ദേഹത്തിന്റെ ഇത്തരം സ്വഭാവഗുണങ്ങളാണ് അദ്ദേഹത്തെ മുൻകാല ഡയറക്ടർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

മുംബെ എയർപോർട്ടിൽ നടക്കുന്ന ഈ ചാപ്പ കുത്തലിനെ അനുകൂലിക്കുന്നവരും ശക്തമായ ഭാഷയിൽ ഇതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട് എന്നത് ഒരു വസ്തുതയാണ്.

ചാപ്പ കുത്തലിനെ അനുകൂലിക്കുന്നവരുടെ വാദഗതി, മുംബെ പോലെയുള്ള ഒരു മഹാനഗരത്തിൽ Home Quarantine ചെയ്യപ്പെടുന്ന ആളുകളുടെ ചലനങ്ങൾ കുറ്റമറ്റ രീതിയിൽ നിരീക്ഷിക്കുക എന്നത് അത്ര പ്രായോഗികമല്ലെന്നാണ്. തിങ്ങിനിറഞ്ഞു പോവുന്ന ട്രയിനിലും ബസ്സിലുമെല്ലാം വളരെ തൊട്ടുരുമ്മി യാത്ര ചെയ്യേണ്ട നിർബന്ധിത സാഹചര്യം നില നില്ക്കുന്നത് കൊണ്ടും ആൾക്കൂട്ടങ്ങളിൽ ഒരാളായി മാറേണ്ടി വരുന്നത് കൊണ്ടും കൊറോണ ബാധിതരെ അവരുടെ കയ്യിൽ പതിപ്പിച്ച ഈ മുദ്ര കൊണ്ട് പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നത് അവരിൽ നിന്നും അകലം പാലിക്കാൻ വളരെ സഹായകമാവും. മാത്രമല്ല ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വക വെയ്ക്കാതെ ആൾക്കൂട്ടത്തിൽ എത്തിപ്പെടാൻ ശ്രമിക്കുന്നവർക്ക് തങ്ങളുടെ കയ്യിലെ ചാപ്പ കുത്തൽ വലിയൊരളവോളം പ്രതിബന്ധമാവുകയും ചെയ്യും എന്നാണ് ചാപ്പ കുത്തുന്നതിനെ അനുകൂലിക്കുന്നവരുടെ വാദം.

എന്നാൽ ചാപ്പ കുത്തൽ പൗരന്റെ ആത്മാഭിമാനത്തിന് ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്നാണ് ചാപ്പ കുത്തലിനെ എതിർക്കുന്നവരുടെ വാദം. എയിഡ്സ് രോഗബാധിതർക്കോ മറ്റു മാരക പകർച്ചവ്യാധിയുളളവർക്കോ ഇതുവരെ ഇത്തരം ഒരു ചാപ്പ കുത്തൽ നടത്തി അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരും മുതിർന്നിട്ടില്ലായിരുന്നു. രോഗലക്ഷണങ്ങൾ കാണുന്നവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. അവരാരും അറിഞ്ഞുകൊണ്ട് രോഗബാധിതരായവരല്ല. അവരാരും അറിയാതെ ആരിൽ നിന്നോ എങ്ങനെയോ വന്നു ചേർന്നതാണ്. അതുകൊണ്ട് അവരെ ചേർത്ത് നിർത്തി ആശ്വാസ വാക്ക് പറഞ്ഞു സമാധാനിപ്പിക്കുന്നതിന് പകരം എന്തോ വലിയ പാതകം ചെയ്തവരെന്ന രീതിയിൽ ചാപ്പ കുത്തുന്നത് മനുഷ്യത്വപരമല്ല; അത് അവരെ മാനസികമായി തകർക്കുകയും തദ്വാരാ ഉളള രോഗം തന്നെ ഭേദമാവുന്നത് തടയുകയും ചെയ്യും. തങ്ങളെ സമൂഹം ചാപ്പ കുത്തി ഒറ്റപ്പെടുത്തുന്നു എന്ന തോന്നൽ ഉണ്ടാകുന്നത് ഇങ്ങനെ ചാപ്പ കുത്തലിന് വിധേയമായവരുടെ ആത്മഹത്യക്ക് തന്നെ കാരണമാവുകയും ചെയ്യാം. ഇത് മനുഷ്യാവകാശ പ്രശ്നമാണ്; മാനുഷിക പരിഗണനയുടെ കാര്യമാണ്. ആളുകളോടുളള വിവേചനമാണ്. പൗരന്റെ സ്വകാര്യതയുടെ നഗ്നമായ ലംഘനവും പൗരാവകാശ ധ്വംസനവുമാണ്; ചാപ്പ കുത്തുന്നത് അംഗീകരിക്കാത്തവരുടെ വാദഗതി ഇതൊക്കെയാണ്.

ഏതായാലും ചാപ്പ കുത്താതെ തന്നെ ഹോം ക്വാരന്റയിൻ എങ്ങനെ ഇഫക്ടീവ് ആയി നടപ്പാക്കാം എന്നതാണ് അധികൃതരും ഈ രംഗത്തെ പ്രഗത്ഭരും ഗൗരവമായി ആലോചിക്കേണ്ടത്. മനുഷ്യാവകാശവും ആത്മാഭിമാനവും ചോദ്യം ചെയ്യപ്പെടാതെ തന്നെ കൊറോണയെന്ന ഈ മഹാമാരി മറ്റൊരാളിലേക്ക് പകരാതെ സൂക്ഷിക്കാൻ എന്തൊക്കെയാണ് മാർഗങ്ങൾ എന്നാരായണം. രോഗബാധിതരും ബാധിതരുമായി ഇടപഴകിയവരും പൊതുസമൂഹത്തിന്റെ രക്ഷക്ക് വേണ്ടി പരമാവധി നന്നായി സഹകരിക്കുകയും വേണം.

 

Latest News